Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ജേക്കബ് അന്തരിച്ചു; അന്ത്യം പാലായിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ; വിടവാങ്ങിയത് രണ്ട് തവണ മേഘാലയ ഗവർണ്ണറും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായി പ്രവർത്തിച്ച രാഷ്ട്രീയ വ്യക്തിത്വം; രാജ്യസഭാ ഉപാദ്ധ്യക്ഷനായ ആദ്യ മലയാളി; അദ്ധ്യാപകനായും അഭിഭാഷകനായും സഹകാരിയായും വ്യത്യസ്ത റോളുകളിൽ തിളങ്ങി; വേർപാട് രാമപുരത്തെ കുടുംബവീട്ടിൽ വിശ്രമജീവിതം നയിക്കുന്നതിനിടെ

മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ജേക്കബ് അന്തരിച്ചു; അന്ത്യം പാലായിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ; വിടവാങ്ങിയത് രണ്ട് തവണ മേഘാലയ ഗവർണ്ണറും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായി പ്രവർത്തിച്ച രാഷ്ട്രീയ വ്യക്തിത്വം; രാജ്യസഭാ ഉപാദ്ധ്യക്ഷനായ ആദ്യ മലയാളി; അദ്ധ്യാപകനായും അഭിഭാഷകനായും സഹകാരിയായും വ്യത്യസ്ത റോളുകളിൽ തിളങ്ങി; വേർപാട് രാമപുരത്തെ കുടുംബവീട്ടിൽ വിശ്രമജീവിതം നയിക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ജേക്കബ് അന്തരിച്ചു. 92 വയസ്സായിരുന്നു. മേഘാലയ ഗവർണ്ണർ ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷ പദവിയും അലങ്കരിച്ചു. ഏറെ നാളായി വാർദ്ധക്യ സഹജമായ അസുഖം കാരണം വിശ്രമത്തിലായിരുന്നു ജേക്കബ്. കേരളത്തിൽ നിന്ന് കോൺഗ്രസിന്റെ ദേശീയ മുഖമായി മാറിയ ജേക്കബ് കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായിട്ടുണ്ട്.

പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളിൽ ഒരാളായ എം.എം ജേക്കബ് ദേശീയ തലത്തിൽ വ്യക്തിമുദ്ര പതിച്ച നേതാവായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ മലയാളി കൂടിയാണ് എം.എം ജേക്കബ്. കേന്ദ്രത്തിൽ പാർലമെന്ററികാര്യം, ജലവിഭവം, ആഭ്യന്തരം എന്നീ വകുപ്പുകളിൽ സഹമന്ത്രിയായിരുന്നു. 1982ലും 88ലും രാജ്യസഭാംഗമായി 1986ൽ രാജ്യസഭാ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ രാജ്യത്തിന്റെ പ്രതിനിധിയായി. 1985ലും 1993ലും യു.എൻ.ജനറൽ അസംബ്ലിയിൽ ജേക്കബ്ബിന്റെ ശബ്ദംമുഴങ്ങി. 1995ലും 2000ലുമായി രണ്ടുതവണ മേഘാലയ ഗവർണറായിരുന്നു.

സാമൂഹികസേവകൻ, അദ്ധ്യാപകൻ, അഭിഭാഷകൻ, സംഘാടകൻ, പരിശീലകൻ, രാഷ്ട്രീയനേതാവ്, ഭരണാധികാരി, പ്രസംഗകൻ, സഹകാരി, കായികതാരം ഇവയെല്ലാമായിരുന്ന അദ്ദേഹം കുറേനാളുകളായി രാമപുരത്തെ കുടുംബവീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെ വച്ച് മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ പരേതയായ തിരുവല്ല കുന്നുതറ അച്ചാമ്മ. മക്കൾ: ജയ, ജെസ്സി, എലിസബത്ത്, ടിറ്റു.

1928 ഓഗസ്റ്റ് 9നാണ് എംഎം ജേക്കബിന്റെ ജനനംമുണ്ടക്കൽ മാത്യു ജേക്കബ് എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. കോട്ടയം ജില്ലയിലെ രാമപുരം എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഉലഹന്നാൻ മാത്യൂ, റോസമ്മ മുണ്ടക്കൽ എന്നിവരാണ് മാതാപിതാക്കൾ.] തിരുവല്ല സ്വദേശിയായ അച്ചാമ്മ കുന്നുതറയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. ജയ, ജെസ്സി, എലിസബത്ത്, റേച്ചൽ എന്നിങ്ങനെ നാലു പെണ്മക്കളാണ് ഇദ്ദേഹത്തിനുള്ളത്. 1995-ൽ ഇദ്ദേഹത്തെ മേഘാലയയുടെ ഗവർണറായി നിയമിക്കുകയുണ്ടായി. 2000-ൽ ഇദ്ദേഹത്തെ രണ്ടാം വട്ടവും മേഘാലയ ഗവർണർ സ്ഥാനം നൽകി. 1996 മുതൽ കുറച്ചു സമയം ഇദ്ദേഹം അരുണാചൽ പ്രദേശിന്റെ ഗവർണർ സ്ഥാനവും വഹിച്ചിരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, തേവര സേക്രഡ് ഹാർട്ട് കോളേജ്, മദ്രാസ് ലയോള കോളേജ്, ലഖ്‌നൗ സർവ്വകലാശാല എന്നിവിടങ്ങളിലാണ് ജേക്കബ് വിദ്യാഭ്യാസം നടത്തിയത്. നിയമബിരുദവും പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്‌സ് ബിരുദവുമുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ ഷിക്കാഗോ സർവ്വകലാശാലയിൽ ഇദ്ദേഹം പൊതുസേവനത്തിൽ ഡിപ്ലോമയും പാസായിട്ടുണ്ട്. സ്‌കൂളിലും കോളേജിലും ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തേവര കോളേജ് യൂണിയന്റെ ജനറൽ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. മദ്രാസിലും ലഖ്‌നൗവിലും ഇദ്ദേഹം വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇദ്ദേഹം ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ എന്ന സ്വതന്ത്ര വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ അംഗമായിരുന്നു.

കെപിസിസി ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും കേരള സേവാ ദൾ ബോർഡിന്റെ ചെയർമാനായും കോൺഗ്രസിന്റെ താത്വിക സെല്ലിന്റെ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. 1982-ലും 1988-ലും രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കുകയുണ്ടായി. 1986-ൽ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കുകയുണ്ടായി. പാർലമെന്ററി കാര്യ മന്ത്രിയായും, ആഭ്യന്തരകാര്യ മന്ത്രിയായും ജലവിഭവ വകുപ്പ് മന്ത്രിയായും പല അവസരങ്ങളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ന്യൂ യോർക്കിൽ ഐക്യരാഷ്ട്ര അസംബ്ലിയിൽ 1985-ലും 1993-ലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1993-ൽ യൂറോപ്യൻ പാർലമെന്റിലെ മനുഷ്യാവകാശ കോൺഫറൻസിലും ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി.

ഭാരത് സേവക് എന്ന സാമൂഹ്യപ്രവർത്തകരുടെ ജേണലിന്റെ പ്രസാധകൻ, കോൺഗ്രസ് റിവ്യൂ എന്ന ദ്വൈവാരികയുടെ ചീഫ് എഡിറ്റർ, വീക്ഷണം പത്രത്തിന്റെ മാനേജിങ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പല പ്രബന്ധങ്ങളും ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നതുകൂടാതെ ഇദ്ദേഹം ചില പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP