Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാം അന്തരിച്ചു; മരണം വിളിച്ചതു ഷില്ലോങ് ഐഐഎമ്മിൽ പ്രഭാഷണം നടത്തുന്നതിനിടയിൽ ഹൃദയാഘാതം മൂലം; വിടപറഞ്ഞതു ഭാരതരത്‌ന നേടിയ വിശ്രുത ശാസ്ത്രജ്ഞനും മുൻ രാഷ്ട്രപതിയും

മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാം അന്തരിച്ചു; മരണം വിളിച്ചതു ഷില്ലോങ് ഐഐഎമ്മിൽ പ്രഭാഷണം നടത്തുന്നതിനിടയിൽ ഹൃദയാഘാതം മൂലം; വിടപറഞ്ഞതു ഭാരതരത്‌ന നേടിയ വിശ്രുത ശാസ്ത്രജ്ഞനും മുൻ രാഷ്ട്രപതിയും

ഷില്ലോങ്: മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാം അന്തരിച്ചു. 84 വയസായിരുന്നു. ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐഐഎം) നടന്ന സ്വകാര്യ ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രഭാഷണം നടത്തുന്നതിനിടെ ഇന്നു വൈകുന്നേരം 6.52നാണു ഹൃദയാഘാതം ഉണ്ടായത്. ഐഐഎമ്മിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദേഹത്തെ ഷില്ലോങ്ങിലെ ബദാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്ര 8.40ന് അദ്ദേഹം അന്തരിച്ചു.

2002 മുതൽ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു അദ്ദേഹം. ബഹിരാകാശ, പ്രതിരോധ ഗവേഷണ രംഗങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യം ഭാരതരത്‌ന പുരസ്‌കാരവും പത്മഭൂഷൺ പുരസ്‌കാരവും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

1931 ഒക്ടോബർ 15 നു തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ്. തന്റെ ജനകീയ നയങ്ങളാൽ, 'ജനങ്ങളുടെ രാഷ്ട്രപതി' എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25 നു സ്ഥാനമൊഴിഞ്ഞു.

രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് അദ്ദേഹം നിരവധി ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ബഹിരാകാശഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളിൽ കലാം ഉദ്യോഗസ്ഥനായിരുന്നു. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസ്സൈൽ മനുഷ്യൻ എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിങ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുൾകലാം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

2002 ൽ ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തിയാണ് കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും, ഭാരതീയ ജനതാ പാർട്ടിയും ഒരുപോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് & ടെക്‌നോളജിയുടെ വൈസ് ചാൻസലറുമാണ്.

2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ധൻ മാത്രമല്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയാണ്. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്ന ഒന്നാണ്. അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു.

ഭാരതരത്‌ന പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്. ഡോക്ടർ.എസ്.രാധാകൃഷ്ണനും ഡോക്ടർ.സക്കീർ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അർഹരായവർ. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം.

ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു രണ്ടാമൂഴത്തിനു കൂടി കലാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന സമയത്ത് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്നു പറഞ്ഞുകൊണ്ട് ഈ പ്രസ്താവനയെ കലാം തന്നെ പിൻവലിച്ചു.

അഗ്‌നി, പൃഥ്വി മിസൈലുകളുടെ ഉപജ്ഞാതാവായ ഇന്ത്യൻ രാഷ്ട്രപതി, നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടുരേഖപ്പെടുത്തിയ രാഷ്ട്രപതി, ശാസ്ത്രജ്ഞനായിരുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി, അവിവാഹിതനായ ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി, രാഷ്ട്രപതി ഭവനിൽ താമസിക്കുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ എന്നിങ്ങനെ നിരവധി പ്രത്യേകതകളും അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്, ഇവിടെ അദ്ദേഹത്തിന്റെ മുൻഗാമി സർവേപ്പള്ളി രാധാകൃഷ്ണനും. യുദ്ധ വിമാനത്തിൽ യാത്ര ചെയ്ത ഇന്ത്യൻ സർവ്വ സൈന്യാധിപൻ, അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ് എന്നി വിശേഷണങ്ങളും അദ്ദേഹത്തിനു മാത്രം സ്വന്തമാണ്.

മുപ്പതോളം സർവ്വകലാശാലകളിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. 1981ൽ പത്മഭൂഷൺ, 1990ൽ പത്മവിഭൂഷൺ, 1997ൽ ഭാരത രത്‌നം എന്നീ ബഹുമതികൾ അദ്ദേഹത്തിനു ലഭിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP