ക്ഷീരസംഘത്തിൽ പാൽ നൽകി തിരിച്ചു വരവെ ബിനിതിന്റെ ജീവൻ കവർന്നത് പാഞ്ഞുവന്ന കാർ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശ്രീകുമാർ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ
September 10, 2019 | 09:10 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: വെളിയത്ത് യുവാവ് കാറിടിച്ച് മരിച്ചത് ക്ഷീരസംഘത്തിൽ പാൽ നൽകി മടങ്ങിവരവെ. തിങ്കളാഴ്‌ച്ച രാവിലെ ആറരയോടെയാണ് വെളിയം കായില അബിലാഭവനിൽ ബെനിതിന്റെ മരണത്തിലേക്ക് നയിച്ച അപകടം നടന്നത്. കായില എസ്.കെ.വി.സ്‌കൂൾ ബസിലെ ഡ്രൈവറായ നാൽപ്പത്തിരണ്ടുകാരൻ സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോഴാണ് ഇരുവരെയും കാർ ഇടിച്ച് തെറിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വെളിയം ആരൂക്കോണം പുലരി ജങ്ഷനിൽ കൊക്കാട്ട് വീട്ടിൽ ശ്രീകുമാർ(40) ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജിലാണ്.
തിങ്കളാഴ്ച രാവിലെ ആറരയോടെ കൊട്ടാരക്കര-വെളിയം റോഡിൽ അമ്പലക്കര ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. വെളിയം മാവിളയിലുള്ള ക്ഷീരസംഘത്തിൽ പാൽ നൽകിയശേഷം മടങ്ങിവരികയായിരുന്നു ബെനിത്. സുഹൃത്തായ ശ്രീകുമാറിനെ കണ്ട് ബൈക്ക് നിർത്തി ഇരുവരും സംസാരിച്ചുനിൽക്കുമ്പോഴാണ് അപകടം. ഉടൻതന്നെ ഇരുവരെയും മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെ ബെനിത് മരിച്ചു.
പാലത്തറ എൻ.എസ്.ഹോസ്പിറ്റലിലെ നഴ്സ് ധന്യയാണ് ഭാര്യ. മക്കൾ: ഗൗതം കൃഷ്ണ, റോഷൻ കൃഷ്ണ. ശവസംസ്‌കാരം ഇന്ന്. മീയ്യണ്ണൂർ സ്വകാര്യ മെഡിക്കൽ കോളേജിലെ ജീവനക്കാരൻ ഓടിച്ച കാറാണ് ഇരുവരെയും ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു.
