Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിസയില്ലാതെയും ജോലിയില്ലാതെയും ലണ്ടനിൽ കുടുങ്ങിക്കിടന്ന മകൾക്കും മരുമകനും ആലുവയിൽ ലോറി കയറി മരിച്ച മാതാപിതാക്കളുടെ മൃതദേഹം അവസാനമായി കാണാൻ അവസരം ഒരുക്കിയത് മറുനാടൻ കുടുംബം; മൂന്നു ദിവസം കൊണ്ടു കൈമാറിയത് 12 ലക്ഷത്തിലേറെ രൂപ: നാലു കോടി പുണ്യം കടന്നു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ

വിസയില്ലാതെയും ജോലിയില്ലാതെയും ലണ്ടനിൽ കുടുങ്ങിക്കിടന്ന മകൾക്കും മരുമകനും ആലുവയിൽ ലോറി കയറി മരിച്ച മാതാപിതാക്കളുടെ മൃതദേഹം അവസാനമായി കാണാൻ അവസരം ഒരുക്കിയത് മറുനാടൻ കുടുംബം; മൂന്നു ദിവസം കൊണ്ടു കൈമാറിയത് 12 ലക്ഷത്തിലേറെ രൂപ: നാലു കോടി പുണ്യം കടന്നു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ദേശീയപാതയിൽ ആലുവ സെമിനാരിപ്പടിക്ക് സമീപം ഏതാനും ദിവസങ്ങൾക്കു മുൻപ് ലോറി തട്ടിയിട്ടു സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾ കൊല്ലപ്പെടുന്നു. അപകടം ഉണ്ടാക്കിയ ലോറി നിർത്താതെ പോവുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 7. 20ന് സംഭവിച്ച അപകടത്തിൽ എളവൂർ പുത്തൻകാവ് അമ്പലത്തിന് സമീപം പെരുമ്പിള്ളിൽ വീട്ടിൽ പി. കെ പരമേശ്വരൻ നായരും ഭാര്യ ലളിതയുമാണ് മരിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലളിതയുടെ സഹോദരൻ അംബുജാക്ഷനെ സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

പരമേശ്വരൻ നായരും, ലളിതയും സ്‌കൂട്ടറിലും, ഇളയ മകളും ഭർത്താവും 50 മീറ്ററോളം മുമ്പിൽ മറ്റൊരു ബൈക്കിലുമാണ് സഞ്ചരിച്ചിരുന്നത്. ദമ്പതിമാരുടെ സ്‌കൂട്ടർ തൊട്ടുമുമ്പിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ മുട്ടുകയും, നിയന്ത്രണം തെറ്റി വലതുവശത്തേയ്ക്ക് മറിയുകയുമായിരുന്നു. ഈ സമയത്താണ് തൊട്ട് പിറകിൽ വന്ന ചരക്ക് വാൻ ഇരുവരുടെയും ദേഹത്ത് കയറിയിറങ്ങിയത്. ഇടിയുടെ ആഘാതത്തിൽ പരമേശ്വരൻ നായർ ധരിച്ചിരുന്ന ഹെൽമെറ്റ് തെറിച്ചുപോയി. ലളിത തൽക്ഷണം മരിച്ചു. പരമേശ്വരൻ നായരെ തൊട്ടടുത്ത ദേശം സിഎ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് പരമേശ്വരൻ നായരും, കുടുംബവും വീട്ടിൽ നിന്ന് യാത്ര തിരിച്ചത്. ആലുവയിൽ നിന്ന് മെട്രോ ട്രെയിനിലാണ് ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ നിന്ന് മടങ്ങിയതും മെട്രോ ട്രെയിനിലായിരുന്നു. മെട്രോ ട്രെയിൻ ഇറങ്ങി സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകവേയാണ് അപകടം. ശാസ്തംപാട്ട് കാലകാരനായിരുന്ന പരമേശ്വരൻ മികച്ച കർഷകനുള്ള പാറക്കടവ് പഞ്ചായത്തിന്റെ അവാർഡ് നേടിയ വ്യക്തിയും എളവൂർ മേഖലയിലെ മികച്ച പാചകക്കാരനുമായിരുന്നു.

രണ്ടു പെൺ മക്കൾ മാത്രമുള്ള ഒരു കുടുംബത്തിന്റെ നട്ടെല്ലായിരുന്നു ആ ദുരന്തം വഴി തകർന്നടിഞ്ഞത്. അവരിൽ മൂത്ത മകൾ ലണ്ടനിൽ ആണ് എന്നു മാത്രമായിരുന്നു പത്രവാർത്ത. പിറ്റേ ദിവസത്തെ പത്ര വാർത്തയോടെ പൊതു സമൂഹത്തിനു അതൊരു അടഞ്ഞ അധ്യായമായി. എന്നാൽ അതിനപ്പുറം നീറുന്ന ഒരു ജീവിത കഥ ഉണ്ടായിരുന്നു ആ മരണത്തിനൊപ്പം. ധീരമായ അന്യമത പ്രണയവും വിദേശത്തെ് നരത യാതനയും ഒക്കെ ഉൾപ്പെട്ട ഒരു ജീവിത കഥ.

വിമാന ടിക്കറ്റ് ടിക്കറ്റ് എടുക്കാൻ സഹായം ചോദിച്ചൊരു കഥ

മറുനാടൻ കുടുംബത്തിൽ നിന്നും തന്നെയുള്ള യുകെയിലെ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. അഞ്ചു വർഷം മുൻപു തുടങ്ങിയ ഈ പ്രസ്ഥാനം ഇതുവരെ നിർധന രോഗികളും മാതൃ സ്ഥാപനങ്ങളും ദുരിതത്തിലായ വ്യക്തികളും അടക്കമുള്ളവർക്കു നാലു കോടിയിലേറെ രൂപ സഹായം നൽകിയിട്ടുണ്ട്. മറുനാടൻ എഡിറ്ററെ കൂടാതെ 12 യുകെ മലയാളികൾ ട്രസ്റ്റിമാരായി പ്രവർത്തിക്കുന്ന ചാരിറ്റിയുടെ എല്ലാ ഇടപാടുകളും പരസ്യമാണ്. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പൊതു ജനങ്ങൾക്കായി ബ്രിട്ടീഷ് മലയാളി ചാരിറ്റി എന്ന സൈറ്റിൽ പ്രസിദ്ധീകരിക്കുകയും പണം നൽകുന്നവർക്കു മൊത്തം കണക്കുകളും കാണാം.

ഏറ്റവും ഒടുവിൽ കേരളത്തിലെ പാവപ്പെട്ട അറുപതു നഴ്സിങ് വിദ്യാർത്ഥികളെ സഹായിക്കാൻ 35 ലക്ഷത്തോളം രൂപ നൽകുന്ന പദ്ധതിയാണ് നടന്നു വരുന്നത്. ആ ഫണ്ട ശേഖരിച്ചത് 32 മലയാളികൾ ആകാശത്തു നിന്നും എടുത്തു ചാടി ഫണ്ട് ശേഖരിച്ചാണ്. വൃക്ക ക്യാൻസർ രോഗികളും സർക്കാർ ആശുപത്രികളും ഗാന്ധിഭവൻ പോലെയുള്ള സ്ഥാപനങ്ങളും ചാരിറ്റി ഫൗണ്ടേഷന്റെ സഹായം കൈപ്പറ്റിയിട്ടുണ്ട്. എന്നാൽ വാർത്തകൾ ഉണ്ടാക്കുകയോ വൻ പരിപാടികൾ നടത്തുകയോ ചാരിറ്റി ഫൗണ്ടേഷന്റെ പരിപാടിയല്ല.

ഫൗണ്ടേഷനിലേക്ക് ഏതാനും ദിവസം മുൻപ് ഒരു കത്തു കിട്ടിയിരുന്നു. ലണ്ടനിലെ ക്രോയിഡോണിൽ താമസിക്കുന്ന ഒരു യുവതിയുടെ ഭർത്താവായിരുന്നു കത്തെഴുതിയത്. ആ യുവതി ആലുവായിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മകൾ ആയിരുന്നു. അവർക്ക് അച്ഛനെയും അമ്മയെയും കാണാൻ നാട്ടിലേക്ക് പോകാൻ സഹായം വേണം എന്നായിരുന്നു കത്ത്. അവർ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളുടെ ആഴം വ്യക്തമാക്കുന്നത് ആയിരുന്നു ആ കത്ത്.

30 ലക്ഷത്തോളം രൂപ റിക്രൂട്ട്മെന്റ് ഏജന്റുമാർ അടിച്ചു മാറ്റിയ ദുരന്ത കഥ.

വിദേശത്തേക്ക് ജോലി തേടി പോകുന്ന എല്ലാവരെയും പോലെ ഏറെ പ്രതീക്ഷയോടെ ആയിരുന്നു ഒരു റിക്രൂട്ട്മെന്റ് ഏജൻസിക്ക് വലിയൊരു തുക ഫീസായി നൽകി സൗമ്യയും ഭർത്താവ് ജോർലറ്റും യുകെയിലെയ്ക്ക് സ്റ്റുഡന്റ് വിസയിൽ എത്തിയത്. നഴ്സായതിനാൽ വർക്ക് പെർമിറ്റ് കിട്ടുമെന്നും ഭർത്താവിന് ഡിപ്പൻഡന്റ് വിസയിൽ ജോലി ചെയ്യാമെന്നും ഏജന്റ് പറഞ്ഞു. നല്ലൊരു തുക ഫീസ് മുടക്കി പഠനം പൂർത്തിയാക്കി വർക്ക് പെർമിറ്റോടെ ജോലിക്ക് കയറിയെങ്കിലും ഏറെ വൈകാതെ നഴ്സിങ് ഹോമിന്റെ സ്പോൺസർഷിപ്പ് ലൈസൻസ് റദ്ദാക്കിയതോടെ അതിന് വേണ്ടി മുടക്കിയ പതിനായിരത്തോളം പൗണ്ട് വെറുതെയായി. അവസാന അപേക്ഷയിൽ തീരുമാനം എടുക്കാൻ ഹോം ഓഫീസ് വൈകുന്നതുകൊണ്ട് അവിടെയും ഇവിടെയും ഒക്കെ ജോലി ചെയ്ത് എങ്ങനെയെങ്കിലും ഒക്കെ കഴിഞ്ഞു വരവേയാണ് ദുരന്തം പോലെ അച്ഛന്റെയും അമ്മയുടേയും മരണ വാർത്ത എത്തിയത്.

ജീവിതം നട്ടുപിടിപ്പിക്കാൻ എത്തിയ നാട്ടിൽ നിന്നും വേരടക്കം പിഴുതു മാറ്റപ്പെട്ട അവസ്ഥയിൽ നാട്ടിലേക്കു പറക്കാൻ പോലും സാമ്പത്തിക ശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു സൗമ്യയും ഭർത്താവും. പലവട്ടം വിസ മാറ്റം നടത്തിയത് വഴി നാട്ടിൽ നിന്നും കടമായി വാങ്ങിയ പണമെങ്കിലും മടക്കി നൽകാം എന്ന പ്രതീക്ഷയോടെയാണ് സൗമ്യയും ഭർത്താവും ലണ്ടനിൽ തങ്ങിയിരുന്നത്. നഴ്സിങ് പൂർത്തിയാക്കിയ ശേഷം ലണ്ടനിൽ എത്തിയ സൗമ്യ ജീവിതം തള്ളിനീക്കാൻ രേഖകൾ പോലും കൈവശം ഇല്ലാത്തതിനാൽ വാടകയ്ക്കും ഭക്ഷണത്തിനും ഉള്ള പണം കണ്ടെത്താൻ ദിവസ കൂലിക്കായി പലയിടത്തായി ജോലി ചെയ്യുന്ന അവസ്ഥയിലായിരുന്നു. അതും തൊഴിലുടമകൾ നൽകുന്ന കാരുണ്യത്തിന്റെ ബലത്തിൽ മാത്രം. ഈ അവസ്ഥയിലായിരുന്നു സൗമ്യയുടേയും ഭർത്താവിന്റെയും ജീവിതം.

കണ്ടറിഞ്ഞത് കേട്ടറിഞ്ഞതിനേക്കാൾ കഠോരമായ ദുരിത ജീവിതം

ജോർലറ്റിന്റെയും സൗമ്യയുടെയും ജീവിത കഥ അന്വേഷിക്കാൻ ഞങ്ങൾ ഒരു സംഘത്തെ അയച്ചു. അവർ പറഞ്ഞതിലും കഠോരമായിരുന്നു ഞങ്ങൾ കണ്ടറിഞ്ഞ കാര്യങ്ങൾ. ലണ്ടൻ പോലൊരു നഗരത്തിൽ എത്തപ്പെട്ടാൽ തന്നെ ജീവിതം രക്ഷപെടും എന്നു കരുതുന്നവർക്ക് ഇതു വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ അതാണ് സത്യം. കൃത്യമായ വിസ ഇല്ലാതെ എത്തുന്നവർക്ക് ഇപ്പോൾ അവിടെ ജോലി ചെയ്യാൻ പ്രയാസമാണ്. ഇവരുടെ വിസ റദ്ദ് ചെയ്തതു കൊണ്ട് പുതിയ വിസക്കായി അപേക്ഷ അയച്ചു കാത്തിരിക്കുകയായിരുന്നു. ആ വിസ ലഭിക്കാതെ പോയതു കൊണ്ടാണ് ഇവർക്ക് കൃത്യമായി ജോലി ചെയ്യാൻ സാധിക്കാതെ പോയത്.

നാട്ടിൽ ഇവരുടെ മാതാപിതാക്കൾ മാന്യമായി തന്നെയാണ് ജീവിച്ചിരുന്നത്. ബന്ധുക്കൾക്കൊക്കെ അത്യാവശ്യം പണവും ഉണ്ടായിരുന്നു. എന്നാൽ അന്യ മതസ്തനെ പ്രണയിച്ച് വിവാഹം കഴിച്ചതു കൊണ്ട് നാട്ടിൽ നിന്നുള്ള പിന്തുണ കുറവായിരുന്നു. ഇവരാകട്ടെ ആരുടെയും സഹായവും തേടിയില്ല. അതുകൊണ്ട് തന്നെ കടക്കെണി പെരുകകയും ജീവിതം വഴി മുട്ടുകയും ചെയ്തിട്ടും അവർ ആരോടും സഹായം ചോദിച്ചില്ല.

എന്നാൽ ജീവിത പ്രതിസന്ധികളിൽ നിന്നും കരകയറി മാതാപിതാക്കളെ കാണാൻ കാത്തിരുന്നവർക്ക് ആ മരണം സഹിക്കാൻ പറ്റിയില്ല. അവർക്ക് മടങ്ങിയേ മതിയായിരുന്നുള്ളൂ. അങ്ങനെ മടങ്ങിയാൽ പിന്നെ തിരിച്ചു ലണ്ടനിൽ എത്താൻ സാധിക്കില്ല. യുകെയിലും നാട്ടിലും കൊടുത്തു തീർക്കാനുള്ള കടം ആയിരുന്നു അവരുടെ ആശങ്ക. അതുകൊണ്ടാണ് അവർ മടിച്ചാണെങ്കിലും ചാരിറ്റി ഫൗണ്ടേഷന് കത്തെഴുതിയത്.

ഒഴുകി എത്തിയത് 12 ലക്ഷത്തിൽ അധികം രൂപ

സൗമ്യയിൽ നിന്നും ജോർലറ്റിൽ നിന്നും അപേക്ഷ എഴുതി വാങ്ങിയ ശേഷം ചാരിറ്റി ഫൗണ്ടേഷൻ നമടത്തിയ അപ്പീൽ വെറും മൂന്നു ദിവസമേ നീണ്ടു നിന്നുള്ളൂ. അത്രയും നാൾ കൊണ്ട് നല്ലവരായ യുകെ മലയാളികൾ നൽകിയത് 14200 പൗണ്ടായിരുന്നു. എന്നു വച്ചാൽ 12 ലക്ഷം രൂപ. ആദ്യ ദിവസം തന്നെ ഇവർക്കുള്ള ടിക്കറ്റ് എടുത്തു നാട്ടിലേക്ക് അയക്കാൻ ഫൗണ്ടേഷന് സാധിച്ചു. ഏതാനും ദിവസങ്ങൾക്കകം മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബാക്കി പണം കൈമാറും.

മൂന്നു ദിവസം കൊണ്ട് അപ്പീൽ പൂർത്തിയായപ്പോൾ ആകെ ലഭിച്ച 14,578.75 പൗണ്ടിൽ നിന്നും വിർജിൻ മണിക്ക് കൊടുക്കേണ്ട കമ്മീഷനായ 385 പൗണ്ട് കുറച്ചു ലഭിക്കുന്ന 14,193.75 പൗണ്ടും ജനറൽ ഫണ്ടിൽ നിന്നും 6.25 പൗണ്ടും ചേർത്താണ് 14200 പൗണ്ട് കൈമാറുന്നത്. വിർജിൻ മണി അക്കൗണ്ടിലേക്ക് 10,985 പൗണ്ടും അതിന്റെ ഗിഫ്റ്റ് എയ്ഡായി 2378.75 പൗണ്ടും ലഭിച്ചപ്പോൾ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 1215 പൗണ്ടും ലഭിക്കുകയുണ്ടായി. ഇതിന്റെ ബാക്കി വരുന്ന തുകയായി ആണ് 14200 പൗണ്ട് നൽകുന്നത്.

ഈ തുകയിൽ നിന്നും ഇരുവർക്കും വിമാനടിക്കറ്റിനുള്ള 940 പൗണ്ട് ബ്രിട്ടീഷ് മലയാളി നേരിട്ട് കൈമാറിയിരുന്നു. ഈ തുക കുറച്ചുള്ള ബാക്കി തുകയായ 13260 പൗണ്ടിന്റെ ചെക്കാണ് ഇരുവർക്കും നാട്ടിൽ വച്ചു കൈമാറുക. മൂന്നു ദിവസം നീണ്ട അപ്പീലിൽ 347 യുകെ മലയാളികളാണ് പണം നൽകിയത്. 10 പൗണ്ട് മുതൽ 1265 പൗണ്ട് വരെ നൽകി നിരവധി ആളുകൾ പങ്കെടുത്തിട്ടുണ്ട്. ക്രോയിഡോൺ മലയാളികൾ ചേർന്നു ശേഖരിച്ച 1265 പൗണ്ടാണ് ലഭിച്ച ഏറ്റവും കൂടിയ തുക.

നിസ്വാർത്ഥമായി സഹായം നൽകിയിട്ടും പേരുദോഷം ബാക്കി

സാധാരണ ചാരിറ്റി നടത്തിപ്പുകാർ 50, 000 രൂപ നൽകാൻ ഒരു ലക്ഷത്തിന്റെ പബ്ലിസിറ്റി കൊടുക്കുമ്പോൾ പബ്ലിസിറ്റിയെ വേണ്ടന്നു വച്ചാണ് മറുനാടൻ ടീം ഇതൊരുക്കുന്നത്. എന്നിട്ടും പലപ്പോഴും പേരുദോഷത്തിൽ വിശ്വസിക്കുന്നു എന്ന ദുരന്തം ബാക്കിയാണ്. ഈ വിഷയത്തിലും അതാണ് സംഭവിച്ചത്. പ്രതിസന്ധിയിലായ ഒരു കുടുംബത്തെ സഹായിക്കാൻ ശ്രമിച്ചു അപമാനിക്കപ്പെട്ട അനുഭവം ആയിരുന്നു ഞങ്ങൾക്കുണ്ടായത്.

സൗമ്യയുടെ ബന്ധു ജനങ്ങൾ സാമ്പത്തികമായി നല്ല നിലയിൽ ഉള്ളവരായിരുന്നു. മിശ്ര വിവാഹം മൂലം അവർ സൗമ്യയെ തിരിഞ്ഞു നോക്കിയിരുന്നില്ല എന്നു മാത്രമേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അവർക്ക് അപമാനമായി തോന്നി ഈ സാമ്പത്തിക ശേഖരണം. പണ്ടേ വിരോധം കാത്തു സൂക്ഷിച്ചിരുന്ന ജോർലറ്റിനെ കുറ്റക്കാരനാക്കി ഫണ്ട് നൽകുന്നതിന്റെ ഭാഗമായി അന്വേഷണത്തിനായി ചെന്ന മറുനാടൻ ലേഖകനെ ഒരു സംഘം സംഘപരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞു വയ്ക്കുകയും അപമാനിക്കുകയും ചെയ്തു. ഇതു സംബന്ധിച്ചു മറുനാടൻ ലേഖകന്റെ പരാതിയിൽ കണ്ടാൽ അറിയാവുന്ന ഒരു സംഘം സഘപരിവാർ പ്രവർത്തകർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ശത്രുക്കൾ പെരുകുമ്പോഴും ഞങ്ങൾ ഇവിടുണ്ട്

ഒരു പക്ഷെ മറുനാടന് ഉള്ളത്രയും ശത്രുക്കൾ ലോകത്ത് മറ്റൊരു മാധ്യമത്തിനും ഉണ്ടാവില്ല. കാരണം വ്യക്താമണ്. ഏതെങ്കിലും ഒരു മതം അല്ലെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടി എന്നിവയ്ക്കൊപ്പം നിൽക്കുന്ന മാധ്യമങ്ങളെ ഇവിടുള്ളൂ. വ്യവസായികൾ, മതമേലാളന്മാർ തുടങ്ങിയ സമൂഹത്തിലെ പ്രമുഖർക്കെതിരെ സത്യം പറയാൻ പോലും പേടിയാണ് എല്ലാവർക്കും. എന്നാൽ മറുനാടൻ ആരുടെയു മുഖം നോക്കാറില്ല. പരസ്യക്കാരോട് കടപ്പാട് തീർക്കാൻ നുണ പറയാനില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP