Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അതികായൻ അരങ്ങൊഴിഞ്ഞു; കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണി അന്തരിച്ചു; അന്ത്യം ശ്വാസകോശ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് 4.57ന്; വിടവാങ്ങുന്നത് യുഡിഎഫ് സ്ഥാപക നേതാക്കളിൽ ഒരാളും ധനമന്ത്രിയായി ഏറ്റവുമധികം ബജറ്റുകൾ അവതരിപ്പിക്കുകയും ചെയ്ത രാഷ്ട്രീയ നേതാവ്; പാലയുടെ മാണിക്യമായ മാണിസാർ വിടവാങ്ങിയതോടെ തേങ്ങിക്കരഞ്ഞ് പാല നിയോജക മണ്ഡലവും കേരളാ കോൺഗ്രസ് പ്രവർത്തകരും

അതികായൻ അരങ്ങൊഴിഞ്ഞു; കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണി അന്തരിച്ചു; അന്ത്യം ശ്വാസകോശ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് 4.57ന്; വിടവാങ്ങുന്നത് യുഡിഎഫ് സ്ഥാപക നേതാക്കളിൽ ഒരാളും ധനമന്ത്രിയായി ഏറ്റവുമധികം ബജറ്റുകൾ അവതരിപ്പിക്കുകയും ചെയ്ത രാഷ്ട്രീയ നേതാവ്; പാലയുടെ മാണിക്യമായ മാണിസാർ വിടവാങ്ങിയതോടെ തേങ്ങിക്കരഞ്ഞ് പാല നിയോജക മണ്ഡലവും കേരളാ കോൺഗ്രസ് പ്രവർത്തകരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള രാഷ്ട്രീയത്തിലെ കെ.എം.മാണി (86) എന്ന അതികായൻ വിടവാങ്ങി. ശ്വാസകോശ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന കേരള കോൺഗ്രസ് ചെയർമാൻ അന്തരിച്ചു. ഇന്ന് വൈകുന്നേരം 4.57നാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില രാവിലെ മെച്ചപ്പെട്ടെങ്കിലും ഉച്ചയോടെ വീണ്ടും ഗുരുതരമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറഞ്ഞതോടെയാണ് നില വഷളായത്. ഭാര്യ കുട്ടിയമ്മയുടെ കൈകളിൽ പിടിച്ചു കൊണ്ടാണ് മാണി വിട പറഞ്ഞത്.

ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘ നാൾ ആയി ശ്വാസകോശ രോഗത്തിന് ചികിത്സയിൽ ആയിരുന്നു കെഎം മാണി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കെ എം മാണിയുടെ ആരോഗ്യനില ഇന്നലത്തേക്കാളും 20 ശതമാനം മെച്ചപ്പെട്ടതായി ഡോക്ടർമാർ രാവിലെ പ്രതികരിച്ചിരുന്നു. മകൻ ജോസ് കെ മാണി കോട്ടയത്ത് നിന്ന് കൊച്ചിയിലെത്തിയിരുന്നു.

കെ.എം മാണിയുടെ മൃതദേഹം നാളെ (ഏപ്രിൽ 10) ബുധൻ രാവിലെ 9.30 ന് എറണാകുളം ലേക്ക്ഷോർ ആശുപത്രിമാർച്ചറയിൽ നിന്നും  പുറത്തെടുക്കും. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴി കോട്ടയം പാർട്ടി ഓഫിസിൽ 12 ന് എത്തിച്ചേരും. ഇവിടെ അരമണിക്കൂറോളം അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ട്. 12.30 ന് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വയ്ക്കും. രണ്ടിന് തിരുനക്കരയിൽ നിന്നും കളക്ടറേറ്റ്, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ട്പള്ളിയിൽ എത്തിക്കും. 3.30 വരെ ഇവിടെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരം ഉണ്ടാകും. തുടർന്ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ എത്തിക്കുന്ന മൃതദേഹം 4.30 ന് പൊതുദർശനത്തിനു വയ്ക്കും. ഇതിനു ശേഷം ആറിന് പാലായിലെ വീട്ടിലെത്തിക്കും. ഏപ്രിൽ 11 ന് ഉച്ചയ്ക്ക് രണ്ടിന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും, പാലാ കത്തീഡ്രൽ പള്ളിയിൽ സംസ്‌കാരം നടക്കുന്നതുമാണ്. തുടർന്ന് അനുശോചന യോഗം ചേരും.

കെ.എം മാണിയുടെ നിര്യാണത്തിൽ യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കൾ ജോസ് കെ.മാണി എംപിയെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി. കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് യുഡിഎഫിന്റെ കോട്ടയം മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വച്ചു.

രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മരണം വരെ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്നും പലപ്പോഴും പറഞ്ഞിട്ടുണ്ട് മാണി. വിശേഷിച്ച് പിറന്നാൾ വേളകളിൽ അദ്ദേഹം ഇക്കാര്യം ആവർത്തിച്ചിരുന്നു. ജനസേവനത്തിന് ഇനിയും പ്രായം ബാക്കിയുണ്ട്. ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ തനിക്ക് പശ്ചാത്താപമില്ലെന്നും സംതൃപ്നാണെന്നും പറഞ്ഞ മാണി ഒടുവിൽ കാലത്തിന് കീഴടങ്ങിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നത് ഇതാദ്യം

1965 ന് ശേഷം ഇതാദ്യമായി കെ.എം.മാണിയുടെ സാന്നിധ്യമില്ലാത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. മോശം ആരോഗ്യനില കാരണം വീട്ടിൽ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു അദ്ദേഹം. തോമസ് ചാഴിക്കാടനെ കോട്ടയെത്തെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിന്റെ പിറ്റേന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. ഏതാനും അടി നടക്കുമ്പോഴേക്കും ശ്വാസം മുട്ടൽ നേരിട്ടിരുന്നു നേതാവിന്. സംസാരിക്കുന്നതിനിടെ നെഞ്ചിൽ അമർത്തിപ്പിടിക്കുകയും ചുമയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതിന്റെ പിറ്റേന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ സഹധർമിണി അന്തരിച്ചപ്പോൾ അദ്ദേഹത്തെ ഫോണിൽ വിളിച്ച് അൽപനേരം സംസാരിച്ചു. തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നില്ലെങ്കിലും, കാര്യങ്ങളെല്ലാം മകൻ ജോസ്.കെ.മാണിയോട് തിരക്കുന്നുണ്ടായരുന്നു അദ്ദേഹം

'ഞങ്ങൾ ഒരുസുന്ദരിപ്പെണ്ണിനെ പോലെയാണ്. എല്ലാവർക്കും ഞങ്ങളോട് താൽപര്യമുണ്ട്,' 2016 ൽ യുഡിഎഫ് വിട്ടപ്പോൾ മാണി മാധ്യമപ്രവർത്തകരോട് പറഞ്ഞ വാക്കുകൾ. ഒരുപതിറ്റാണ്ട്് നാളത്തെ യുഡിഎഫ് ബന്ധമാണ് മാണി അന്ന് അറുത്തുമാറ്റിയത്. അന്ന് എല്ലാവരുടെ അദ്ദേഹത്തെയും കേരള കോൺ്ഗ്രസിനെയും എഴുതിത്ത്ത്ത്ത്ത്ത്ത്ത്ത്ത്ത്തള്ളി. സ്വന്തം പാർട്ടിയിലെ ഭിന്നതകൾ കൂടിയായതോടെ, അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന് വിരാമമായെന്നും പലരും വിധിയെഴുതി. എന്നാൽ, ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് രണ്ടുവർഷത്തിനുള്ളിൽ വന്നപ്പോൾ എല്ലാവരും പിന്തുണ തേടി ഓടിയത് മാണിയുടെ പിന്നാലെയായിരുന്നു. മാണിക്ക വേണ്ടിയുള്ള മുന്നണികളുടെ വടംവലിയിൽ ഒരിക്കൽ കൂടി യുഡിഎഫ് വിജയിക്കുകയും ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു.

ഏതാനും സീറ്റുകളുടെ വ്യത്യാസത്തിൽ അധികാരം നിർണയിക്കുന്ന കേരള രാഷ്ട്രീയത്തിൽ എക്കാലത്തും കേരള കോൺഗ്രസ് എമ്മിന്റെ വാക്കുകൾക്ക് വിലയുണ്ടായിരുന്നു. 2011 ൽ യുഡിഎഫ് സർക്കാർ രണ്ടുസീറ്റുകളുടെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയപ്പോൾ, 9 എംഎൽഎമാരുമായി മൂന്നാമത്ത വലിയ സഖ്യകക്ഷിയായിരുന്നു കേരള കോൺ്ഗ്രസ്. കൃത്യമായ കണക്കൂകൂട്ടലുകളോടെ സൂക്ഷിച്ച് കാര്യങ്ങൾ നീക്കുന്ന കാര്യങ്ങൾ മുൻകൂട്ടി കണ്ട് നീങ്ങുന്ന കൗശലക്കാരായ രാഷ്ട്രീയക്കാരനായിരുന്നു മാണി. മറ്റുള്ളവർക്ക് ആ കളി കണ്ട് കാത്ത് നിൽക്കാനേ കഴിഞ്ഞിരുന്നുള്ളു. ഇടക്കാലത്ത് അദ്ദേഹത്തെ ഇടതുമുന്നണിയിലേക്ക് അടുപ്പിക്കാൻ ശ്രമിച്ച സിഎമ്മിന് പോലും

ജീവിത ചരിത്രം

മുഴുവൻ പേര് കരിങ്ങോഴക്കൽ മാണി മാണി(ജനനം: ജനുവരി 30, 1933). കേരള കോൺഗ്രസ് (എം) എന്ന പാർട്ടിയുടെ നേതാവായ മാണി പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുന്നു. ഏറ്റവുമധികം തവണ (12 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡ് മാണിക്കാണ്. 2015 നവംബർ 10 ന് ബാർ കോഴ അഴിമതി ആരോപണത്തെത്തുടർന്ന് രാജി വെച്ചു.

കോട്ടയം ജില്ല മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്, മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം. ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴിൽ 1955 ൽ കോഴിക്കോട് അഭിഭാഷകനായി ചേർന്നു. പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി. 1959 ൽ കെപിസിസി യിൽ അംഗം. 1964 മുതൽ കേരള കോൺഗ്രസ്സിൽ. 1975 ലെ അച്ചുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി മന്ത്രി.

1975 ഡിസംബർ 26 ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ.എം മാണി, കേരളത്തിൽ ഏറ്റവും കൂടുത കാലം മന്ത്രിയായിരുന്ന ശ്രീ.ബേബി ജോണിന്റെ റെക്കോർഡ് 7 മന്ത്രിസഭകളിലായി 6061 ദിവസം (17 വർഷം 7 മാസം) 2003 ജൂൺ 22 ന് മറികടന്ന് സ്വന്തം പേരിലാക്കി. പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കോഡും. അച്ചുതമേനോന്റെ ഒരു മന്തിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം)അദ്ദേഹം അംഗമായിരുന്നു.

ഏറ്റവും കൂടുതൽ നിയമ സഭകളിൽ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടർച്ചയായി 11 നിയമസഭകളിൽ അംഗമായ അദ്ദേഹം 4,5,6,7,9,11,13 എന്നീ ഏഴ് നിയമസഭകളിൽ മന്തിയാകാൻ അവസരം ലഭിച്ചു. സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ൽ മന്ത്രിയായിരിക്കെ രാജി വക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയിൽ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്.

ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോർഡും കെ.എം മാണിയുടെ പേരിലാണ്. 1964 ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ പതിമൂന്ന് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും (16.5 വർഷം) ധനവകുപ്പും(6.25 വർഷം) കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. ഏറ്റവും കൂടുതൽ കാലവും (51 വർഷം) ഏറ്റവും കൂടുതൽ തവണയും നിയമസഭാംഗം (13 തവണ), ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോർഡുകളും മാണിയുടെ പേരിലാണ്.

2014-ൽ പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കൈക്കൂലി കൊടുത്തു എന്ന് ബിജു രമേശ് ആരോപണമുന്നയിച്ചു. ബാർ കോഴ കേസിൽ ഇദ്ദേഹത്തെ പ്രതിയാക്കി സംസ്ഥാന വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. ബാർകോഴ കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചു. ഉത്തരവിനെതിരെ വിജിലൻസ് വകുപ്പ് ഹൈക്കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി കേസ് പരിഗണിക്കവെ നടത്തിയ 'മന്ത്രിസ്ഥാനത്ത് കെ.എം മാണി തുടരുന്നത് ജനങ്ങളിൽ ഭീതിയുണ്ടാക്കുമെന്ന' കോടതിയുടെ പരാമർശം പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ രാജിക്ക് സമ്മർദ്ദമേറി. സീസറിന്റെ ഭാര്യ സംശയങ്ങൾക്ക് അതീതയായിരിക്കണമെന്നായിരുന്നു കോടതി പരാമർശം. കേസിലെ പ്രതികൂല കോടതിവിധിയെ തുടർന്ന് മന്ത്രി കെ.എം.മാണി രാജിവെച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP