ഐടിഐയിൽ പോയില്ലെന്ന് മാതാപിതാക്കൾ വഴക്കു പറഞ്ഞു; താൻ ഐടിഐയിൽ തന്നെയുണ്ടെന്ന് മറുപടിയും നൽകി; വീട്ടിലെത്തി ബാഗ് വച്ച ശേഷം പുറത്തേക്ക് പോയ ഹിരണിനെ പിന്നെ കണ്ടത് 70 കിലോമീറ്റർ അകലെ കോട്ടയം-ഏറ്റുമാനൂർ പാതയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ: ഏക മകന്റെ നഷ്ടത്തിൽ നെഞ്ചു പൊട്ടി മാതാപിതാക്കൾ
June 12, 2019 | 08:33 PM IST | Permalink

ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പഠിക്കാൻ പോയില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ ശാസിച്ചത് നൊമ്പരമായി. പതിനെട്ടുകാരൻ വീട്ു വിട്ടിറങ്ങി 70 കിലോമീറ്റർ അകലെപ്പോയി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കോന്നി ഇളകൊള്ളൂർ പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിച്ചു വരുന്ന പയ്യനാമൺ അടവിക്കുഴി വടക്കേകര വീട്ടിൽ ഷാജി-സുധാമണി ദമ്പതികളുടെ ഏകമകൻ ഹിരൺ ഷാജി (ആരോമൽ-18) യെയാണ് കോട്ടയത്തെ റെയിൽവേ ട്രാക്കിൽ ട്രെയിൻ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇളകൊള്ളൂർ മന്നം മെമോറിയൽ ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ ഹിരൺ ചൊവ്വാഴ്‌ച്ച ഐടിഐയിൽ പോയിരുന്നില്ലന്നു പറഞ്ഞ് വീട്ടിൽ നിന്ന് ശകാരിച്ചിരുന്നു. എന്നാൽ താൻ ഐടിഐയിൽ തന്നെ ഉണ്ടന്നായിരുന്നു മറുപടി.
വൈകിട്ട് നാലോടെ വീട്ടിലെത്തിയ ഹിരൺ ബാഗും, മൊബൈൽ ഫോണും വീട്ടിൽ വച്ചശേഷം പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് വീട്ടുകാർ ഹിരണിനെ കാണാതായതായി കാണിച്ച് കോന്നി പൊലീസിൽ പരാതി നൽകി. ഇതനുസരിച്ച് ഹിരണിന്റെ ഫോട്ടോ ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശമയച്ചിരുന്നു.രാത്രി 11.30 ഓടെയാണ് കോട്ടയം - ഏറ്റുമാനൂർ പാതയിൽ ഒരു കിലോമീറ്റർ ദൂരത്തായുള്ള തേക്കുപാലം ട്രാക്കിൽ ഹിരണിന്റെ മൃതദേഹം തല വേർപെട്ട നിലയിൽ റെയിൽവേ പൊലീസ് കണ്ടെത്തിയത്. ഗാന്ധി നഗർ പൊലീസിൽ വിവരം അറിയിക്കുകയും, കോന്നി പൊലീസ് നൽകിയ വിവരങ്ങളുടെയും, ഫോട്ടോയുടെയും അടിസ്ഥാനത്തിൽ മൃതദേഹം തിരിച്ചറിയുകയും ചെയ്തത്.
ഗാന്ധിനഗർ പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോന്നിയിൽ നിന്നും എത്തിയ പൊലീസ് സംഘവും, ബന്ധുക്കളും മൃതദേഹം തിരിച്ചറിയുകയായിരുന്നു. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി പത്തനംതിട്ടയിലെ മോർച്ചറിയിലേക്ക് മാറ്റി. വ്യാഴം ഉച്ചയ്ക്ക് പയ്യനാമൺ വടക്കേക്കര വീട്ടുവളപ്പിൽ സംസ്‌ക്കാരം നടത്തും.
സഹോദരി: ഹരിത (ഡൽഹി)
sreelal@marunadanmalayali.com
