Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ റിപ്പോർട്ടർ ചാനൽ ലേഖകൻ മരണത്തിന് കീഴടങ്ങി; യുവ മാദ്ധ്യമപ്രവർത്തകനായ സനൽ ഫിലിപ്പിന്റെ മരണത്തിൽ മനം നൊന്ത് മാദ്ധ്യമലോകം

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ റിപ്പോർട്ടർ ചാനൽ ലേഖകൻ മരണത്തിന് കീഴടങ്ങി; യുവ മാദ്ധ്യമപ്രവർത്തകനായ സനൽ ഫിലിപ്പിന്റെ മരണത്തിൽ മനം നൊന്ത് മാദ്ധ്യമലോകം

കോട്ടയം: പ്രാർത്ഥനകളും ഡോക്ടർമാരുടെ പ്രയത്ന്നങ്ങലും വിഫലമാക്കി യുവമാദ്ധ്യമപ്രവർത്തകൻ സനൽ ഫിലിപ്പ് (33)മരണത്തിന് കീഴടങ്ങി. ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സനൽ ഫിലിപ്പിന്റെ മരണം വൈക്കത്തെ ഇന്തോ- അമേരിക്കൻ ആശുപത്രിയിൽ വച്ചായിരുന്നു. ന്യൂസ് 18 ടിവി ചാനൽ കൊച്ചി സീനിയർ റിപ്പോർട്ടറും റിപ്പോർട്ടർ ചാനലിലെ മുൻ സീനിയർ റിപ്പോർട്ടറുമായിരുന്നു വണ്ടൻപതാൽ പുളിക്കച്ചേരിൽ സനിൽഫിലിപ്.

ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സനൽ മരണത്തിനു കീഴടങ്ങിയത്. രണ്ടുദിവസം മുമ്പ് ആരോഗ്യനിലയിൽ നേരിയ പുരോഗതി കൈവരിച്ചിരുന്നു. മരുന്നുകളോടു ശരീരം പ്രതികരിക്കാനും തുടങ്ങിയിരുന്നു. എന്നാൽ, ഇന്നു പുലർച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ 20ന് മുണ്ടക്കയത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ വണ്ടൻപതാലിൽ വച്ച് സനിൽ സഞ്ചരിച്ച ഓട്ടോ മറിഞ്ഞാണ് സനിലിന് പരുക്കേറ്റത്. അപകടത്തിൽ സുഷുമ്നാ നാഡിക്കും കഴുത്തിനും ഗുരുതര പരുക്കേറ്റിരുന്നു.

അതിസങ്കീർണ്ണമായ ശസ്ത്രക്രിയ സനിലിന് ആവശ്യമായിരുന്നു. ചലനശേഷി വീണ്ടുകിട്ടാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. സനിലിന്റെ ചികിത്സയ്ക്കായി കോട്ടയം പ്രസ് ക്ലബ് ചികിത്സാസഹായ നിധി രൂപീകരിച്ചിരുന്നു. മാദ്ധ്യമപ്രവർത്തകർ ചേർന്ന് സഹായങ്ങളും സ്വരൂപിച്ചു വരികയായിരുന്നു. എന്നാൽ സഹപ്രവർത്തകരുടെയും ഡോക്ടർമാരുടെയും കനിവിന് കാത്തു നിൽക്കാലെ സനൽ ലോകത്തോട് വിടപറയുകയായിരുന്നു.

എല്ലായെപ്പോഴും ഊർജ്ജസ്വലമായി പ്രവർത്തിച്ചിരുന്ന മാദ്ധ്യമപ്രവർത്തകനായിരന്നു സനൽ. സാമൂഹ്യപ്രസ്‌കതിയുള്ള വിഷയങ്ങൾ അടക്കം നിരവധി വിഷയങ്ങൾ സനൽ വാർത്തയായി എത്തിച്ചു. കഞ്ചാവ് പിടിക്കുന്ന കേസുകൾ അതിൽ മാത്രം ഒതുക്കാതെ സ്‌കൂൾ കുട്ടികളെ കഞ്ചാവിന് അടിമകളാക്കുന്ന ഭീകരത ജനങ്ങൾക്കു മുന്നിലേക്ക് എത്തിച്ചത് സനിലായിരുന്നു. വടവാതൂർ സപ്ലൈകോയിൽ പുലർച്ചെ ആരുമറിയാതെ പഴകിയ സാധനങ്ങൾ നശിപ്പിക്കുന്നത് ഉറക്കമിളച്ച് കാത്തിരുന്ന് ദൃശ്യങ്ങൾ പകർത്തി പുറത്തു കൊണ്ടുവന്നു. സഹകരണബാങ്ക് തട്ടിപ്പ്, പാലായിലെ അനാഥമന്ദിരത്തിനു പിന്നിലെ ദുരൂഹത എന്നിങ്ങനെ പല വാർത്തകളും സനിലിലൂടെ ജനങ്ങൾ അറിഞ്ഞു.

റിപ്പോർട്ടർ, ജയ്ഹിന്ദ് ടിവി ചാനലുകളിലായി ന്യൂഡൽഹി, കോട്ടയം, ഇടുക്കി, കൊച്ചി എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു. സാമ്പത്തിക പരാധീനത കടുത്ത വെല്ലുവിളി ഉയർത്തിയ കുടുംബപശ്ചാത്തലത്തിലായിരുന്നു സനിലിന്റെ ജീവിതം മുന്നോട്ടുപോയത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ ബിഎ ചരിത്രവിദ്യാർത്ഥിയായിരിക്കെ, കോളേജ് യൂണിയൻ ചെയർമാനായി. അയൽവാസി കൂടിയായ മുതിർന്ന പത്രപ്രവർത്തകൻ ജോൺ മുണ്ടക്കയം മാദ്ധ്യമപ്രവർത്തകനിലേക്കുള്ള ഉത്തേജനമായി.

ബിരുദത്തിനു ശേഷം കോട്ടയം പ്രസ്‌ക്ലബിൽ ജേർണലിസം കോഴ്സിന് ചേരാൻ സാമ്പത്തികക്ലേശം വിലങ്ങു തടിയായപ്പോൾ, തുണയായി വന്നത് പൈങ്ങന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി പി കെ കുര്യാക്കോസ് എന്ന ഷാജി അച്ചൻ. സമൂഹത്തിന് വെളിച്ചമേകുന്ന മാദ്ധ്യമപ്രവർത്തകനാവാൻ സനിൽ ഫിലിപ്പിന് കഴിയുമെന്ന ഷാജി അച്ചന്റെ നിഗമനവും തെറ്റിയില്ല.സനിലിന്റെ വാർത്തകൾ എപ്പോഴും സാമഹ്യപ്രതിബന്ധത ഉയർത്തിപ്പിടിച്ചുള്ളതായിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി കൊടുത്തു. സമയവും കാലവും നേരവും ഒന്നുമില്ലാത്ത റിപ്പോർട്ടിങ്. ഒരു വാർത്ത അറിഞ്ഞാൽ അതിനൊരു തീർപ്പുണ്ടാവുന്നതു വരെ പിറകേ ഓടുന്ന പ്രകൃതമായിരുന്നു സനലിന്റേത്.

തൊടുപുഴയിലെ ഒരു വൈദീകൻ ഒരു മുസ്ലിം യുവതിയുമായി ഇഷ്ടത്തിലായി. ബന്ധുക്കൾ മാനസികപ്രശ്നം ആരോപിച്ച് വൈദീകനെ ആശുപത്രി സെല്ലിൽ അടച്ചു. അവിടെനിന്നും രക്ഷപെട്ട വൈദീകനും പെൺകുട്ടിയും തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ അഭയം തേടി. പുലർച്ചെ രണ്ടുമണിയോട് അടുപ്പിച്ച് സംഭവമറിഞ്ഞ സനിലും ക്യാമറാമാൻ ലിബിനും കോട്ടയത്ത് നിന്നും തലയോലപ്പറമ്പിലേക്ക്. വാർത്തകൾക്കു വേണ്ടി ഉറക്കം ഉപേക്ഷിച്ചുള്ള ഓട്ടം. വാർത്താസമ്മേളനങ്ങളിലും സനിലിന്റെ ചോദ്യശരങ്ങളുണ്ടാവും. രാഷ്ട്രീയ, സാമുദായിക, സാമൂഹിക പരിഗണനകൾക്ക് അവിടെ ഇടമില്ല. എന്തും ചോദിക്കാനുള്ള ആർജ്ജവം സനൽ എന്ന റിപ്പോർട്ടറുടെ സവിശേഷതയായി. നീണ്ട സൗഹൃദവലയമുള്ള സനലിന്റെ അപ്രതീക്ഷിത വിയോഗം മാദ്ധ്യമ ലോകത്തിന് കടുത്ത ആഘാതമായി. അവിവാഹിതനായ സനൽ ഫിലിപ്പിന് രണ്ട് സഹോദരിമാണ്. ഇവരിൽ ഒരാളുടെ വിവാഹം ഇനിയും കഴിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് സംസ്‌ക്കരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP