Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക ബോക്‌സിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ചു; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അരിസോണയിലെ ആശുപത്രിയിൽ; വർണ്ണവെറിക്കെതിരെ മതംമാറി ഇസ്ലാം സ്വീകരിച്ച് പടപൊരുതിയ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ഇനി ജ്വലിക്കുന്ന ഓർമ്മ; കണ്ണീരണിഞ്ഞ് കായികലോകം

ലോക ബോക്‌സിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ചു; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അരിസോണയിലെ ആശുപത്രിയിൽ; വർണ്ണവെറിക്കെതിരെ മതംമാറി ഇസ്ലാം സ്വീകരിച്ച് പടപൊരുതിയ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ഇനി ജ്വലിക്കുന്ന ഓർമ്മ; കണ്ണീരണിഞ്ഞ് കായികലോകം

ലോസ് ഏൻജൽസ്: ബോക്സിങ് റിങ്ങിനകത്ത് പാറിപ്പറന്ന ചിത്രശലഭവും പുറത്ത് കുത്തുന്ന തേനീച്ചയുമെന്ന് കായികലോകത്ത് വിലയിരുത്തപ്പെട്ട എക്കാലത്തെയും കരുത്തനായ ബോക്സിങ് താരം മുഹമ്മദാലി വിടവാങ്ങി. പാർക്കിൻസൺ രോഗത്തെ തുടർന്ന് ഏറെക്കാലമായി വലഞ്ഞ 74 കാരനായ അലിയുടെ മരണം ശ്വാസകോശ സംബന്ധമായ രോഗം മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു. രോഗം ഗുരുതരമല്ലെന്നും സുഖംപ്രാപിക്കുകയായിരുന്നുവെന്നും ആയിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും ഇന്ന് അന്ത്യം സംഭവിച്ചു. അരിസോണയിലായിരുന്നു അവസാന നാളുകളിൽ ബോക്സിങ് ഇതിഹാസത്തിന്റെ താമസം.

മൂന്നു തവണ ഹെവി വെയ്റ്റ് ജേതാവായ അലി 1981ൽ ബോക്സിങ് രംഗത്തുനിന്ന് വിരമിച്ചു. റിങ്ങിനു പുറത്ത് സൗമ്യനും സഹൃദയനുമായിരുന്നു മൂന്നതവണ ലോക ഹെവിവെയ്റ്റ് കിരീടം നേടിയ മുഹമ്മദലി. അതേസമയം സമകാലീന പ്രശ്നങ്ങളിൽ കടുത്ത വിമർശകനായി ഇടപെടുകയും ചെയ്തിരുന്നു. 1996ലെ അത്ലാന്റ ഒളിമ്പിക്സിന്റെ ദീപംതെളിയിക്കാൻ വിറയ്ക്കുന്ന കൈകളുമായ എത്തിയ, പാർക്കിൻസൺ രോഗബാധിതനായ അലിയുടെ രൂപമാവും ഒരുപക്ഷേ, അവസാനമായി ഒരു കായികവേദിയിൽ ആ ലോകോത്തര താരത്തിന്റേതായി പ്രത്യക്ഷമായതും കായികസ്നേഹികളുടെ മനസ്സിലുള്ളതും.

1942 ജനുവരി പതിനേഴിന്, അമേരിക്കയിൽ വർണവെറി കത്തിനിന്ന സമയത്തായിരുന്നു ഇടിക്കൂട്ടിലെ ഇതിഹാസമായി മാറിയ അലിയുടെ ജനനം. പിന്നീട് അദ്ദേഹം ഇസ്ളാം മത വിശ്വാസിയായി വർണവെറിക്കെതിരെ പ്രതിഷേധിച്ചതും ചരിത്രം. അമേരിക്കയിൽ മുസൽങ്ങളെ കയറ്റില്ലെന്നു പറഞ്ഞ ഭരണാധികാരികളോടുള്ള പ്രതിഷേധമായിരുന്നു അലി ഇത്തരത്തിൽ പ്രകടിപ്പിച്ചത്. തനിക്കെതിരായി വിമർശനങ്ങളേറെ ഉയർന്നപ്പോഴും അതിനെയൊന്നും വകവയ്ക്കാതെ സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിത്വമാണ് ഇപ്പോൾ മരണത്തിന് കീഴടങ്ങുന്നത്. ഒളിമ്പിക് വേദിയിൽ സ്വർണമെഡൽ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചതും ആ പ്രതിഷേധം ന്യായമെന്നു കണ്ട് പിന്നീട് ഒളിമ്പിക് കമ്മിറ്റി അദ്ദേഹത്തെ വീണ്ടും മറ്റൊരു വേദിയിൽവച്ച് മെഡലണിയിച്ചതും ചരിത്രത്തിൽ ഇടംപിടിച്ചു.

നേരിട്ട എല്ലാ ബോക്സർമാർക്കെതിരെയും ശക്തമായ മേൽക്കൈ നേടാനായെന്നത് അലിയുടെ മേന്മയായിരുന്നു. ഒരു വിയറ്റ്നാംകാരൻപോലും എന്നെ കറുത്തവർഗക്കാരനെന്ന് അധിക്ഷേപിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട അമേരിക്കയിലെ വർണവെറിയന്മാർക്കെതിരെ വിരൽചൂണ്ടിയാണ് അദ്ദേഹം ശക്തമായ നിലപാടെടുത്തത്. കാഷ്യസ് മെർസിലസ് ക്ളേ ജൂനിയർ എന്ന പേര് 1964ൽ ഇസൽംമതം സ്വീകരിച്ചപ്പോഴായിരുന്നു മുഹമ്മദ് അലി എന്നാക്കി മാറ്റിയത്.

പരസ്യബോർഡ് എഴുത്തുകാരനായിരുന്നു കാഷ്യസ് മാർസലസ് ക്ളേ സീനിയറിന്റെയും ഒഡേസ ഗ്രേഡി ക്ളേയുടേയും മകനായി കാഷ്യസ് ജൂനിയർ ജനിച്ചത് അമേരിക്കയിൽ വർണവെറി കൊടികുത്തി നിന്ന കാലത്തായിരുന്നു. കറുത്തവർക്കും വെളുത്തവർക്കും പ്രത്യേകം ഹോട്ടലുകളും പള്ളികളും പണിതുയർത്തിയിരുന്ന സമൂഹത്തിൽ എല്ലാ മേഖലകളിലും അസമത്തം നിലനിന്നിരുന്നു. ഇതിനെതിരെ ബാലനായിരിക്കുമ്പോൾ തന്നെ പോരാടിയ അലി അങ്ങനെയാണ് 22-ാം വയസ്സിൽ ഇസ്ളാം മതം സ്വീകരിക്കുന്നത്.

1954ൽ പൊലീസുകാരനും ബോക്സിങ് പരിശീലകനുമായ ജോ മാർട്ടിനെ, നഷ്ടപ്പെട്ട സൈക്കിൾ തേടിയിറങ്ങിയ പ്പോൾ ക്ളേ കണ്ടുമുട്ടുന്നതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുന്നത്. ലോകംകണ്ട എക്കാലത്തെയും മികച്ച ബോക്സറുടെ ജനനം അങ്ങനെയായിരുന്നു. 18 വയസ്സ് ആയപ്പോഴേക്കും അദ്ദേഹം 108 അമച്വർ ബോക്സിങ് മൽസരങ്ങളിൽ പങ്കെടുത്തിരുന്നു.കെന്റക്കി ഗോൾഡൻ ഗ്ലൗസ് ടൂർണമെന്റ്റ് കിരീടം ആറ് തവണയും നാഷണൽ ഗോൾഡൻ ഗ്ലൗസ് രണ്ടു തവണയും നേടി. 1960ൽ കാഷ്യസ് ക്ലേ റോം ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്സിൽ എതിരാളികളെ നിലം പരിശാക്കി ക്ലേ അനായാസം ഫൈനലിൽ എത്തി.

മൂന്നു തവണ യുറോപ്യൻ ചാമ്പ്യനും 1956ലെ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവുമായ സിഗ്ന്യു പിയട്രിഗകൊവ്സ്‌കിയെ ഫൈനലിൽ മൂന്നാംറൗണ്ടിൽ ഇടിച്ചുവീഴ്‌ത്തി ക്ളേ സ്വർണംചൂടി. ലോകം പിന്നീടു കണ്ട മുഹമ്മദ് അലിയെന്ന ഇടിക്കൂട്ടിലെ രാജാവിന്റെ കിരീടധാരണമായിരുന്നു അന്ന് നടന്നത്. പിന്നീട് ഏറെക്കാലം അലി ബോക്സിങ് റിങ്ങിൽ ചരിത്രമെഴുതി. ഇപ്പോൾ രോഗങ്ങൾക്കു കീഴടങ്ങി വിടവാങ്ങുമ്പോഴും അലിയെന്ന എക്കാലത്തെയും മികച്ചതാരം ഓർമ്മകളിൽ മിന്നും നക്ഷത്രമായി തുടരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP