ഷാജൻ സ്കറിയ മറുനാടൻ മലയാളി ചീഫ് എഡിറ്റർ മാനേജിങ് എഡിറ്റർ പദവികൾ രാജി വച്ചു; ചെയർമാന്റെ ചുമതല തുടരും; പകരം ചീഫ് എഡിറ്ററായി എക്സിക്യൂട്ടീവ് എഡിറ്റർ എം റിജുവും മാനേജിങ് ഡയറക്ടറായി സിഇഒ ആൻ മേരി ജോർജും നാളെ ചുമതലയേൽക്കും; തലശ്ശേരിക്കാരിയായ ആൻ ചുമതലയേൽക്കുന്നത് മലയാളത്തിലെ ആദ്യ മാധ്യമ മേധാവിയായ വനിത എന്ന റെക്കോർഡോടെ
September 15, 2018 | 10:06 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര ഓൺലൈൻ പത്രത്തിന്റെ തുടക്കക്കാരനും കഴിഞ്ഞ പത്തു വർഷം ചീഫ് എഡിറ്ററും മാനേജിങ് എഡിറ്ററുമായി പ്രവർത്തിച്ചിരുന്ന ഷാജൻ സ്കറിയ രണ്ട് പദവികളും രാജി വെച്ചു. അടിയന്തിര പ്രാധാന്യത്തോടെ ഷാജന്റെ രാജി സ്വീകരിക്കികയും പകരക്കായി രണ്ടു പേരെ നിയമിക്കുകയും ചെയ്തു. എന്നാൽ കമ്പനി ചെയർമാൻ പദവിയിൽ ഷാജൻ തുടരും. ഷാജൻ ഇതുവരെ വഹിച്ചിരുന്ന ചീഫ് എഡിറ്റർ പദവി ഇനി മുതൽ വഹിക്കുക എക്സിക്യുട്ടീവ് എഡിറ്റർ എം റിജു ആയിരിക്കും. മാനേജിങ് എഡിറ്റർക്ക് പകരം മാനേജിങ് ഡയറക്ടറായി ഇപ്പോഴത്തെ സിഇഒ ആൻ മേരി ജോർജാണ് നിയമിക്കപ്പെട്ടത്. ഇരുവരും തിങ്കളാഴ്ച ചുമതലയേൽക്കും.
മൂന്ന് മാസങ്ങൽക്ക് മുൻപാണ് റിജു മാധ്യമത്തിന്റെ ചീഫ് സബ് എഡിറ്റർ സ്ഥാനം രാജിവെച്ചു മറുനാടനിൽ എക്സിക്യുട്ടീവ് എഡിറ്ററായി ചുമതല ഏറ്റത്. മൂന്ന് മാസം തികയും മുൻപ് ചീഫ് എഡിറ്റർ പദവിലേയ്ക്ക് പ്രമോഷൻ നൽകുകയായിരുന്നു. മറുനാടൻ മലയാളി, മറുനാടൻ ടിവി എന്നിവയുടെ സമ്പൂർണ എഡിറ്റോറിയിൽ ചുമതലയുള്ള ചീഫ് എഡിറ്ററായിരിരിക്കും റിജുവിന്. എന്നാൽ മറുനാടൻ ഇതുവരെ തുടർന്നു പോന്നിരുന്ന സ്വതന്ത്ര എഡിറ്റോറിയൽ പോളിസിയിൽ ഒരു മാറ്റവും ഉണ്ടാകുകയില്ല. വാർത്തയിലെ നിഷ്പക്ഷത ഉറപ്പുവരുത്തുന്നതിനായി ചെയർമാൻ ഷാജൻ സ്കറിയ, മാനേജിങ് ഡയറക്ടർ ആന്മേരി ജോർജ്, ചീഫ് എഡിറ്റർ എം റിജു എന്നിവർ അടങ്ങുന്ന സമിതിക്കും രൂപം നൽകിയിട്ടുണ്ട്.
മാനേജിങ് ഡയറക്ടർ പദവിക്ക് പുറമെ ഇപ്പോൾ വഹിക്കുന്ന സിഇഒ പദവിയും ആന്മേരി ജോർജ് തുടർന്നും വഹിക്കും. മറുനാടൻ മലയാളി, മറുനാടൻ ടിവി, മെട്രോ മലയാളി, മലയാളി ലൈഫ് എന്നീ ഓൺലൈൻ പ്രസിദ്ധീകരണളുടെയെല്ലാം മാനേജിങ് ഡയറക്ടറുടെ ചുമതലയാണ് ആൻ മേരി ഏറ്റെടുക്കുന്നത്.
ചീഫ് എഡിറ്ററുടെയും മാനേജിങ് എഡിറ്ററുടെയും പദവി രാജി വച്ച ഷാജൻ എക്സ് ഒഫിഷ്യോ ചെയർമാനായി മറുനാടൻ മലയാളിയുടെ ഡയറക്ടർ ബോർഡിൽ തുടരും. ആവാസ് എന്ന പേരിൽ ഒരു സന്നദ്ധ സംഘടനയ്ക്കു രൂപം നൽകിയ ഷാജൻ കൂടുതൽ സമയം സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വേണ്ടിയാണ് എഡിറ്റർ സ്ഥാനം രാജി വയ്ക്കുന്നത്. അഭിഭാഷക വൃത്തിയിലും ഇനി കൂടുതൽ സമയം ചെലവിടുമെന്നും ഷാജൻ അറിയിച്ചു. എന്നാൽ മറുനാടൻ ടിവിയിൽ ഏതാനും മാസങ്ങൾ ഷാജന്റെ സാന്നിധ്യം സജീവമായി തുടരും. ഇപ്പോൾ തുടരുന്ന ഇൻസ്റ്റന്റ് റെസ്പോൺസ് എന്ന പ്രതിദിന വീഡിയോ പരിപാടി തുടരും. സാധാരണക്കാർക്ക് സഹായകരമാകുന്ന നിയമങ്ങളെക്കുറിച്ച് മറ്റൊരു വീഡിയോ പരിപാടി കൂടി മറുനാടൻ ടിവിയിൽ തുടങ്ങുന്നതുമാണ്.
പത്ത് വർഷം മുൻപാണ് ഷാജൻ സ്കറിയ മറുനാടൻ മലയാളിക്ക് തുടക്കം ഇടുന്നത്. ഷാജൻ ബ്രിട്ടനിൽ ആയിരുന്നപ്പോൾ തുടങ്ങിയ ബ്രിട്ടീഷ് മലയാളിയുടെ അത്ഭുതപൂർവ്വമായ വിജയത്തെ തുടർന്നാണ് മറുനാടൻ മലയാളിക്ക് രൂപം നൽകിയത്. ആദ്യം കോട്ടയത്തായിരുന്ന ഓഫീസ് ഏഴു കൊല്ലം മുൻപ് തിരുവനന്തപുരത്തേക്ക് മാറ്റുക ആയിരുന്നു. ഇപ്പോൾ തിരുവനന്തപുരത്തെ ഹെഡ് ഓഫീസ് കൂടാതെ കൊച്ചിയിലും ഓഫീസ് ഉണ്ട്. മിക്ക ജില്ലകളിലും മറുനാടൻ പ്രതിനിധികളും ആയിക്കഴിഞ്ഞു. ഏറ്റവും അധികം ജേർണലിസ്റ്റുകൾ ജോലി എടുക്കുന്ന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലാണ് മറുനാടൻ മലയാളി.
ഏതെങ്കിലും ഒരു മലയാള മാധ്യമ സ്ഥാപനത്തിന്റെ മേധാവിയാകുന്ന ആദ്യത്തെ വനിത എന്ന റെക്കോർഡാണ് തലശ്ശേരിക്കാരിയ ആൻ മേരി ജോർജിനെ തേടി എത്തുന്നത്. കുസ്സാറ്റിൽ നിന്നും എഞ്ചിനീയറിങ്ങ് പാസ്സായി ഇൻഫോസിസിൽ ജോലി എടുത്ത ആൻ മേരി ജോർജ് മറുനാടൻ മലയാളിയുട സിഇഒ ആയി 2013 സെപ്റ്റംബറിൽ ചുമതലയേൽക്കുന്നത് ലണ്ടനിലെ കിങ്സ് കോളേജിൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കി ഒരു വർഷം ലണ്ടനിലെ പ്രമുഖ കമ്പനിയിൽ ജോലി ചെയ്ത് മടങ്ങിയ ശേഷമാണ്. അഞ്ച് വർഷത്തിനു ശേഷമാണ് സിഇഒ പദവിക്കൊപ്പം മാനേജിങ് ഡയറക്ടർ സ്ഥാനം കൂടി ഏറ്റെടുക്കുന്നത്.
ഇരുപതു കൊല്ലമായി മാധ്യമത്തിന്റെ വിവിധ എഡിഷനുകളിൽ ജോലി ചെയ്ത ശേഷമാണ് റിജു മറുനാടനിൽ ചേർന്നത്. ചലച്ചിത്ര നിരൂപകനും, ചെറുകഥാകൃത്തും ഡോക്യുമെന്ററി സംവിധായകനുമായ റിജു സഹഎഴുത്തുകാർക്കൊപ്പം അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സയൻസ് ട്രസ്റ്റ് ഫീച്ചർ സിൻഡിക്കേറ്റിന്റെ സ്ഥാപകാംഗമാണ്. ശാസ്ത്രഗതി, സയൻസ് ടുഡേ, ന്യൂ ഇന്ത്യൻ എക്സ്പ്രസ്, എഷ്യൻ ഏജ് എന്നീ പത്രങ്ങളിൽ ശാസ്ത്ര ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മൂന്ന് അമേച്വർ നാടകങ്ങളും ഇദ്ദേഹത്തിന്റെതായുണ്ട്. ബിഎസ്സി ബിരുദധാരിയായ റിജു മലയാളത്തിനൊപ്പം സോഷ്യോളജിയിലും മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയാണ്.
മറുനാടൻ ഇതുവരെ തുടർന്ന നയങ്ങൾ തന്നെയാകും ഇനിയും ഉണ്ടാവുക. വായനക്കാരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുകയാണ്. എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിലും വായനക്കാർക്ക് ബന്ധപ്പെടാവുന്നതാണ്.