Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലായെപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന പ്രിയസുഹൃത്തിന്റെ വിയോഗത്തിൽ തേങ്ങി തിരുവനന്തപുരത്തെ മാധ്യമ ലോകം; തിരൂരിൽ പ്രാദേശിക റിപ്പോർട്ടറായി മാധ്യമപ്രവർത്തനം തുടങ്ങിയ ബഷീർ ദ്വീർഘകാലം തലസ്ഥാനത്ത് സിറാജിന്റെ ബ്യൂറോ ചീഫായി; നിയമസഭാ റിപ്പോട്ടിംഗിൽ അടക്കം മിടുക്കനായ ജേണലിസ്റ്റ്; സൂഫിവര്യൻ വടകര മുഹമ്മദാജി തങ്ങളുടെ മകൻ; മദ്യലഹരിയിൽ ചീറിപ്പാഞ്ഞ ശ്രീരാമിന്റെ കാർ ഇല്ലാതാക്കിയത് പറക്കമുറ്റാത്ത രണ്ട് പെൺകുഞ്ഞുങ്ങളുടെ ബാപ്പയെ

എല്ലായെപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന പ്രിയസുഹൃത്തിന്റെ വിയോഗത്തിൽ തേങ്ങി തിരുവനന്തപുരത്തെ മാധ്യമ ലോകം; തിരൂരിൽ പ്രാദേശിക റിപ്പോർട്ടറായി മാധ്യമപ്രവർത്തനം തുടങ്ങിയ ബഷീർ ദ്വീർഘകാലം തലസ്ഥാനത്ത് സിറാജിന്റെ ബ്യൂറോ ചീഫായി; നിയമസഭാ റിപ്പോട്ടിംഗിൽ അടക്കം മിടുക്കനായ ജേണലിസ്റ്റ്; സൂഫിവര്യൻ വടകര മുഹമ്മദാജി തങ്ങളുടെ മകൻ; മദ്യലഹരിയിൽ ചീറിപ്പാഞ്ഞ ശ്രീരാമിന്റെ കാർ ഇല്ലാതാക്കിയത് പറക്കമുറ്റാത്ത രണ്ട് പെൺകുഞ്ഞുങ്ങളുടെ ബാപ്പയെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രമുഖ സൂഫിവര്യൻ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായിരുന്നു തിരുവനന്തപുരത്ത് മദ്യലഹരിയിൽ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീരാം വെങ്കിട്ടരാമൻ മദ്യലഹരിയില് ഓടിച്ച വാഹനം ഇടിച്ചു മരിച്ച കെ എം ബഷീർ. തിരൂർ വാണിയത്തൂർ സ്വദേശിയായ ബഷീറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തലസ്ഥാനത്തെ മാധ്യമ ലോകം. എല്ലാവരോടും സൗമ്യനായി പെരുമാറുന്ന ആരെയും വേദനപ്പിക്കാത്ത നിഷ്‌ക്കളങ്കനായ വ്യക്തിത്വമായിരുന്നു ബഷീറിന്റെത്. ആരോടും ശത്രുതയില്ലാത്ത സൗമ്യനായ മാധ്യമപ്രവർത്തകൻ. അതുകൊണ്ട് തന്നെയാണ് ബഷീറിന്റെ വിയോഗം എല്ലാവരിലും നൊമ്പരമായി മാറുന്നത്.

പറക്കമുറ്റാത്ത രണ്ട് പിഞ്ചു പെൺകുട്ടികളുടെ പിതാവായിരുന്നു ബഷീർ. ജസീലയാണ് ഭാര്യ. ജന്ന, അസ്മി എന്നിവരാണ് മക്കൾ. രണ്ടാമത്തെ മകൾ ജനിച്ചത് ആറ് മാസം മുമ്പായിരുന്നു. സിറാജ് ദിനപത്രത്തിന്റെ തിരൂരിലെ പ്രാദേശിക ലേഖകനായാണ് കെ എം ബഷീർ മാധ്യമപ്രവർത്തനം തുടങ്ങിയത്. ഇവിടെ നിന്നും പടി പടിയായിയായി വളർന്ന് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവിയായി വരെ വളർന്നു. ദ്വീർഘകാലമായി തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു കെ.എം.ബി എന്ന വിളിപ്പേരിൽ തലസ്ഥാനത്തെ മാധ്യമപ്രവർത്തകരിൽ അറിയപ്പെട്ട ബഷീർ.

സഹപ്രവർത്തകരോടും സഹജീവികളോടും ഒരു പുഞ്ചിരിയോടെ മാത്രം പെരുമാറിയിരുന്ന വ്യക്തിയായിരുന്നു ബഷീർ. കേരളാ പത്രപ്രവർത്തക യൂണിയന്റെ ഭാഗമായിരുന്ന ബഷീർ തലസ്ഥാനത്തെ മാധ്യമപരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു. ഇന്നലെ കൊല്ലത്ത് സിറാജ് പ്രമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീർ. പത്രം മുന്നോട്ടു പോകാൻ ആവശ്യമായി നിർദ്ദേശങ്ങൾ അടക്ക ബഷീർ ഈ യോഗത്തിൽ പങ്കുവെച്ചിരുന്നു. മടക്കയാത്രയിലാണ് ദാരുണമായ അന്ത്യമുണ്ടാകുന്നത്.

2006 ൽ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറിയ ബഷീർ മിടുക്കനായ മാധ്യമപ്രവർത്തകനായിരുന്നു. തുടർന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീർഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വെക്കും. അതിന് ശേഷം വൈകുന്നേരത്തോടെ വാണിയന്നൂരിൽ എത്തിച്ച് സംസ്‌ക്കരിക്കും.

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ അപകട മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവർത്തനങ്ങളിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധേയനായിരുന്നു കെ എം ബഷീറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. ബഷീറിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതിഭാശാലിയായ മാധ്യമ പ്രവർത്തകനെയാണ് കെ എം ബഷീറിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് അഖിലേന്ത്യ സുന്നി ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. സിറാജ് ദിനപത്രത്തിന്റെ നട്ടെല്ലായിരുന്നു കെ എം ബഷീറെന്ന് കാന്തപുരം അനുസ്മരിച്ചു. കെ എം ബഷീറിന്റെ മരണത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കാന്തപുരം അറിയിച്ചു. എല്ലായ്‌പ്പോഴും നിറഞ്ഞ പുഞ്ചിരിയുമായി എത്തുന്ന, വിശ്രമമെടുക്കാതെ ജോലി ചെയ്തിരുന്ന പ്രതിഭായായിരുന്നു ബഷീറെന്ന് കാന്തപുരം അനുശോചനക്കുറിപ്പിൽ പറഞ്ഞു. പത്രപ്രവർത്തനത്തിന്റെ നൈതികത എല്ലായ്‌പ്പോഴും കാത്തുസൂക്ഷിച്ച് വിനയവും സൗമ്യതയും കൈമുതലാക്കിയ വ്യക്തിയിരുന്നു അദ്ദേഹമെന്ന് ബഷീറിനെ കാന്തപുരം സ്മരിച്ചു.

അതേസമയം ബഷീറിന്റെ മരണത്തിൽ കേസ് അന്വേഷണം നേരായ വഴിയിൽ നീങ്ങണമെന്നും കർശനമായ നടപടി വേണമെന്നും കേരളാ പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടായുള്ള മാധ്യമപ്രവർത്തകരുടെ അഭ്യർത്ഥനയുടെ പൂർണരൂപം ഇങ്ങനെയാണ്:

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ...

ഒരു പാവം മനുഷ്യൻ ഒറ്റനിമിഷത്തിൽ ഇല്ലാതായിപ്പോയ കാര്യമാണ്. അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല. അപകടത്തിലേക്ക് നയിച്ച കാര്യങ്ങൾ യാദൃച്ഛികമല്ല. വലിയ ധാർമികതയും ഉത്തരവാദിത്വവും മാതൃകാ പ്രവർത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നു.

എന്താണ് സർക്കാരിന്റെ ഉത്തരവാദിത്വം എന്ന് മറന്നു പോകരുത്. സി.സി. ടി.വി. ഉൾപ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണം വേണം.
പൊലീസ് ഇപ്പോൾ കാര്യങ്ങൾ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണ്. ഇത് അനുവദിക്കരുത്. സത്യസന്ധമായി കാര്യങ്ങൾ പോകണം. ശ്രീരാം വെങ്കിട്ടരാമന്റെ രക്തസാമ്പിൾ എടുത്തുവോ എന്ന കാര്യത്തിൽ പോലും അധികൃതർ ഉറപ്പു പറയുന്നില്ല ഇപ്പോൾ. പൊലീസിന്റെ നിലപാടുകൾ സംശയാസ്പദമാണ്.

രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്. കുടുംബത്തെ സഹായിക്കണം, ഭാര്യയ്ക്ക് ജോലി നൽകാൻ നടപടി ഉണ്ടാവണം. എല്ലാറ്റിലും ഉപരി ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിനു വഴങ്ങി പൊലീസ് ഈ കേസ് മുക്കരുത്. യഥാർഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണം എന്ന് മാധ്യമ സമൂഹം ഒന്നടങ്കം അങ്ങയോട്. ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ ഞങ്ങൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരും.

കേരള പത്രപ്രവർത്തക യൂണിയൻ
സംസ്ഥാന സമിതി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP