Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഎസ്‌ഐ മധ്യകേരള മഹായിടവക മുൻ ബിഷപ് റവ. ഡോ. എം സി മാണി അന്തരിച്ചു; സംസ്‌ക്കാരം നാളെ ചാലുകുന്ന് സിഎസ്‌ഐ കത്തീഡ്രൽ ദേവാലയത്തിൽ

സിഎസ്‌ഐ മധ്യകേരള മഹായിടവക മുൻ ബിഷപ് റവ. ഡോ. എം സി മാണി അന്തരിച്ചു; സംസ്‌ക്കാരം നാളെ ചാലുകുന്ന് സിഎസ്‌ഐ കത്തീഡ്രൽ ദേവാലയത്തിൽ

കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവക മുൻ ബിഷപ് റവ. ഡോ. എം.സി. മാണി (87) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം നാളെ രാവിലെ 11 നു ചാലുകുന്നിലുള്ള സി.എസ്.ഐ. കത്തീഡ്രലിൽ ശുശ്രൂഷയ്ക്കുശേഷം മദ്ബഹയോടു ചേർന്നു പ്രത്യേകം തയാറാക്കിയ കബറിടത്തിൽ നടക്കും. രാവിലെ 8.30 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിക്കും. നഗരികാണിക്കലിനുശേഷമായിരിക്കും ഭൗതികശരീരം പള്ളിയിലെത്തിക്കുക.

ഭാര്യ: പരേതയായ തങ്കമ്മ മാണി. മക്കൾ: റവ. ഡോ. മാണി ചാക്കോ (ബൈബിൾ സൊസൈറ്റി, ജനറൽ സെക്രട്ടറി), കോര മാണി (മുൻ പ്രിൻസിപ്പൽ സി.എം.എസ്. കോളജ്, കോട്ടയം), എം.എം. മാണി (യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ്), ആർക്കിടെക്ട് എം.എം. ഫിലിപ്പ് (സി.എസ്.ഐ. സിനഡ് മുൻ ജനറൽ സെക്രട്ടറി), സൂസൻ മാണി (സി.എം.എസ്. കോളജ് ഹയർ സെക്കൻഡറി സകൂൾ, കോട്ടയം). മരുമക്കൾ: ആച്ചിയമ്മ ചാക്കോ, പ്രഫ. സൂസൻ കോര (സി.എം.എസ്. കോളജ്, കോട്ടയം), പ്രഫ. മിറിയം മാണി (സി.എം.എസ്. കോളജ്), ഡോ. അനില ഫിലിപ്പ് (മെഡിക്കൽ കോളജ് കോട്ടയം), ജോൺ ഏബ്രഹാം (ന്യൂ ഇന്ത്യാ ഇൻഷുറൻസ്). മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ഇന്നു രാവിലെ പതിനൊന്നോടെ കഞ്ഞിക്കുഴിയിലുള്ള മോടയിൽ ഭവനത്തിലെത്തിക്കും.

മല്ലപ്പള്ളി മോടയിൽ പരേതനായ ഡോ. എംപി. ചാക്കോയുടെ പുത്രനാണ്. 1928 ജൂലൈ മൂന്നിനു ജനിച്ച ബിഷപ് മാണി മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്നു ബിരുദം കരസ്ഥമാക്കിയശേഷം ബംഗളുരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽനിന്നു
വൈദികപരിശീലനം നേടി. അമേരിക്കയിലും ജെറുസലേമിലും ഉപരിപഠനം നടത്തിയിട്ടുണ്ട്. 1956 മേയിൽ ബിഷപ് സി.കെ. ജേക്കബിൽനിന്നു ഡീക്കൻ പട്ടവും 1957 മാർച്ചിൽ ബിഷപ് മൈക്കിൾ ഹോളിസിൽനിന്നു പ്രസ്ബിറ്റർ പട്ടവും സ്വീകരിച്ചു. കായംകുളം (കൃഷണപുരം) കൂത്താട്ടുകുളം, മേലുകാവ്, കഞ്ഞിക്കുഴി, കാനം, പള്ളം, കത്തീഡ്രൽ (കോട്ടയം) എന്നീ ഇടവകകളിൽ പട്ടക്കാരനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കത്തീഡ്രൽ വികാരിയായി സേവനം അനുഷ്ഠിക്കുമ്പോഴാണു മഹായിടവക മേൽപ്പട്ടസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 1981 ഫെബ്രുവരി എട്ടിന് സി.എസ്.ഐ. മോഡറേറ്റർ റവ. സോളമൻ ദ്വൊരൈസ്വാമി അദ്ദേഹത്തെ കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ബിഷപായി വാഴിച്ചു.ഈസ്റ്റ് കേരള മഹായിടവക രൂപം പ്രാപിച്ചത് ബിഷപ് എം.സി. മാണിയുടെ പ്രയത്‌നഫലമാണ്. നിലയ്ക്കൽ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ആരംഭത്തിനു മുൻകൈയെടുത്ത സഭാ മേലധ്യക്ഷന്മാരിൽ പ്രധാനിയായിരുന്ന അദ്ദേഹം അതിന്റെ സ്ഥാപകസെക്രട്ടറിയായിരുന്നു.

മഹായിടവക സ്‌കൂൾ കോർപ്പറേറ്റ് മാനേജരായും മൂന്നു പ്രാവശ്യം തുടർച്ചയായി മഹായിടവക കൗൺസിൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1981 ഫെബ്രുവരി എട്ടിനു മധ്യകേരള മഹായിടവക ബിഷപായി അഭിഷേകം ചെയ്യപ്പെട്ടു. കാലം ചെയ്ത വിവരമറിഞ്ഞു സി.എസ്.ഐ. ഡപ്യൂട്ടി മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ, ബിഷപ്. ഡോ.കെ.ജി. ഡാനിയേൽ, ബിഷപ് ധർമ്മരാജ് റസാലം, ബിഷപ് ബി.എൻ. ഫെൻ തുടങ്ങിയവരും സി.എസ്.ഐ. മധ്യകേരള മഹായിടവകയിലെയും മറ്റു മഹായിടവകകളുടെയും വൈദികരും ഭാരവാഹികളും ആശുപത്രിയിലെത്തി ആദരാജ്ഞലികളർപ്പിച്ചു. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഭവനത്തിലെത്തി ശുശ്രൂഷ നടത്തി. സി.എസ്.ഐ. മധ്യകേരള മഹായിടവക എക്‌സിക്യുട്ടീവ് കമ്മറ്റി അടിയന്തരയോഗംകൂടി അനുശോചനം രേഖപ്പെടുത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP