Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാശി മഠാധിപതി സുധീന്ദ്ര തീർത്ഥ സ്വാമികൾ അന്തരിച്ചു; അരങ്ങൊഴിഞ്ഞത് മലയാളിയായി ജനിച്ച് സന്യാസി പരമ്പരയിലെ പരമോന്നത പദവിയിൽ എത്തിയ ആത്മീയാചാര്യൻ; അറിവിന്റെ സൂര്യ തേജസിന് എങ്ങും ആദരവിന്റെ പെരുമഴ

കാശി മഠാധിപതി സുധീന്ദ്ര തീർത്ഥ സ്വാമികൾ അന്തരിച്ചു; അരങ്ങൊഴിഞ്ഞത് മലയാളിയായി ജനിച്ച് സന്യാസി പരമ്പരയിലെ പരമോന്നത പദവിയിൽ എത്തിയ ആത്മീയാചാര്യൻ; അറിവിന്റെ സൂര്യ തേജസിന് എങ്ങും ആദരവിന്റെ പെരുമഴ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയ ഗുരുവും കാശിമഠാധിപതിയുമായ സ്വാമി സുധീന്ദ്രതീർത്ഥ സമാധിയായി. ഞായറാഴ്ച പുലർച്ചെ രണ്ടിന് ഹരിദ്വാറിലായിരുന്നു അന്ത്യം.

ഏറെ നാളായി മുംബൈ അന്ധേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഹരിദ്വാറിലെ വ്യാസാശ്രമത്തിലേക്ക് കൊണ്ടുപോയത്. മുംബൈയിൽ നിന്ന് എയർആംബുലൻസിലായിരുന്നു യാത്ര. ഇന്നലെ രാവിലെ 6.15 ന് എയർ ആംബുലൻസിൽ ഡെറാഡൂണിൽ എത്തിച്ചു. അവിടെ നിന്നു റോഡ് മാർഗം പ്രത്യേക ആംബുലൻസിൽ കാശിമഠത്തിലെത്തിക്കുകയായിരുന്നു. അവിടെ പ്രത്യേകം തയാറാക്കിയ തീവ്രപരിചരണ മുറിയിലായിരുന്നു സ്വാമിയെ പരിചരിച്ചിരുന്നത്. ഇന്ന് പുലർച്ചെ 1.10ന് ആയിരുന്നു അന്ത്യം.

ഇന്നു രാവിലെ ഡൽഹിയിലെത്തുന്ന പട്ടശിഷ്യൻ സ്വാമി സംയമീന്ദ്ര തീർത്ഥ അവിടെനിന്ന് ഹരിദ്വാറിലത്തിയശേഷം സ്വാമിയുടെ സംസ്‌കാരച്ചടങ്ങുകൾ തീരുമാനിക്കും. കാശിമഠ സന്യാസപരമ്പരയിൽ ഏറ്റവുമധികം കാലം ആചാര്യസ്ഥാനത്തിരുന്ന സന്യാസിവര്യനാണ് വിടവാങ്ങുന്നത്. ഏഴു പതിറ്റാണ്ടിലേറെ കാലം ഭാരതത്തിലെ ഗൗഡസാരസ്വത സമൂഹത്തെ ആധ്യാത്മികപാതയിൽ നയിച്ച യുഗപ്രഭാവൻ ജന്മം കൊണ്ട് മലയാളിയാണ്. ഗംഗാതീരത്തുള്ള കാശി മഠത്തിന്റെ ഇരുപതാമത്തെ മഠാധിപതിയായിരുന്നു. എറണാകുളത്തു ജനിച്ച സുധീന്ദ്രതീർത്ഥ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിയായിരിക്കെയാണ് കാശി മഠാധിപതിയായിരുന്ന സുകൃതീന്ദ്ര സ്വാമിയുടെ ശിഷ്യനാവുന്നത്. പിന്നീട് ആത്മീയതയുടെ വഴിയെ സമൂഹത്തെ പ്രബുദ്ധനാക്കാൻ സ്വാമി തീരുമാനിക്കുകയായിരുന്നു.

എറണാകുളം നഗരമധ്യത്തിൽ ടിഡി ക്ഷേത്രത്തിനു സമീപം കപ്പശേരി വീട്ടിൽ രാമദാസ ഷേണായിയുടെയും ദ്രൗപതിയുടെയും നാലാമത്തെ മകനായി 1926 മാർച്ച് മുപ്പത്തൊന്നിനാണു ജനനം. ക്ഷേത്രത്തിന്റെ ട്രസ്റ്റിമാരിലൊരാളായിരുന്നു അച്ഛൻ. പിതാവിനൊപ്പം പതിവായി ക്ഷേത്രദർശനത്തിനെത്തും. 11 വയസു തികഞ്ഞപ്പോൾ ഉപനയനം നടത്തി. തുടർന്നു ആധ്യാത്മികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായി. സ്‌കൂൾ പഠനം സെന്റ് ആൽബർട്‌സിലായിരുന്നു. കായികമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. സയൻസ് ആയിരുന്നു ഇഷ്ടവിഷയം. മഹാരാജാസ് കോളജിൽ ഇന്റർമീഡിയറ്റിനു ചേരുമ്പോൾ ഉള്ളിലെ മോഹം ശാസ്ത്രജ്ഞനാകുക എന്നതായിരുന്നു.

മഹാരാജാസ് ലൈബ്രറിയിലെ ആധ്യാത്മിക ഗ്രന്ഥങ്ങളുമായും ഇതിഹാസ കൃതികളുമായും അടുത്തു. ഒന്നാംവർഷ പരീക്ഷകളിൽ വിജയത്തിളക്കവുമായി നിൽക്കുമ്പോഴാണ് സന്യാസ ജീവിതത്തിലേക്കു നിയോഗമുണ്ടായത്. സദാശിവ ഷേണായിയുടെ ജാതകം പരിശോധിച്ച ജ്യോതിഷികളെല്ലാം പറഞ്ഞത് ഒരേ കാര്യം: ഈ കുട്ടി ലോകമറിയുന്ന ജ്ഞാനിയും പൂർണ യോഗിയുമായിത്തീരും. മംഗളൂരുവിലെ മുൽക്കിയിൽ 1944 മെയ്‌ 24ന് സന്യാസാശ്രമം സ്വീകരിക്കുമ്പോൾ സദാശിവ ഷേണായിക്കു 17 വയസ്. ഗുരുനിർദ്ദേശപ്രകാരം കാർക്കളയിലെ ഭുവനേന്ദ്ര സംസ്‌കൃത കോളജിൽ ചേർന്നു തത്വശാസ്ത്രപഠനം. ഭഗവത്ഗീത, ബ്രഹ്മസൂത്രം, ഉപനിഷത്തുക്കൾ, മാധ്വാചാര്യരുടെ ദ്വൈതസിദ്ധാന്തം എന്നിവ ഹൃദിസ്ഥമാക്കി. ഗുരു സുകൃതീന്ദ്ര തീർത്ഥ സമാധിയായതിനെത്തുടർന്ന് തുടർന്ന് 1949 ൽ കാശി മഠാധിപതിയായി സ്ഥാനമേറ്റു.

1981 ൽ കേരള ഗൗഡസ്വാരസ്വത ബ്രാഹ്മണ മഹാസഭ രൂപമെടുത്തതും സ്വാമിയുടെ ഉറച്ച മനസ്സിന്റെ പ്രതിഫലനമായിരുന്നു. ഗൗഡ സാരസ്വതബ്രാഹ്മണ മഹാസഭക്കു രൂപം നൽകി. കാവ്യരചനയിൽ തൽപരനായിരുന്ന സുധീന്ദ്രതീർത്ഥസ്വാമികൾ സംസ്‌കൃതത്തിൽ ഗുരുപരമ്പരസ്തവം, വേദവ്യാസ സഹസ്രനാമാവലി, വേദവ്യാസ അഷ്ടോത്തര ശതനാമാവലി, വേദവ്യാസ ശതകം, വ്യാസ ബ്രഹ്മസ്‌ത്രോത്രം എന്നിവ രചിച്ചു. 1989 ൽ ശിഷ്യനായ രാഘവേന്ദ്ര തീർത്ഥ ആചാര്യനും സമുദായത്തിനുമെതിരെയായതോടെ തൽസ്ഥാനത്തുനിന്നും നീക്കി. 2002 ൽ സംയമീന്ദ്ര തീർത്ഥയെ ശിഷ്യനായി തിരഞ്ഞെടുത്തു. പാരമ്പര്യവും സംസ്‌കാരവും കൈമുതലാക്കി മുന്നോട്ടു കുതിക്കാൻ ഗൗഡസാരസ്വത സമൂഹത്തെ പ്രാപത്‌നുമാക്കിയത് സുധീന്ദ്രതീർത്ഥയാണ്.

ദാരിദ്ര്യ നിർമ്മാർജനത്തിനും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആതുരശുശ്രൂഷയ്ക്കും അശരണരുടെ സംരക്ഷണത്തിനുമായും ഈ ആത്മീയാചാര്യ നിലകൊണ്ടു. ഈ സാമൂഹിക സേവനങ്ങൾക്കായി ഒട്ടേറെ സ്ഥാപനങ്ങൾ ആരംഭിച്ചു. സ്ത്രീധനം, ജാതിഭേദം പോലെ സമൂഹത്തിൽ വേരോടിയ തിന്മകൾക്കെതിരെ പ്രതികരിച്ചു. അപ്പോഴും ആചാരാനുഷ്ഠാനങ്ങളിൽ കണിശത പുലർത്തുകയും ചെയ്തു. 973 ൽ ഏകീകൃതദേവസ്വം നിയമത്തിന്റെ പരിധിയിൽ നിന്നും ഗൗഡസാരസ്വത ക്ഷേത്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും കേരള ഗൗഡസാരസ്വത ദേവസ്വം ബോർഡിനു രൂപം നൽകുകയും ചെയ്തു. 1956 ഉടുപ്പിയിൽ ശ്രീകാശി മഠ് വെൽഫെയർ ഫണ്ട് രൂപീകരിച്ചത് ഇദ്ദേഹമാണ് 1960 ഭാഗ്മണ്ഡല ശ്രീ കാശിമഠം സ്ഥാപിച്ചു. 1965 ബസ്രൂരിൽ ശ്രീ ഭുവനേന്ദ്ര ബാലകാശ്രമം പണികഴിപ്പിച്ചു. 1968 സൂരത്കൽ ശ്രീ കാശിമഠവും ശ്രീവെങ്കട രമണക്ഷേത്രവും സ്ഥാപിച്ചു.

1969 കോഴിക്കോട് ശ്രീ വിഠോബ രുക്മായ് പ്രതിഷ്ഠാകർമം. 1971 ആലപ്പുഴ ശ്രീ വെങ്കടാചലപതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നിർവ്വഹിച്ചതും അദ്ദേഹമാണ്. 1971 കൊച്ചിയിൽ കൊങ്കണി ഭാഷാ പ്രചാരസഭാമന്ദിരത്തിനു തറക്കല്ലിട്ടു. 1971 കൊച്ചിയിൽ സുധീന്ദ്ര മെഡിക്കൽ മിഷനും 1972 ഗോവയിലെ പോണ്ടിയിൽ ശ്രീകാശിമഠ് സ്ഥാപിച്ചു. 1971മുംബൈ കുർലയിൽ ശ്രീ ബാലാജി ക്ഷേത്രപ്രതിഷ്ഠയും നടത്തി. 1988 ഹരിദ്വാറിൽ ശ്രീ വ്യാസാശ്രമവും വ്യാസമന്ദിരവും സ്ഥാപിച്ചു. 2015 പ്രയാഗിൽ കാശിമഠം സ്ഥാപിച്ചതും സൂധീന്ദ്ര തീർത്ഥയാണ്. അമ്പതിലേറെ മഠങ്ങളുടെ പരമാധികാരിയായിരുന്നു അദ്ദേഹം. കണക്കില്ലാത്ത സമ്പത്തിന്റെ ഉടമ. ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന കോടിക്കണക്കിനു ഭക്തർ. എന്നിട്ടും വിനയത്തിന്റെയും ലാളിത്യത്തിന്റെയും വഴിയെ മാത്രമായിരുന്നു യാത്ര.

ലളിതമായ മേൽമുണ്ടുമാത്രമേ ധരിച്ചിരുന്നുള്ളൂ. വാച്ചില്ല, ടിവിയില്ല, കംപ്യൂട്ടറില്ല. ഒപ്പമുള്ളത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന പഴയൊരു റേഡിയോ മാത്രം. വില കൂടിയ കാറുകളിലൊന്നും സ്വാമി സഞ്ചരിച്ചിട്ടില്ല. പഴയ കാറിൽ തന്നെയാണ് യാത്ര. മുന്നിൽ 'കാശിമഠം' എന്ന ബോർഡു മാത്രമായിരുന്നു നിർബന്ധം. വ്യാസജന്മസ്ഥലമായ യുപിയിലെ കൽപിയിൽ യമുനയുടെ കരയിൽ സ്വാമി സാഹസികമായി വ്യാസക്ഷേത്രം നിർമ്മിച്ചു. ാക്കൂർ വംശജരായിരുന്നു അവിടം വാണിരുന്നത്. കൂടാതെ കുറച്ചു വനവാസികളും. തോക്കുധാരികൾ മാത്രമുണ്ടായിരുന്ന സ്ഥലം. അവിടെ നേരിട്ടുചെന്ന് സ്വാമി നിർമ്മാണത്തിനു നേതൃത്വം നൽകി. ക്ഷേത്രം ഉയർന്നതോടെ നാടിന്റെ കഥ മാറി. തോക്കുധാരികൾ ആയുധം താഴെവച്ച് ക്ഷേത്രകർമങ്ങളിൽ സംബന്ധിച്ചു. വനവാസികൾക്കു വിദ്യ പകർന്നു. അങ്ങനെ അവിടെ സാമൂഹിക മാറ്റം ഉണ്ടാക്കിയ സന്യാസി വര്യനാണ് അദ്ദേഹം.

ഗൗഡസാരസ്വതർക്കിടയിലെ ദാരിദ്ര്യവും സാമ്പത്തിക പിന്നാക്കാവസ്ഥയും നീക്കി മുന്നോട്ടു കുതിക്കാൻ കരുത്തായത് സുധീന്ദ്രതീർത്ഥ പകർന്നു നൽകിയ ഇച്ഛാശക്തി. സമുദായാംഗങ്ങളുടെ ക്ഷേമത്തിനായി 1956ൽ ആരംഭിച്ച ശ്രീകാശീമഠ സംസ്ഥാൻ വെൽഫെയർ ഫണ്ട് വിജയമായി. ആധ്യാത്മിക ഭൗതിക മേഖലകളിൽ സമുദായം ഒരുപോലെ മുന്നേറണമെന്നു നിർദ്ദേശം നല്കി. ധാർമിക പുരോഗതിയുടെ ചുമതല പുരോഹിതർക്കും ആർഥിക പുരോഗതിയുടെ ചുമതല ഗൃഹസ്ഥർക്കും ആണെന്നും സമൂഹത്തെ പഠിപ്പിച്ച വ്യക്തിയാണ് ഓർമ്മയാകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP