Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്‌നാനായ കത്തോലിക്കരുടെ കോട്ടയിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി; മാണിയുടെ കോട്ടയിൽ പയറ്റി തെളിഞ്ഞു; ഒരിക്കലും ജനപ്രതിനിധി ആയില്ലെങ്കിലും എന്നും ജനഹൃദയങ്ങളിൽ ഉറച്ചയിടം നേടി; മാണിക്കെതിരെ മത്സരിച്ചപ്പോൾ മാണിയെ കൊണ്ട് പോസ്റ്റർ അടിപ്പിച്ച് നയചാതുര്യം

ക്‌നാനായ കത്തോലിക്കരുടെ കോട്ടയിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി; മാണിയുടെ കോട്ടയിൽ പയറ്റി തെളിഞ്ഞു; ഒരിക്കലും ജനപ്രതിനിധി ആയില്ലെങ്കിലും എന്നും ജനഹൃദയങ്ങളിൽ ഉറച്ചയിടം നേടി; മാണിക്കെതിരെ മത്സരിച്ചപ്പോൾ മാണിയെ കൊണ്ട് പോസ്റ്റർ അടിപ്പിച്ച് നയചാതുര്യം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കത്തോലിക്കാ രാഷ്ട്രീയം പരന്നൊഴുകുന്ന ഭൂമികയാണ് കോട്ടയം. ജില്ലയിലെ മണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് വിജയിച്ചു കയറിയരുടെ എണ്ണം നോക്കായിൽ ഭൂരിപക്ഷവും കത്തോലിക്കരാകും. ക്‌നാനായ കത്തോലിക്കരുടെ കോട്ടയിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി കെ എം മാണിക്കെതിരെ മത്സരിച്ച് പയറ്റിത്തെളിഞ്ഞ് വ്യക്തിയാണ് ഇന്ന് അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻ. ഒരിക്കലും ജനപ്രതിനിധി ആയില്ലെങ്കിലും എന്നും ജനഹൃദയങ്ങളിൽ ഇടംപിടിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ജനപ്രതിനിധി ആയില്ലെങ്കിലും അദ്ദേഹത്തിന് സ്വതസിദ്ധമായ ശൈലികൊണ്ട് രാഷ്ട്രീയത്തിൽ ശോഭിച്ച വ്യക്തിയാണ് ഉഴവൂർ വിജയൻ. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ വിജയൻ പ്രഗത്ഭനായ പ്രാസംഗികനായിരുന്നു. നർമത്തിലൂടെ ജനത്തെ പിടിച്ചിരുത്താനുള്ള കഴിവ് അദ്ദേഹത്തെ പ്രവർത്തകരുടെ പ്രിയപ്പെട്ട നേതാവാക്കി മാറ്റി. എൻസിപിക്ക് കേരളത്തിൽ കരുത്താർന്ന നേതൃത്വം നൽകിയ വ്യക്തിയായിരുന്നു ഉഴവൂർ വിജയൻ.

കോട്ടയം ജില്ലയിലെ കുറിച്ചിത്താനം കാരാംകുന്നേൽ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനാണ് ഉഴവൂർ വിജയൻ. കുറിച്ചിത്താനം കെ.ആർ. നാരായണൻ ഗവൺമെന്റ് എൽപി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു ഹൈസ്‌ക്കൂൾ പഠനം. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദമെടുത്തു.

സാധാരണക്കാരുമായി വളരെ അടുത്തു നിൽക്കുന്ന പ്രവർത്തന ശൈലിയായിരുന്നു ഉഴവൂർ വിജയന്റേത്. കോൺഗ്രസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കോൺഗ്രസ് പിളർന്നപ്പോൾ എകെ ആന്റണിക്കൊപ്പം കോൺഗ്രസ് എസ്സിന്റെ ഭാഗമായി മാറി.
കോൺഗ്രസ് എസ്സ് എൻസിപിയിൽ ലയിച്ചപ്പോൾ എൻസിപിയുടെ കേരളത്തിലെ പ്രധാന മുഖങ്ങളിൽ ഒന്നായി മാറി ഉഴവൂർ വിജയൻ. വൈകാതെ ഇടത് വേദികളിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. കഴിഞ്ഞ മാസം വരെയും ഇടതു സമരവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

സാധാരണക്കാരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രസംഗശൈലി തന്നെയായിരുന്നു മറ്റു രാഷ്ട്രീയക്കാരിൽ നിന്നും ഉഴവൂർ വിജയനെ വ്യത്യസ്തനാക്കിയത്. അതുകൊണ്ടു തന്നെ ഏതൊരു പരിപാടിക്കും ആളെ കൂട്ടുക എന്ന ചുമതല കൂടി ഉഴവൂർ വിജയൻ ഏറ്റെടുത്തിരുന്നു. ഇടതു മുന്നണിയുടെ പൊതുപരിപാടികളെ സജീവ സാന്നിധ്യമായ ഉഴവൂർ വിജയൻ ആൾക്കുട്ടത്തെ പ്രസംഗ ശൈല കൊണ്ട് പിടിച്ചിരുത്തുന്ന വ്യക്തി കൂടിയാണ് ഉഴവൂർ. കാർക്കാശ്യക്കാരായ രാഷ്ട്രീയക്കാരെ പോലും ചിരിപ്പിക്കാൻ കഴിയുന്ന അത്യപൂർവ്വ വ്യക്തിത്ത്വത്തിന് ഉടമ കൂടിയായിരുന്നു അദ്ദേഹം. ഉപതിരഞ്ഞെടുപ്പുകളിലെ സൂപ്പർസ്റ്റാർ തന്നെയാണ് വിജയൻ എന്നകാര്യം എല്ലാവരും സമ്മതിക്കും.

കക്ഷി രാഷ്ട്രീയത്തിന് അതീതരമായ രാഷ്ട്രീയ ബന്ധങ്ങളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണിക്കെതിരെ 2001 ൽ പാലാ മണ്ഡലത്തിൽനിന്നു മൽസരിച്ചതാണ് നേരിട്ട ഏക നിയമസഭാ തിരഞ്ഞെടുപ്പ്. അത്തവണ അദ്ദേഹം പരാജയപ്പെടുകയും ചെയത്ു. എന്നാൽ, അന്ന് അദ്ദേഹം ശ്രദ്ധ നേടിയത് തന്റെ രാഷ്ട്രീയ എതിരാളിയെ കൊണ്ട് തന്നെ തന്റെ തിരഞ്ഞെടുപ്പിന്റെ പോസ്റ്റർ അച്ചടിപ്പിച്ചാണ്.

ശിവകാശിയിൽ നിന്നാണ് അക്കാലത്ത് രാഷ്ട്രീയ പ്രചരണ പോസ്റ്ററുകൾ അച്ചടിച്ചിരുന്നത്. കെ എം മാണി ജയിക്കുമെന്ന് ഉറപ്പുള്ള തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ മാണിസാർ പോസ്റ്റർ അച്ചടിച്ചു കൊണ്ടുവരാൻ ശിവകാശിക്ക് പോകുന്നു എന്ന് ഉഴവൂരിന്് അറിയാമായിരുന്നു. മാണിസാറിനോട് സരസമായി തന്നെ അദ്ദേഹം പറഞ്ഞത്. ശിവകാശിക്ക് പോകുമ്പോൾ എനിക്കു കൂടി കുറച്ചു പോസ്റ്റർ അച്ചടിച്ചു കൊണ്ടുവരാനായിരുന്നു. അത്രയ്ക്ക് നയതന്ത്രമാണ് ഉഴവൂർ വിജയനുണ്ടായിരുന്നത്. മാണിക്കാകുമ്പോൾ പണം കുറേയുണ്ടല്ലോ എന്നായിരുന്നു അദ്ദേഹം ഇതിനായി പറഞ്ഞത്. അങ്ങനെ എതിർ സ്ഥാനാർത്ഥിയെ കൊണ്ട് പോസ്റ്റർ അടിപ്പിച്ച കേരളത്തിലെ ഏക വ്യക്തിയായിരിക്കും ഉഴവൂർ വിജയൻ.

തിരഞ്ഞെടുപ്പ് സമയങ്ങളിൽ സ്ഥാനാർത്ഥിയേക്കാലും തിരക്ക് വിജയനായിരുന്നു. ഉഴവൂർ വിജയനെ പ്രസംഗത്തിനായി കിട്ടാൻ രാഷ്ട്രീയപാർട്ടികൾ മത്സരിച്ചു. അവരെയൊന്നും നിരാശനാക്കാതെ കാസർകോടു മുതൽ തിരുവനന്തപുരം വരെ വിജയൻ ഓടിയെത്തുകയും ചെയ്തു. പ്രമുഖ നേതാക്കൾ എത്താൻ വൈകിയാൽ അണികളെ ബോറടിപ്പിക്കാതെ പിടിച്ചു നിർത്താൻ കഴിവുള്ള ഏകെ നേതാവ് കൂടിയായിരുന്നു അദ്ദേഹം.

നർമം കലർത്തി സംസാരിക്കുന്നതിനാൽ വിജയന്റെ പ്രസംഗത്തിന് ആരാധകരേറെയായിരുന്നു. കൃത്യമായ തയ്യാറെടുപ്പോടെയാണ് പ്രസംഗം. രാവിലെ പത്രങ്ങൾ വായിച്ചും ടിവി കണ്ടും അൽപം നേരം ഇരിക്കും. പ്രസംഗം ഗംഭീരമാക്കാൻ ഈ സമയത്താണ്. ആലോചിച്ച് ആലോചിച്ച് കണ്ടെത്തുന്നതു കുറിക്കുകൊള്ളുന്ന വാക്കുകളായിരിക്കും.

നേതാക്കന്മാരെത്തുന്നതിനു മുൻപേ പ്രസംഗം തുടങ്ങും. പിന്നാലെ പ്രവർത്തകരുടെ ഒഴുക്കായിരിക്കും. എതിരാളികൾക്കെതിരെ ചെറിയ കൊട്ടുകൾ നൽകി തുടങ്ങുന്ന പ്രസംഗം കത്തിക്കയറുമ്പോഴേക്കും സദസിൽ പൊട്ടിച്ചിരി നിറയും. രാഷ്ട്രീയ ശത്രുക്കളെ ഒട്ടും മധുരമില്ലാതെ ആക്രമിക്കുമ്പോഴും 'മധുരത്തിന്റെ' തടവറയിലായിരുന്നു വിജയൻ. കടുത്ത പ്രമേഹരോഗിയായ അദ്ദേഹം ദിവസവും ഇൻസുലിൻ കുത്തിവച്ചാണ് രാഷ്ട്രീയ പര്യടനം നടത്തിയിരുന്നത്. ആഹാരത്തിലും കടുത്ത നിയന്ത്രണമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP