Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വയലാർ രവി, എ.കെ ആന്റണി ഉമ്മൻ ചാണ്ടി തുടങ്ങി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഉറ്റ സുഹൃത്ത്; സ്ഥാനമാനങ്ങൾ മോഹിക്കാത്ത രാഷ്ട്രീയ പ്രവർത്തനം നടത്തിയതിനാൽ രാഷ്ട്രീയമായി അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ വ്യക്തിത്വം; അന്തരിച്ച കെ.എസ്.യു. സ്ഥാപകനേതാക്കളിലൊരാളായ വി എം.മോഹൻദാസിന് കേരളത്തിന്റെ വിട

വയലാർ രവി, എ.കെ ആന്റണി ഉമ്മൻ ചാണ്ടി തുടങ്ങി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഉറ്റ സുഹൃത്ത്; സ്ഥാനമാനങ്ങൾ മോഹിക്കാത്ത രാഷ്ട്രീയ പ്രവർത്തനം നടത്തിയതിനാൽ രാഷ്ട്രീയമായി അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ വ്യക്തിത്വം; അന്തരിച്ച കെ.എസ്.യു. സ്ഥാപകനേതാക്കളിലൊരാളായ വി എം.മോഹൻദാസിന് കേരളത്തിന്റെ വിട

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: കോൺഗ്രസ് നേതാവും കെ.എസ്.യു. സ്ഥാപകനേതാക്കളിലൊരാളുമായ എരഞ്ഞോളി കുടക്കളം ആയനിയാട്ട് വി എം.മോഹൻദാസിന്(77) കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി. വയലാർ രവി കെ.എസ്.യു. പ്രസിഡന്റായിരുന്നപ്പോൾ ജനറൽ സെക്രട്ടറിയായിരുന്ന വി എം മോഹൻദാസ് കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളുടെ എല്ലാം അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു. കെ.എസ്.യു. രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ച വി എം മോഹൻദാസ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് അന്തരിച്ചത്.

എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ എല്ലാം കൂടെ പ്രവർത്തിച്ചു. പിന്നീട് സംഘടനാ കോൺഗ്രസിന്റെ ഭാഗമായി. കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും സ്ഥാനമാനങ്ങൾ സ്വീകരിച്ചില്ല. കെ.എസ്.യു.വിന്റെ ചരിത്രത്തിൽ ശ്രദ്ധേയമായ തലശ്ശേരി സമ്മേളനത്തിന്റെ മുഖ്യസംഘാടകനായിരുന്നു. എന്നാൽ സ്ഥാനമാനങ്ങൾ മോഹിക്കാത്ത രാഷ്ട്രീയ പ്രവർത്തനം നടത്തിയതിനാൽ രാഷ്ട്രീയമായി അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകുക ആയിരുന്നു. അതിനാൽ തന്നെ പലപ്പോഴും ഒറ്റപ്പെട്ട ശബ്ദമായി മോഹൻദാസ് മാറി. വാശിയും തന്റേടവും വിട്ടുവീഴ്ചയില്ലാത്ത നിലപാടും അദ്ദേഹം പിൻതുടർന്നു.

കെ.എസ്.യു.വിന്റെ സ്ഥാപകനേതാക്കളിലൊരാളാണ് തലശ്ശേരിയിൽ അന്തരിച്ച വി എം.മോഹൻദാസ്. കെ.എസ്.യു.വിന്റെ ആലോചനായോഗം മുതൽ നേതാക്കളോടൊപ്പം മോഹൻദാസുമുണ്ടായിരുന്നു. വയലാർ രവി, എ.കെ.ആന്റണി, പി.സി.ചാക്കോ, ഉമ്മൻ ചാണ്ടി, വി എം.സുധീരൻ എന്നിവർ കണ്ണൂരിലെത്തിയാൽ ഇദ്ദേഹവുമായുള്ള സൗഹൃദം പുതുക്കി. ചികിത്സയിലായപ്പോൾ ഈ നേതാക്കളെല്ലാം വീട്ടിലെത്തി സുഖവിവരം അന്വേഷിച്ചു.

പ്രസ്ഥാനം ശക്തിപ്പെടുത്താൻ സംസ്ഥാനത്തുടനീളം തന്നോടൊപ്പം യാത്രചെയ്ത പ്രിയപ്പെട്ട സുഹൃത്താണ് മോഹൻദാസെന്ന് മുൻ കേന്ദ്രമന്ത്രി വയലാർ രവി അനുസ്മരിച്ചു. കെ.എസ്.യു. പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഒപ്പം പ്രവർത്തിച്ച സഹോദരതുല്യനായ നേതാവാണ് മോഹൻദാസെന്ന് മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയും അനുസ്മരിച്ചു. ഒരിക്കലും മറക്കാനാവാത്ത സഹോദരതുല്യനായ സഹപ്രവർത്തകനാണ് മോഹൻദാസെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

അസുഖമായി വീട്ടിൽ കഴിയുമ്പോഴും പോരാട്ടവീര്യത്തിന് കുറവുണ്ടായിരുന്നില്ലെന്നും നിർഭാഗ്യവശാൽ രാഷ്ട്രീയമായി അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചില്ലെന്നത് ദുഃഖകരമായ യാഥാർഥ്യമാണെന്നും സുധീരൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. വിദ്യാർത്ഥിപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകിയ അസാധാരണ വ്യക്തിത്വത്തിനുടമയാണെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഓർമ്മിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ, എംപി.മാരായ കെ.മുരളീധരൻ, എം.കെ.രാഘവൻ, കെ.സുധാകരൻ, ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരും അനുശോചനമറിയിച്ചു.

കുടക്കളത്തെ ആയിനിയാട്ട് വേലാണ്ടി മാധവന്റെയും മാറോളി മാധവിയുടെയും മകനാണ്. ഭാര്യ: ഭാരതി. മക്കൾ: പ്രഫുൽ, പ്രജുന(എറണാകുളം), പ്രിയങ്ക(ബെംഗളൂരു). മരുമക്കൾ: ലിഷ, നിഷിത്ത്, വിപു. സഹോദരങ്ങൾ: രവീന്ദ്രൻ, മോഹിനി, സരിത, ബാബുരാജ്, പരേതരായ സരോജിനി, സുജാത, കൃപാലിനി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP