Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് ഇന്ത്യ കണ്ട ഏറ്റവും മികച്ച നിയമജ്ഞനും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗവും

ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് ഇന്ത്യ കണ്ട ഏറ്റവും മികച്ച നിയമജ്ഞനും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നീതിയുടെ തീക്ഷ്ണ ജ്വാല അണഞ്ഞു.. ഇന്ത്യ കണ്ട ഏറ്റവും വലിയ നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അന്തരിച്ചു. നൂറ് വയസ്സായിരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെ് ഇന്ന് ഉച്ചക്ക് ശേഷം മൂന്നരയോടെയായിരുന്നു അന്ത്യം. വാർദ്ധക്യസഹചമായ അസുഖങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ശരീരത്തിന് ക്ഷീണവും വയറിളക്കവും വിശപ്പില്ലായ്മയും മൂലം പത്ത് ദിവസം മുമ്പാണ് കൃഷ്ണയ്യരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് രാത്രി തന്നെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. ശ്വാസനാളത്തിൽ അണുബാധയുണ്ടായിട്ടുണ്ടെന്നും കിഡ്‌നിക്ക് തകരാറിലായിട്ടുണ്ടെന്നും കണ്ടെത്തി. ഞായറാഴ്ചയോടെ നില അതീവ ഗുരുതരാവസ്ഥയിലുമായി. ഇന്ന് വൈകീട്ട് മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതർ മരണവിവരം അറിയിക്കുകയായിരുന്നു.

സുപ്രീംകോടതി ജഡ്ജിയായ രാഷ്ട്രീയക്കാരനായിരുന്നു കൃഷ്ണയ്യർ. 1957ലെ ആദ്യ കേരള നിയമസഭയിൽ എംഎൽഎയും ഇ എം എസ് സർക്കാരിൽ ആഭ്യന്തര വകുപ്പുൾപ്പെടെ കൈകാര്യം ചെയ്ത വ്യക്തിയാണ് കൃഷ്ണയ്യർ. രാഷ്ട്രീയക്കാരൻ എന്നതിൽ ഉപരി ഭരണഘടനാ വിദഗ്ദനെന്ന നിലയിലാണ് കൃഷ്ണയ്യറെ ലോകം ആദരിച്ചിരുന്നത്.

വൈദ്യനാഥപുരം രാമയ്യർ കൃഷ്ണയ്യർ എന്ന വി ആർ കൃഷ്ണയ്യർ 1915 നവംബർ 15ന് പൂയം നാളിൽ പിറന്നു. പാലക്കാട് വൈദ്യനാഥപുരത്ത് അഭിഭാഷകനായിരുന്ന വി.വി. രാമയ്യരുടെയും നാരായണി അമ്മാളിന്റെയും മകൻ. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റും അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എ.യും ജയിച്ചു. കൃഷ്ണയ്യർ തന്റെ ബാല്യകാലം ചിലവഴിച്ചത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് രാമചന്ദ്ര അയ്യർ കൊയിലാണ്ടി, കോഴിക്കോട്, തലശ്ശേരി കോടതികളിലെ തിരക്കേറിയ അഭിഭാഷകനായിരുന്നു. കൊയിലാണ്ടിയിലെ കോതമംഗലത്തെ അദ്ദേഹത്തിന്റെ വസതി ഈ അടുത്തകാലം വരെ നിലനിന്നിരുന്നു. കോതമംഗലം എൽപി സ്‌കൂളിലാണ് ശ്രീ കൃഷ്ണയ്യർ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

അണ്ണാമലൈ യൂണിവേഴ്‌സിറ്റി, മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിൽ പഠിച്ച് തുടർന്ന് അഭിഭാഷകനായ അദ്ദേഹം 1952ൽ മദ്രാസ് നിയമസഭാംഗവും 1957ൽ കേരള നിയമസഭാംഗവുമായി. 1938 ൽ മലബാർ, കൂർഗ് കോടതികളിൽ അഭിഭാഷകനായി. കമ്യൂണിസ്റ്റ്കാർക്ക് നിയമസഹായം നൽകിയെന്ന കേസിൽ 1948 ൽ ഒരുമാസത്തോളം ജയിലിലായി. ഇങ്ങനെയാണ് കമ്മ്യൂണിസ്റ്റ് നേതൃത്വവുമായി അടുക്കുന്നത്. ഇത് പാർലമെന്ററീ ജനാധിപത്യത്തിലേക്ക് എത്തിച്ചു. 1952 ൽ കൂത്തുപറമ്പിൽ നിന്ന് മദ്രാസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1957 ൽ, ഐക്യകേരളത്തിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ നിന്ന് ഇടതുസ്വതന്ത്രനായി നിയമസഭയിലെത്തി.

കേരളത്തിലെ ആദ്യ സർക്കാരായ ഇ എം എസ് മന്ത്രി സഭയിൽ ആഭ്യന്തരം, നിയമം, ജയിൽ, വൈദ്യുതി, സാമൂഹികക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. വിമോചനസമരത്തെ തുടർന്ന് മന്ത്രിസഭ പിരിച്ചുവിട്ടപ്പോൾ 1959ൽ വീണ്ടും അഭിഭാഷകന്റെ
കുപ്പായമിട്ടു. 1968ൽ ഹൈക്കോടതി ജഡ്ജിയും 1970ൽ ലോ കമ്മിഷൻ അംഗവുമായി. 1973 ൽ പാവങ്ങൾക്ക് നിയമസഹായം ലഭ്യമാക്കാനുള്ള രൂപരേഖ തയ്യാറാക്കാനുള്ള കേന്ദ്രസമിതിയുടെ അധ്യക്ഷനും 1973 ജൂലായിൽ സുപ്രീംകോടതി ജഡ്ജിയുമായി. അദ്ദേഹത്തിന്റെ സുപ്രധാന വിധികൾ രാജ്യത്തിന് പുറത്തുപോലും ചർച്ചയായി. പലതും നിയമപാഠങ്ങളായി. 1980 നവംബർ 14ന് വിരമിച്ചു. 1987ൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ആർ.വെങ്കിട്ടരാമനെതിരെ മത്സരിച്ചു.

നിയമതത്ത്വങ്ങളേയും അവയ്ക്ക് മനുഷ്യാവകാശവുമായുള്ള ബന്ധത്തേയും കുറിച്ച് കൃഷ്ണയ്യർ രചിച്ച ഗ്രന്ഥങ്ങൾ നിയമഗ്രന്ഥരചനാശാഖയിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്നു. എഴുപതിൽപരം പുസ്തകങ്ങൾ എഴുതി. കൂടുതലും നീതിന്യായം, നിയമം എന്നീമേഖലയിലേതാണ്. മൂന്ന് യാത്രാവിവരണങ്ങളും മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പുസ്തകവും ഇതിൽ വേറിട്ട് നിൽക്കുന്നു. 'വാണ്ടറിങ് ഇൻ മെനി വേൾഡ്‌സ്' ആണ് ആത്മകഥ. 'ഡെത്ത് ആൻഡ്‌ ആഫ്റ്റർ' എന്ന കൃതിയാണ് പുസ്തകങ്ങളിൽ ശ്രദ്ധേയം.

സോവിയറ്റ് ലാന്റ് നെഹ്‌റു അവാർഡും ശ്രീ ജഹാംഗീർ ഗാന്ധി മെഡൽ ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1995ൽ ഇന്റർനാഷണൽ ബാർ കൗൺസിൽ കൃഷ്ണയ്യർക്ക് 'ലിവിങ്ങ് ലജന്ഡ് ഓഫ് ലോ'എന്ന ബഹുമതി നൽകി ആദരിച്ചു. ഇന്ത്യൻ പ്രസിഡന്റിൽ നിന്നും പത്മ വിഭൂഷൺ ബഹുമതിയും, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ 'ഓർഡർ ഓഫ് ഫ്രൺട്ഷിപ്പ്' നൽകിയും ആദരിച്ചിട്ടുണ്ട്. 'നിയമലോകത്തെ ജീവിക്കുന്ന ഇതിഹാസ'മെന്ന ബഹുമതി നൽകി ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് ആദരിച്ചു. മൂന്ന് സർവകലാശാലകളുടെ ഡോക്ടറേറ്റടക്കം ധാരളം അംഗീകാരങ്ങളും ഫെലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്

സാമൂഹ്യപ്രവർത്തകയായിരുന്ന ഭാര്യ ശാരദ 1974ൽ മരിച്ചു. മൂത്തമകൻ രമേശ് യുഎസ്സിലാണ്, ഇളയമകൻ പരമേശ് ചെന്നൈയിലും.

  • വി ആർ കൃഷ്ണയ്യർക്ക് ചുവടേയുള്ള കമന്റ് ബോക്‌സിൽ ആദരാഞ്ജലി അർപ്പിക്കാം.. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP