Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിയമജ്ഞനും മുൻ കേന്ദ്രമന്ത്രിയുമായ രാം ജത്മലാനി അന്തരിച്ചു; വിടവാങ്ങുന്നത് സുപ്രിംകോടതിയിൽ ഏറ്റവുമധികം ഫീസ് വാങ്ങിയിരുന്ന ഡെവിൾസ് അഡ്വക്കേറ്റ്; സ്‌കൂൾ വിദ്യാഭ്യാസകാലത്ത് ട്രിപ്പിൾ പ്രമോഷനും 17-ാം വയസ്സിലെ നിയമബിരുദവും നേടിയ വ്യക്തിത്വം; വാജ്പേയ് മന്ത്രിസഭയിലെ നിയമ മന്ത്രി; സുപ്രീംകോടതിയിൽ നടത്തിയത് വിവാദമായ ഒട്ടേറെ കേസുകൾ; വിടവാങ്ങുന്നത് ജ്യൂഡീഷറിക്ക് കരുത്ത് പകർന്ന അത്യുജ്ജ്വല നിയമ പോരാളി

നിയമജ്ഞനും മുൻ കേന്ദ്രമന്ത്രിയുമായ രാം ജത്മലാനി അന്തരിച്ചു; വിടവാങ്ങുന്നത് സുപ്രിംകോടതിയിൽ ഏറ്റവുമധികം ഫീസ് വാങ്ങിയിരുന്ന ഡെവിൾസ് അഡ്വക്കേറ്റ്; സ്‌കൂൾ വിദ്യാഭ്യാസകാലത്ത് ട്രിപ്പിൾ പ്രമോഷനും 17-ാം വയസ്സിലെ നിയമബിരുദവും നേടിയ വ്യക്തിത്വം; വാജ്പേയ് മന്ത്രിസഭയിലെ നിയമ മന്ത്രി; സുപ്രീംകോടതിയിൽ നടത്തിയത് വിവാദമായ ഒട്ടേറെ കേസുകൾ; വിടവാങ്ങുന്നത് ജ്യൂഡീഷറിക്ക് കരുത്ത് പകർന്ന അത്യുജ്ജ്വല നിയമ പോരാളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രാം ജെത്മലാനി അന്തരിച്ചു. 95 വയസ്സായിരുന്നു. ഡൽഹിയിലെ വസതിയിലായിരുന്നു മരണം. ഡെവിൾസ് അഡ്വക്കേറ്റ് എന്നായിരുന്നു ജെത് മലാനിയുടെ വിളിപ്പേര്. ഏതൊരു അഭിഭാഷകനും പ്രചോദനമായിരുന്നു രാം ജത്‌ലാനി. നിയമ അദ്ധ്യാപകനെന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം സ്തുത്യർഹമായിരുന്നു. മഹാനായ അഭിഭാഷകനും സഹായം തേടിയെത്തുന്ന ഏതൊരു അഭിഭാഷകനെയും സഹായിക്കുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. അദ്ദേഹം ഒരു അഭിഭാഷകൻ മാത്രമല്ല, നിയമപോരാളി കൂടിയായിരുന്നു.

ജെത്മലാനി സുപ്രിംകോടതിയിൽ ഒരുകാലത്ത് ഏറ്റവുമധികം ഫീസ് വാങ്ങിയിരുന്ന അഭിഭാഷകനാണ്. രാജ്യത്തെ ഒട്ടനവധി പ്രമാദവും പ്രമുഖവുമായ കേസുകളിൽ ഇദ്ദേഹം ഹാജരായിട്ടുണ്ട്. അടൽ ബിഹാരി വാജ്പേയിയുടെ ബിജെപി സർക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്നു. താൻ ഉയർന്ന ഫീസ് വാങ്ങുന്നുണ്ടെങ്കിലും 90 ശതമാനം സേവനവും സൗജന്യമായിരുന്നുവെന്ന് ജത്മലാനി പറയുന്നു. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് ട്രിപ്പിൾ പ്രമോഷൻ ലഭിച്ച അദ്ദേഹം 17-ാം വയസ്സിൽ നിയമബിരുദം നേടി.

ഏറ്റവും ചെറിയ പ്രായത്തിൽ അഭിഭാഷകനായ വ്യക്തിയാണ് ജെത്മലാനി. ആദ്യ കക്ഷിയിൽ നിന്നും ഒരു രൂപയാണ് ഫീസ് വാങ്ങിയത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഘാതകർക്കായി വാദിച്ചും ഹർഷദ് മേത്ത, കേതൻ പരേഖ് എന്നിവരുടെ കേസ് ഏറ്റെടുത്തും അഫ്സൽ ഗുരുവിന്റെ വധശിക്ഷയ്ക്ക് എതിരെയുള്ള കേസ് വാദിച്ചും അദ്ദേഹം അഭിഭാഷകൻ എന്ന തന്റെ പ്രൊഫഷനോട് നീതി പുലർത്തി. 2ജി സ്പെക്ട്രം കേസിൽ ഡിഎംകെ എംപി കനിമൊഴി, യുണിടെക് എംഡി സഞ്ജയ് ചന്ദ്ര എന്നിവർക്ക് വേണ്ടിയും ഹാജരായത് ഇദ്ദേഹമാണ്.

1988-ലാണ് ആദ്യമായി അദ്ദേഹം രാജ്യസഭാംഗമാകുന്നത്. അന്നുമുതൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുൻനിരയിൽ നിറഞ്ഞു്. 1996ൽ വാജ്പേയി സർക്കാരിൽ നിയമ, നീതിന്യായ, കമ്പനികാര്യ വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് 98ൽ വാജ്പേയി സർക്കാരിന്റെ രണ്ടാം കാലഘട്ടത്തിൽ നഗരകാര്യ, തൊഴിൽ മന്ത്രിയായി. 99ൽ വീണ്ടും നിയമ, നീതിന്യായ, കമ്പനികാര്യ വകുപ്പ് മന്ത്രിയാകുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ആദർശ് സെയ്ൻ, അറ്റോണി ജനറൽ സോളി സൊറാബ്ജി എന്നിവർ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പ്രധാനമന്ത്രി രാം ജെത്മലാനിയോട് മന്ത്രിസ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ അന്നത്തെ ആഭ്യന്തരമന്ത്രി എൽകെ അദ്വാനിയുടെ താൽപര്യപ്രകാരം വീണ്ടും മന്ത്രിസഭയിലെത്തുകയായിരുന്നു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആദ്യം പിന്തുണച്ചു. എന്നാൽ ഇരുവരും പിന്നീട് തെറ്റുകയും ചെയ്തു. കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരായിക്കൊണ്ടാണ് ജത്മലാനി പലപ്പോഴും വാർത്തകൾ സൃഷ്ടിച്ചത്. ഇതിൽ പാർലമെന്റ് കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സൽ ഗുരുവിന്റെ വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വാദിച്ചത് ജെത്മലാനിയായിരുന്നു. ആറാം ലോക്സഭയിലും ഏഴാം ലോക്സഭയിലും മുംബൈയിൽ നിന്ന് ബിജെപിയെ പ്രതിനിധീകരിച്ച് അദ്ദേഹം ലോക്സഭയിലെത്തിയിട്ടുണ്ട്.

2004-ൽ വാജ്പേയിക്കെതിരെ തന്നെ അദ്ദേഹം ലക്നൗവിൽ മത്സരിക്കുകയും ചെയ്തു. ബിജെപിയുമായി ഇണങ്ങിയും പിണങ്ങിയും നീങ്ങിയ അദ്ദേഹത്തെ പാർട്ടി പിന്നീട് രാജ്യസഭാംഗമാക്കുകയും ചെയ്തു. രാജ്യസഭയിൽ നടന്ന മിക്ക ചർച്ചകളിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വളരെയേറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. വിഭജനത്തിന് മുമ്പ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള സിക്കാർപൂരിൽ 1923 സെപ്റ്റംബർ 14-നാണ് രാം ബൂൽചന്ദ് ജത്മലാനി ജനിച്ചത്. അഭിഭാഷനായി കരിയർ ആരംഭിച്ച ജത്മലാനിയുടെ ആദ്യത്തെ പ്രശസ്തമായ കേസ് 1959-ലെ കെഎം നാനാവതി Vs സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്രയാണ്. 2010-ൽ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP