സെഞ്ച്വറി രാജു മാത്യു അന്തരിച്ചത് വാർധക്യസഹജമായ അസുഖത്തെ തുടർന്ന്; കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സിനിമാനിർമ്മാതാവിന്റെ ശവസംസ്കാര ചടങ്ങുകൾ പിന്നീട്
November 12, 2019 | 02:29 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പ്രശസ്ത സിനിമാനിർമ്മാതാവും സെഞ്ച്വറി ഫിലിംസ് ഉടമയും കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റുമായ സെഞ്ച്വറി രാജു മാത്യു(82)അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഫഹദ് ഫാസിൽ ചിത്രമായ 'അതിരനാണ്' അവസാനമായി നിർമ്മിച്ച ചിത്രം.അദ്ദേഹത്തിന്റെ 45-ാമത്തെ ചിത്രമായിരുന്നു അത്. മനോഹരം,വികൃതി എന്നിയാണ് അവസാനമായി തീയേറ്ററിൽ വിതരണത്തിന് എത്തിച്ച ചിത്രങ്ങൾ. വിതരണത്തിന് തയാറാകുന്ന 'കുഞ്ഞൽദോ'യുടെ ഷൂട്ടിങ് നടന്ന് വരുകയാണ്. പരേതയായ ലില്ലി മാത്യുവാണ് ഭാര്യ. മക്കൾ: അഞ്ജന ജേക്കബ്,രഞ്ജന മാത്യൂ(ഇരുവരും വിദേശത്താണ്).ശവസംസ്കാരം പിന്നീട്
കാര്യം നിസ്സാരം, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്, കാണാമറയത്ത്, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, നാടോടിക്കാറ്റ്, ആര്യൻ, അടിയൊഴുക്കുകൾ, സസ്നേഹം, തന്മാത്ര തുടങ്ങിയ നല്ല ചിത്രങ്ങൾ സെഞ്ച്വറിയുടെ ബാനറിൽ നിർമ്മിച്ചവയാണ്. നിർമ്മിച്ചതിലുമേറെ ചിത്രങ്ങൾ രാജു മാത്യു വിതരണം ചെയ്തു. കാണാമറയത്ത് 'അനോഘാ റിഷ്താ' എന്ന പേരിൽ ഹിന്ദിയിലും നിർമ്മിച്ചു. സിനിമാ രംഗത്തെ അച്ചടക്കമില്ലായ്മയിൽ മനംമടുത്ത് നിർമ്മാണരംഗത്തുനിന്നു വിട്ടുനിന്ന സെഞ്ചുറി പിന്നീട് തന്മാത്രയിലൂടെയാണ് എത്തിയത്.
