Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ അഹമ്മദിന്റെ മരണം സ്ഥിരീകരിച്ചത് പുലർച്ചെ 2.15ന്; ഉച്ചവരെ ഡൽഹിയിൽ പൊതുദർശനം; പ്രത്യേക വിമാനത്തിൽ എത്തുന്ന മൃതദേഹത്തിന് ഇന്ന് കരിപ്പൂരും കോഴിക്കോട്ടും ആദരം; വിടപറഞ്ഞത് ഏഴുതവണ എംപിയും അഞ്ച് തവണ എംഎൽഎയും കേന്ദ്ര-കേരളാ മന്ത്രിയുമായിരുന്ന അപൂർവ്വ രാഷ്ട്രീയ പ്രതിഭ

ഇ അഹമ്മദിന്റെ മരണം സ്ഥിരീകരിച്ചത് പുലർച്ചെ 2.15ന്; ഉച്ചവരെ ഡൽഹിയിൽ പൊതുദർശനം; പ്രത്യേക വിമാനത്തിൽ എത്തുന്ന മൃതദേഹത്തിന് ഇന്ന് കരിപ്പൂരും കോഴിക്കോട്ടും ആദരം; വിടപറഞ്ഞത് ഏഴുതവണ എംപിയും അഞ്ച് തവണ എംഎൽഎയും കേന്ദ്ര-കേരളാ മന്ത്രിയുമായിരുന്ന അപൂർവ്വ രാഷ്ട്രീയ പ്രതിഭ

ന്യൂഡൽഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എംപി (78) അന്തരിച്ചു. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് മരണം. ഹൃദയസ്തംഭനത്തെത്തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് പാർലമെന്റിൽ കുഴഞ്ഞ് വീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുലർച്ചെ രണ്ടേകാലോടെ മരണം നടന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇ. അഹമ്മദിന്റെ മക്കളാണ് മരണവാർത്ത മാദ്ധ്യമങ്ങളെ അറിയിച്ചത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം നടന്നുകൊണ്ടിരിക്കെ ഇന്നലെ 11.30നു പാർലമെന്റിൽ കുഴഞ്ഞുവീണ അഹമ്മദിനെ ഉടൻ രാം മനോഹർ ലോഹ്യ ആശുപത്രിയിലെത്തിച്ചിരുന്നു. ഇന്നു രാവിലെ എട്ടു മുതൽ 12 വരെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്കു രണ്ടിനു പ്രത്യേക വിമാനത്തിൽ കരിപ്പൂരിലേക്കു പുറപ്പെടും. വൈകിട്ടു കരിപ്പൂർ ഹജ് ഹൗസിലും തുടർന്നു കോഴിക്കോട് ലീഗ് ഹൗസിലും പൊതുദർശനം. രാത്രിയോടെ കണ്ണൂരിലേക്കു കൊണ്ടുപോകും. കബറടക്കം നാളെ കണ്ണൂരിൽ.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇ. അഹമ്മദ് എംപി.യെ കാണാനെത്തിയ മക്കളെയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ആശുപത്രി അധികൃതർ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് ഡൽഹി ആർ.എം.എൽ. ആശുപത്രിയുടെ മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധവും നടന്നു. അഹമ്മദിന്റെ മക്കൾ പൊലീസിൽ പരാതിപ്പെടുകയും പൊലീസ് ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചെയ്തശേഷമാണ് മരണവിവരം പുറത്തുവരുന്നത്.

25 വർഷം ലോക്‌സഭാഗംവും 18 വർഷം നിയമസഭാംഗവുമായിരുന്നു. 1967, 77, 80, 82, 87 വർഷങ്ങളിൽ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതൽ അഞ്ചുവർഷം വ്യവസായമന്ത്രിയായിരുന്നു. 1991, 96, 98, 99, 2004, 2009, 2014 വർഷങ്ങളിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ മലപ്പുറത്ത് നിന്ന് 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെയാണ് എംപിയായത്. 

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെയാണ് ഇ. അഹമ്മദ് കുഴഞ്ഞു വീണത്. മറ്റ് എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ താങ്ങിയെടുത്ത് പാർലമെന്റിനു പുറത്തെത്തിച്ചു. തുടർന്ന് പ്രത്യേക ആംബുലൻസിൽ റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. ഏഴ് തവണ എംപിയും അഞ്ച് തവണ എംഎൽഎയുമായ ഇ അഹമ്മദ് മന്മോഹൻ സിങ് മന്ത്രിസഭയിൽ വിദേശകാര്യം, റെയിൽവേ,മാനവവിഭവശേഷി വകുപ്പുകളിൽ സഹമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.

82-ലെ കരുണാകരൻ മന്ത്രിസഭയിൽ അഞ്ച് വർഷം വ്യവസായ മന്ത്രിയായും അദ്ദേഹം സാന്നിധ്യമറിയിച്ചു. 1991 മുതൽ തുടർച്ചയായി ലോക്സഭയിലേക്ക് ജയിച്ചു കയറിയ ഇ.അഹമ്മദ് ദേശീയതലത്തിൽ മുസ്ലിംലീഗിന്റെ മുഖം കൂടിയായിരുന്നു. നിലവിൽ മുസ്ലിം ലീഗിന്റെ ദേശീയപ്രസിഡന്റ് കൂടിയാണ് അഹമ്മദ്. അബ്ദുൾ ഖാദർ ഹാജി നസീഫ ബീവി ദമ്പതികളുടെ മകനായി കണ്ണൂരിലെ താണെയിൽ 1938 ഏപ്രിൽ 29-നാണ് അദ്ദേഹം ജനിക്കുന്നത്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ബിരുദം നേടിയ അഹമ്മദ് പിന്നീട് തിരുവനന്തപുരം ലോ കോളേജിൽ നിന്ന് അഭിഭാഷകബിരുദവും സ്വന്തമാക്കി.

തലശേരി ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു. പഠനകാലത്ത് തന്നെ ലീഗിൽ സജീവമായിരുന്ന അഹമ്മദ് ബിരുദപഠനം പൂർത്തിയാക്കിയ ശേഷം മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറി. എംഎസ്എഫിന്റെ സ്ഥാപകനേതാവായ അഹമ്മദ് പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയായും മലബാർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. 1967-ലാണ് അദ്ദേഹം ആദ്യമായി തിരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎ ആവുന്നത്. പിന്നീട് 1977,1980,1982,1987 എന്നീ വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1979 മുതൽ നാലുവർഷം കണ്ണൂർ നഗരസഭയുടെ ചെയർമാനായിരുന്നു. എംഎ‍ൽഎ.യും മന്ത്രിയുമായ ശേഷം വീണ്ടും കണ്ണൂർ നഗരസഭാ കൗൺസിലിലേക്ക് മത്സരിച്ച് പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമായ ചരിത്രവും അഹമ്മദിനുണ്ട്. 1982ൽ അഹമ്മദ് താനൂരിൽനിന്നു നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച് വ്യവസായമന്ത്രിയായി. പിന്നീട് എംഎ‍ൽഎ. ആയിരിക്കെ 1988ൽ വീണ്ടും കണ്ണൂർ നഗരസഭയിലേക്ക് മത്സരിച്ചു. വീണ്ടും നഗരസഭാ ചെയർമാൻ ആവുമെന്ന് കരുതിയെങ്കിലും കോൺഗ്രസ്സിലെ എൻ. രാമകൃഷ്ണനാണ് അക്കുറി ചെയർമാനായത്.

1991-ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. മഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി.വേണുഗോപാലിനെ 90,000- വോട്ടുകൾക്ക് തോൽപിച്ചു കൊണ്ടായിരുന്നു അഹമ്മദിന്റെ ലോക്സഭാ അരങ്ങേറ്റം. 1996-ലും 1998-ലും 1999-ലും മഞ്ചേരിയിൽ വിജയം ആവർത്തിച്ചു. 2004-ൽ പൊന്നാന്നിയിലേക്ക് അഹമ്മദ് കളം മാറ്റിയെങ്കിലും അവിടെയും വിജയം അദ്ദേഹത്തെ തുണച്ചു എന്നാൽ ലീഗ് കോട്ടയായ മഞ്ചേരി ടികെ ഹംസയിലൂടെ എൽഡിഎഫ് പിടിച്ചെടുത്തു. അക്കുറി ആകെയുള്ള 20 ലോക്സഭാ സീറ്റുകളിൽ 19-ഉം എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ യുഡിഎഫിന്റെ മാനം കാത്തത് അഹമ്മദാണ്. അന്തരിച്ച സുഹ്‌റാ അഹമ്മദാണ് ഭാര്യ. മക്കൾ: റയീസ് അഹമ്മദ്, നസീർ അഹമ്മദ്,ഡോ.ഫൗസിയ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP