Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐസ്‌ക്രീമിലെ രുചി വ്യത്യാസം തിരിച്ചറിഞ്ഞത് അമിതയ്ക്ക് ജീവൻ തിരിച്ചു നൽകി; കടം കയറി വീർപ്പുമുട്ടിയപ്പോൾ രാജീവനും ഭാര്യയും മക്കളുമായി അത്മഹത്യയ്ക്ക് എത്തിയത് കശുമാവിൻ തോട്ടത്ത്; കണ്ണൂരിലെ കൊച്ചുഗ്രാമം കണ്ണീരിലായത് ഇങ്ങനെ

ഐസ്‌ക്രീമിലെ രുചി വ്യത്യാസം തിരിച്ചറിഞ്ഞത് അമിതയ്ക്ക് ജീവൻ തിരിച്ചു നൽകി; കടം കയറി വീർപ്പുമുട്ടിയപ്പോൾ രാജീവനും ഭാര്യയും മക്കളുമായി അത്മഹത്യയ്ക്ക് എത്തിയത് കശുമാവിൻ തോട്ടത്ത്; കണ്ണൂരിലെ കൊച്ചുഗ്രാമം കണ്ണീരിലായത് ഇങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: സാമ്പത്തിക ബാധ്യത മൂക്കറ്റമെത്തിയിട്ടും സഹപ്രവർത്തകരേയും സുഹൃത്തുക്കളേയും അറിയിക്കാതെ കുടുംബസഹിതം ജീവൻ വെടിയാനായിരുന്നു കോൺഗ്രസ്സ് നേതാവ് രാജീവനും ഭാര്യയും തീരുമാനിച്ചത്.

കീഴൂർ ചാവശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായ കോട്ടപ്പുറം രാജീവനും ഭാര്യ ചിത്ര ലേഖയും മകനോടൊപ്പം ജീവനൊടുക്കിയത് സാമ്പത്തിക ബുദ്ധിമുട്ടിൽ പിടിച്ചു നിൽക്കാനാവാതെയായിരുന്നു. പ്രാരബ്ധങ്ങളെ സ്വയം വരിച്ച് പുറമേ സന്തോഷവാനായിരുന്ന രാജീവൻ സ്വന്തം പാർട്ടി സുഹൃത്തുക്കളോട് പോലും താൻ കടക്കാരനാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. മരണമടഞ്ഞ രാജീവന്റെ ഡയറി തുറന്നപ്പോൾ ലഭിച്ച കത്തിലാണ് സാമ്പത്തിക പ്രയാസത്താൽ നീറിപ്പുകയുന്ന കുടുംബമാണ് രാജീവന്റെതെന്ന് നാട്ടുകാർ അറിയുന്നത്. കടം കയറി താമസിക്കുന്ന വീട് വിറ്റപ്പോഴും മറ്റുള്ളവരോട് പറഞ്ഞത് മറ്റൊരു സ്ഥലം വാങ്ങി നല്ല വീട് വെക്കാനായിരുന്നുവെന്നാണ്.

രാഷ്ട്രീയപക്ഷമൊക്കെ ഉണ്ടെങ്കിലും കണ്ടുമുട്ടുന്നവരിൽ സൗഹൃദം സമ്മാനിക്കുന്ന രാജീവനെ എല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. . അതുകൊണ്ടുതന്നെ ദുരന്തവാർത്ത ചാവശ്ശേരിയിലെ ജനങ്ങൾ ആദ്യമൊന്നും വിശ്വസിച്ചിരുന്നില്ല. സംഭവം നേരിൽ കണ്ടതോടെയാണ് അവർക്ക് വിശ്വാസം വന്നത്. കടബാധ്യതകൊണ്ട് വീർപ്പുമുട്ടിയ രാജീവനും ഭാര്യയും മക്കളെ ഇല്ലാതാക്കിയ ശേഷം ജീവനൊടുക്കുവാൻ ഒരുമിച്ചു തീരുമാനമെടുത്തിരുന്നു.

തറവാട്ടു വീട്ടിൽ നിന്നും ഇന്നലെ രാവിലെ മക്കളൊടൊപ്പം ഇറങ്ങുമ്പോൾ ഇരിക്കൂറിലെ മാമാനം ക്ഷേത്രത്തിൽ ദർശനത്തിനു പോകുന്നുവെന്നായിരുന്നു പറഞ്ഞത്. കുളിച്ച് കുറി ചാർത്തി തറവാട്ടിൽ കൂടെ താമസിക്കുകയായിരുന്ന അമ്മയോടും ഇളയച്ഛനോടും യാത്ര പറഞ്ഞിറങ്ങിയതായിരുന്നു രാജീവനും കുടുംബവും. അത് അവസാനയാത്രയായിരുന്നു.

നേരത്തെ തീരുമാനിച്ചതു പ്രകാരം രാജീവന്റെ കയ്യിൽ ഐസ്‌ക്രീമും ശീതളപാനീയവും കരുതിയിരുന്നു. ഇതിൽ എക്കാലക്‌സും കലർത്തി വച്ചിരുന്നു. രാജീവനും ഭാര്യയും വീട്ടുപറമ്പിലെ കശുമാവിൻ തോട്ടത്തിൽ വച്ച് മക്കൾക്ക് ഐസ്‌ക്രീം നൽകി. അവർക്കൊപ്പം ഇവരും കഴിച്ചു. എന്നാൽ ഐസ്‌ക്രീമിലെ രുചിവ്യത്യാസം അനുഭവപ്പെട്ട മകൾ അമിതാ രാജ് തട്ടിത്തെറിപ്പിച്ച് നിലവിളിച്ചു കൊണ്ട് ഓടുകയായിരുന്നു. കേട്ടറിഞ്ഞ നാട്ടുകാർ ഓടിയെത്തിപ്പോൾ കണ്ടത് ചിത്രലേഖയും മകൻ അമൽ രാജും പിടയുന്നതായിരുന്നു.

വിഷദ്രാവകം പൂർണ്ണമായും കഴിക്കാൻ കഴിയാതിരുന്ന രാജീവൻ അടുത്തുള്ള മരക്കൊമ്പിൽ ഭാര്യയുടെ സാരിയിൽ തൂങ്ങിമരിക്കുകയായിരുന്നു. പതിമൂന്നുകാരിയായ മകൾ അമിത മാത്രമാണ് ഇന്ന് ആ കുടുംബത്തിൽ അവശേഷിക്കുന്നത്. അവൾ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഇരിട്ടി പയഞ്ചേരി മുക്കിലെ അൺ എംപ്ലോയീസ് സഹകരണ സംഘത്തിലെ അറ്റൻഡറാണ് രാജീവൻ. ഭാര്യ ചിത്രലേഖ ചാവശ്ശേരി സഹകരണ ബാങ്കിൽ തൂപ്പു ജോലിക്കാരിയാണ്.

മരിച്ച അമൽ രാജ് ചാവശ്ശേരി ഹയർ സെക്കന്ററി സ്‌ക്കൂൾ വിദ്യാർത്ഥിയാണ്. വിറങ്ങലിച്ച മനസ്സോടെയാണ് ചാവശ്ശേരി ഈ ദുരന്തം ഏറ്റു വാങ്ങിയത്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ സ്വദേശത്തു കൊണ്ടുവന്ന് സംസ്‌കരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP