Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിലകൂടിയ ഷർട്ടിട്ട് മകളുടെ കാലിൽ കൊലുസണിയിച്ച് അച്ഛൻ; അലമുറയിട്ട് കരഞ്ഞ് അമ്മ; പിക്ക് അപ്പ് വാനിടിച്ച പ്ലസ്ടു വിദ്യാർത്ഥിനിയെ ജീവിതത്തിലേക്ക് എത്തിക്കാനുള്ള നാട്ടുകാരുടെ ശ്രമവും പ്രാർത്ഥനയും വിഫലം; അനഘയെ ഓർത്ത് പൊട്ടിക്കരഞ്ഞ് മൂലമറ്റം

വിലകൂടിയ ഷർട്ടിട്ട് മകളുടെ കാലിൽ കൊലുസണിയിച്ച് അച്ഛൻ; അലമുറയിട്ട് കരഞ്ഞ് അമ്മ; പിക്ക് അപ്പ് വാനിടിച്ച പ്ലസ്ടു വിദ്യാർത്ഥിനിയെ ജീവിതത്തിലേക്ക് എത്തിക്കാനുള്ള നാട്ടുകാരുടെ ശ്രമവും പ്രാർത്ഥനയും വിഫലം; അനഘയെ ഓർത്ത് പൊട്ടിക്കരഞ്ഞ് മൂലമറ്റം

മൂലമറ്റം: വിലകൂടിയ ഷർട്ടുമിട്ട് എത്തി മകളുടെ പാദങ്ങളിൽ സ്വർണക്കൊലുസ്സണിയിച്ച് ഒരുനിമിഷം ആ അച്ഛൻ നോക്കിനിന്നു. മൂലമറ്റം ജി.വി.എച്ച്.എസ്.എസിന്റെ മുറ്റത്ത് കൂടിയവരുടെ കണ്ണ് നിറയിച്ച കാഴ്ച. ആ കൊലുസ്സണിഞ്ഞ് അവൾ ചിതയിലേക്ക് യാത്രയായി.

കുളമാവ് പുതുപ്പറമ്പിൽ അനിൽകുമാറിന്റെയും ശാന്തയുടെയും മകൾ മൂലമറ്റം ജി.വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിനി അനഘയുടെ മരണം നാട്ടുകാരുടെ തീരാദുഃഖമായി. ഈ മാസം 16-ന് പിക്കപ്പ് വാനിടിച്ച് ചികിത്സയിലായിരുന്നു അനഘ. ക്രിസ്മസ് ദിനത്തിലാണ് അനഘയുടെ മൃതദേഹം വിദ്യാലയത്തിൽ പൊതുദർശനത്തിനുവച്ചത്. അനഘയുടെ പ്രിയപ്പെട്ടതായിരുന്നു സ്വർണ്ണ കൊലുസ്. അപകടത്തിന് മാസങ്ങൾക്കുമുമ്പ് അനിൽ, മകളുടെ കൊലുസ്സുവാങ്ങി പണയംവച്ചിരുന്നു. മകളുടെ ആഗ്രഹമറിഞ്ഞ് അനിൽ വാങ്ങിക്കൊടുത്തതായിരുന്നു അത്. കൊലുസ്സ് പണയം വച്ചത് മകൾക്ക് തീരെ ഇഷ്ടമായിരുന്നില്ല. പരിഭവം പ്രകടിപ്പിക്കുകയും ചെയ്തു. ക്രിസ്മസിന് അത് തിരിച്ചെടുത്ത് നൽകാമെന്നുപറഞ്ഞാണ് അനിൽ ആശ്വസിപ്പിച്ചിരുന്നത്. പക്ഷേ, അത് ഇങ്ങനെയുമായി.

ആശുപത്രിയിൽ മകൾ തിരിച്ചുവരുന്നതും കാത്ത് വെന്റിലേറ്ററിനുപുറത്ത് ഉറക്കമിളച്ച് ഒരാഴ്ച കാത്തിരുന്നു അനിൽ. 23-ന് നില വഷളായി. മകളുടെ കാര്യത്തിൽ ഡോക്ടർമാർ നിസ്സഹായരായപ്പോൾ അവൾക്കുനൽകിയ വാക്കാണ് അനിലിന് ഓർമവന്നത്. ആളെവിട്ട് പണയമെടുപ്പിച്ചു. അച്ഛന്റെ നെഞ്ചിന്റെ ചൂടുപറ്റി കൊലുസ്സ് പോക്കറ്റിൽകിടന്നു. മൃതദേഹം പൊതുദർശനത്തിനുവച്ചപ്പോൾ അനിൽ അവ മകളുടെ കാലിൽ ചാർത്തി. മകൾക്കുകൊടുത്ത മാറ്റൊരു വാക്കുകൂടി അച്ഛൻ സാധിച്ചു. കാശുണ്ടാകുമ്പോൾ അച്ഛൻ വിലകൂടിയ ഷർട്ടിടണമെന്ന് അനഘ പറയുമായിരുന്നു. കാശുണ്ടാവുന്ന കാലത്ത് അച്ഛൻ നല്ല ഷർട്ടിടുന്നത് കാണാനും അവൾ ആഗ്രഹിച്ചിരുന്നു. മകളെ അവസാനമായി കൊലുസ്സണിയിക്കാൻ വിലകൂടിയ ഷർട്ടിട്ടാണ് അനിലെത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെ സ്‌കൂളിന് മുന്നിൽ പിക്കപ് വാൻ ഇടിച്ച് അനഘയ്ക്ക് ഗുരുതരപരിക്കേറ്റിരുന്നു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അനഘയ്ക്ക് ആദ്യദിവസത്തെ ശസ്ത്രക്രിയകൾക്കായി രണ്ട് ലക്ഷത്തോളം രൂപ ചെലവായി. പണംകണ്ടെത്തുന്നതിനായി അറക്കുളം പഞ്ചായത്തും സ്‌കൂൾ അധികൃതരും ചേർന്ന് സഹായനിധി രൂപീകരിച്ചിരുന്നു. ഒട്ടേറെ കോണുകളിൽ നിന്ന് സഹായത്തുക കിട്ടി. അനഘയുടെ ചികിത്സാ സഹായ നിധിയിലേക്ക് ഇതിനകം ഒമ്പത് ലക്ഷത്തോളം രൂപാ ലഭിച്ചതായി സ്‌കൂൾ പ്രിൻസിപ്പൽ റെജിമോൾ തോമസ് അറിയിച്ചിരുന്നു. തിനിടെ വെന്റിലേറ്ററിൽനിന്ന് മാറ്റിയ അനഘയുടെ നിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. സംസാരിക്കാവുന്ന സ്ഥിതിയിലെത്തിയിലുമെത്തി. എന്നാൽ പെട്ടെന്നാണ് വീണ്ടും ആരോഗ്യ നില വഷളായത്.

പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോൾ സ്‌കൂളിന് മുന്നിൽവച്ച് അനഘ ഉൾപ്പെടെയുള്ള മൂന്നു കുട്ടികളെ അതിവേഗത്തിലെത്തിയ പിക് അപ്പ് വാൻ പിന്നിൽ നിന്നും ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. വാഹനത്തിന്റെ മുൻചക്രം തലയിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. ഉടൻത്തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്കും എത്തിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിപോരുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ മരുന്നിനോട് പ്രതികരിച്ചെങ്കിലും പിന്നീട് നില വഷളായി. തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചതും സുഷുമ്‌നാ നാഡിക്കേറ്റ പരിക്കും ആരോഗ്യനില അതീവഗുരതുരമാക്കി. ശനിയാഴ്ച വൈകിട്ട് ഏഴോടെ മരിക്കുകയായിരുന്നു.

അനഘയുടെ ചികിത്സയ്ക്കായി സ്‌കൂൾ അധികൃതരും ജനങ്ങളും ഒന്നടങ്കം പിന്തുണയുമായെത്തി. ചികിത്സാസഹായത്തിനായി ബസ് സർവീസുകൾ വരെ നടന്നു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പത്ത് ലക്ഷം രൂപ വരെ പിരിഞ്ഞെത്തി. ജി.വി.എച്ച്.എസ്.എസ് സ്‌കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം സംസ്‌കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടന്നു. അമ്മ: ശാന്ത. സഹോദരൻ: അനന്തു.

ഫോട്ടോ കടപ്പാട് മാതൃഭൂമി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP