Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അറിവുകൾ കെട്ടിപ്പൂട്ടി വയ്ക്കാനുള്ളതല്ലെന്നും അതുതുറന്നുവിടണമെന്നും വിശ്വസിച്ചു; കുട്ടികൾക്ക് കാലത്തിന് മുമ്പേ നടന്ന ഗണിതാദ്ധ്യാപകനായി; ലോകത്ത് മറ്റെങ്ങും കേട്ടിട്ടില്ലാത്ത 'സ്‌കൂൾ വിക്കി'യിൽ കുട്ടികളെ തുറന്നുവിട്ടു; സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ വികാസത്തിനും ഐടി@ സ്‌കൂൾ പ്രസ്ഥാനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച ശബരീഷ് മാഷിന്റെ കഥ ഇങ്ങനെ

അറിവുകൾ കെട്ടിപ്പൂട്ടി വയ്ക്കാനുള്ളതല്ലെന്നും അതുതുറന്നുവിടണമെന്നും വിശ്വസിച്ചു; കുട്ടികൾക്ക് കാലത്തിന് മുമ്പേ നടന്ന ഗണിതാദ്ധ്യാപകനായി; ലോകത്ത് മറ്റെങ്ങും കേട്ടിട്ടില്ലാത്ത 'സ്‌കൂൾ വിക്കി'യിൽ കുട്ടികളെ തുറന്നുവിട്ടു; സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ വികാസത്തിനും ഐടി@ സ്‌കൂൾ പ്രസ്ഥാനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച ശബരീഷ് മാഷിന്റെ കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: അറിവുകൾ കെട്ടിപ്പൂട്ടി വയ്ക്കാനുള്ളതല്ലെന്നായിരുന്നു ശബരീഷ് മാഷിന്റെ ഉറച്ച വിശ്വാസം. അവ സ്വാതന്ത്ര്യത്തിന്റെ തുറന്ന ആകാശത്തിൽ പറക്കണമെന്ന് അദ്ദേഹം മോഹിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിലേക്ക് പി.വി.ശബരീഷ് ആകൃഷ്ടനായതും ഒരുപക്ഷേ അങ്ങനെയാവണം. ഐടി@ സ്‌കൂൾ എന്ന ആശയം പിച്ച വച്ചുതുടങ്ങുമ്പോൾ മുതൽ അതിന്റെ കൂട്ടുകാരനായി. 45 ാം വയസ് വരെയുള്ള ജീവിതം മുഴുവൻ ഈ മേഖലയ്ക്കായാണ് നീക്കി വച്ചതെന്ന് അറിയുമ്പോഴാണ് ആ ആത്മസമർപ്പണം നമ്മൾ അറിയുന്നത്. ലോകത്തിൽ ഒരുപക്ഷേ മറ്റൊരിടത്തും ഇല്ലാത്ത സ്‌കൂൾ വിക്കി എന്ന ആശയം യാഥാർഥ്യമാക്കിയതും മാഷാണ്. ഐടി@ സ്‌കൂൾ പദ്ധതി 'കൈറ്റാ'യി മാറിയ ശേഷം മലപ്പുറം വിദ്യാഭ്യാസ ജില്ല മാസ്റ്റർ ട്രെയിനർ കോഡിനേറ്ററായി പ്രവർത്തിച്ചുവരവേയാണ് അപ്രതീക്ഷിതമായ വിടവാങ്ങൽ.

കുട്ടികളുടെ പ്രിയ അദ്ധ്യാപകൻ

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളെ ഐടിയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിൽ ഐടി അറ്റ് സ്‌കൂൾ പദ്ധതി വഹിച്ച പങ്കു ചെറുതല്ല. പദ്ധതിയുടെ തുടക്കം മുതൽ ഭാഗമായ ശബരീഷ് മാഷ് നല്ലൊരു അദ്ധ്യാപക-പശീലകനായിരുന്നുവെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ.അൻവർ സാദത്ത് പറഞ്ഞു. അദ്ധ്യാപകരുടെ പരിശീലനത്തിൽ മാത്രമല്ല മോട്ടിവേഷണൽ ട്രെയിനിങ്ങുകളിലും സുപ്രധാന പങ്കുവഹിച്ചു. ഗണിത ശാസ്ത്രാദ്ധ്യാപകനെന്ന നിലയിൽ ഐടി കസ്റ്റമൈസേഷനിലും മുഖ്യപങ്കാളിയായി. ഐടി@സ്‌കൂളിന്റെ തുടക്ക കാലത്ത് സാങ്കേതിക വിദ്യകളുടെ ഏകോപനത്തിലും മുൻപന്തിയിലായിരുന്നു. വിദ്യാഭ്യാസ വകുപ്പിനെ പൂർണമായും സ്വതന്ത്ര സോഫ്റ്റ് വേറിലേക്ക് മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ് വേറിനെക്കുറിച്ച് രണ്ടു പുസ്തകമെഴുതി.

സകൂൾ വിക്കി

'സ്‌കൂൾ വിക്കി' യെന്ന ആശയം പ്രാവർത്തിക്കമാക്കിയതിൽ ശബരീഷിന്റെ പങ്ക് ആർക്കും നിഷേധിക്കാനാവില്ലെന്ന് കെ.അൻവർ സാദത്ത് അനു്സ്മരിച്ചു. വിക്കിപീഡിയ മാതൃകയിൽ കേരളത്തിലെ എല്ലാ സ്‌കൂളുകളുടെയും എല്ലാ വിവരങ്ങളും ലഭ്യമാവുന്ന ശേഖരമാണ് 'സ്‌കൂൾ വിക്കി'. കേരളത്തിലെ എല്ലാ സ്‌കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ ഐ.ടി. @ സ്‌കൂൾ തയ്യാറാക്കുന്ന സംരംഭമാണ് സ്‌കൂൾ വിക്കി. വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും അദ്ധ്യാപകർ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമാണ് ഈ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷൻ തയ്യാറാക്കിയ മീഡിയവിക്കി ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾ വിക്കി തയ്യാറാക്കിയിരിക്കുന്നത്.

സ്‌കൂൾവിക്കിയുടെ ഹോംപേജിൽ എല്ലാ ജില്ലകളിലേക്കും ഉള്ള കണ്ണികൾ കൊടുത്തിട്ടുണ്ട്. അവയിൽ നിന്ന് അതാത് ജില്ലകളിലെ വിദ്യലയങ്ങളുടെ പട്ടികയിലേക്ക് പോകാം. നിലവിൽ മൂവായിരത്തോളം സ്‌കൂളുകളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർവവിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ, ഭൗതികസൗകര്യങ്ങൾ, ക്ലബ്ബുകൾ, ക്ലാസ് മാഗസിനുകൾ, സ്‌കൂളുകൾ തയ്യാറാക്കുന്ന കൈയെഴുത്തുമാസികകൾ, പ്രാദേശികപത്രങ്ങൾ, പ്രാദേശികചരിത്രം, സ്‌കൂൾ കലോൽസവ സൃഷ്ടികൾ, നാടോടി വിജ്ഞാനകോശം, ഓരോ വിദ്യാർത്ഥിയും ചെയ്യുന്ന പഠന പ്രോജക്ടുകൾ എന്നിവ ഉൾപ്പെടെ ഓരോ വിദ്യാലയങ്ങളെക്കുറിച്ചുമുള്ള പരമാവധി വിവരങ്ങളാണ് സ്‌കൂൾവിക്കിയിൽ ലക്ഷ്യമിടുന്നത്. യൂണികോഡ് പിന്തുണക്കുന്ന ഏതെങ്കിലും ലിപിമാറ്റ സോഫ്‌റ്റ്‌വേർ ഉപയോഗിച്ചോ, ഇൻസ്‌ക്രിപ്റ്റ് ഉപയോഗിച്ചോ ഇതിൽ മലയാളം എഴുതാൻ സാധിക്കും. ഈ ആശയം പ്രാവർത്തികമാക്കുന്നതിൽ ശബരീഷ് രാപകലെന്യേ പ്രവർത്തിച്ചത് ഓർക്കുന്നു സഹപ്രവർത്തകനായ മനോജ് കരിങ്ങനാട്.

'ഉബുണ്ടു'വെന്ന സ്വതന്ത്ര സോഫ്ട് വേർ ഉപയോഗിച്ച് കുട്ടികൾക്കാവശ്യമുള്ള എല്ലാ പഠന മാതൃകകളും തയ്യാറാക്കിയത് ശബരീഷാണ്. ഐ.ടി. പഠിക്കാൻ ഒരു സിലബസ്സു പോലുമില്ലാതിരുന്ന കാലത്ത് കൃത്യമായ ഒരു ചട്ടക്കൂടുണ്ടാക്കി. പാഠപുസ്തക കമ്മിറ്റിയുടെ റിസോഴ്‌സ് പേഴ്‌സണായി. പാഠഭാഗങ്ങൾ കംപ്യൂട്ടർവത്കരിച്ചു. മലപ്പുറം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനാണ് ശബരീഷ്.

ജീവിതരേഖ

ചെറാട്ടുകുഴി പരേതനായ നാരായണൻകുട്ടിയുടെയും കനകമാലികയുടെയും മകനാണ്. ഭാര്യ: നീന ശബരീഷ് (മലപ്പുറം എം.എസ്‌പി. ഹയർസെക്കൻഡറി സ്‌കൂൾ രസതന്ത്രവിഭാഗം അദ്ധ്യാപിക). മകൾ: വൈഷ്ണവി (പാലാ സെന്റ് ആന്റണി പബ്ലിക് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി). ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരപകടതത്തിൽ പെട്ട് ശബരീഷിന്റെ ഒരുകാൽ മുറിച്ചുമാറ്റിയിരുന്നു. ഇതിനെ തുടർന്ന് കൃത്രിമക്കാൽ വച്ച് തന്റെ സജീവ പ്രവർത്തനങ്ങൾ അദ്ദേഹം തുടർന്നു. എന്നാൽ, അടുത്ത സുഹൃത്തുക്കൾക്കൊഴികെ മറ്റാർക്കും ഇക്കാര്യം അധികം അറിയാമായിരുന്നില്ല. ഹൃദ്രോഗമടക്കം അലട്ടിയപ്പോഴും അതൊന്നും വകവയ്ക്കാതെ കർമനിരതനായിരുന്നു. സുഹൃത്തുക്കളോട് പോലും രോഗങ്ങൾ പറഞ്ഞ് ജീവിത പരിഭവങ്ങൾ പറഞ്ഞ് സഹതാപം പിടിച്ചുപറ്റാൻ അദ്ദേഹത്തിന് സമയവുമില്ലായിരുന്നു. കർമം മാത്രം ചെയ്ത് ഫലം ഇച്ഛിക്കാതിരുന്ന ശബരീഷ് മാഷിന്റെ ഓർമയ്ക്കായി ഇന്ന് മലപ്പുറത്ത് സുഹൃത്തുക്കൾ ഒത്തുകൂടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP