ഐഡി പ്രൂഫിലും പാൻ കാർഡിലും മാറിയ തുകയും തീയതിയും എഴുതി സെൽഫ് അറ്റസ്റ്റ് ചെയ്യാൻ മറക്കരുതേ! പഴയ നോട്ടുകൾ മാറാൻ ബാങ്കിൽ നൽകുന്ന നിങ്ങളുടെ രേഖകൾ കുരുക്കാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
November 10, 2016 | 07:27 PM IST | Permalink

മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ പുതിയ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ എത്തിക്കഴിഞ്ഞു. പലരും ഇതിനകം തന്നെ പഴയ നോട്ടുകൾ കൊടുത്തു പുതിയ നോട്ടുകൾ സംഘടിപ്പിക്കുകയും ചെയ്തു.
നോട്ടുകൾ മാറാൻ തിരിച്ചറിയൽ കാർഡിന്റെ പകർപ്പുൾപ്പെടെ ബാങ്കിൽ സമർപ്പിക്കേണ്ടി വരും എന്നതിനാൽ തിരിമറികൾക്കും സാധ്യതയുണ്ടെന്ന ആശങ്ക നിഴലിക്കുന്നുണ്ട്. പഴയ നോട്ടുകൾ മാറുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം.
ബാങ്ക് നിഷ്‌കർഷിക്കുന്ന പ്രത്യേക ഫോമിൽ അപേക്ഷ നൽകി വേണം പഴയ നോട്ടുകൾ മാറാൻ. എന്നാൽ, ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സമർപ്പിക്കുന്ന തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ ദുരുപയോഗം ചെയ്യാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം.
തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകളിൽ പഴയ നോട്ടുകൾ കൈമാറ്റം ചെയ്തു പുതിയവ വാങ്ങാനാണെന്ന വിവരം കൃത്യമായി കുറിക്കുക. തീയതിയും ഇതിനൊപ്പം ചേർക്കുക. എത്ര രൂപയാണു കൈമാറുന്നതെന്നുള്ള വിവരവും എഴുതാൻ മറക്കരുത്.
ബാങ്കിലേക്കു ചെല്ലുമ്പോൾ സാധുവായ തിരിച്ചറിയൽ കാർഡു കൂടി കരുതേണ്ടതുണ്ട്. ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടേഴ്‌സ് ഐഡി കാർഡ്, പാസ്‌പോർട്ട്, എൻആർഇജിഎ കാർഡ്, പാൻ കാർഡ്, സർക്കാർ അംഗീകരിച്ച മറ്റു തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും കൈയിൽ കരുതുക. ഇവയുടെ പകർപ്പും കൈയിലുണ്ടാകണം.
ഇതിനു പുറമെയാണു ബാങ്കിൽ പ്രത്യേക അപേക്ഷാഫോം നൽകേണ്ടത്. അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പഴയ നോട്ടുകൾക്കു പകരം 4000 രൂപ വരെ ഏതു ബാങ്കിലും ഇപ്പോൾ മാറാം. പിന്നീട് ഇതിന്റെ പരിധി വർധിപ്പിക്കുമെന്നാണു സൂചന. 4000ൽ കൂടുതൽ കൈയിലുണ്ടെങ്കിൽ കൂടുതൽ വരുന്ന തുക നിങ്ങളുടെ അക്കൗണ്ടിലേക്കു നിക്ഷേപിക്കാൻ കഴിയും. ബാങ്കിൽ നേരിട്ടു ചെല്ലാൻ കഴിയാത്തവർക്കു മറ്റൊരാളെ അധികാരപത്രം ഉപയോഗിച്ചു നിയോഗിക്കാൻ കഴിയും.
