ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് ട്രെയിനിൽ നിന്നും വീണു മരിച്ചു; അപകടം ഉണ്ടായത് ഗുജറാത്തിൽ നിന്നും മടങ്ങി വരവേ എറണാകുളം പുല്ലേപ്പടിയിൽ വെച്ച്; സൗത്ത് സ്റ്റേഷനിൽ ഇറങ്ങാനായി വാതിലിനരികിൽ നിൽക്കവേയാണ് വാതിൽ അടിച്ച് പുറത്തേക്ക് തെറിച്ചുവെന്ന് നിഗമനം; മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ; വിട പറഞ്ഞത് സഭയിൽ നിർണായക സ്വാധീനമുണ്ടായിരുന്ന വ്യക്തി
August 24, 2018 | 07:43 AM IST | Permalink

സ്വന്തം ലേഖകൻ
ചെങ്ങന്നൂർ: ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് (80)ട്രെയിനിൽ നിന്നും വീണു മരിച്ചു. ഗുജറാത്തിൽ നിന്നും ട്രെയിനിൽ നിന്നു മടങ്ങിവരവേ കൊച്ചി പുല്ലേപ്പടിയിൽ വെച്ച് അദ്ദേഹം അപകടത്തിൽ പെടുകയായിരുന്നു. ട്രെയിനിൽ നിന്നും തെറിച്ചു വീണു മരിച്ചുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇറങ്ങാനായി വാതിലിനരികിൽ നിൽക്കവേയാണ് അപകടമുണ്ടായത്. വാതിൽ അടിച്ചുകൊണ്ടാണ് അദ്ദേഹം പുറത്തേക്കു തെറിക്കുകയായിരുന്നു. പുലർച്ചെ 5.30തോടെയാണ് അപകടം ഉണ്ടായത്.
റെയിൽപാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട മെത്രാപ്പൊലീത്തയുടെ മൃതദേഹം നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ് മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിക്കും. ഗുജറാത്തിലെ ബറോഡയിൽ പോയ ശേഷം കേരളത്തിൽ പ്രളയമുണ്ടായപ്പോൾ അദ്ദേഹത്തിന് പെട്ടന്ന് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. സഭയുടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബറോഡയിൽ ഉണ്ട്. 40 വർഷമായി ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തി വരികയായിരുന്നു.
ചെങ്ങന്നൂരിൽ പ്രളയം ഉണ്ടായ സാഹചര്യത്തിലാണ് അദ്ദേഹം ദുരിതാശ്വാസ പ്രവർത്തനങ്ങൽക്കാണ് നാട്ടിലേക്ക് തിരിച്ചതെന്നാണ് വിവരം. നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും ലഭിക്കാതെ വന്നതോടെ രാജധാനി എക്സ്പ്രസിൽ യാത്ര തീരുമാനിക്കുകയായിരുന്നു. ഇപ്പോഴത്തെ കത്തോലിക്കാ ബാവയെ സ്ഥാനാരോഹമണം നടത്തുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയായിരുന്നു മെത്രാപ്പൊലീത്ത. രാഷ്ട്രീയമായ അഭിപ്രായങ്ങൾ കൃത്യമായി പറഞ്ഞിരുന്നു അദ്ദേഹം. ഇന്ന് കോട്ടയത്ത് ചേരുന്ന സുന്നഹദോസിൽ മൃതദേഹം എപ്പോൾ സംസ്ക്കരിക്കും എന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് സഭാ വൃത്തങ്ങൾ അറിയിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയിലെ മുതിർന്ന മെത്രാപ്പൊലീത്തയാണ് അവിചാരിതമായി വിടപറഞ്ഞിരിക്കുന്നത്. അപ്രതീക്ഷിത അപകടത്തിന്റെ ഞെട്ടലിലാണ് വിശ്വാസികൾ. അപകട മരണത്തിൽ മന്ത്രി മാത്യു ടി തോമസ്, പ്രതീപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ അനുശോചിച്ചു.സഭയുടെ ശക്തികേന്ദ്രമായ ചെങ്ങന്നൂരിൽ നിർണായ സ്വാധീനമുള്ള വ്യക്തിയായിരുന്നു തോമസ് മാർ അത്തനാസിയോസ്.
വിദ്യാഭ്യാസ രംഗത്ത് അടക്കം നിർണായകമായ ഇടപെടൽ നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. സഭയിൽ നിർണായക സ്വാധീനമുള്ള അദ്ദേഹത്തിന് വിവിധ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡൽ വികസനത്തെ പ്രകീർത്തിച്ചു കൊണ്ടും അദ്ദേഹം രംഗത്തെത്തിയിരുന്നു. ഗുജറാത്ത് കേരളത്തേക്കാൾ ഒരു പാട് മുന്നിലാണെന്നും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഗുജറാത്ത് നൽകുന്ന പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
