Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്പീക്കർ ജി കാർത്തികേയൻ അന്തരിച്ചു; വിടപറഞ്ഞത് കോൺഗ്രസിലെ ആദർശവാനായ ഗർജിക്കുന്ന സിംഹം: സംസ്ഥാനത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം

സ്പീക്കർ ജി കാർത്തികേയൻ അന്തരിച്ചു; വിടപറഞ്ഞത് കോൺഗ്രസിലെ ആദർശവാനായ ഗർജിക്കുന്ന സിംഹം: സംസ്ഥാനത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം

ബംഗളുരു: കേരള രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായ സ്പീക്കർ ജി കാർത്തികേയൻ അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. കരളിലെ കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സ്പീക്കറുടെ അന്ത്യം ഇന്ന് രാവിലെ 10.40ന് ബംഗളുരുവിലെ ഹെൽത്ത് കെയർ ഗ്ലോബൽ ആശുപത്രിയിലായിരുന്നു. രാവിലെയോടെ ആരോഗ്യനില കൂടുതൽ വഷളായതായി ഡോക്ടർമാർ അറിയിച്ചിരുന്നു. ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. 17 ദിവസമായി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഐ സി യുവിലെ വെന്റിലേറ്ററിലായിരുന്നു. ശനിയാഴ്ച രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ശരീരം മരുന്നുകളോട് പ്രതികരിക്കാതാവുകയും ചെയ്തു. തുടർന്നായിരുന്നു അന്ത്യം. ഭാര്യ ഡോ. സുലേഖയും മക്കളായ അനന്തപത്മനാഭനും ശബരീനാഥനും മരണ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നു.

കാർത്തികേയന്റെ മരണവാർത്ത അറിഞ്ഞതോടെ മുഖ്യമന്ത്രി ഔദ്യോഗികപരിപാടികളെല്ലാം റദ്ദാക്കി. എ കെ ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കളും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.  ബാംഗ്ലൂരിൽ നിന്നും നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രത്യേക വിമാനത്തിൽ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്ന് ഗാർഡ് ഓഫ് ഓണറിനു ശേഷം തുറന്ന കെ.എസ്.ആർ.ടി.സി ബസിൽ അദ്ദേഹത്തിന്റെ വസതിയായ നീതിയിലേക്ക് കൊണ്ടുവന്നു. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിൽ വിലാപയാത്രയിയായാണ് സ്പീക്കറുടെ ഔദ്യോഗിക വസതിയിൽ എത്തിച്ചത്. ഭാര്യ, മകൻ, ബന്ധുക്കൾ എന്നിവർക്കൊപ്പം മന്ത്രിമാരായ രമേശ് ചെന്നിത്തല, എം.കെ മുനീർ എന്നിവരും മൃതദേഹത്തെ അനുഗമിച്ചു.

നാളെ രാവിലെ 9 മണിക്ക് നിയമസഭാ മന്ദിരത്തിലും 10 മണിക്ക് കെപിസിസി ഓഫീസിലും 11 മണിക്ക് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും പൊതുദർശനത്തിന് വയ്ക്കും. 12 മണിക്ക് ആര്യനാട്ടേക്ക് തിരിക്കും. ആര്യനാട് ഗവമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 3.30 വരെയും 4 മണിക്ക് ശാസ്തമംഗലത്തുള്ള അദ്ദേഹത്തിന്റെ സ്വകാര്യ വസതിയായ അഭയയിലും പൊതുദർശനത്തിന് വയ്ക്കും. ഇവിടെ വച്ച് കർമങ്ങൾ നടത്തിയതിനു ശേഷം ആറുമണിക്ക് തൈക്കാട് ശാന്തികവാടത്തിലേയ്ക്ക് കൊണ്ടുപോകും. അവിടെ സംസ്ഥാന ബഹുമതി അർപ്പിച്ച ശേഷം 6.30 ന് സംസ്‌കരിക്കും.

കഴിഞ്ഞ ഒക്ടോബറിലാണ് കാർത്തികേയൻ അസുഖ ബാധിതനാണെന്ന വിവരം പുറത്തുവന്നത്. കരളിൽ കാൻസർ ആണെന്ന വിവരമാണ് പുറത്തുവന്നത്. തുടർന്നാണ് അദ്ദേഹം വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളിലും അദ്ദേഹം ചികിത്സ തേടിയിരുന്നു. തുടർന്ന് ഡൽഹിയിലും പരിശോധനകൾ നടത്തിയിരുന്നു. കാനഡയിലുള്ള മകന്റെ നിർദ്ദേശപ്രകാരമാണ് അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകാൻ തീരുമാനിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അദ്ദേഹത്തെ അന്ന് അനുഗമിച്ചിരുന്നു.

കെ കരുണാകരന്റെ പ്രധാന ശിഷ്യനായി കോൺഗ്രസ് രാഷ്ട്രീയത്തിലെ പടവുകൾ ചവിട്ടി കയറിയ കാർത്തികേയനാണ് തിരുത്തൽ വാദത്തിന്റെ മുന്നണി പോരാളി. മകൻ കെ മുരളീധരനെ രാഷ്ട്രീയത്തിലേക്ക് ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളെ തിരുത്തൽ വാദമയുർത്തി കാർത്തികേയൻ എതിർത്തു. രമേശ് ചെന്നിത്തലയായിരുന്നു കാർത്തികേയനൊപ്പം അന്ന് ഈ ഗ്രൂപ്പിന്റെ മുൻനിരയിലുണ്ടായത്. ഇന്ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രകടമായ അധികാര രാഷ്ട്രീയത്തിന് മാറ്റം വരുത്തിയതും ഈ തിരുത്തൽവാദ പോരാട്ടമായിരുന്നു.

കരുണാകരനെ വിട്ട് സ്വതന്ത്ര നിലപാടുമായി മുന്നേറുമ്പോഴും ജനകീയ പരിവേഷത്തോടെ നിയമസാഭാ തെരഞ്ഞെടുപ്പുകളിൽ ജയിച്ചു കയറാൻ കാർത്തികേയനായി. തിരുവനന്തപുരത്തെ മലയോര നിയോജക മണ്ഡലമായ ആര്യാനാട്ട് നിന്ന് തോൽവയറിയാതെ കാർത്തികേയൻ നിയമസഭയിൽ എത്തി. രാഷ്ട്രീയത്തിനൊപ്പം സാമൂഹികരാഷ്ട്രീയസാഹിത്യ മണ്ഡലങ്ങളിലും സജീവമായി. ഏഴുത്തും വായനയും കാർത്തികേയന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. എല്ലാ സിനിമകളും മുടങ്ങാതെ കാണുമെന്ന പ്രത്യേകതയുമുണ്ടായിരുന്നു.

സാമൂഹിക പ്രശ്‌നത്തിൽ ഭയപ്പാട് കൂടാതെ നിലപാട് വിശദീകരിക്കുകയും ചെയ്തു. ഗാന്ധിയെ അപമാനിച്ച വിഷയത്തിൽ അരുന്ധതീ റോയിയുമായി കാർത്തികായൻ നടത്തിയ സംവാദം ചർച്ചകൾക്ക് വഴിവച്ചു. മൂന്നരക്കൊല്ലം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ മന്ത്രിയായി കാർത്തികേയൻ ഉണ്ടാകുമെന്ന് ഏവരും കരുതി. പക്ഷേ ഗ്രൂപ്പ് സമവാക്യങ്ങളിൽ നിന്ന് മാറി നിന്ന കാർത്തികേയനെ മന്ത്രിയാക്കാൻ ആരും താൽപ്പര്യം കാട്ടിയില്ല. ഒടുവിൽ എകെ ആന്റണി ഇടപെട്ട് സ്പീക്കറാക്കി. സ്പീക്കറെന്ന നിലയിൽ മുന്നിൽ വന്ന പ്രതിസന്ധികളെയെല്ലാം സമചിത്തതയോടെ കാർത്തികേയൻ മറികടന്നു.

71 എംഎൽഎമാരുടെ പിന്തുണയുമായി അധികാരത്തിലെത്തിയ ഉമ്മൻ ചാണ്ടി സർക്കാരിന്റെ സഭയിലെ യാത്ര നൂൽപ്പാലത്തിലൂടെയായിരുന്നു. ഭരണകക്ഷി എംഎൽഎമാരുടെ ഭൂരിപക്ഷം ഉറപ്പാക്കി വോട്ടെടുപ്പുകൾ നടത്താൻ കാർത്തികേയൻ ശ്രദ്ധിച്ചു. തലയെണ്ണൽ വിവാദത്തിൽ വീഡിയോ പരിശോധന പോലും വേണ്ടി വന്നു. അങ്ങനെ തന്റെ തീരുമാനങ്ങൾ നിഷ്പക്ഷമാണെന്ന് കാർത്തികേയൻ തെളിയിച്ചു. ശക്തമായ റൂളിങ്ങുകൾ നൽകി. പ്രതിപക്ഷവും രാഷ്ട്രീയമായി ഒരു ഘട്ടത്തിലും കാർത്തികേയനെ കടന്നാക്രമിച്ചില്ല.

കരൾ രോഗത്തിന്റെ ആകുലതകൾ എത്തിയപ്പോൾ തന്നെ സ്പീക്കർ പദവി ഒഴിയാൻ കാർത്തികേയൻ ആഗ്രഹിച്ചു. മന്ത്രിയാകാനുള്ള മോഹം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അറിയിച്ചു. എന്നാൽ കാർത്തികേയനെ കെപിസിസി അധ്യക്ഷനാക്കാനായിരുന്നു ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യം. എന്നാൽ സുധീരന് അനുകൂലമായി കോൺഗ്രസ് ഹൈക്കമാണ്ട് തീരുമാനം വന്നപ്പോൾ കാർത്തികേയന് സ്പീക്കർ പദവിയിൽ തുടരേണ്ടി വന്നു. സ്പീക്കർ പദമൊഴിയാനുള്ള സന്നദ്ധത അതു കഴിഞ്ഞ വാർത്താ സമ്മേളനത്തിലൂടെ കാർത്തികേയൻ തന്നെ നൽകി. ഇതിനിടെയാണ് രോഗം കലശലാകുന്നത്.

നാട്ടിൻപുറത്തെ ശീലങ്ങളെ എന്നും സ്‌നേഹിച്ച കാർത്തികേയൻ കരൾ രോഗത്തിന്റെ ആദ്യ ഘട്ടത്തിലും ഇംഗ്ലീഷ് ചികിൽസയ്ക്ക് തയ്യാറായില്ല. ഒരു മാസത്തോളം ആയുർവേദ ചികിൽസ നടത്തി. ഒടുവിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേയും ശക്തമായ സമ്മർദ്ദത്തിന് വഴങ്ങിയാണ് ആധുനിക ചികിൽസയ്ക്ക് കാർത്തികേയൻ തയ്യാറായത്. അപ്പോഴേയ്ക്കും രോഗം കലശലായി. കരൾ മാറ്റിവയ്ക്കാൻ അമേരിക്കയിലെ മയോക്ലീനിക്കിലെത്തിയെങ്കിലും ഡോക്ടർമാർ അതിന് തയ്യാറായില്ല. മരുന്നുകൾ മാറ്റി ചികിൽസാ രീതി പരീ്ഷിച്ചു. വീണ്ടും ആരോഗ്യം വീണ്ടെടുത്ത് പൊതു വേദികളിൽ സജീവമായി. രോഗത്തിന്റെ ആകുലതകൾ ഉള്ളിലൊതുക്കി മണ്ഡലത്തിലെ വികസനത്തിൽ സജീവമായി. ഇതിനിടെയാണ് വീണ്ടും രോഗം കലശലാകുന്നതും ബംഗളൂരുവിലേക്ക് മാറ്റിയതും. അപ്പോഴേയ്ക്കും രക്ഷപ്പെടാനുള്ള സാധ്യതയെല്ലാം അവസാനിച്ചിരുന്നു.

1995ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001ലെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യപൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ കോൺഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. 1949 ജനുവരി 20ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ എൻ.പി ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മകനായി ജനനം. ബിരുദത്തിന് ശേഷം എൽഎൽ.ബിയും പൂർത്തിയാക്കി. കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. 1978ൽ കോൺഗ്രസിലുണ്ടായ പിളർപ്പിൽ കാർത്തികേയൻ കെ. കരുണാകരനൊപ്പം അടിയുറച്ചു നിന്നു.

കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം 1980ൽ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. വർക്കല മണ്ഡലത്തിൽ വർക്കല രാധാകൃഷ്ണനോടായിരുന്നു തോൽവി. 1982ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ മത്സരിച്ച ഇദ്ദേഹം സിപിഐ(എം) നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. എന്നാൽ 1987ൽ ഇതേ മണ്ഡലത്തിൽ എം.വിജയകുമാറിനോട് പരാജയപ്പെട്ടു. ഈ സമയത്താണ് തിരുത്തൽ വാദവുമായി കരുണാകരനുമായി ഉടക്കുന്നത്. ഇതോടെ കാർത്തികേയൻ എന്ന നേതാവ് മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് തുടർച്ചയായി അഞ്ചു തവണ ജി. കാർത്തികേയൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വർഷങ്ങളിൽ ആര്യനാട് നിന്നും 2011ൽ അരുവിക്കരയിൽ നിന്നുമാണ് നിയമസഭയിലെത്തിയത്. 1991ൽ ഇടത് രാഷ്ട്രീയത്തിലെ അതികായരിലൊരാളായ ആർഎസ്‌പിയുടെ കെ പങ്കജാക്ഷനെയാണ് കാർത്തികേയൻ അരുവിക്കരയിൽ തോൽപ്പിച്ചത്. പിന്നെയെന്നും മണ്ഡലം കാർത്തികേയനെ കൈവിട്ടില്ല. ആര്യനാട് രൂപം മാറി അരുവിക്കരയായപ്പോഴും വൻ ഭൂരിപക്ഷത്തിൽ ആർഎസ്‌പി സ്ഥാനാർത്ഥി അമ്പലത്തറ ശ്രീധരൻനായരം കാർത്തികേയൻ മറികടന്നു. കേരളാ യൂണിവേഴ്‌സിറ്റിയിൽ പരീക്ഷാ കൺട്രോളറായിരുന്ന ഡോ. എം ടി. സുലേഖയാണ് ഭാര്യ . കെ.എസ്. അനന്തപത്മനാഭൻ, കെ.എസ്. ശബരിനാഥൻ എന്നിവർ മക്കളാണ്.

സംസ്ഥാനത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം

സ്പീക്കർ ജി കാർത്തികേയനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് സർക്കാർ ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, നെഗോഷ്യേബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇന്ന് ഉച്ചയ്ക്കുശേഷം അവധി നൽകി. അതേസമയം പബ്ലിക് സർവീസ് കമ്മീഷൻ, സർവകലാശാലകൾ എന്നിവ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല. ഇന്നും നാളെയും ദേശീയപതാക പകുതി താഴ്‌ത്തിക്കെട്ടും. നാളെ വൈകുന്നേരം 6.30 ന് തൈക്കാട് ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ കാർത്തികേയന്റെ സംസ്‌കാരം നടക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP