Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗായിക വൈക്കം വിജയലക്ഷ്മിക്കു കാഴ്ചയുടെ വെളിച്ചം സമ്മാനിച്ച ഡോക്ടർ ശ്രീകുമാർ രോഗികളെ ചികിത്സിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു; വൈകല്യരഹിത ഗ്രാമത്തിനായി ചികിത്സാരീതി വികസിപ്പിച്ചെടുത്ത ഡോക്ടർ പാതിവഴിയിൽ ദൗത്യമവസാനിപ്പിച്ചു; കോട്ടയം വിജയപുരത്തേക്ക് ഡോക്ടറെ സ്നേഹിക്കുന്നവരുടെ പ്രവാഹം

ഗായിക വൈക്കം വിജയലക്ഷ്മിക്കു കാഴ്ചയുടെ വെളിച്ചം സമ്മാനിച്ച ഡോക്ടർ ശ്രീകുമാർ രോഗികളെ ചികിത്സിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു; വൈകല്യരഹിത ഗ്രാമത്തിനായി ചികിത്സാരീതി വികസിപ്പിച്ചെടുത്ത ഡോക്ടർ പാതിവഴിയിൽ ദൗത്യമവസാനിപ്പിച്ചു; കോട്ടയം വിജയപുരത്തേക്ക് ഡോക്ടറെ സ്നേഹിക്കുന്നവരുടെ പ്രവാഹം

കോട്ടയം: വൈകല്യമില്ലാത്ത ലോകം സ്വപ്നം കണ്ട ഡോക്ടർ പാതിവഴിയിൽ മോഹങ്ങൾ അവസാനിപ്പിച്ച് യാത്രയായി. വിജയപുരം പഞ്ചായത്തിലെ ഹോമിയോ ഡോക്ടർ കുടമാളൂർ മാളിയേക്കൽ ആർ ശ്രീകുമാറാണ് കുഴഞ്ഞുവീണുമരിച്ചത്. 42 വയസ്സായിരുന്നു.

പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിക്കു കാഴ്ചയുടെ ലോകം കാട്ടിക്കൊടുക്കുന്നതിൽ വിജയം കൈവരിച്ചുകൊണ്ടിരുന്ന ഡോക്ടർ രോഗികളെ പരിശോധിക്കുന്നതിനിടയിലാണ് കുഴഞ്ഞുവീണു മരിച്ചത്. തന്റെ ജിവിതത്തിന്റെ ഏറ്റവും പ്രാധാന്യമേറിയ ഭാഗമായിരുന്നു പാവപ്പെട്ട രോഗികളുടെ ചികിത്സ.

ഇന്നു രാവിലെ ജോലിക്കിടെയാണ് സംഭവം. കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ആതുരസേവന രംഗത്തും കലാ, സാമൂഹ്യ രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ഡോ. ശ്രീകുമാർ. സംഭവമറിഞ്ഞ് വിവിധ മേഖലകളിലുള്ളവർ കോട്ടയം താലൂക്ക് ആശുപത്രിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. ഡോക്ടറുടെ അകാലത്തിലുള്ള വേർപാട് ഒരുപാടുപേരെ ദുഃഖത്തിലാക്കി.

വൈകല്യരഹിത ഗ്രാമം സ്വപ്നം കാണുകയും അതിനായി ഹോമിയോപ്പതിയിൽ പ്രത്യേക ചികിത്സാ രീതി ചിട്ടപ്പെടുത്തുകയും ചെയ്ത വ്യക്തിയായിരുന്നു ഡോ. ശ്രീകുമാർ. അദ്ദേഹവും ഭാര്യ ശ്രീവിദ്യയും ഒരുമിച്ച് രൂപപ്പെടുത്തിയ ചികിത്സയിലൂടെ വൈകല്യത്തിൽ നിന്ന് മോചിതരായ രോഗികൾ അനേകം. പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിക്ക് പൂർണമായും കാഴ്‌ച്ച തിരികെ ലഭിക്കുന്നത് കാണാൻ ഏറെ മോഹിച്ച ഡോക്ടർ ഒടുവിൽ ഭൂമിയിൽനിന്ന് വിടപറഞ്ഞപ്പോൾ ബാക്കിയായത് അദ്ദേഹത്തിന്റെ സ്വപ്നങ്ങളായിരുന്നു.

വൈകല്യരഹിതഗ്രാമം സൃഷ്ടിക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഡോക്ടർ. കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്തിനെ സമ്പൂർണ വൈകല്യ രഹിതമാക്കുകയായിരുന്നു ആദ്യ ലക്ഷ്യം. പദ്ധതി വിജയകരമായി മുന്നേറുന്നതിനിടയിൽ മരണം ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയപ്പോൾ തകർന്നത് ഒരു കുടംബമല്ല, അനേകം കുടുംബങ്ങളുടെ പ്രതീക്ഷയായിരുന്നു.

ഡോക്ടറുടെ ചികിത്സാവിധിപ്രകാരം നിരന്തരമായി ചികിത്സ നേടിയ ഏകദേശം 325 രോഗികളിൽ 320 പേരിൽ പുരോഗതി കണ്ടെത്തിയിരുന്നു. വൈക്കം വിജയലക്ഷ്മി ഉൾപ്പെടെയുള്ളവർ ഇതിന് ഉദാഹരണം മാത്രം. ഏകദേശം പത്തുമാസം നീണ്ടു നിന്ന ചികിത്സയ്‌ക്കൊടുവിലായിരുന്നു വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഇത്തരത്തിൽ അദ്ദേഹത്തിലൂടെ വൈകല്യങ്ങളിൽനിന്ന് മുക്തി നേടിയവർ ഇന്ന് ദുഃഖത്തിലാണ്.

വൈകല്യമില്ലാത്ത ഒരു ലോകം സ്വപ്നം കണ്ട ഡോക്ടർ ദമ്പതികളുടെ വലിയ ആഗ്രഹമായിരുന്നു ജനിതക വൈകല്യമുൾപ്പെടെയുള്ള രോഗികൾക്കായി ഒരു ആശുപത്രി. ഇതിനായി ഹോമിയോ മേഖലയിൽ ആശുപത്രി ആരംഭിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചെങ്കിലും സ്ഥലം ലഭ്യമാകാത്തിനാൽ ഇന്നും ആ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത്തരത്തിൽ അനേകം സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് ഡോക്ടർ ശ്രീകുമാർ വിടപറഞ്ഞത്.

അന്ധരായ നാലുപേർക്ക് കാഴ്‌ച്ച തിരികെ നൽകാൻ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് കഴിഞ്ഞെങ്കിലും ഡോ.ശ്രീകുമാറിനെ പ്രശസ്തനാക്കിയത് വൈക്കം വിജയലക്ഷ്മിക്ക് നേരിയ തോതിൽ കാഴ്‌ച്ച തിരികെ ലഭിച്ചുതുടങ്ങിയതോടെയായിരുന്നു. ഡോക്ടറെ കുറിച്ച് ചോദിച്ചാൽ വിജയലക്ഷ്മിക്കും ആയിരം നാവാണ്. ചെറിയ തോതിലെങ്കിലും പ്രകാശത്തെ തിരിച്ചറിയാൻ എനിക്ക് സാധിച്ചത് ഡോക്ടർ ദമ്പതികളിലൂടെയാണെന്ന് പറയുന്ന വിജയ ലക്ഷ്മിക്കും ഡോക്ടറുടെ വിയോഗം താങ്ങാനാവുന്നതിലും അപ്പുറമാണ്.

മക്കൾ: അഭിരൂപ്, ധൻവിൻ. സംസ്‌ക്കാരം ശനിയാഴ്ച രണ്ടിനു വീട്ടുവളപ്പിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP