Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാട്ടിൽ നിന്നെത്തിയ ഭാര്യയുടെയും മക്കളുടെയും കൺമുന്നിൽ നിന്നും ഹരി പറന്നകന്നു; ശരീരം ജീവനറ്റെങ്കിലും നാലു പേരിലൂടെ ഹരി ഇനിയും ജീവിക്കും; അറിയാത്ത നാടും ഭാഷയുമായി ജീവിതത്തിലെ ഇരുട്ട് നിറഞ്ഞ ദിവസങ്ങൾ മുന്നിൽ നിൽക്കെ ഒരമ്മയും പെൺമക്കളും യുകെ മലയാളിയുടെ വേദനയായി മാറുമ്പോൾ

നാട്ടിൽ നിന്നെത്തിയ ഭാര്യയുടെയും മക്കളുടെയും കൺമുന്നിൽ നിന്നും ഹരി പറന്നകന്നു; ശരീരം ജീവനറ്റെങ്കിലും നാലു പേരിലൂടെ ഹരി ഇനിയും ജീവിക്കും; അറിയാത്ത നാടും ഭാഷയുമായി ജീവിതത്തിലെ ഇരുട്ട് നിറഞ്ഞ ദിവസങ്ങൾ മുന്നിൽ നിൽക്കെ ഒരമ്മയും പെൺമക്കളും യുകെ മലയാളിയുടെ വേദനയായി മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: രണ്ടാഴ്ചയായി ജീവനും മരണത്തിനും ഇടയിൽ ഉള്ള അദൃശ്യമായ നൂൽപ്പാലത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശി ഹരി ശ്രീധരൻ കടന്നു പോയത്. തലച്ചോറിന്റെ മധ്യഭാഗത്തു തന്നെ ശക്തമായ നിലയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ തന്നെ തലയോട് പിളർന്നു. ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയെങ്കിലും ഹരി ഒരിക്കലും അബോധാവസ്ഥയിൽ നിന്നും മോചനം നേടിയിരുന്നില്ല.

പ്രതീക്ഷകൾ പോലും അസ്ഥാനത്താണെന്ന് ഡോക്ടർമാർ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നതിനാൽ നാട്ടിൽ കഴിയുന്ന ഭാര്യയെയും മക്കളെയും എങ്ങനെയെങ്കിലും യുകെയിൽ എത്തിച്ച് അദ്ദേഹത്തെ ജീവനോടെ അവസാനമായി കാണുവാൻ അവസരമൊരുക്കാൻ ആയിരുന്നു ലണ്ടനിൽ ഹരിയെ അടുത്തറിയാവുന്നവർ മുൻകൈ എടുത്തത്. കഴിഞ്ഞ 20 വർഷമായി ലണ്ടനിൽ പ്രവാസിയായ ഹരി ജീവിതത്തിൽ നിന്നും മടങ്ങുമ്പോൾ കുന്നോളം കടവും ബാധ്യതകളും മാത്രമാണ് ബാക്കിയായിരുന്നത്. ഈ ഒറ്റക്കാരണത്താൽ മാത്രമാണ് അദ്ദേഹത്തിന് കുടുംബത്തെ കൂടെ നിർത്തി സംരക്ഷിക്കാൻ കഴിയാതിരുന്നതും.

എല്ലാക്കാലവും തുച്ഛ ശമ്പളത്തിൽ ഉള്ള താൽക്കാലിക ജോലികൾ ചെയ്തിരുന്ന ഹരിക്ക് ആശ്രിത വിസയിൽ ഭാര്യയെയും മക്കളെയും സംരക്ഷിക്കാൻ സാധിക്കുമായിരുന്നില്ല. പലവട്ടം ഹരി ഇതിനായി ശ്രമിച്ചതാണെങ്കിലും അദ്ദേഹത്തിന്റെ വരുമാനം കണക്കിലെടുത്തു കുടുംബാംഗങ്ങൾക്ക് വിസ നൽകുവാൻ ഹോം ഓഫിസ് തയാറായില്ല. ഇതോടെയാണ് ഹരിയും കുടുംബവും ലോകത്തിന്റെ രണ്ടു കോണുകളിലായി ഒറ്റപ്പെട്ടത്. പക്ഷെ ജീവിതത്തിന്റെ അവസാന നാളുകളിൽ കുറച്ചു മണിക്കൂർ നേരത്തേക്കെങ്കിലും ഈ കുടുംബത്തെ ഒന്നിച്ചാക്കാൻ സുമനസുകളുടെ പ്രവർത്തനം വഴി സാധ്യമായി. പക്ഷെ അതൊന്നുമറിയാതെ ഹരി യാത്രയുമായി.

ഹരി ഓർമ്മയാകുമ്പോഴും അറിയാത്ത നാലു ജീവിതങ്ങൾക്ക് തുണയായി

ദിവസങ്ങളോളം ഹരി ജീവനു വേണ്ടി പൊരുതിയെങ്കിലും ഒടുവിൽ വിധി നിശ്ചയത്തിന് തയ്യാറാകുക ആയിരുന്നു. വെള്ളിയാഴ്ചയോടെ ഹരിയുടെ ഭാര്യയും മക്കളും മാനസികമായി മസ്തിഷ്‌ക മരണം അംഗീകരിച്ചതോടെ കുടുംബത്തിന്റെ കൂടി സമ്മതപ്രകാരം അവയവദാന പ്രക്രിയയും ആരംഭിക്കുക ആയിരുന്നു. ഇതോടെ ഹരിയുടെ മരണശേഷവും അദ്ദേഹത്തിന്റെ അവയവങ്ങൾ നാലു പേരിൽ കൂടി ജീവന്റെ തുടിപ്പായി അവശേഷിക്കും.

ശനിയാഴ്ച രാത്രി ചാരിങ്ങ്ടൺ ഹോസ്പിറ്റലെ ഓപ്പറേഷൻ തിയറ്ററുകളിൽ തിരക്കൊഴിയാൻ കാത്തിരുന്ന് ഒടുവിൽ പുലർച്ചെ നാലു മണിയോടെയാണ് അദ്ദേഹത്തെ വെന്റിലേറ്റർ ഓഫ് ചെയ്തു മരണം ഔദ്യോഗികമായി രേഖപ്പെടുത്തിയത്. തുടർന്ന് അവയവങ്ങൾ പകരം സ്വീകരിക്കുന്നവർക്കു നൽകാൻ ഉള്ള നടപടികളും തയ്യാറായി. അത്രയും സമയം നിറമിഴികളുമായി കുടുംബാംഗങ്ങളും ഹരിക്ക് ഏറെക്കാലത്തെ പരിചയം ഉള്ള കാറൽ മിറാൻഡ അടക്കമുള്ള സുഹൃത്തുക്കളും ആശുപത്രിയിൽ അദ്ദേഹത്തിന് കണ്ണിലെണ്ണയൊഴിച്ചു കാവൽ നിൽക്കുക ആയിരുന്നു. ഒടുവിൽ ഹരി വിധിയുടെ നിശ്ചിത വഴിയേ യാത്ര ആയതോടെയാണ് കുടുംബം താൽക്കാലിക താമസ സ്ഥലത്തേക്ക് മടങ്ങിയത്.

മൂന്നു ജീവിതങ്ങൾ ഇരുട്ടിലേക്ക്

ഇട്ടു മാറാനുള്ള വസ്ത്രങ്ങൾ മാത്രം കയ്യിൽ പിടിച്ചാണ് ഹരിയുടെ ഭാര്യയും മക്കളും ഹീത്രൂവിൽ വിമാനം ഇറങ്ങിയത്. പറഞ്ഞു കേട്ട സാഹചര്യം അതിനേക്കാൾ കടുത്ത തീവ്രതയിൽ മുന്നിൽ കാണേണ്ടി വന്നപ്പോൾ തിരുവനന്തപുരം വിട്ടു ലോകം കണ്ടിട്ടില്ലാത്ത ആ അമ്മയും മക്കളും മാനസികമായി തകർന്ന നിലയിലായി. ഇതോടെ തീരുമാനം എടുക്കാൻ ഡോക്ടർമാരും സുഹൃത്തുക്കളും വിഷമിച്ചു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ആ അമ്മയ്ക്കും മക്കൾക്കും സാവകാശം നൽകുവാനാണ് ബന്ധപ്പെട്ടവർ തീരുമാനിച്ചത്.

ഒടുവിൽ അത്യാവശ്യം ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്ന മൂത്ത മകളെ മുൻ നിർത്തിയാണ് തീരുമാനങ്ങൾ ഉണ്ടായതെന്ന് തുടക്കം മുതൽ മരണ നിമിഷം വരെ കൂടെ നിന്ന ലോക് കേരള സഭാംഗം കാറൽ മിറാൻഡ വ്യക്തമാക്കി. അപ്പോഴും പരിഭാഷകർ പറയുന്ന വേദനിപ്പിക്കുന്ന വാക്കുകൾക്കായി കാതോർക്കുക ആയിരുന്നു ഹരിയുടെ ഭാര്യയും കൗമാരക്കാരിയായ ഇളയ മകളും. അറിയാത്ത നാടും ഭാഷയും നാട്ടുകാരും മാത്രം മുന്നിൽ നിൽക്കേ കണ്ണുകളിൽ ഇരുട്ട് നിറയുന്നത് മാത്രമാണ് ഇപ്പോൾ ഹരിയുടെ ഭാര്യയോടും പെൺമക്കളോടും സംസാരിക്കുമ്പോൾ ബോധ്യമാകുന്നത്.

ഇനിയെന്ത്?

ഹരിയുടെ മൃതദേഹം താൽക്കാലികമായി ചാരിങ്ങ്ടൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം യുകെയിൽ തന്നെ സംസ്‌ക്കരിക്കാനുള്ള സാധ്യതകളാണ് കൂടുതലായും നിലനിൽക്കുന്നത്. ഹരിയുടെ കുടുംബം നാട്ടിലേക്കു മടങ്ങി പോകേണ്ടിവരുമോ അവർക്കു യുകെയിൽ തന്നെ തങ്ങുവാൻ നിയമം മാനുഷിക പരിഗണന കാട്ടുമോ എന്നതെല്ലാം ഉത്തരമില്ലാത്ത ചോദ്യമായി മാറുകയാണ് ഏവരുടെയും മുന്നിൽ. ഹരിയുടെ പരിചയക്കാരുടെ മുന്നിൽ വിഹ്വലതയോടെ നിൽക്കുന്ന ആ അമ്മയുടെയും മക്കളുടെയും ചിത്രം ഒരു നെരിപ്പോടായി കത്താൻ തുടങ്ങുകയാണ് യുകെ മലയാളികളുടെ മുന്നിൽ.

ഒരു തീരുമാനം എടുക്കാൻ ആർക്കും കഴിയുന്നില്ല. ബാങ്ക് അക്കൗണ്ട് പോലും ഇല്ലാത്ത വിധവയായി മാറിക്കഴിഞ്ഞ അമ്മയെയും മക്കളെയും സഹായിക്കാൻ രൂപം നൽകിയ വാട്‌സാപ് ഗ്രൂപ്പിൽ 200 ഓളം അംഗങ്ങൾ എത്തിക്കഴിഞ്ഞു. ആദ്യ പരിഗണന മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആയതിനാൽ നാളെ തന്നെ മരണ സർട്ടിഫിക്കറ്റ് അടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കി സംസ്‌കാര തിയതിയും മറ്റും നിശ്ചയിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. അതിനിടയിൽ ഹരിയുടെ ഭാര്യയെയും മക്കളെയും എങ്ങനെ സഹായിക്കാനാകും എന്ന കാര്യത്തിലും ചർച്ച നടക്കുകയാണ്. വിവിധ സംഘടനകളുടെയും മറ്റും സഹായവും ഇക്കാര്യത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP