Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രണ്ടുദിവസമായി ഇടയ്ക്ക് നെഞ്ചുവേദന വന്നപ്പോൾ അവഗണിച്ചു; മൂന്നാംവട്ടം വന്നപ്പോഴും സാരമില്ലെന്ന് കരുതി ജോലിക്ക് പോയി; മടങ്ങിയെത്തി സാഹായ്‌ന സവാരിക്ക് ഇറങ്ങിയപ്പോൾ കുഴഞ്ഞുവീണ് മരണം; മുംബൈയിൽ കൊല്ലം സ്വദേശിയായ 23കാരൻ ഹൃദയാഘാതം വന്ന് മരിച്ചത് വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും; ഡോംബിവ്‌ലി കേരളീയ സമാജം അംഗമായ കൊല്ലം സ്വദേശി ജോണിന്റെ മകൻ രാഹുലിന്റെ സംസ്‌കാരം ശനിയാഴ്ച

രണ്ടുദിവസമായി ഇടയ്ക്ക് നെഞ്ചുവേദന വന്നപ്പോൾ അവഗണിച്ചു; മൂന്നാംവട്ടം വന്നപ്പോഴും സാരമില്ലെന്ന് കരുതി ജോലിക്ക് പോയി; മടങ്ങിയെത്തി സാഹായ്‌ന സവാരിക്ക് ഇറങ്ങിയപ്പോൾ കുഴഞ്ഞുവീണ് മരണം; മുംബൈയിൽ കൊല്ലം സ്വദേശിയായ 23കാരൻ ഹൃദയാഘാതം വന്ന് മരിച്ചത് വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും; ഡോംബിവ്‌ലി കേരളീയ സമാജം അംഗമായ കൊല്ലം സ്വദേശി ജോണിന്റെ മകൻ രാഹുലിന്റെ സംസ്‌കാരം ശനിയാഴ്ച

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രംഗബോധമില്ലാത്ത കോമാളിയാണ് മരണം. മുംബൈയിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ ചെറുപ്പക്കാരന് അകാലത്തിൽ ജീവൻ നഷ്ടമായപ്പോൾ അത് ഡോംബിവ്‌ലി ഈസ്റ്റിലെ ജനങ്ങൾക്കാകെ വലിയ ഞെട്ടലായി മാറി. രണ്ടുദിവസമായി ഇടയ്ക്കിടെ വന്ന നെഞ്ചുവേദന 23 കാരന്റെ ജീവനെടുക്കുമെന്ന് ആരും കരുതിയിരുന്നുമില്ല. ഡോംബിവ്ലി ഈസ്റ്റിൽ ന്യൂ ആരെ റോഡിൽ താമസിക്കുന്ന പി കെ ജോണിന്റെ മകൻ രാഹുലിന് 23 വയസ്സുമാത്രമേ ആയിട്ടുള്ളൂ. ഈ ചെറുപ്രായത്തിൽ ഹൃദയാഘാതം ജീവനെടുത്തു എന്ന് പറയുമ്പോൾ അത് അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വീട്ടുകാർക്കും വിശ്വസിക്കാനാകുന്നില്ല.

ഡോംബിവ്ലി കേരളീയ സമാജം മെമ്പർ കൂടിയായ ജോണിന്റെ രണ്ടു മക്കളിൽ ഇളയ മകനാണ് രാഹുൽ. മകൾ വിവാഹിതയാണ്. രാഹുലിന് കഴിഞ്ഞ രണ്ടു ദിവസമായി ഇടക്ക് നെഞ്ചു വേദന അനുഭവപ്പെട്ടിരുന്നു. പക്ഷേ, ഗൗരവമായി കണക്കാക്കിയില്ല. നെഞ്ചുവേദനയുടെ കാര്യം പറഞ്ഞ് അടുത്തുള്ള ഡിസ്‌പെൻസറിയിൽ നിന്നും മരുന്ന് വാങ്ങി കഴിക്കുകയും ചെയ്തു രാഹുൽ. സുഹൃത്തുക്കളോടും ഇക്കാര്യം സംസാരിച്ചിരുന്നു. പക്ഷേ, ആരും ഹൃദ്രോഗ സാധ്യത കൽപിച്ചില്ല. ഇത്രയും ചെറുപ്രായത്തിൽ ഹൃദ്രോഗം വരുമെന്ന് ആരും പ്രതീക്ഷിച്ചുമില്ല.

എന്നാൽ ഇന്നലെ രാവിലെ വീണ്ടും നെഞ്ചു വേദന അനുഭവപ്പെട്ടിരുന്നുവെങ്കിലും ഗൗരവമായി കണക്കാക്കാതെ രാവിലെ രാഹുൽ ജോലിക്ക് പോകുകയും ചെയ്തിരുന്നു. വൈകീട്ട് ഓഫീസ് വിട്ടു വന്നതിന് ശേഷം അൽപം നടക്കാറുണ്ട്. ഇത്തരത്തിൽ സായാഹ്ന സവാരിക്കായി താഴെ ഗാർഡനിൽ പോകുകയായിരുന്നു. അവിടെ വച്ച് നെഞ്ചു വേദന കലശലായതിനെ തുടർന്ന് പെട്ടെന്ന് രാഹുൽ കുഴഞ്ഞു വീണു. കണ്ടുനിന്നവർ രാഹുലിന്റെ മൊബൈലിലൂടെ ബന്ധപ്പെട്ടാണ് വീട്ടുകാരെ വിവരമറിയിക്കുന്നത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിയിൽ വച്ച് തന്നെ മരണം സംഭവിച്ചു.

മൂന്ന് ദിവസമായി അനുഭവപ്പെട്ടിരുന്ന നെഞ്ചു വേദന ഗൗരവമായി എടുക്കാതിരുന്നതും ഇത്തരത്തിൽ മരണത്തിന്റെ മുന്നറിയിപ്പ് അറിയാതെ പോയതുമാണ് രാഹുലിന്റെ മരണ കാരണമായത് എന്നോർക്കുമ്പോൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആ വേർപാട് താങ്ങാൻ ആകുന്നില്ല. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടായിരുന്ന ആളായിരുന്നു രാഹുൽ എന്നിട്ടും നെഞ്ചുവേദന വന്നപ്പോൾ ആശുപത്രിയിൽ പോകാതിരുന്നത് എല്ലാവർക്കും വിഷമമായി.

വളരെ ഉന്മേഷവാനായിരുന്ന ഈ ചെറുപ്പക്കാരൻ മറ്റുള്ളവരുമായി നന്നായി ഇടപെടുമായിരുന്നു. കോളേജിൽ എല്ലാവർക്കും പ്രിയങ്കരനായിരുന്നുവെന്നാണ് സഹപാഠിയായ ആൽബിൻ അഗസ്റ്റിൻ പറയുന്നത്. ഹോട്ടൽ മാനേജ്മന്റ് പൂർത്തിയാക്കിയ രാഹുൽ ഡോംബിവ്ലി സെന്റ് തേരേസാ ഹൈസ്‌കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. ഡോംബിവ്ലി ഓർത്തഡോക്ൾസ് പള്ളിയിലെ അംഗമായ രാഹുലിന്റെ പിതാവ് പി കെ ജോൺ കേരളത്തിൽ കൊല്ലം അഞ്ചൽ സ്വദേശിയാണ്.

ഭൗതിക ശരീരം പോസ്റ്റുമോർട്ടത്തിന് ശേഷം കല്യാണിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും പറയുന്നു. 13 ശനിയാഴ്ച രാവിലെ വീട്ടിൽ കൊണ്ട് വരും. തുടർന്ന് സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം രാവിലെ 10 മണിക്ക് ഡോംബിവിലി എംഐഡിസി ഓർത്തോഡോക്‌സ് പള്ളിയിലായിരിക്കും അന്ത്യവിശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP