Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകൻ വാഹന കുടിശിക വരുത്തിയതിന് ജപ്തി ചെയ്യാൻ എച്ച് ഡി എഫ് സി ബാങ്ക് അധികൃതർ വീട്ടിലെത്തിയപ്പോഴുണ്ടായ തർക്കത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചത് കേരളം ആദരവോടെ കണ്ട പരിസ്ഥിതി പ്രവർത്തകൻ; പെരിയാറിന്റെ കീപ്പറായി ഗ്രീൻ പീസ് നിയമിച്ച ജോസഫിന്റെ മരണത്തിൽ പ്രതിഷേധം ഉയരുന്നു; കഴിഞ്ഞ രണ്ട് പതിറ്റാണ്ട് ഗ്രീൻപീസ് ജോസ് ജീവിതം മാറ്റി വച്ചത് പെരിയാറിന്റെ ജീവൻ കാക്കാൻ; വ്യവസായ സ്ഥാപനങ്ങൾ പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയതിനെതിരെ ജോസ് നടത്തിയിരുന്നത് സന്ധിയില്ലാത്ത സമരങ്ങൾ

മകൻ വാഹന കുടിശിക വരുത്തിയതിന് ജപ്തി ചെയ്യാൻ എച്ച് ഡി എഫ് സി ബാങ്ക് അധികൃതർ വീട്ടിലെത്തിയപ്പോഴുണ്ടായ തർക്കത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചത് കേരളം ആദരവോടെ കണ്ട പരിസ്ഥിതി പ്രവർത്തകൻ; പെരിയാറിന്റെ കീപ്പറായി ഗ്രീൻ പീസ് നിയമിച്ച ജോസഫിന്റെ മരണത്തിൽ പ്രതിഷേധം ഉയരുന്നു; കഴിഞ്ഞ രണ്ട് പതിറ്റാണ്ട് ഗ്രീൻപീസ് ജോസ് ജീവിതം മാറ്റി വച്ചത് പെരിയാറിന്റെ ജീവൻ കാക്കാൻ; വ്യവസായ സ്ഥാപനങ്ങൾ പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയതിനെതിരെ ജോസ് നടത്തിയിരുന്നത് സന്ധിയില്ലാത്ത സമരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരിയാറിന് വേണ്ടിയായിരുന്നു പോരാട്ടം. നടത്തിയത് സന്ധിയില്ലാ സമരങ്ങൾ. ഇതിനിടെ ശത്രു പക്ഷത്ത് നിന്നത് വമ്പൻ വ്യവസായ ഭീമന്മാരും. അപ്പോഴും ജോസഫ് കുലുങ്ങിയില്ല. അങ്ങനെ എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനായി വി.ജെ. ജോസഫ് മാറി. ഏലൂരുകാരുടെ ഇടയിൽ അറിയപ്പെടുന്നത് 'ഗ്രീൻപീസ് ജോസ്' എന്നും. ജോസിന്റെ മരണത്തോടെ പെരിയാറിന് കാവൽക്കാരനെ നഷ്ടമാകുകയാണ്. കണ്ണിമ ചിമ്മാതെ പെരിയാറിനെ കാക്കാൻ ഇനി ജോസ് ഇല്ല.

ഗ്രീൻപീസ് എന്ന അന്താരാഷ്ട്ര പരിസ്ഥിതി സംഘടന പെരിയാറിന്റെ സംരക്ഷണത്തിനായി റിവർ കീപ്പറായി നിയോഗിച്ചത് ജോസഫിനെയായിരുന്നു. ഇങ്ങനെയാണ് ഈ പേര് വീണത്. ഏകദേശം 20 വർഷത്തോളം അദ്ദേഹം പെരിയാറിന്റെ സംരക്ഷണത്തിനായി റിവർ കീപ്പറായി പ്രവർത്തിച്ചു. അധികാരികൾക്കു മുന്നിൽ പെരിയാറിന്റെ പ്രശ്‌നങ്ങൾ ഗ്രീൻപീസ് അവതരിപ്പിച്ചത് ജോസഫ് നൽകുന്ന വിവരങ്ങൾ വച്ചായിരുന്നു. ഗ്രീൻപീസിന്റെ പ്രവർത്തനം മന്ദീഭവിച്ചതോടെ സ്വന്തം നിലയിൽ പെരിയാറിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യയിലെ ആദ്യ റിവർ കീപ്പറായിരുന്നു ജോസ്.

പെരിയാരിന്റെ തീരത്തുള്ള ഏലൂർ ഫെറിയിൽ താമസിക്കുന്ന അദ്ദേഹം പെരിയാറിനെ കൃത്യമായി മനസ്സിലാക്കിയിരുന്നു. വ്യവസായശാലകൾ മാലിന്യം കുഴലുകളിലൂടെ പെരിയാറിൽ തള്ളുന്നതിനെതിരേ ജോസഫ് പ്രവർത്തിച്ചിരുന്നു. ഏഴു വർഷം മുമ്പ് ജോസഫ് അടക്കമുള്ള പരിസ്ഥിതി പ്രവർത്തകർ ഇത്തരം കുഴലുകൾ കണ്ടെത്താൻ വഞ്ചിയിൽ പുഴയിലൂടെ പരിശോധന നടത്തിയിരുന്നു. ഗുണ്ടകൾ എത്തി ഇത്തരം വഞ്ചികൾ മുക്കിയ സംഭവങ്ങൾ ഉണ്ടായി. എന്നിട്ടും ജോസഫും കൂട്ടരും മുന്നോച്ച് പോയി. ഏലൂർ, മുട്ടാർ പരിസരങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതിനെതിരേയും ജോസഫ് ശബ്ദമുയർത്തിയിരുന്നു.

ജയിൽവാസികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിൽ അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. നെറ്റിപ്പട്ടം, പാള കൊണ്ടുള്ള പ്ലേറ്റ്, സോപ്പ് എന്നിവ നിർമ്മിക്കാനായിരുന്നു അദ്ദേഹം പ്രധാനമായി പരിശീലനം നൽകിയിരുന്നത്. കൂടാതെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്ലാസുകളും ജോസഫ് എടുത്തിരുന്നു. ഇത്തരത്തിലൊരു സാമൂഹിക പ്രവർത്തകനാണ് ഇന്നലെ ബാങ്ക് ജീവനക്കാരുമായുള്ള തർക്കത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. മകന്റെ വായ്പാ കുടിശിഖ എത്രയും വേഗം അടയ്ക്കാമെന്ന് പറഞ്ഞിട്ടും അധികൃതർ വഴങ്ങിയില്ല. എച്ച് ഡി എഫ് സിയിൽ നിന്നുള്ള കളക്ഷൻ ഏജന്റിന്റെ അപമാന ശരങ്ങൾ ജോസിനെ തളർത്തി. ഇതാണ് അപ്രതീക്ഷിത വിയോഗത്തിന് കാരണമായതും. അതുകൊണ്ട് തന്നെ പരിസ്ഥിതി സ്‌നേഹികൾ വേദനയിലും അമർഷത്തിലുമാണ്.

എച്ച് ഡി എഫ് സി ബാങ്ക് തന്നെയാണ് ജോസിന്റെ ജീവനെടുത്തത് എന്ന് ഇവർ പറയുന്നു. കോർപ്പറേറ്റ് ബാങ്കുകളുടെ ജീവനെടുക്കലിന്റെ ഇര. ബാങ്കിനെതിരെ പ്രതിഷേധവും ശക്തമാണ്. മകൻ എടുത്ത ഇരുചക്ര വാഹന വായ്പയുടെ കുടിശികയെ കുറിച്ച് സംസാരിക്കാൻ ബാങ്ക് ജീവനക്കാർ രാവിലെ വീട്ടിലെത്തിയിരുന്നു. ഇവരുമായുണ്ടായ തർക്കത്തിനിടെ ജോസ് കുഴഞ്ഞു വീഴുകയായിരന്നു. തിങ്കളാഴ്ച രാവിലെ 7.45 നായിരുന്നു സംഭവം. ബാങ്കുകാരുമായി ജോസ് തർക്കത്തിലേർപ്പെടുകയും വീട്ടിൽ നിന്നു ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയുണ്ടായ നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഏലൂർ സെന്റ് ആൻസ് പള്ളിയിൽ നടക്കും. ആലീസാണ് ഭാര്യ. മക്കൾ: രമ്യ, ജോയൽ. മരുമകൻ: എഡിസൺ.

ബാങ്ക് നിയോഗിച്ച സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തുടർന്ന് തർക്കമുണ്ടാവുകയുമായിരുന്നു എന്നാണ് ആരോപണം. തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചില്ല. ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നു എന്നും ജോയൽ ആരോപിക്കുന്നുണ്ട്. ജോയലിന്റെ വിവാഹം ഓഗസ്റ്റ് 15ന് നടക്കാനിരിക്കെയാണ് ജോസിന്റെ മരണം സംഭവിച്ചത്. മകന്റെ പരാതിയെത്തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധം നടത്താനാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP