Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി വിതുമ്പി; അദ്വാനി വിങ്ങി കരഞ്ഞു; കരച്ചിലടക്കാനാവാതെ സമാജ് വാദി നേതാവ്; ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയവരെല്ലാം മടങ്ങിയത് കണ്ണ് തുടച്ച്; ലോധി റോഡിലെ വൈദ്യുത ശ്മശാനത്ത് ദേശീയ നേതാക്കളും നയതന്ത്ര പ്രതിനിധികളും കേന്ദ്രമന്ത്രിമാരും എത്തിയത് വികാരാധീനരായി; രാഷ്ട്രീയത്തിനതീതമായി മനുഷ്യത്വത്തിന്റെ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച നേതാവിന് രാജ്യം അർപ്പിച്ചത് കണ്ണീർപൂക്കൾ; സുഷമ ഓർമ്മയാകുമ്പോൾ

മോദി വിതുമ്പി; അദ്വാനി വിങ്ങി കരഞ്ഞു; കരച്ചിലടക്കാനാവാതെ സമാജ് വാദി നേതാവ്; ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയവരെല്ലാം മടങ്ങിയത് കണ്ണ് തുടച്ച്; ലോധി റോഡിലെ വൈദ്യുത ശ്മശാനത്ത് ദേശീയ നേതാക്കളും നയതന്ത്ര പ്രതിനിധികളും കേന്ദ്രമന്ത്രിമാരും എത്തിയത് വികാരാധീനരായി; രാഷ്ട്രീയത്തിനതീതമായി മനുഷ്യത്വത്തിന്റെ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച നേതാവിന് രാജ്യം അർപ്പിച്ചത് കണ്ണീർപൂക്കൾ; സുഷമ ഓർമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുഷമാ സ്വരാജിന് ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിട നൽകികുമ്പോൾ കണ്ടത് വൈകാരിക നിമിഷങ്ങൾ. മകൾ ബാംസുരി അന്ത്യകർമങ്ങൾ നടത്തി. ഭർത്താവ് സ്വരാജ് കൗശൽ, സഹോദരൻ ഗുൽഷൻ ശർമ, സഹോദരി വന്ദനാ ശർമ, മറ്റു കുടുംബാംഗങ്ങൾ തുടങ്ങിയവർ സാക്ഷികളായി. അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയവരെല്ലാം സുഷമയുടെ വിയോഗത്തെ ഉൾക്കൊള്ളനാവാത്ത മാനസികാവസ്ഥയിലായിരുന്നു. സുഷമാ സ്വരാജിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയ നേതാക്കൾ കക്ഷിരാഷ്ട്രീയഭേദമില്ലാതെ വികാരാധീനരായി. എല്ലാവരേയും കണ്ണീരണിയിച്ചാണ് സുഷമാ കടന്നു പോകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിതുമ്പി. മുതിർന്നനേതാവ് എൽ.കെ. അദ്വാനി വിങ്ങിക്കരഞ്ഞു. സമാജ്വാദി പാർട്ടിനേതാവ് രാം ഗോപാൽ യാദവിനും കരച്ചിലടക്കാനായില്ല. രാഷ്ട്രീയത്തിനതീതമായി മനുഷ്യത്വത്തിന്റെ വക്തവായ സുഷമയ്ക്ക് രാജ്യം അർഹിക്കുന്ന വിട ചൊല്ലലാണ് നൽകിയത്. ബുധനാഴ്ചരാവിലെ സുഷമയുടെ വീട്ടിലെത്തിയ പ്രധാനമന്ത്രി മൃതദേഹത്തിൽ പുഷ്പചക്രമർപ്പിച്ചു. മകൾ ബാംസുരിയെയും ഭർത്താവ് സ്വരാജിനെയും ആശ്വസിപ്പിക്കവേ അദ്ദേഹം വിതുമ്പി. ബാംസുരിയുടെ തലയിൽ കൈവെച്ച് അദ്ദേഹം ആശ്വസിപ്പിച്ചു. അടുത്തുനിന്ന സ്വരാജിന്റെ കൈയിൽപ്പിടിച്ച് ആശ്വസിപ്പിക്കുമ്പോൾ പ്രധാനമന്ത്രിയുടെ സങ്കടം അണപൊട്ടി.

മകൾ പ്രതിഭയ്‌ക്കൊപ്പമാണ് അദ്വാനി സുഷമയുടെ വീട്ടിലെത്തിയത്. സുഷമയുടെ അകാലമരണമുണ്ടാക്കിയ തളർച്ച അദ്ദേഹത്തിന്റെ മുഖത്തു വ്യക്തമായിരുന്നു. ബാംസുരിയെയും സ്വരാജിനെയും ആശ്വസിപ്പിക്കുമ്പോൾ അദ്വാനിയും പ്രതിഭയും നിയന്ത്രണംവിട്ടു കരഞ്ഞു. മുന്മുഖ്യമന്ത്രിയായിരുന്നു സുഷമയുടെ ബഹുമാനാർഥം ഡൽഹിയിൽ സർക്കാർ രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സുഷമയുടെ വീട്ടിലും ബിജെപി.യുടെ ദേശീയാസ്ഥാനത്തും ലോധി റോഡ് വൈദ്യുതശ്മശാനത്തിലും അന്ത്യോപചാരമർപ്പിക്കാൻ ദേശീയ രാഷ്ട്രീയത്തിലെ നേതാക്കളും നയതന്ത്രപ്രതിനിധികളും കേന്ദ്രമന്ത്രിമാരുമെത്തി.

ബിജെപി. വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ, മുതിർന്ന നേതാക്കൾ, കേന്ദ്രമന്ത്രിമാർ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ ബിജെപി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ അന്ത്യകർമങ്ങകൾക്കു സാക്ഷ്യംവഹിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ബിജെപി. ദേശീയാധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സിപിഐ. ജനറൽ സെക്രട്ടറി ഡി. രാജ, സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ്, സിപിഎം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, വി. മുരളീധരൻ, സിപിഐ. ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.

കേരളത്തിൽനിന്നുള്ള ബിജെപി. നേതാക്കളായ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ, പാർലമെന്റ് അംഗങ്ങളായ അൽഫോൻസ് കണ്ണന്താനം, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, എം.കെ. രാഘവൻ, വി.കെ. ശ്രീകണ്ഠൻ, എ.എം. ആരിഫ് എന്നിവരും സുഷമയ്ക്ക് അന്ത്യോപചാരമർപ്പിച്ചു. ചൊവ്വാഴ്ചരാത്രി ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച സുഷമയുടെ മൃതദേഹം ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് എയിംസ് ആശുപത്രിയിൽനിന്ന് ഡൽഹി ജന്തർമന്ദിർ റോഡിലെ കേരള ഹൗസിനടുത്തുള്ള വീട്ടിലെത്തിച്ചത്. പന്ത്രണ്ടുവരെ ഇവിടെ പൊതുദർശനത്തിനുവെച്ചു.

പന്ത്രണ്ടോടെ, അലങ്കരിച്ച വാഹനത്തിൽ മൃതദേഹം ദീൻ ദയാൽ ഉപാധ്യായ മാർഗിലുള്ള ബിജെപി. ദേശീയാസ്ഥാനത്തേക്കു കൊണ്ടുപോയി. മൂന്നരവരെ അവിടെ പൊതു ദർശനത്തിനുവെച്ചു. പാർട്ടിയധ്യക്ഷൻ അമിത് ഷാ മൃതദേഹത്തിൽ പാർട്ടിപ്പതാക പുതപ്പിച്ചു. പിന്നാലെ ഡൽഹി പൊലീസ് ദേശീയപതാകയും പുതപ്പിച്ചു. പൊതുദർശനത്തിനുശേഷം കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, രവിശങ്കർ പ്രസാദ് തുടങ്ങിയവർ ചേർന്ന് മൃതദേഹം ആംബുലൻസിൽ ലോധി റോഡ് ശ്മശാനത്തിലേക്കു കൊണ്ടുപോയി. നാലരയോടെ ശവസംസ്‌കാരച്ചടങ്ങുകൾ നടന്നു. നേരത്തെ സുഷമയുടെ ഭർത്താവ് സ്വരാജ് കുശാലിനേയും മകൾ ബാൻസുരി സ്വരാജിനേയും പ്രധാനമന്ത്രി തന്റെ അനുശോചനം അറിയിച്ചു. നേരത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായതെന്ന് മോദി ട്വിറ്ററിൽ കുറിച്ചിരുന്നു. ജനനന്മയ്ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്റെ മരണത്തിൽ രാജ്യം കേഴുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു.

മുതിർന്ന ബിജെപി നേതാവ്, ലോക്സഭയിലെ മുൻപ്രതിപക്ഷ നേതാവ്, ഡൽഹി മുൻ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയിൽ സംസ്ഥാന മന്ത്രി സ്ഥാനവും, ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു സുഷമ സ്വരാജ്. 1996,1998,1999 വാജ്പേയ്, 2014 നരേന്ദ്ര മോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ അവർ കൈകാര്യം ചെയ്തിട്ടുണ്ട്. എല്ലാ വകുപ്പുകളിലും തന്റേതായ കൈയൊപ്പ് പതിപ്പിക്കുകയും, നയതന്ത്രജ്ഞ എന്ന നിലയിൽ അവർ പ്രസിദ്ധി കേൾക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. പതിനഞ്ചാം ലോക്സഭയിൽ സുഷമ സ്വരാജ് പ്രതിപക്ഷ നേതാവായിരുന്നു. മൂന്ന് തവണ രാജ്യസഭയിലേക്കും നാല് തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണ് സുഷമയുടെ ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി മകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP