Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എൻജിനീയിംഗിൽ നിന്നും ഐ.എ.എസിലേക്ക് എത്തിയ ശേഷം ഭരണരംഗത്ത് പ്രഗത്ഭനായി നിന്നത് നാൽപ്പത് വർഷത്തോളം; ചിന്തിപ്പിച്ചും ചിരിപ്പിച്ചും സാംസ്‌കാരിക, ആത്മീയ രംഗങ്ങളിൽ ശോഭിച്ചിരുന്ന എഴുത്തുകാരൻ; ഡോ. ഡി.ബാബുപോൾ കേരളക്കരയോട് വിടപറഞ്ഞത് ഇന്ന് പുലർച്ചെ; അന്ത്യം വൃക്കകളെയും കരളിനെയും ബാധിച്ച അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് രാഷ്ട്രീയ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉറക്കെപ്പറഞ്ഞ വ്യക്തിത്വം

എൻജിനീയിംഗിൽ നിന്നും ഐ.എ.എസിലേക്ക് എത്തിയ ശേഷം ഭരണരംഗത്ത് പ്രഗത്ഭനായി നിന്നത് നാൽപ്പത് വർഷത്തോളം; ചിന്തിപ്പിച്ചും ചിരിപ്പിച്ചും സാംസ്‌കാരിക, ആത്മീയ രംഗങ്ങളിൽ ശോഭിച്ചിരുന്ന എഴുത്തുകാരൻ; ഡോ. ഡി.ബാബുപോൾ കേരളക്കരയോട് വിടപറഞ്ഞത് ഇന്ന് പുലർച്ചെ; അന്ത്യം വൃക്കകളെയും കരളിനെയും ബാധിച്ച അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് രാഷ്ട്രീയ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉറക്കെപ്പറഞ്ഞ വ്യക്തിത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും കേരളത്തിലെ സാംസക്കാരിക രംഗത്തെ നിറസാന്നിധ്യവുമായി ഡോ. ഡി ബാബുപോൾ അന്തരിച്ചു 78 വയസായിരുന്നു. പ്രമേഹംമൂലം കാലിൽ ഉണ്ടായ മുറിവിൽനിന്നുള്ള അണുബാധ വൃക്കകളെയും കരളിനെയും ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ ആരോഗ്യനില കൂടുതൽ വഷളാകുകയും ഇന്ന് പുലർച്ചെയോട് അന്ത്യം സംഭവിക്കുകയുമായിരുന്നു.

രാവിലെ ഒൻപതു മണിക്ക് മൃതദേഹം പുന്നൻ റോഡിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. 12 മണിക്ക് കുറവൻകോണം മമ്മീസ് കോളനിയിലെ വസതിയിൽ എത്തിക്കും. നാളെ നാലുമണിക്ക് പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി യാക്കോബായ പള്ളിയിൽ സംസ്‌കാരം. അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രഗത്ഭനായ ഭരണാധികാരി, എഴുത്തുകാരൻ, ചിരിയും ചിന്തയും സമന്വയിപ്പിച്ച പ്രഭാഷകൻ, ഔദ്യോഗിക ജീവിത്തിനൊപ്പം സഭാപ്രവർത്തനത്തിലും മുഴുകിയ വിശ്വാസി, അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉറക്കെപ്പറഞ്ഞ സാമൂഹിക, രാഷ്ട്രീയ നിരീക്ഷകൻ... കേരളത്തിന് ഇങ്ങനെ പലതുമായിരുന്നു ബാബുപോൾ.

എൻജിനീയറായി ഐ.എ.എസിലേക്ക് എത്തിയ ഡാനിയേൽ ബാബുപോൾ നാൽപ്പതുവർഷത്തോളം ഭരണരംഗത്ത് പ്രഗത്ഭനായിനിന്നു. അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാൻ അംഗം, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ, കേരള സർവകലാശാല വൈസ് ചാൻസലർ തുടങ്ങി നിർണായക പദവികൾ വഹിച്ചു. കേരളത്തിലെ ആദ്യവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുതി പദ്ധതി യാഥാർഥ്യമായത് ബാബുപോളിന്റെ നേതൃത്വത്തിലായിരുന്നു. വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്.

എഴുത്തുകാരനെന്ന നിലയിലും അദ്ദേഹം ശോഭിച്ചിരുന്നു. മുപ്പതോളം പുസ്തകങ്ങൾ അദ്ദേഹം എഴുതി. ആറുലക്ഷം വാക്കുകൾ ഉൾപ്പെടുത്തി 22 വർഷം ഗവേഷണംചെയ്ത് തയ്യാറാക്കിയ 'വേദശബ്ദ രത്‌നാകാരം' മലയാളത്തിലെ ആദ്യ ബൈബിൾ നിഘണ്ടുവാണ്. ഒമ്പതുവർഷമെടുത്താണ് അനുപമമായ ഈ നിഘണ്ടു അദ്ദേഹം എഴുതിയത്.

യാക്കോബായ സഭയുടെ കോർ എപ്പിസ്‌കോപ്പയായിരുന്ന ഫാദർ പൗലോസ് ചീരോത്തോട്ടത്തിന്റെയും അദ്ധ്യാപികയായിരുന്ന മേരി പോളിന്റെയും മകനായി 1941 മെയ്‌ 29-ന് പെരുമ്പാവൂരിൽ ജനിച്ചു. അച്ഛൻ പ്രധാനാധ്യാപകനായിരുന്ന കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളിൽനിന്ന് എസ്.എസ്.എൽസിക്ക് സംസ്ഥാനത്ത് മൂന്നാംറാങ്ക് നേടി. തിരുവിതാംകൂർ രാജാവിന്റെയും കേന്ദ്രസർക്കാരിന്റെയും സ്‌കോളർഷിപ്പോടെയാണ് പഠിച്ചത്. തുടർന്ന് ആലുവാ യൂണിയൻ ക്രിസ്ത്യൻകോളേജിലും തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറീങ്ങിലും പഠിച്ചു. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. 1962 -ൽ സർക്കാരിൽ ജൂനിയർ എൻജിനീയറായി. 1964 -ൽ എഴാം റാങ്കോടെ ഐ.എ.എസ് വിജയിച്ചു.

സെക്രേട്ടറിയറ്റിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരിക്കുമ്പോൾ 1971 -ൽ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനാണ് ഇടുക്കി ജലവൈദ്യുത പദ്ധതി പൂർത്തിയാക്കാൻ പ്രോജക്ട് കോ-ഓർഡിനേറ്ററായി ബാബുപോളിനെ നിയമിച്ചത്. ഇടുക്കി ജില്ല രൂപവത്കരിച്ചപ്പോൾ ആദ്യകളക്ടറും അദ്ദേഹമായിരുന്നു. ആറുവർഷം ചീഫ് സെക്രട്ടറി റാങ്കിൽ പ്രവർത്തിച്ചെങ്കിലും അദ്ദേഹം ചീഫ് സെക്രട്ടറിയുടെ കസേരയിലെത്തിയില്ല. രാഷ്ട്രീയ, സഭാ കേന്ദ്രങ്ങളുമായുള്ള വിയോജിപ്പായിരുന്നു കാരണം. അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കുമ്പോൾ സ്വയംവിരമിച്ച് തദ്ദേശഭരണ ഓംബുഡ്‌സമാനായി. 2001 -ൽ എ.കെ.ആന്റണി മന്ത്രിസഭ ഓംബുഡ്‌സ്മാനെ പിരിച്ചുവിട്ടതോടെ അദ്ദേഹത്തിന്റെ ഔദ്യോഗിക സേവനം അവസാനിച്ചു. എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ ഗവർണർ നിയമനത്തിനുള്ള പട്ടികയിൽ ഇടംനേടിയെങ്കിലും ഗവർണറായില്ല.

പതിവായി അൾത്താരയിലെ ശുശ്രൂഷകനായിരുന്നു ബാബുപോൾ. ആകമാന സുറിയാനി സഭയിൽ വിശ്വാസികൾക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ബ്രാർ ഈത്തൊ ബ്രീറോ (ശ്രേഷ്ഠ പുത്രൻ), സെന്റ് ഇഗ്നേഷ്യസ് മെഡൽ എന്നീ ആദരവുകൾ നേടിയിട്ടുണ്ട്. 21ാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ബാബുപോൾ 59ാം വയസ്സിൽ ഐഎഎസിൽനിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്‌സ്മാൻ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറിൽ ഉദ്യോഗത്തോടു വിടപറഞ്ഞു. സിവിൽ സർവീസ് മേഖലയിൽ മിടുക്കരെ വളർത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവിൽ സർവീസ് അക്കാദമിയുടെ 'മെന്റർ എമിരറ്റസ്' ആയിരുന്നു.

2000ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1946ൽ ആദ്യത്തെ പ്രസംഗം നടത്തിയ ബാബു പോൾ 1949ൽ ആദ്യത്തെ ലേഖനം പ്രസിദ്ധീകരിച്ചു. 1961ൽ ആണ് ആദ്യ പുസ്തകം പ്രകാശിതമായത്. തന്റെ ഏറ്റവും വലിയ സ്വാധീനം അച്ഛനാണെന്നു ബാബു പോൾ പറഞ്ഞിട്ടുണ്ട്. ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അംഗീകരിച്ചത് അച്ഛനാണ്. ഉപദ്രവിച്ചവരെ മറക്കാനും ഉപകാരം ചെയ്തവരെ മറക്കാതിരിക്കാനും പഠിപ്പിച്ച മഹാനാണ് അദ്ദേഹം. ശമ്പളത്തിന്റെ 10 ശതമാനം നിരാലംബർക്കും അശരണർക്കുമായി നീക്കിവയ്ക്കണമെന്നു പഠിപ്പിച്ചു. പരമാവധി അച്ഛനെ അനുസരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അമ്മയെ ഓർക്കുമ്പോൾ മനസ്സിൽ സന്തോഷവും സങ്കടവും ഒരുമിച്ചെത്തും 2011ൽ സപ്തതി ആഘോഷത്തിൽ ബാബുപോൾ പറഞ്ഞിരുന്നു.

കേന്ദ്രത്തിലെ മുൻ വ്യോമയാന സെക്രട്ടറിയും എയർഇന്ത്യയുടെ മുൻ ചെയർമാനുമായ കെ. റോയി പോളാണ് ഏകസഹോദരൻ. ഭാര്യ -പരേതയായ നിർമലാ പോൾ. മക്കൾ-ചെറിയാൻ സി. പോൾ (ബെംഗളുരു), മറിയം സി.പോൾ. മരുമക്കൾ: സതീഷ് (ബിസിനസ്, എറണാകുളം), ദീപ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP