Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോൾ ചെയ്ത വോട്ടുകളിൽ മഹാഭൂരിപക്ഷവും കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്ക് തന്നെ; സാമൂഹ്യ പ്രതിബദ്ധതയുള്ള ബിസിനസുകാരനുള്ള മറുനാടൻ പുരസ്‌ക്കാരം വി ഗാർഡ് ഉടമ നേടിയത് 63 ശതമാനം വോട്ട് നേടി

പോൾ ചെയ്ത വോട്ടുകളിൽ മഹാഭൂരിപക്ഷവും കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്ക് തന്നെ; സാമൂഹ്യ പ്രതിബദ്ധതയുള്ള ബിസിനസുകാരനുള്ള മറുനാടൻ പുരസ്‌ക്കാരം വി ഗാർഡ് ഉടമ നേടിയത് 63 ശതമാനം വോട്ട് നേടി

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ ലോകത്തെ അതികായനായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്ക് മറുനാടൻ പുരസ്‌ക്കാരം. സാമൂഹ്യപ്രതിബദ്ധതയുള്ള ബിസിനസുകാരനുള്ള മറുനാടൻ മലയാളിയുടെ പുരസ്‌ക്കാരമാണ് വി ഗാർഡ് ഉടമയായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ തേടിയെത്തിയത്. മറുനാടൻ പുരസ്‌ക്കാരത്തിന്റെ ഫൈനലിസ്റ്റിൽ ഇടം പിടിച്ചത് അഞ്ച് പേർ ആണെങ്കിലും ഏകപക്ഷീയമായി തന്നെ എതിരാളികളില്ലാതെ ബഹുഭൂരിപക്ഷം വോട്ടുകളും നേടിയാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി പുരസ്‌ക്കാര ജേതാവായത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ 62.8 ശതമാനം വോട്ടുകളാണ് ചിറ്റിലപ്പള്ളിക്ക് ലഭിച്ചത്.

ലാഭം മാത്രം ലക്ഷ്യമിട്ട് നടത്തുന്ന വ്യവസായം നടത്തുന്നവരിൽ നിന്നും വ്യത്യസ്തമായി തികഞ്ഞ സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തിയുള്ള ഇടപെടലുകൾക്കാണ് ചിറ്റിലപ്പള്ളിയെ തേടി മറുനാടൻ പുരസ്‌ക്കാരം എത്തിയത്. കേരളത്തിൽ ഏറ്റവും ആദരം ലഭിക്കുന്നവരിൽ ഒരാളെന്ന നിലയിൽ ഈ വിഭാഗത്തിൽ വായനക്കാർക്ക് തിരഞ്ഞെടുക്കലും അനായാസമായിരുന്നു. ചിറ്റിലപ്പള്ളിയുടെ സേവനപ്രവർത്തനങ്ങളും ഇടപെടലിനോടും കിടപിടിക്കാൻ ഫൈനലിസ്റ്റിൽ ഇടംപിടിച്ച മറ്റാർക്കും സാധിച്ചുമില്ല. ഇതിന്റെ തെളിവാണ് രണ്ടാം സ്ഥാനത്തെത്തിയ കിറ്റക്‌സ് ഉടമ സാബു എം ജേക്കബിന് ലഭിച്ച വോട്ടിന്റെ ശതമാനവും. മഹാഭൂരിപക്ഷം പേരും ചിറ്റിലപ്പള്ളിയെ അനുകൂലിച്ചപ്പോൾ 17.5 ശതമാനം പേർ മാത്രമാണ് രണ്ടാം സ്ഥാനത്തെത്തിയ കിറ്റക്‌സ് ഉടമയെ അനുകൂലിച്ച് വോട്ട് ചെയ്തത്. സി കെ മേനോന് 11.2 ശതമാനം വോട്ട് ലഭിച്ചപ്പോൾ ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസിന് 3.9 ശതമാനം വോട്ടും ലഭിച്ചു. 2.8 ശതമാനം പേരുടെ പിന്തുണയാണ് കെ മുരളീധരൻ മുരാലിയക്ക് നേടാൻ സാധിച്ചത്.

സാമൂഹ്യപ്രതിബദ്ധതയുള്ള വ്യവസായിയെ കണ്ടെത്താനുള്ള ഓൺലൈൻ വോട്ടിംഗിന്റെ വിശദാംശങ്ങൾ എണ്ണത്തിൽ പരിശോധിച്ചാൽ ഇങ്ങനെയാണ്. 65360 പേരാണ് ഓൺലൈൻ വോട്ടിംഗിൽ ഈ വിഭാഗത്തിൽ പങ്കെടുത്തത്. ഇതിൽ 41820 പേരും കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നടത്തുന്ന സേവനങ്ങളെ അംഗീകരിച്ച് വോട്ട് ചെയ്തു. 11680 പേരാണ് സാബു എം ജേക്കബിനെ പിന്തുണച്ചത്. സികെ മേനോന് 7440 പേരുടെ വോട്ട് ലഭിച്ചപ്പോൾ ബ്രിഡ്ജ് സോഷ്യൻ ഇന്നോവേഷൻസിനെ 2580 പേരും പിന്തുണച്ചു. ഏറ്റവും ഒടുവിലായ കെ മുരളീധരൻ മുരാലിയയ്ക്ക് 1840 പേരുടെ പിന്തുണയാണ് ലഭിച്ചത്.

21 ദിവസം നീണ്ടുനിന്ന വോട്ടെടുപ്പിന് ഒടുവിലാണ് മറുനാടൻ മലയാളി കേരളത്തിലെ മികച്ച വ്യവസായിയെ തിരഞ്ഞെടുത്തത്. വായനക്കാരുടെ നോമിനേഷനിൽ നിന്നും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച അഞ്ച് പേരെയാണ് മറുനാടൻ ഫൈനൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഡിസംബർ 15 മുതൽ ആരംഭിച്ച വോട്ടിങ് ജനുവരി 5 വരെ നീണ്ടുനിന്നു. വോട്ടിംഗിന്റെ തുടക്കം മുതൽ തന്നെ എതിരാളികളില്ലതെ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി മുന്നേറുകയായിരുന്നു. തങ്ങളുടെ വ്യവസായം വളരുമ്പോൾ അതിനൊപ്പം തങ്ങളുടെ സമൂഹവും വളരണം എന്ന ചിന്താഗതിയാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെന്ന വ്യവസായിയെ കേരള ജനതയുടെ പ്രിയങ്കരനാക്കിയത്. എന്നും തനിക്ക് ശരിയെന്ന് തോന്നുന്ന പക്ഷത്ത് അടിയുറച്ച് നിന്ന വ്യക്തിത്വമാണ് അദ്ദേഹത്തിേെന്റത്. മലയാളികളുടെ പ്രിയങ്കരനായ വ്യവസായിയാണ് താനെന്ന് അരക്കിട്ടുറപ്പിക്കുകയാണ് ചിറ്റിലപ്പള്ളി മറുനാടൻ പുരസ്‌ക്കാരത്തിലൂടെയും.

തൃശ്ശൂർ പറപ്പൂർ സ്വദേശിയയാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി. സാധാരണക്കാരനിൽ നിന്നും കഠിനാധ്വാനം കൊണ്ട് പടിപടിയായി ഉയർന്ന് ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച കമ്പനിയുടെ ഉടമയായി മാറിയ വ്യക്തിയാണ് അദ്ദേഹം. 1977 ൽ പിതാവിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയും രണ്ടു തൊഴിലാളികളുമായി ഇലക്ട്രോണിക് സ്റ്റബിലൈസറുകൾ നിർമ്മിച്ച് വിപണനം ചെയ്യുന്നതിനായി ഒരു എസ്എസ്‌ഐ യൂണിറ്റ് ആരംഭിക്കുകയുണ്ടായി. അക്കാലയളവിൽ കേരളത്തിൽ ആരംഭിച്ച ടെലിവിഷൻ ബൂം, കടുത്ത വോൾട്ടേജ് ക്ഷാം എന്നിവ സ്റ്റബിലൈസറുകൾക്ക് മികച്ച വിപണി നേടികൊടുത്തു. ഇന്ന് അത് വിഗാർഡ് ഇൻഡസ്ട്രീസ് എന്ന 2000 ത്തിലേറെ തൊഴിലാളികളും 300 കോടിയിലധികം വിറ്റു വരവുമുള്ള ലിസ്റ്റഡ് കമ്പനിയായി മാറിയിരിക്കുന്നു. ഇലക്ട്രോണിക് സ്റ്റബിലൈസറുകൾക്ക് പുറമേ ഇലക്ട്രിക്ക് പമ്പ്, വാട്ടർ ഹീറ്ററുകൾ,കേബിളുകൾ, യു.പി.എസ്, ഫാനുകൾ തുടങ്ങിയവയും കമ്പനി ഉൽപ്പാദിപ്പിക്കുന്നു.

ഇതിലുപരി സാമൂഹിക സേവന രംഗത്തും ചിറ്റിലപ്പള്ളി സജീവമാണ്. നോക്കുകൂലിയുമായി ബന്ധപ്പെട്ട് ചുമട്ടു തൊഴിലാളികളുടെ സഹായമില്ലാതെ കമ്പനിയിലേയ്ക്ക് സാധനങ്ങൾ സ്വയം ഇറക്കിയും തന്റെ വൃക്ക ദാനം ചെയ്തും മുല്ലപെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചും അതിനു പണം മാറ്റി വച്ചും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യാപക മാദ്ധ്യമ ശ്രദ്ധ നേടുകയുണ്ടായി. സ്വന്തം ഓഫീസിനെ ഹരിത സൗഹാർദ്ദമാക്കിയും കൈയടി നേടി. തെരുവ് നായ വിഷയത്തിലും സർക്കാരിനെതിരെ രംഗത്തുവന്നു. ചിറ്റലപ്പള്ളിയുടെ നിരാഹാര സത്യാഗ്രഹം ശ്രദ്ധിക്കപ്പെട്ടു. ഇതിനായി കൂടുതൽ ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിറ്റിലപ്പള്ളി നിയമയുദ്ധങ്ങൾക്ക് തയ്യാറെടുക്കുകയാണ്. മേനകാ ഗാന്ധിക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചും തെരുവ് നായ വിഷയം തുറന്നുകാട്ടാൻ ശ്രമിച്ചു. ഈ ശ്രമങ്ങൾക്കെല്ലാമുള്ള അംഗീകാരമായാണ് സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസുകാരനുള്ള മറുനാടൻ അവാർഡ് ചിറ്റിലപ്പള്ളിയെ തേടിയെത്തുന്നതും.

അവയയദാനത്തിന്റെ മഹത്വം സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് കാട്ടിക്കൊടുത്താണ് സാമൂഹ്യ സേവന രംഗത്തുകൊച്ചൗസേഫ് ചിറ്റിലപ്പള്ളി കൂടുതൽ ശ്രദ്ധ നേടിയത്. സ്വന്തം വൃക്ക ദാനം ചെയ്ത് മാതൃക കാട്ടിയ അദ്ദേഹത്തെ അന്ന് മലയാളികൾ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. കിഡ്‌നി വ്യാപാരത്തിലൂടെ ജീവൻ വിലക്ക് വാങ്ങിയും വിറ്റും കോടികളുടെ വരുമാനമുണ്ടാക്കുന്ന ഒരു മാഫിയ തന്നെ കേരളത്തിൽ ഉള്ളപ്പോഴാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി വൃക്ക ദാനം ചെയ്തത്. ട്രക്ക് ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി ജോയിക്കാണ് വീ ഗാർഡ് ഉടമയുടെ കിഡ്‌നി ലഭിച്ചതും ജീവിതത്തിലേക്ക് തിരികെ കയറിയതും.

മറുനാടൻ അവാർഡ്‌സ് 2015ലെ ഏഴാമത്തെ പുരസ്‌ക്കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്. ജനനായകനുള്ള പുരസ്‌ക്കാരം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നേടിയപ്പോൾ പ്രൊമിസിങ് ലീഡർ പുരസ്‌ക്കാരം ലഭിച്ചത് വിടി ബൽറാമിനായിരുന്നു. മികച്ച സർക്കാർ ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം ഇടമലക്കുടിയിലെ ആദിവാസി സ്‌കൂളിലെ അദ്ധ്യാപിക വിജയലക്ഷ്മി ടീച്ചർ നേടിയപ്പോൾ സാമൂഹ്യപ്രവർത്തകനുള്ള പുരസ്‌ക്കാരം വാവ സുരേഷും കരസ്ഥമാക്കി. സോഷ്യൽ മീഡിയയിലെ മികച്ച ഇടപെടലിനുള്ള അവാർഡ് കൃഷിഭൂമിയെന്ന ഫേസ്‌ബുക്ക് കൂട്ടായ്മമ്മയ്ക്കും, മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം കോഴിക്കോട് കലക്ടർ പ്രശാന്ത് നായർക്കുമാണ് ലഭിച്ചത്.

അവശേഷിക്കുന്ന മൂന്ന് പുരസ്‌ക്കാരങ്ങൾ കൂടി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങിയ മറുനാടൻ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യുന്ന തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP