Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേനൽ അതിശക്തമായി 'കത്തി ജ്വലിക്കുമ്പോൾ' ആശങ്കയിൽ ജനം; വെഞ്ഞാറമ്മൂട്ടിൽ പ്ലംബിങ് ജോലിക്കിടെ തളർന്നുവീണ തൊഴിലാളി മരിച്ചത് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി; സൂര്യാഘാതമാണോ എന്നത് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാവൂ എന്ന് പൊലീസ്; വെയിൽ ശക്തമാവുന്ന സമയത്ത് പുറത്തിറങ്ങരുതെന്ന നിർദ്ദേശവുമായി അധികൃതർ

വേനൽ അതിശക്തമായി 'കത്തി ജ്വലിക്കുമ്പോൾ' ആശങ്കയിൽ ജനം; വെഞ്ഞാറമ്മൂട്ടിൽ പ്ലംബിങ് ജോലിക്കിടെ തളർന്നുവീണ തൊഴിലാളി മരിച്ചത് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി; സൂര്യാഘാതമാണോ എന്നത് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാവൂ എന്ന് പൊലീസ്; വെയിൽ ശക്തമാവുന്ന സമയത്ത് പുറത്തിറങ്ങരുതെന്ന നിർദ്ദേശവുമായി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

വെഞ്ഞാറമ്മൂട് : കഠിനമായ വെയിലിൽ തളർന്നുവീണ തൊഴിലാളിക്ക് ആശുപത്രിയിൽ കൊണ്ടു പോകും വഴി ദാരുണാന്ത്യം. വാമനപുരം കുറ്റിമൂട് മിച്ചഭൂമി തോട്ത്തിൽ വീട്ടിൽ ശശിയുടേയും തങ്കമ്മയുടേയും മകൻ റജി(42)യാണ മരിച്ചത്. പ്ലംബിങ് ജോലികൾക്കായി അടിത്തറ നിർമ്മിക്കുന്നതിനിടെയാണ് റജി കഠിനമായ വെയിൽ സഹിക്കാനാവാതെ തളർന്നു വീണത്. കുറ്റിമൂടിന് സമീപത്തായി പുളിമാത്തു പഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപം ജോലി ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം.

റജി തളർന്ന് വീണയുടൻ കല്ലറ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മാർഗമധ്യേ മരിക്കുകയായിരുന്നു. കല്ലറ ആശുപത്രിയിൽ എത്തിച്ച മൃതദ്ദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. എന്നാൽ റജിക്ക് ഹൃദ്രോഗമുണ്ടായിരുന്നതായും മരണകാരണം സൂര്യാഘാതമാണോ എന്ന് പോസ്റ്റ് മോർട്ടം കഴിഞ്ഞാലേ സ്ഥിരീകരിക്കാനാവൂ എന്നും അധികൃതർ വ്യക്തമാക്കി. ഭാര്യ : ഷീല, മകൻ : രജിത്

സൂര്യാഘാതത്തിനെതിരെ മുൻകരുതൽ വേണേ

ഉയർന്ന താപനിലയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളാണ് ഹീറ്റ് ക്രാംപ്‌സ്, ഹീറ്റ് സിൻകോപ്പ്, ഹീറ്റ് സ്‌ട്രോക്ക് എന്നിവ.മൈനുകളിൽ ജോലി ചെയ്യുന്നവർക്കും അഗ്നിശമനസേനാംഗങ്ങൾക്കുമൊക്കെയാണ് ഹീറ്റ് ക്രാംപ്‌സ് ഉണ്ടാവുക. ശരീരത്തിലെ ജലാംശവും ധാതുക്കളും വിയർപ്പിലൂടെ നഷ്ടമാകുന്നതിനാൽ കൈകാലുകളിലെയും വയറ്റിലെയും മാംസപേശികൾക്കുണ്ടാവുന്ന ശക്തമായ വേദനയാണിത്. ചിലപ്പോഴൊക്കെ തലവേദനയും തലകറക്കവും ഓക്കാനവും ഉണ്ടാവാം. ഉപ്പിട്ട് വെള്ളം കുടിക്കുകയോ ഒആർഎസ് ഉപയോഗിക്കുകയോ ചെയ്താൽ ഉടൻ തന്നെ ആശ്വാസം ലഭിക്കും.

ഉയർന്ന താപനിലയിൽ വിയർപ്പിലൂടെയുണ്ടാവുന്ന ജലധാതു നഷ്ടങ്ങൾ മൂലമാണ് ഹീറ്റ് സിൻകോപ്പ്, ഉണ്ടാവുന്നത്. തലവേദന, തളർച്ച, മനോവിഭ്രമം, ഉറക്കം തൂങ്ങുക, കാഴ്ച മങ്ങുക, ഛർദ്ദിക്കുക എന്നിവയാണ് ലക്ഷണങ്ങൾ. ഇതിനെ തുടർന്ന് വിളർച്ചയും വിയർപ്പും രക്തസമ്മർദ്ദകുറവും ആരംഭിക്കും. കൃഷ്ണമണി വികസിക്കുകയും നാഡിമിടിപ്പ് ദുർബ്ബലമാവുകയും ശ്വാസോച്ഛ്വാസം മന്ദീഭവിക്കുകയും ചെയ്യും. ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്നതാണ്.

ഉയർന്ന താപനിലയുള്ള അന്തരീക്ഷത്തിൽ നിന്നും ആളെ മാറ്റുക, വിശ്രമം, ഒആർഎസ് നൽകുക, ആവശ്യമെങ്കിൽ കുത്തിവെപ്പിലൂടെ ജലവും ധാതുക്കളും ശരീരത്തിലെത്തിക്കുക എന്നീ കാര്യങ്ങളാണ് ചെയ്യേണ്ടത്. ശരീരത്തിലെ താപനിയന്ത്രണ സംവിധാനത്തിലെ സ്തംഭനം മൂലമാണ് ഹീറ്റ് സ്‌ട്രോക്ക് എന്ന അടിയന്തരഘട്ടം സംജാതമാവുന്നത്. അന്തരീക്ഷത്തിൽ ഉയർന്ന താപനിലയും ഈർപ്പവും ഉള്ളപ്പോഴാണ് ഹീറ്റ് സ്‌ട്രോക്ക് ഉണ്ടാവുക.

ത്വക്കിനോട് ചേർന്നുള്ള രക്തക്കുഴലുകളിലെ രക്തയോട്ടം സ്തംഭിക്കുകയും വിയർപ്പുഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുകയും ചെയ്യും. ശരീരതാപനില 41 ഡിഗ്രി സെൽഷ്യസിൽ കൂടുതലാവുകയും മന്ദത, അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളുണ്ടാവുകയും ചെയ്യും.

ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുമ്പോഴാണ് ഇതുസംഭവിക്കുന്നതെങ്കിൽ സൂര്യാഘാതം എന്ന് വിളിക്കാം. ഉടൻതന്നെ തീവ്രപരിചരണം നൽകിയില്ലെങ്കിൽ മരണംപോലും സംഭവിക്കാവുന്ന പ്രശ്നമാണിത്. നമ്മുടെ തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗമാണ് ശരീരത്തിലെ താപനില ഒരു നിശ്ചിത പരിധിക്കുള്ളിൽ നിലനിർത്തുന്നത്.

എന്നാൽ കഠിനമായ ചൂടിനെ തുടർന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോൾ ശരീരത്തിലെ ഈ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP