Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

140ൽ 79 സീറ്റ് എൽഡിഎഫ് നേടും; യുഡിഎഫിന് 57 സീറ്റ് മാത്രം; നാലിടത്ത് ബിജെപി നേടും; ഒ രാജഗോപാലും കുമ്മനവും മുന്നിൽ; തെക്കൻ കേരളത്തിൽ ഇടതുപക്ഷത്തിന് വ്യക്തമായ മുന്നേറ്റം; മറുനാടൻ സർവ്വേ പൂർത്തിയാകുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം ഇങ്ങനെ

140ൽ 79 സീറ്റ് എൽഡിഎഫ് നേടും; യുഡിഎഫിന് 57 സീറ്റ് മാത്രം; നാലിടത്ത് ബിജെപി നേടും; ഒ രാജഗോപാലും കുമ്മനവും മുന്നിൽ; തെക്കൻ കേരളത്തിൽ ഇടതുപക്ഷത്തിന് വ്യക്തമായ മുന്നേറ്റം; മറുനാടൻ സർവ്വേ പൂർത്തിയാകുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം ഇങ്ങനെ

ടീം മറുനാടൻ

തിരുവനന്തപുരം: ജനപങ്കാളിത്തംകൊണ്ട് കേരളം കണ്ട ഏറ്റവലിയ അഭിപ്രായ സർവേയായി മാറിയ, യങ്ങ് മീഡിയ കോഴിക്കോട് മറുനാടൻ മലയാളി തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയുടെ അവസാനഘട്ടത്തിൽ പുറത്തുവരുന്നത് ഭരണമാറ്റത്തിന്റെ വ്യക്തമായ സൂചനകൾ. കേരളത്തിൽ ആകെയുള്ള 140 സീറ്റുകളിൽ 79എണ്ണം ഇടതുമുന്നണിക്കും, 57 സീറ്റുകൾ ഐക്യജനാധിപത്യമുന്നണിക്കും ലഭിക്കുമ്പോ, 4സീറ്റുകൾനേടി എൻ.ഡി.എ ഇരുമുന്നണികളെയും ഞെട്ടിക്കുമെന്നും സർവേ പ്രവചിക്കുന്നു.

അവസാനഘട്ട സർവേ നടന്ന പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 30 സീറ്റുകളിൽ വ്യക്തമായ ഇടതുതരംഗമാണ് കാണുന്നത്. ഇവിടെ എൽ.ഡി.എഫ് 23സീറ്റു നേടുമ്പോൾ യു.ഡി.എഫ് വെറും അഞ്ച്‌ സീറ്റിൽ ഒതുങ്ങുകയാണ്. എൻ.ഡി.എക്ക് 2 സീറ്റാണ് ഇവിടെ ലഭിക്കുക. കടുത്ത മൽസരം നടക്കുന്ന നേമത്ത് മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാലും, വട്ടിയൂർക്കാവിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ജയ സാധ്യതയുണ്ടെന്ന് സർവേ വിലയിരുത്തുന്നു. ത്രികോണ മൽസരം നടക്കുന്ന കഴക്കൂട്ടം, കാട്ടാക്കട മണ്ഡലങ്ങളിൽ എൽ.ഡി.എഫിനാണ് മുൻതൂക്കം.

ഈ നാലു മണ്ഡലങ്ങളിലും യു.ഡി.എഫ് മൂന്നാംസ്ഥാനത്തേക്ക് മാറുന്നുവെന്നത് ഈ സർവേയിലെ കൃത്യമായ രാഷട്രീയ സൂചകമാണ്. അതായത് ബിജെപി പിടിക്കുന്ന വോട്ടുകൾ ഇടതുമുന്നണിയേക്കാൾ ബാധിക്കുക ഐക്യമുന്നണിയെയാണെന്ന് സർവേ വ്യക്തമാക്കുന്നു. ഇതോടൊപ്പം മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ഇക്കുറി എൽ.ഡി.എഫനും ക്രിസ്ത്യൻ വോട്ടുകൾ പതിവുപോലെ യു.ഡി.എഫിനുമാണ് ലഭിച്ചത്. ഇതിനുപിന്നാലെ കടുത്ത ഭരണവിരുദ്ധ വികാരവും യു.ഡി.എഫിനെ ബാധിച്ചിട്ടുണ്ടെന്ന് സർവേ പറയുന്നു. യു.ഡി.എഫ് മന്ത്രിമാരിൽ ലീഗ് മന്ത്രിമാരും ഉമ്മൻ ചാണ്ടിയും ഒഴിച്ച് ആരും തന്നെ സുരക്ഷിതരല്ല. കെ.പി മോഹനൻ, പി.കെ ജയലക്ഷ്മി തൊട്ട് രമേശ് ചെന്നിത്തലയും അടൂർ പ്രകാശും വരെ അഴിമതി പ്രശ്‌നങ്ങളിലെ ജനകീയ വികാരം അനുഭവിക്കുന്നുണ്ടെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.

ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകൾ നോക്കുമ്പോൾ കോട്ടയം, ഇടുക്കി, എറണാംകുളം, മലപ്പുറം, എന്നീ മൂന്ന് ജില്ലകൾ മാത്രമാണ് യു.ഡി.എഫിനെ തുണച്ചത്. ഇതിൽ മലപ്പുറത്തെയും എറണാകുളത്തെയും മികച്ചപ്രകടനം ഇല്ലായിരുന്നെങ്കിൽ യു.ഡി.എഫിന്റെ സ്ഥിതി ദയനീയമാവുമായിരുന്നു.

സർവേ ഫലം :  സീറ്റുകൾ140, എൽഡിഎഫ്79, യുഡിഎഫ് 57 സീറ്റ്, എൻഡിഎ4

ജില്ലാ അടിസ്ഥാനത്തിൽ സർവേ പ്രവചിക്കുന്ന കക്ഷനില ഇങ്ങനെ

കാസർകോട്: എൽ.ഡി.എഫ്-3, യു.ഡി.എഫ്-2
കണ്ണുർ:എൽ.ഡി.എഫ്-9, യു.ഡി.എഫ്-2
വയനാട്:എൽ.ഡി.എഫ്-1, യു.ഡി.എഫ്-2
കോഴിക്കോട്:എൽ.ഡി.എഫ്-10, യു.ഡി.എഫ്-3
മലപ്പുറം:എൽ.ഡി.എഫ്3, യു.ഡി.എഫ്13
പാലക്കാട്:എൽ.ഡി.എഫ്9, യു.ഡി.എഫ്2,എൻ.ഡി.എ1
തൃശൂർ:എൽ.ഡി.എഫ്7, യു.ഡി.എഫ്6
എറണാംകുളം:എൽ.ഡി.എഫ്3, യു.ഡി.എഫ്11
ഇടുക്കി:എൽ.ഡി.എഫ്2, യു.ഡി.എഫ്3
ആലപ്പുഴ:എൽ.ഡി.എഫ്6, യു.ഡി.എഫ്2 ,എൻ.ഡി.എ1
കോട്ടയം:എൽ.ഡി.എഫ്3, യു.ഡി.എഫ്6
പത്തനംതിട്ട:എൽ.ഡി.എഫ്4, യു.ഡി.എഫ്1
കൊല്ലം:എൽ.ഡി.എഫ്9, യു.ഡി.എഫ്2
തിരുവനന്തപുരം:എൽ.ഡി.എഫ്10,യു.ഡി.എഫ്2, എൻ.ഡി.എ2 

ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള സീറ്റുകൾ

ഉദുമ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് , പയ്യന്നുർ, തളിപ്പറമ്പ്, കല്ല്യാശ്ശേരി, മട്ടന്നൂർ, തലശ്ശേരി, ധർമ്മടം, ഇരിക്കുർ, കൂത്തുപറമ്പ്, അഴീക്കോട്, കൽപ്പറ്റ, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം, ബാലുശ്ശേരി, തിരുവമ്പാടി, പ്രേരാമ്പ്ര, നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി, എലത്തൂർ, പൊന്നാനി, തവനൂർ, താനൂർ, പട്ടാമ്പി, മണ്ണാർക്കാട്, മലമ്പുഴ, കോങ്ങാട്, തരൂർ, ഷൊർണ്ണൂർ, ഒറ്റപ്പാലം, ആലത്തുർ, നെന്മാറ,ചേലക്കര, ഗുരുവായൂർ, നാട്ടിക, കൊടുങ്ങല്ലൂർ, പുതുക്കാട്, കയ്‌പ്പമംഗലം, ചാലക്കുടി, വൈപ്പിൻ, പെരുമ്പാവൂർ, പിറവം, ഉടുമ്പൻചോല, ദേവികുളം, ആലപ്പുഴ, അമ്പലപ്പുഴ, അരൂർ, കായംകുളം, ചേർത്തല, മാവേലിക്കര, വൈക്കം, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, തിരുവല്ല, റാന്നി, ആറന്മുള, അടൂർ, കൊല്ലം, കൊട്ടാരക്ക, പത്തനാപുരം,പുനലുർ, കരുനാഗപ്പള്ളി , ചടയമംഗലം, കുണ്ടറ, ചാത്തന്നുർ, കുന്നത്തൂർ, വർക്കല, ആറ്റിങ്ങൽ,ചിറയിൽകീഴ്,നെടുമങ്ങാട്, വാമനപുരം,കഴക്കൂട്ടം, പാറശ്ശാല,കാട്ടാക്കട,കോവളം, നെയ്യാറ്റിൻകര

യുഡിഎഫിന് സാധ്യത പ്രവചിക്കുന്ന മണ്ഡലങ്ങൾ

മഞ്ചേശ്വരം, കാസർകോട്, പേരാവൂർ, കണ്ണൂർ, ബത്തേരി, മാനന്തവാടി, കോഴിക്കോട് സൗത്ത്,കൊടുവള്ളി,വടകര, തൃത്താല, ചിറ്റൂർ, നിലമ്പൂർ, മങ്കട , പെരിന്തൽമണ്ണ, വള്ളിക്കുന്ന്, കെണ്ടോട്ടി, തിരൂരങ്ങാടി, തിരൂർ, ഏറനാട് കോട്ടക്കൽ, വേങ്ങര, മലപ്പുറം, മഞ്ചേരി , വണ്ടൂർ, കുന്ദംകുളം, മണലൂർ, തൃശൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ഒല്ലൂർ, കൊച്ചി, എറണാകുളം, തൃക്കാക്കര, കളമശ്ശേരി, ആലുവ, അങ്കമാലി, പറവൂർ, മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, ഇടുക്കി, പാല, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, ഹരിപ്പാട്, കുട്ടനാട്, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പീരുമേട്, പൂഞ്ഞാർ, കോന്നി, ചവറ, ഇരവിപുരം, തിരുവനന്തപുരം സെൻട്രൽ, അരുവിക്കര

ബിജെപിക്ക് മുൻതൂക്കമുള്ള സീറ്റുകൾ

പാലക്കാട്, ചെങ്ങന്നൂർ, നേമം, വട്ടിയൂർക്കാവ് 

നാലാംംഘട്ട സർവേയിൽ കണ്ടത്തെിയ യുഡിഎഫിന് ജയ സാധ്യതയുള്ള സീറ്റുകൾ

കോന്നി, ചവറ, ഇരവിപുരം, തിരുവനന്തപുരം സെൻട്രൽ, അരുവിക്കര

എൽഡിഎഫിന് ജയസാധ്യതയുള്ള സീറ്റുകൾ

തിരുവല്ല, റാന്നി, ആറന്മുള, അടൂർ, കൊല്ലം, കൊട്ടാരക്ക, പത്തനാപുരം,പുനലുർ, കരുനാഗപ്പള്ളി , ചടയമംഗലം, കുണ്ടറ, ചാത്തന്നുർ, കുന്നത്തൂർ, വർക്കല, ആറ്റിങ്ങൽ,ചിറയിൽകീഴ്,നെടുമങ്ങാട്, വാമനപുരം,കഴക്കൂട്ടം, പാറശ്ശാല,കാട്ടാക്കട,കോവളം, നെയ്യാറ്റിൻകര

എൻഡിഎക്ക് വിജയ സാധ്യതയുള്ള സീറ്റുകൾ

നേമം, വട്ടിയൂർക്കാവ്

ജില്ലകളിലൂടെ പത്തനംതിട്ട

യു.ഡി.എഫിന് കനത്ത തിരിച്ചടി
ആകെ സീറ്റ്5, എൽ.ഡി.എഫ്4, യു.ഡി.എഫ്1

യു.ഡി.എഫിന് പരമ്പരാഗതമായി മേൽക്കൈയുള്ള ജില്ലയാണെങ്കിൽ തന്നെ ഇടതുപക്ഷത്തിന് ബാലികേറമാലയായ ജില്ലയൊന്നുമല്ല പത്തനംതിട്ട.കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നു സീറ്റുകൾ നേടി ഇടത് മുന്നണി ഇവിടെ മേൽക്കക്കൈ നേടിയിരുന്നു. റാന്നി ,തിരുവല്ല, അടൂർ എന്നിവയാണ് എൽ.ഡി.എഫ് പിടിച്ചത്. ആറന്മുളയും കോന്നിയുമാണ് യു.ഡി.എഫിന് ലഭിച്ചത്. പക്ഷേ, 2014ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളും യു.ഡി.എഫിന് പിന്തുണ നൽകി. യു.ഡി.എഫ് സ്ഥനാർഥി ആന്റോആന്റണി രണ്ടാം വട്ടവും ലോക്‌സഭയിലത്തെി. തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിൽ ഇടതുമുന്നേറ്റമാണ് കണ്ടത്. പക്ഷേ, 16ൽ 11 സീറ്റുകളും ജില്ലാ പഞ്ചായത്തിൽ നേടിയത് യു.ഡി. എഫാണ്. നാലു നഗരസഭകളിൽ രണ്ടെണ്ണം വീതം ഇരു മുന്നണികളും സ്വന്തമാക്കി.

പക്ഷേ, ഇരുവരെയും അമ്പരപ്പിച്ചത് ബിജെപി.യുടെ മുന്നേറ്റമായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ എം ടി. രമേശ് അഞ്ചുമണ്ഡലങ്ങളിലും പതിനയ്യായിരത്തിലേറെ വോട്ടുകൾ നേടി. റാന്നി, അടൂർ എന്നിവിടങ്ങളിൽ അവരുടെ വോട്ട് ഇരുപതിനായിരം കവിഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ്സിനെ കൂട്ടുപിടിച്ച് അവർ മികവ് തുടടന്നു. റാന്നിയിലും തിരുവല്ലയിലും അവർ വോട്ടുശേഖരം ഇരുപതിനായിരം കടത്തി.

നിയമസഭാ തിരഞ്ഞെടുപ്പിൽ കണക്കുകളെ അസ്ഥാനത്താക്കുന്നത് ഈ ഘടകമാണ്. ബിജെപി., ബി.ഡി. ജെ.എസ്. കൂട്ട് ആരെ ബാധിക്കുമെന്ന ചോദ്യം ബാക്കിയാണ്. ആറന്മുളയിലും റാന്നിയിലും തിരുവല്ലയിലും ത്രികോണമത്സരത്തിന്റെ പ്രതീതിയുണ്ടായിട്ടുണ്ടെന്നും പറയാതെ വയ്യ. 

പക്ഷേ സർവേ നൽകുന്ന സൂചനകൾ പ്രകാരം ബിജെപി പിടിക്കുന്ന വോട്ടുകൾ കൂടുതൽ ദോഷകരമായി ബാധിക്കുന്നത് യു.ഡി.എഫിനെയാണെന്നാണ് കാണുന്നത്.ഇതോടൊപ്പം സംസ്ഥാന വ്യാപകമായി കാണപ്പെടുന്ന ഭരണവിരുദ്ധ വികാരംകൂടി കണക്കിലെടുക്കുമ്പോൾ ജില്ലയിൽ യു.ഡി.എഫിന് അടിതെറ്റുമെന്നാണ് സർവേ നൽകുന സൂചനകൾ.

തിരുവല്ല,റാന്നി,ആറന്മ്മുള,അടൂർ എന്നീ മണ്ഡലങ്ങൾ എൽ.ഡി.എഫിനൊപ്പം നിൽക്കുമ്പോൾ, യു.ഡി.എഫിന് കോന്നി മാത്രമാണ്. അവിടെയും കടുത്ത മൽസരമാണെണ്ണ വ്യക്തമായ സൂചനൽകി വെറും ഏതുനിമിഷവും അട്ടിമറിയാവുന്ന രീതിൽ, വെറും രണ്ടുശതമാനം വോട്ടിന്റെ ലീഡ് മാത്രമാണ് മന്ത്രി അടൂർ പ്രകാശിനുള്ളത്.എന്നാൽ തിരുവല്ലയിൽ മുന്മന്ത്രി മാത്യു.ടി.തോമസും, റാന്നിയിൽ സിറ്റിങ് എംഎ‍ൽഎ രാജു എബ്രഹാമും നല്ല രീതിയിൽ ഭൂരിപക്ഷമെടുക്കുന്നതായി സർവേ കാണിക്കുന്നത് ഇടതുമുന്നണിക്ക് ആശ്വാസമാകുന്നു.

കോന്നി: അടൂർ പ്രകാശിന് അഗ്‌നിപരീക്ഷ
കോന്നിയിൽ അഞ്ചാംതവണയും ജനവിധിതേടുന്ന മന്ത്രി അടൂർ ക്രാശിന് അക്ഷരാർഥത്തിൽ അഗ്‌നിപരീക്ഷയാണ് ഈ തെരഞ്ഞെടുപ്പ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ ആരോപണ വിധേയനായ അടൂർ പ്രകാശിന് വി എം സുധീരൻ അടക്കമുള്ളവർക്ക്കൂടി മറുപടികൊടുക്കേണ്ടത് ഈ ജനകീയകോടതിയിലാണ്. എൽ.ഡി.എഫും എൻ.ഡി.എയും അഴിമതിതന്നെ മുഖ്യവിഷയമായി ഉയർത്തിക്കൊണ്ട് പ്രകാശിനെതിരെ കടുത്ത ആക്രമണമാണ് നടത്തുന്നത്. ഇടതുമുന്നണിക്കുവേണ്ടി സിപിഐ(എം). ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. ആർ. സനൽകുമാർ മത്സരിക്കുന്നു.

അടൂർ പ്രകാശ് കിതക്കുന്നതിന്റെ സൂചനകളാണ് സർവേയിലും കാണുന്നത്.നിലവിൽ വെറും 2ശതമാനം വോട്ടിന്റെ മേൽക്കൈമാത്രമാണ് ഈ കുത്തക മണ്ഡലത്തിൽ യു.ഡി.എഫനുള്ളത്. എൻ.ഡി.എ പിടക്കുന ഈഴവ വോട്ടുകൾ ഈ മണ്ഡലത്തിൽ നിർണ്ണായകമാണ്.
യു.ഡി.എഫ്-40 ശതമാനം
എൽ.ഡി.എഫ്-38
എൻ.ഡി.എ-19
മറ്റുള്ളവർ അഥവാ നോട്ട-3

റാന്നി: വീണ്ടും എൽ.ഡി.എഫ്
റാന്നിയിൽ അഞ്ചാം മത്സരത്തിന് ഇറങ്ങുന്ന ഇടത് മുന്നണി സ്ഥാനാർത്ഥി രാജു ഏബ്രഹാമിന് ഇത്തവണയും എതിരില്‌ളെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന.കഴിഞ്ഞ തവണ 6614വോട്ടിന് ജയിച്ച രാജു ഇത്തവണ അതിലും മികച്ച വിജയത്തിലേക്കാണ് നീങ്ങുന്നതെന്ന് സർവേ സൂചന നൽകുന്നു. റാന്നി ടൗണിലും പരിസര പ്രദേശങ്ങളിലും സിറ്റിങ് എംഎൽഎ രാജു എബ്രഹാമിന് വൻ പിന്തുണയുണ്ട്. എന്നാൽ മലയോര പ്രദേശങ്ങളായ വച്ചൂച്ചിറ, റാന്നി, പെരുനാട് പഞ്ചായത്തുകൾ അടക്കമുള്ളിടങ്ങളിൽ രാജുവിനെതിരെ എതിർപ്പ് ശക്തമാണ്. എന്നാൽ എതിർ സ്ഥാനാർത്ഥിയുടെ ദൗർബല്യം മൂലം അതിനെ അതിജീവിക്കാൻ രാജുവിന് കഴിയുമെന്നതാണ് സർവ്വേ നൽകുന്ന സൂചന

എൽ.ഡി.എഫ്39
യു.ഡി.എഫ്36
എൻ.ഡി.എ21
മറ്റുള്ളവർ അഥവാ നോട്ട4

തിരുവല്ല: വീണ്ടും മാത്യു ടി.തോമസ്
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മുന്മന്ത്രിയും ജനതാദൾ സെക്യുലർ നേതാവുമായ മാത്യ ടി.തോമസ് വീണ്ടും ജയിക്കാനുള്ള സാധ്യതയിലേക്കാണ് സർവേ വിരൽചൂണ്ടുന്നത്. കേരളാ കോൺഗ്രസ് മാണിഗ്രൂപ്പ് നേതാവ് ജോസഫ് എം. പുതുശ്ശേരിയാണ് ഐക്യമുന്നണിസ്ഥാനാർത്ഥി. എൻ.ഡി. എ. സ്ഥാനാർത്ഥിയായി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടും ഇവിടെ നിറഞ്ഞുനിൽക്കുന്നുണ്ട്. പക്ഷേ യു.ഡി.എഫിലെ പടലപ്പിണക്കങ്ങളും മാത്യു.ടി തോമസിന്റെ മികച്ച പ്രതിഛായയും എൽ.ഡി.എഫിന് ഗുണംചെയ്തതായി സർവേ സൂചിപ്പിക്കുന്നു.കഴിഞ്ഞതവണ പതിനായിരത്തിലേറെ വോട്ടുകൾക്കാണ് മാത്യു.ടി.തോമസ് ഇവിടെനിന്ന് ജയിച്ചത്.

എൽ.ഡി.എഫ്42
യു.ഡി.എഫ്33
എൻ.ഡി.എ22
മറ്റുള്ളവർ അഥവാ നോട്ട3

ആറന്മുള: വീണാജോർജ് മുന്നിൽ
ത്രികോണ മൽസരം വരുമ്പോഴുള്ള വോട്ട് ഭിന്നിപ്പാണ് ഇവിടെ ഇടതു സ്ഥാനാർത്ഥി വീണാജോർജിന് തുണയായത്. ബിജെപി സ്ഥാനാർത്ഥി എം ടി രമേശ് പിടിക്കുന്ന വോട്ടുകൾ വിനയാവുന്നത്, ഐക്യമുന്നണി സ്ഥാനാർത്ഥിയായ സിറ്റിംങ്ങ് എംഎ‍ൽഎ ശിവാദസൻ നായർക്കാണ്. ആദ്യഘട്ടത്തിൽ വീണയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൽ.ഡി.എഫിൽ ഉണ്ടായ പ്രതിഷേധങ്ങൾ കണ്ടപ്പോഴുള്ള മൽസര ചിത്രമല്ല പിന്നീടങ്ങോട്ട് ആറന്മുള കാണുന്നത്.

ആറന്മുള വീണ ജോർജ് മുമ്പിൽ എത്തിയത് കേവലം മൂന്ന് ശതമാനം വോട്ട് നേടിയാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. വീണക്ക് സഹായകമായത് നായർ വോട്ടുകൾ ബിജെപിക്കും കോൺഗ്രസിനുമായി വിഭജിക്കപ്പെടുന്നതാണ്. ബിജെപി സ്ഥാനാർത്ഥി എംടി രമേശ് വലിയ തോതിൽ ഇവിടെ വോട്ട് പിടിക്കും.

എൽ.ഡി.എഫ്37
യു.ഡി.എഫ്34
എൻ.ഡി.എ26
മറ്റുള്ളവർ അഥവാ നോട്ട3

അടൂരിൽ ഇടതിന് മുൻതൂക്കം
ഇടതുമുന്നണിക്ക് വേണ്ടി ചിറ്റയം ഗോപകുമാർ രണ്ടാം മത്സരത്തിനിറങ്ങിയ അടൂരിൽ ഇത്തവണ കടുത്ത പോരാട്ടം.ഇവിടെ വെറും 2 ശതമാനം വോട്ടാണ് മുന്നണികൾ തമ്മിലുള്ള വ്യത്യാസം.കഴിഞ്ഞതവണയും വെറും 607 വോട്ടിനാണ് ഇവിടെ ചിറ്റയം ജയിച്ചത്.അടൂരിൽ മുൻ ജെ.എസ്.എസ്. നേതാവ് കെ.കെ. ഷാജു കോൺഗസ് ടിക്കറ്റിൽ ജനവിധി തേടുന്നന്നത്.

എൽ.ഡി.എഫ്41
യു.ഡി.എഫ്38
എൻ.ഡി.എ19
നോട്ട അഥവാ മറ്റുള്ളവർ2

ജില്ലകളിലൂടെ കൊല്ലം
ഇടതു തരംഗം തുടരുന്നു
ആകെ സീറ്റ്11, എൽ.ഡി.എഫ്9, യു.ഡി.എഫ്2

എക്കാലവും രാഷട്രീയമായി ഇടതുപക്ഷത്തിന് മേൽക്കൈയുള്ള ജില്ലയാണ് കൊല്ലം.കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ആകെയുള്ള 11സീറ്റിൽ 9തും എൽ.ഡി.എഫിനായിരുന്നു. യു.ഡി.എഫിന് വെറും 2 സീറ്റുകൾകൊണ്ട് തൃപ്തിയടയേണ്ടിവന്നു. എന്നാൽ തുടർന്നു നടന്ന ലോക്‌സഭാതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥികൾ ജയിച്ചുകയറി. ആർ.എസ്‌പി എൽ.ഡി.എഫ് വിട്ടു യു.ഡി.എഫിൽ എത്തിയതിന്റെയും ഗുണം അന്ന് ഐക്യമുന്നിക്കുണ്ടായി. എന്നാൽ 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ജില്ല തൂത്തുവാരിക്കൊണ്ട് വീണ്ടം കരുത്ത് തെളിയിച്ചു. ജില്ലാ പഞ്ചായത്തും, കൊല്ലം കോർപ്പറേഷനും നാലു നഗരസഭകളും, പതിനൊന്ന് ബ്‌ളോക്ക് പഞ്ചായത്തുകളും എൽ.ഡി.എഫ്. പിടിച്ചടെുത്തു. 68 പഞ്ചായത്തുകളിൽ 61ലും അവർ ഭരണം നേടി. ഈ മിന്നുന്ന വിജയം ഈ തെരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്ന ഇടത്ക്യാമ്പിന്റെ കണുക്കുകൂട്ടൽ ശരിവെക്കുന്നതാണ് മറുനാടൻ മലയാളിയുടെ സർവേ ഫലവും. 2011ലെ നിയമസഭാതെരഞ്ഞെടുപ്പിലെ പോലെ എൽ.ഡി.എഫിന് 9 സീറ്റുകളും യു.ഡി.എഫിന് 2 സീറ്റുകളുമാണ് സർവേ പ്രവചിക്കുന്നത്.

ചവറ, ഇരവിപുരം എന്നീ രണ്ടുസീറ്റുകളിൽ മാത്രമാണ് ഐക്യമുന്നണിക്ക് നേരിയ വോട്ടിനാണണെങ്കിലും ലീഡ് നിലനിർത്താൻ കഴിയുന്നത്. കൊല്ലം, കൊട്ടാരക്ക, പത്തനാപുരം,പുനലുർ, കരുനാഗപ്പള്ളി , ചടയമംഗലം സീറ്റുകളിൽ എൽ.ഡി.എഫ് ബഹുദൂരം മുന്നിലാണ്.കുണ്ടറ, ചാത്തന്നുർ, കുന്നത്തൂർ മണ്ഡലങ്ങളിൽ ഇടതുമുന്നണി മുന്നിലാണെങ്കിലും കടുത്ത മൽസരം നേരിടുകയാണ്.ചാത്തന്നൂരിലാണ് എൻ.ഡി.എയുടെ വോട്ടുകളിൽ കാര്യമായ വർധന കാണുന്നത്.

കൊല്ലം:താരപ്രഭ മുകേഷിനുതന്നെ 

സിറ്റിംങ്ങ് എംഎ‍ൽഎ പി.കെ ഗുരുദാസനുപകരം ഇവിടെ നടൻ മുകേഷിനെ സിപിഐ.എം രംഗത്തിറക്കിയപ്പോൾ നെറ്റിചുളിച്ചവർ മുന്നണിക്ക് അകത്തുതന്നെ ഉണ്ടായിരുന്നു. പക്ഷേ ദിവസങ്ങൾക്കുള്ളിൽതന്നെ ആ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുകേഷിനായി.സർവേയുടെ അനുബന്ധചോദ്യത്തിൽ ഏതാണ്ട് 55ശതമാനംപേരും മുകേഷിനെ മികച്ച സ്ഥാനാർത്ഥിയായാണ് കണക്കാക്കുന്നത്. കഴിഞ്ഞതവണ പി.കെ ഗുരുദാസൻ നേടിയതിനേക്കാർ മികച്ച വിജയം മുകേഷിനുണ്ടാവുമെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന.

എൽ.ഡി.എഫ്48 ശതമാനം
യു.ഡി.എഫ്39
എൻ.ഡി.എ10
മറ്റുള്ളവർ അഥവാ നോട്ട3

കൊട്ടാരക്കര: ഇടത് വൻ ഭൂരിപക്ഷത്തിലേക്ക്
സിറ്റിംങ്ങ് എംഎ‍ൽഎയായ ഇടതുസ്ഥാനാർത്ഥി ഇത്തവണകാര്യമായ വെല്ലുവിളികൾ ഇല്‌ളെന്നാണ് സർവേ നൽകുന്ന സൂചനകൾ.കഴിഞ്ഞതവണ ഇരുപതിനായിരത്തിലധികം വോട്ടിന് ജയിച്ച ഐഷാപോറ്റി ഇത്തവണയും സമാനമായ വിജയത്തിലേക്ക് എത്തുമെന്നാണ് സർവേ നൽകുന്ന സൂചന.

എൽ.ഡി.എഫ്50 ശതമാനം
യു.ഡി.എഫ്36
എൻ.ഡി.എ10
മറ്റുള്ളവർ അഥവാ നോട്ട4

പത്തനാപുരം:താരപോരാട്ടത്തിൽ ഗണേശ്തന്നെ
സിനിമാതാരങ്ങളുടെ പോരാട്ടംകൊണ്ട് ശ്രദ്ധേയമായ പത്താനപുരത്ത് സിറ്റിങ്ങ് എംഎ‍ൽഎയായ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗണേശ്‌കുമാർ ബഹുദൂരം മുന്നിലാണെന്ന് സർവേ സൂചന നൽകുന്നു. നടൻ ജഗദീഷനും, ഭീമൻരഘുവിനും ഇവിടെ കാര്യമായ ചലനം സൃഷ്ടിക്കാനായിട്ടില്ല. മൂവരിൽ വ്യക്തിപരമായ മേന്മ ആർക്കാണെന്ന ചോദ്യത്തിനും 58 ശതമാനംപേർ ഗണേശിനെയാണ് പിന്തുണച്ചത്. ഇരുപതിനായിരത്തോളം വോട്ടുകൾക്ക് കഴിഞ്ഞ തവണ ജയിച്ച ഗണേശ്‌കുമാർ ഇത്തവണയും അതിനടത്തുള്ള വിജയം പ്രതീക്ഷിക്കുന്നുവെന്ന് സർവേഫലങ്ങൾ സൂചിപ്പിക്കുന്നു.

എൽ.ഡി.എഫ്49 ശതമാനം
യു.ഡി.എഫ്36
എൻ.ഡി.എ11
മറ്റുള്ളവർ അഥവാ നോട്ട4

പുനലുർ: ഇളകാതെ ഇടതുകോട്ട
എന്നും ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുനലൂർ.കഴിഞ്ഞതവണ സിപിഐ സ്ഥാനാർത്ഥി അഡ്വ.കെ.രാജു 18,005 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇത്തവയും അതേ ഫലം ആവർത്തിക്കാനാണ് സാധ്യതയെന്ന് സർവേ സൂചിപ്പിക്കുന്നു. ഇത്തവണയും അഡ്വ.കെ രാജുവാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി.
മുസ്ലിംലീഗിന് തെക്കൻകേരളത്തിൽ യു.ഡി.എഫിൽനിന്ന് കിട്ടിയ ഏക സീറ്റായ പുനലൂരിൽ മുതിർന്ന നേതാവ് യൂനുസ്‌കുഞ്ഞാണ് രംഗത്തിറങ്ങിയത്്.ഇവിടെ മുന്നണിയിലെ പ്രശ്‌നങ്ങൾ തീരാത്തതും യു.ഡി.എഫിന് തിരച്ചടിയാവുന്നുണ്ട്.

എൽ.ഡി.എഫ്47 ശതമാനം
യു.ഡി.എഫ്40
എൻ.ഡി.എ9
മറ്റുള്ളവർ അഥവാ നോട്ട4

കരുനാഗപ്പള്ളി: എൽ.ഡി.എഫ് നിലനിർത്തും
കഴിഞ്ഞതവണ പതിനാലായിരത്തോളം വോട്ടുകൾക്ക് ഇടതുസ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ സി ദിവാകരൻ ജയിച്ച മണ്ഡലമാണിത്.ഇരുമുന്നണികൾക്കും സ്വാധീനമുള്ള ഈ മണ്ഡലത്തിൽ എൽ.ഡി.എഫ് ഇത്തവണ ഇറക്കിയിരിക്കുന്നത്സി.പിഐ നേതാവ് ആർ.രാമചന്ദ്രനെയാണ്.നിലവിലെ സാഹചര്യത്തിൽ 5 ശതമാനം വോട്ടിന് ഇവിടെ എൽ.ഡി.എഫ് മുന്നിലാണെന്ന് സർവേ നൽകുന്ന സൂചനകൾ വ്യക്തമാക്കുന്നു.

എൽ.ഡി.എഫ്45 ശതമാനം
യു.ഡി.എഫ്40
എൻ.ഡി.എ11
മറ്റുള്ളവർ അഥവാ നോട്ട4

ചടയമംഗലം: മുല്ലക്കര ഏറെ മുന്നിൽ
കഴിഞ്ഞതവണ ഇരുപത്തിമൂവായിരത്തോളം വോട്ടുകൾക്ക് ജയിച്ച മുന്മന്ത്രിയും സിപിഐ നേതാവുമായ മുല്ലക്കര രത്‌നാകരനെ തന്നെയാണ് ഇടതുമുന്നണി ഇത്തവനയും കളത്തിലിറക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മുല്ലക്കരക്ക് ഭീഷണിയില്‌ളെന്ന് സർവേ ഫലങ്ങളും സൂചന നൽകുന്നു.

എൽ.ഡി.എഫ്46 ശതമാനം
യു.ഡി.എഫ്37
എൻ.ഡി.എ13
മറ്റുള്ളവർ അഥവാ നോട്ട4

കുണ്ടറ:കടുത്ത പോരാട്ടം; എൽ.ഡി.എഫിന് നേരിയ മേൽക്കൈ
കഴിഞ്ഞ തവണ സിപിഐ.എം നേതാവ് എം.എ ബേബി പതിനാലായരത്തോളം വോട്ടുകൾക്ക് ജയിച്ച മണ്ഡലമാണ് കുണ്ടറ.എന്നാൽ ഇതേ കുണ്ടറയിൽ തന്നെ ലോക്‌സഭാതെരഞ്ഞെടുപ്പിൽ ബേബി പിന്നോക്കംപോയ്ത എൽ.ഡി.എഫിൽ വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇത്തവണ രാജ്‌മോഹൻ ഉണ്ണിത്താനെ സ്ഥാനാഥിയാക്കിയതിലൂടെ കോൺഗ്രസ് നടത്തിയ പരീക്ഷണത്തിന് മികച്ച പ്രതികരണമാണ് മണ്ഡലത്തിൽനിന്ന് ലഭിക്കുന്നുത്. ഇടതുസ്ഥാനാർത്ഥി ജെ.മേഴ്‌സിക്കുട്ടിയമ്മക്ക് രണ്ടു ശതമാനം വോട്ടിന്റെ മേൽക്കൈ മാത്രമാണ് ഇപ്പോഴുള്ളതെന്ന് സർവേ സൂചന നൽകുന്നു. ഇവിടെ മറ്റുള്ളവർ അഥവാ നോട്ടയും 8 ശതമാനമായി ഉയർന്നതും ശ്രദ്ധേയമാണ്.

എൽ.ഡി.എഫ്41 ശതമാനം
യു.ഡി.എഫ്39
എൻ.ഡി.എ12
മറ്റുള്ളവർ അഥവാ നോട്ട8

ചാത്തന്നുർ: എൽ.ഡി.എഫിന് മേൽക്കൈ
കഴിഞ്ഞതവണ സിപിഎയിലെ ജി.എസ് ജയലാൽ12,000വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണിത്. ഇത്തവണയുംഎൽ.ഡി.എഫ് രംഗത്തിറക്കിയിരക്കുന്നത് ജയലാലിനെ തന്നെയാണ്.നിലവിലെ സാഹചര്യത്തിൽ സർവേ പ്രകാരം മേൽക്കൈ ഇടതുമുന്നണിക്കാണ്.ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി പി.ബി ഗോപകുമാർ 20 ശതമാനം വോട്ടുനേടിയതും ശ്രദ്ധേയമാണ്.

എൽ.ഡി.എഫ്41 ശതമാനം
യു.ഡി.എഫ്36
എൻ.ഡി.എ20
മറ്റുള്ളവർ അഥവാ നോട്ട3

കുന്നത്തൂർ: അഭിമാനപോരാട്ടത്തിൽ കുഞ്ഞുമോൻ
ആർ.എസ്‌പിയിൽനിന്ന് രാജിവച്ച് ഇടതുമുന്നണിലത്തെിയ കോവൂർ കുഞ്ഞമോൻ മൽസരിക്കുന്നതിലൂടെ ശ്രദ്ധേയമായ സീറ്റാണ് കുന്നത്തൂർ. അതുകൊണ്ടുതന്നെ എന്തുവിലകൊടുത്തും കുഞ്ഞുമോനെ തോൽപ്പിക്കുമെന്ന നിശ്ചയ ദാർഡ്യവുമായി ആർ.എസ്‌പി കുഞ്ഞുമോന്റെ ബന്ധു ഉല്ലാസ് കോവൂരിനെ തന്നെ രംഗത്തിറക്കിയതോടെ ഇവിടെ പോരാട്ടം കടുത്തിരിക്കയാണ്. പക്ഷേ സർവേ നൽകുന്ന സൂചനകൾ അനുസരിച്ച് ഇവിടെ കോവൂർ കുഞ്ഞുമോൻ 4 ശതമാനം വോട്ടിന് മുന്നിലാണ്.

എൽ.ഡി.എഫ്43 ശതമാനം
യു.ഡി.എഫ്39
എൻ.ഡി.എ14
മറ്റുള്ളവർ അഥവാ നോട്ട4

ചവറ: ഷിബുവിന് മുൻതൂക്കം
കടുത്ത പേരാട്ടം നടക്കുന്ന ചവറയിൽ മന്ത്രി ഷിബുബേബിജോൺ രണ്ടുശതമാനം വോട്ടുകൾക്ക് മുന്നിലാണെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. ഇവിടെ എൽ.ഡി.എഫ് സ്ഥാനർഥിക്കെതിരെ മുന്നണിയിൽ ആദ്യഘട്ടത്തിൽ ഉയർന്ന പ്രതിഷേധങ്ങൾ പൂർണമായും അവസാനിക്കാത്തതും യു.ഡി.എഫിന് ഗുണമായി.

യു.ഡി.എഫ്43 ശതമാനം
എൽ.ഡി.എഫ്41
എൻ.ഡി.എ12
മറ്റുള്ളവർ അഥവാ നോട്ട4

ഇരവിപുരം:യു.ഡി.എഫിന് നേരിയ മുൻതൂക്കം
ആർ.എസ്‌പി സംസ്ഥാന സെക്രട്ടറി എം.എ അസീസ് മൽസരിക്കുന്ന ഇരിവിപുരത്തും കടുത്ത പോരാട്ടമാണ്. ഇവിടെ സ്ഥാനാർത്ഥി നിർന്നയെത്തെചൊല്ലി ഇരുമുന്നണികളിലെയും പ്രശ്‌നങ്ങൾ ഇനിയും പരിഹരിച്ചിട്ടില്ല.സിപിഐ എമ്മിലെ എം.നൗഷാദാണ് ഇവിടെ അസീസിനെ നേരിടുന്ന്. സർവേയിൽ രണ്ടു ശതമാനം വോട്ടിന് യു.ഡി.എഫ് മുന്നിലാണ്.പക്ഷേ വരും ദിനങ്ങളിലെ ശക്തമായ പ്രചാരണം വഴി മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.

യു.ഡി.എഫ്43 ശതമാനം
എൽ.ഡി.എഫ്41
എൻ.ഡി.എ13
മറ്റുള്ളവർ അഥവാ നോട്ട3

ജില്ലകളിലൂടെ  തിരുവനന്തപുരം
ഇടതുമുന്നറ്റം പ്രകടം; ഞെട്ടിച്ച് ബിജെപി
ആകെ സീറ്റ്14.എൽ.ഡി.എഫ്10, യു.ഡി.എഫ്2, എൻ.ഡി.എ2

ഇരുമുന്നണികളെയും മാറിമാറി തുണക്കാറുള്ള തലസ്ഥാനജില്ല ഇത്തവ സാമ്പ്രദായിക മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലകൂടിയാവുകയാണ്. ഇടതിനും വലതിനും ബദലായി ബിജെപിയുടെ നേതൃത്വത്തിൽ മൂന്നാംചേരി ഉയർന്നുകഴിഞ്ഞുവെന്ന് തിരുവനന്തപുരം ജില്ലയിലെ സർവേ ഫലങ്ങൾ തെളിയിക്കുന്നു. ശക്തമായ ഭരണവിരുദ്ധ വികാരത്തോടൊപ്പം ന്യൂനപക്ഷ സമുദായങ്ങളുടെയും പിന്തുണയുടെ അടിസ്ഥാനത്തിൽ ജില്ലയിൽ ഇത്തവ എൽ.ഡി.എഫ് വൻ നേട്ടം കൊയ്യുമെന്ന് സർവേ പ്രവചിക്കുന്നു. ആകെയുള്ള 14ൽ പത്തുസീറ്റും ഇടതുമുന്നണിനേടുമ്പോൾ, ഐക്യമുന്നണിക്ക് ലഭിക്കുന്നത് വെറും 2 സീറ്റുകളാണ്. ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം ജില്ലയിൽ 2 സീറ്റ് നേടുന്ന ബിജെപി രണ്ടിടത്ത് രണ്ടാമത്തെുമെന്നും സർവേ പ്രവചിക്കുന്നു. ബിജെപി കൂടുതലായി നേടുന്ന വോട്ടുകൾ എൽ.ഡി.എഫിനേക്കാൾ യു.ഡി.എഫിനെയാണ് ബാധിക്കയെന്നും സർവേ വ്യക്തമാക്കുന്നു.

വർക്കല, ആറ്റിങ്ങൽ,ചിറയിൽകീഴ്,നെടുമങ്ങാട്, വാമനപുരം,കഴക്കൂട്ടം, പാറശ്ശാല,കാട്ടാക്കട,കോവളം, നെയ്യാറ്റിൻകര എന്നീ സീറ്റുകളിലാണ് എൽ.ഡി.എഫ് മുന്നിട്ടിരിക്കുന്നത്.തിരുവനന്തപുരം സെൻട്രൽ, അരുവിക്കര എന്നിവടങ്ങളിലാണ് യു.ഡി.എഫിന് സാധ്യത കൽപ്പിക്കുന്നത്. ബിജെപിക്ക് നേമം, വട്ടിയൂർക്കാവ് എന്നീ രണ്ടു സീറ്റുകളും.
ഇതിൽ ഏറ്റവും അമ്പരിപ്പിക്കുന്നത്, ഈ സർവേ പ്രകാരം നേമം,വട്ടിയൂർക്കാവ്, കാട്ടാക്കട,കഴക്കൂട്ടം എന്നീ നാലുസീറ്റുകളിൽ യു.ഡി.എഫ് മൂന്നാംസ്ഥാനത്താണെന്നതാണ്.ഹൈന്ദവവോട്ടുകളിലുണ്ടായ ക്രൃത്യമായ ധ്രുവീകരണമാണ് ഇത് വ്യക്മാക്കുന്നത്.ഇതോടൊപ്പം മതന്യൂനപക്ഷ മേഖലകളിൽ കൂടുതൽ വോട്ട് കിട്ടുന്നതും ഇടതുപക്ഷത്തിനാണ്.തിരുവനന്തപുരം സെൻട്രലിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീശാന്ത് മൂന്നാം സ്ഥാനത്തേക്കുപോവുമെന്നും സർവേ സൂചിപ്പിക്കുന്നു.

അതേസമയം ആറ്റിങ്ങൽ,ചിറയിൽകീഴ്,വാമനപുരം,കോവളം, നെയ്യാറ്റിൻകര എന്നീ അഞ്ചു മണ്ഡലങ്ങൾമാത്രമാണ് വിജയം ഉറപ്പിക്കാൻ കഴിയുന്ന 5 ശതമാനത്തിനുമുകളിലുള്ള വോട്ടുവ്യത്യാസം കാണിക്കുന്നത്. ഈ അഞ്ചും എൽ.ഡി.എഫിന്റെ സീറ്റുകളാണ്. ബാക്കി 9 സീറ്റിലും കടുത്ത പോരാട്ടം തന്നെയാണ്.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുതൊട്ട് തിരുവനന്തപുരം ജില്ലയിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി തദ്ദേശ തെരഞ്ഞെടുപ്പിലാണ് അവർ മറികടന്നത്.തദ്ദേശത്തിൽ വൻ തിരിച്ചുവരവ് നടത്തിയ ഇടതുപക്ഷം സെമി ഫൈനൽ കടന്നുള്ള ഫൈനൽ വിജയത്തിന്റെ പ്രതീക്ഷയിലാണിപ്പോൾ. 26 അംഗ ജില്ലാ പഞ്ചായത്തിൽ 19 ഉം ഇടതിനായിരുന്നു. നേരത്തേ ഭരണം കൈയാളിയിരുന്ന യു.ഡി.എഫ് ആറിലൊതുങ്ങി. ബിജെപി ഒരു സീറ്റുമായി അക്കൗണ്ട് തുറന്നു. വ്യക്തമായ ഭൂരിപക്ഷമില്‌ളെങ്കിലും തിരുവനന്തപുരം കോർപറേഷനിലെ ഏറ്റവും വലിയ കക്ഷിയായി ഭരണം നിലനിർത്തിയ ഇടതുമുന്നണി, നെയ്യറ്റിൻകര, ആറ്റിങ്ങൽ, നെടുമങ്ങാട്, വർക്കല എന്നീ മുനിസിപ്പാലിറ്റികളുടെ ഭരണവും പിടിച്ചടെുത്തു.

യു.ഡി.എഫാകട്ടെ കോർപറേഷനിൽ മൂന്നാം സ്ഥാനത്തായി. ബിജെപി രണ്ടാമതും. വർക്കല, നെയ്യറ്റിൻകര മുനിസിപ്പാലിറ്റികളുടെ ഭരണവും യു.ഡി.എഫിന് നഷ്ടമായി. 73 ഗ്രാമപഞ്ചായത്തുകളിൽ 50ഓളം ഇടതുമുന്നണി പിടിച്ചപ്പോൾ നേരത്തേ അത്രത്തോളം ഭരിച്ചിരുന്ന യു.ഡി.എഫിന് 19 മാത്രം. നാലിടത്ത് ബിജെപിയും വന്നു.

വർക്കല:പിടിച്ചെടുക്കാൻ ഇടതുമുന്നണി.
കഴിഞ്ഞതവണ പതിനായിരത്തോളംവോട്ടുകൾക്ക് ജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി വർക്കല കഹാറിന് ഇത്തവണ അടിതെറ്റാൻ സാധ്യതയുണ്ടെന്ന് സർവേ ഫലങ്ങൾ സൂചന നൽകുന്നു.സിപിഐ.എമ്മിലെ അഡ്വ.വി ജോയിയാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി.

എൽ.ഡി.എഫ്43 ശതമാനം
യു.ഡി.എഫ്40
എൻ.ഡി.എ14
മറ്റുള്ളവർ അഥവാ നോട്ട3

ആറ്റിങ്ങൽ: വിജയമുറപ്പിച്ച് എൽ.ഡി.എഫ്
കഴിഞ്ഞ തവണ സിപിഐ.എമ്മിലെ ബി.സത്യൻ മുപ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ഈ സീറ്റിൽ ിത്തവണയും തൽസ്ഥിതി തുടരുമെന്നാണ് സർവേ നൽകുന്നു സൂചന.ഇത്തവണയും സത്യനത്തെന്നെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്.

എൽ.ഡി.എഫ്47 ശതമാനം
യു.ഡി.എഫ്38
എൻ.ഡി.എ12
മറ്റുള്ളവർ അഥവാ നോട്ട2

ചിറയിൽകീഴ്:ആധിപത്യം ഇടതിന്
കഴിഞ്ഞതവണ സിപിഐയിലെ വി.ശശി 12,000ത്തോളം വോട്ടിന് ജയിച്ച മണ്ഡലത്തിൽ ഇത്തവണയും തൽസ്ഥിതി തുടരാനാണ്് സാധ്യതയെന്ന് സർവേ സൂചിപ്പിക്കുന്നു. ഇടതുമുന്നണിയിൽനിന്ന് ശശി വീണ്ടും ജനവിധിതേടുകയാണ്. എൻ.ഡി.എയുടെ വോട്ടുകളിലെ വർധനയും ഇവിടെ പ്രകടമാണ്.

എൽ.ഡി.എഫ്45 ശതമാനം
യു.ഡി.എഫ്39
എൻ.ഡി.എ14
മറ്റുള്ളവർ അഥവാ നോട്ട2

നെടുമങ്ങാട്:എൽ.ഡി.എഫിന് നേരിയ മുൻതൂക്കം
എൻ.ഡി.എ സ്ഥാനാർത്ഥിയായി യുവ ബിജെപി നേതാവ വി.വി രാജേഷ്വന്നതോടെ ത്രികോണ മൽസര പ്രതീതി സൃഷ്ടിച്ച മണ്ഡലമാണ് നെടുമങ്ങാട്. മുതിർന്ന കോൺഗ്രസ് നേതാവും സിറ്റിംങ് എംഎ‍ൽഎയുമായ പാലോട് രവിയെ നേരിടാൻ,സിപിഐയുടെ മുതിർന്ന നേതാവ് സി ദിവാകരൻ എത്തിയയോടെ ഇവിടെ മൽസരം കടുത്തു. സർവേ സൂചനകൾ പ്രകാരം ഇവിടെ എൽ.ഡി.എഫിന് യു.ഡി.എഫിനേക്കൾ 3 ശതമാനം വോട്ട്കൂടുതലുണ്ട്.
എൽ.ഡി.എഫ്35 ശതമാനം
യു.ഡി.എഫ്32
എൻ.ഡി.എ29
മറ്റുള്ളവർ അഥവാ നോട്ട4

വാമനപുരം: ഇടത്തുറച്ച്
കാലാകാലങ്ങളായി തങ്ങക്ക് മേൽക്കെയുള്ള വാമനപുരം സീറ്റിൽ സിറ്റിംങ്ങ് എംഎ‍ൽഎ കോലിയക്കോട് കൃഷ്ണൻ നായർക്കുപകരം അഡ്വ.ഡി.കെ മുരളിയെയാണ് ഇടതുമുന്നണി രംഗത്ത് ഇറക്കിയത്. ഐക്യമുന്നണിക്കുവേണ്ടി പ്രമുഖ നേതാവ് ശരത്ചന്ദ്രപ്രസാദും. നിലവിലെ സൂചനകൾ അനുസരിച്ച് ഇവിടെ 6 ശതമാനം വോട്ടിന് എൽ.ഡി.എഫ് മുന്നിലാണ്.

എൽ.ഡി.എഫ്45 ശതമാനം
യു.ഡി.എഫ്39
എൻ.ഡി.എ12
മറ്റുള്ളവർ അഥവാ നോട്ട4

കഴക്കൂട്ടം: വോട്ട് ഭിന്നിച്ചപ്പോൾ എൽ.ഡി.എഫ് മുന്നിൽ
ത്രികോണത്തിലെ വോട്ട് ഭിന്നിപ്പ് ഫലത്തിൽ എൽ.ഡി.എഫിന് തുണയാവുകയാണെന്ന് കഴക്കൂട്ടത്തെയും ഫലം തെളിയിക്കുന്നു. നിലവിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ 3 ശതമാനം വോട്ടിന് ഇവിടെ മുന്നിലാണ്. എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ രണ്ടാമതാണ്. സിറ്റിങ് എംഎ‍ൽഎ എം.എ വാഹിദ് ഒരു ശതമാനം വോട്ടന് തൊട്ടുപിറകിലുണ്ട്.

എൽ.ഡി.എഫ് 34ശതമാനം
എൻ.ഡി.എ 31
യു.ഡി.എഫ് 30
മറ്റുള്ളവർ അഥവാ നോട്ട 5

നേമം: ഫോട്ടോ ഫിനീഷിലേക്ക്,രാജഗോപാൽ മുന്നിൽ
കടുത്ത ത്രികോണ മൽസരം നടക്കുന്ന നേമത്ത് ബിജെപി നേതാവ് ഒ.രാജഗോപാൽ മുന്നിലാണ്. വെറും ഒരു ശതമാനം വോട്ടുവ്യത്യാസത്തിൽ തൊട്ടുപിറകെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടിയും ഉണ്ട്. യു.ഡി.എഫ് ഇവിടെ വല്ലായെ പിന്നോട്ട്‌പോയതായും സർവേ വ്യക്തമാക്കുന്നു.

എൻ.ഡി.എ34ശതമാനം
എൽ.ഡി.എഫ്33
യു.ഡി.എഫ്27
മറ്റുള്ളവർ അഥവാനോട്ട6

വട്ടിയൂർക്കാവ്: കുമ്മനം മുന്നിൽ; മുരളീധരൻ മൂന്നാമത്
രാജ്യം ശ്രദ്ധിക്കുന്ന പേരാട്ടമായി വളർന്ന വട്ടിയൂർക്കാവിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, തൊട്ടടുത്ത എതിരാളി ഇടതുമുന്നണിയിലെ ടി.എൻ. സീമയേക്കാൾ രണ്ടുശതമാനം വോട്ടിന് മുന്നിലാണെന്ന് സർവേ സൂചിപ്പിക്കുന്നു. സീമക്കും രണ്ട്ശതമാനം വോട്ടിന് പിറകിലാണ് സിറ്റിങ് എംഎ‍ൽഎ കൂടിയായ കെ.മുരളീധരൻ.പക്ഷേ വോട്ടുശതമാനം നേർത്തതായതിനാൽ ഇനിയുള്ള കാമ്പയിനിൽ ആർക്കും എപ്പോഴും കയറിവരാനും കഴിയും.

എൻ.ഡി.എ34 ശതമാനം
എൽ.ഡി.എഫ്32
യു.ഡി.എഫ്30
മറ്റുള്ളവർ അഥവാനോട്ട4

തിരുവനന്തപുരം: ശിവകുമാർ മുന്നിൽ
എൻ.ഡി.എ ഏറ്റവും ശക്തമായ പ്രചാരണത്തിലൂടെ കൊണ്ടുവന്ന ക്രിക്കറ്റ്താരം ശ്രീശാന്തിന്റെ ഇമേജ് വോട്ടാകുന്നില്‌ളെന്നാണ് സർവേ ഫലസൂചനകൾ. ഇവിടെ സിറ്റിംങ്ങ് എംഎ‍ൽഎയും മന്ത്രിയുമായ വി എസ് ശിവകുമാറും,എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി രാജുവും തമ്മിൽ നേരിട്ടുള്ള മൽസരമാണ്.ഒരു പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ കൊണ്ടുവന്നുള്ള ബിജെപിയുടെ പ്രചണ്ഡമായ കാമ്പയിനിൽ ശ്രീശാന്തിന്റെ വോട്ടുകൾ കയറിവന്നാൽ അത് ശിവകുമാറിന് ഭീഷണിയാവാനും സാധ്യതയുണ്ട്.മണ്ഡലത്തിലെ ലത്തീൻ കത്തോലിക്കരുടെ വോട്ടിലെ ഏകീകരണവും ഇടതുസ്ഥാനാർത്ഥി പ്രതീക്ഷിക്കുന്നുണ്ട്.

യു.ഡി.എ39 ശതമാനം
എൽ.ഡി.എഫ്37
എൻ.ഡി.എ21
മറ്റുള്ളവർ അഥവാനോട്ട3

അരുവിക്കര: ശബരീനാഥിന് നേരിയ മുൻതൂക്കം
അരുവിക്കര ഉപതെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തിലെ താരമായ ശബിരീനാഥിന് ഈ തെരഞ്ഞെടുപ്പ് കടുപ്പമാണെന്നതിന്റെ സൂചനകളാണ് സർവേയിൽ കാണുന്നത്. വെറും രണ്ടു ശതമാനം വോട്ടിന്റെ ഭൂരിപക്ഷംമാത്രമാണ് ഇവിടെ യു.ഡി.എഫിന് ഉള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ശക്തമായി തിരിച്ചുവന്ന മണ്ഡലമാണിത്. ബിജെപി സ്ഥാനാർത്ഥിയും സംവിധായകനുമായ രാജസേനന് ഇവിടെ വോട്ടുയർത്താൻ കഴിഞ്ഞില്‌ളെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

യു.ഡി.എഫ്42 ശതമാനം
എൽ.ഡി.എഫ്40
എൻ.ഡി.എ14
മറ്റുള്ളവർ അഥവാനോട്ട4

കാട്ടാക്കട: ശരിക്കും ത്രികോണം;എൽ.ഡി.എഫിന് നേരിയ മേൽക്കൈ
ശക്തമായ ത്രികോണ മൽസരം നടക്കുന്ന കാട്ടാക്കടയിൽ മുന്നണികൾ തമ്മിൽ വെറും ഒരു ശതമാനത്തിന്റെ മാർജിനിൽ മുട്ടിമുട്ടി നിൽക്കയാണ്.7 ശതമാനം വോട്ട് ഇവിടെ മറ്റുള്ളവർ അഥവാ നോട്ടക്ക് ഉള്ളതിനാൽ ഏത് നിമിഷവും ഫലം മാറിമറയാം. നിലവിലെ സർവേ ഫലം അനുസരിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഐ.ബി സതീഷാണ് ഇവിടെ മുന്നിട്ട് നിൽക്കുന്നത്.ബിജെപി സ്ഥാനാർത്ഥി കൃഷ്ണദാസ് രണ്ടാമതും.

എൽ..ഡി.എഫ്32
എൻ.ഡി.എ 31
യു.ഡി.എഫ്30
മറ്റുള്ളവർ അഥവാനോട്ട7

കോവളം: എൽ.ഡി.എഫ് മുന്നിൽ
മികച്ച സാമാജികയായികൂടി പേരെുടത്ത ജമീലപ്രകാശമാണ് ഇടതുമുന്നണിക്കുവേണ്ടി ഇവിടെ വീണ്ടും ജനവധി തേടുന്നത്.സർവേ സൂചക പ്രകാരം ഇവിടെ എൽ.ഡി.എഫ് 7 ശതമാനം വോട്ടിന് മുന്നിലാണ്. എന്നാൽ മൽസ്യത്തൊഴിലാളി മേഖലയിലെ ക്രിസ്ത്യൻവോട്ടുകളുടെ ഏകീകരണം ഇവിടെ യു.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്.

എൽ..ഡി.എഫ്44
യു.ഡി.എഫ്37
എൻ.ഡി.എ14
മറ്റുള്ളവർ അഥവാനോട്ട5

നെയ്യാറ്റിൻകര : അട്ടിമറി സൂചന
ആദ്യം എൽ.ഡി.എഫിലും പിന്നെ യു.ഡി.എഫിലുമായി അഞ്ചുവർഷത്തിനുള്ളിൽ ആർ.ശെൽവരാജ് രണ്ടുതവണ ജയിച്ച മണ്ഡലത്തിൽ ഇത്തവ അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പമല്‌ളെന്ന് സർവേ സൂചിപ്പിക്കുന്നു.ഭരണവിരുദ്ധ വികാരവും മണ്ഡലത്തിലെ വികസനമുരടിപ്പും ചർച്ചയായതോടെ ഇവിടെ യു.ഡി.എഫ് പ്രതിരോധത്തിലാണ്. സർവേ പ്രകാരം ഇവിടെ 4 ശതമാനം വോട്ടിന് യു.ഡി.എഫ് പിറകിലാണ്.

എൽ..ഡി.എഫ്42
യു.ഡി.എഫ്38
എൻ.ഡി.എ16
മറ്റുള്ളവർ അഥവാനോട്ട4

പാറശ്ശാല: എൽ.ഡി.എഫിന് മുൻതൂക്കം
കഴിഞ്ഞതവണ വെറും 505 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച സിറ്റിംങ്ങ് എംഎ‍ൽഎയും യു.ഡി.എഫ് സ്ഥാനാർഥയുമായ എ.ടി ജോർജ് ഇത്തവണ കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.സ്വന്തം പാർട്ടിയിൽനിന്നും ജോർജ് കാലുവാരൽ ഭീഷണി നേരിടുന്നുണ്ട്.ജനകീയ പ്രതിഛായയുള്ള സി.കെ ഹരീന്ദ്രനെയാണ് ഇവിടെ ഇടതുമുന്നണി രംഗത്തിറക്കിയത്.ഇവിടെ എൻ.ഡി.എ വോട്ട് 20 ശതമാനമായി ഉയർന്നതും ശ്രദ്ധേയമാണ്.

എൽ..ഡി.എഫ്40 ശതമാനം
യു.ഡി.എഫ്36
എൻ.ഡി.എ20
മറ്റുള്ളവർ അഥവാനോട്ട4

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP