Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

2009ൽ മഹാരാജാസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി; 2012ൽ കാര്യവട്ടം കാമ്പസ് യൂണിയൻ ചെയർമാൻ; ഇനി ജെഎൻയുവിന്റെ അമരക്കാരൻ: യൂണിയൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അമൽ പുല്ലാർക്കാട്ടെന്ന കൊച്ചിക്കാരനെ അറിയാം

2009ൽ മഹാരാജാസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി; 2012ൽ കാര്യവട്ടം കാമ്പസ് യൂണിയൻ ചെയർമാൻ; ഇനി ജെഎൻയുവിന്റെ അമരക്കാരൻ: യൂണിയൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അമൽ പുല്ലാർക്കാട്ടെന്ന കൊച്ചിക്കാരനെ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയപ്പോഴാണു ദളിതർക്കെതിരായ വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. രോഹിത് വെമുല പ്രശ്‌നം കത്തിക്കയറിയപ്പോൾ രാജ്യതലസ്ഥാനത്തു ജവഹർലാൽ നെഹ്രു സർവകലാശാലയിലും സർക്കാരിനെതിരായ പ്രതിഷേധം അലയടിച്ചു.

ദളിത് സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കു പുറമെ അഫ്‌സൽ ഗുരു അനുസ്മരണവും ജെഎൻയുവിനെ ദേശീയതലത്തിൽ വാർത്തകളിൽ നിറച്ചുനിർത്തി. വിവിധ വിഷയങ്ങളുന്നയിച്ചു ക്യാമ്പസിൽ ആധിപത്യം സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുവെന്ന ആരോപണങ്ങളും ഇതിനിടെ ഉയർന്നു. അഫ്‌സൽ ഗുരു അനുസ്മരണത്തിനിടെ ഒരു വാർത്താചാനൽ കൃത്രിമമായി ദൃശ്യങ്ങൾ സൃഷ്ടിച്ചതിന്റെ പേരിലും വിവാദങ്ങൾ ഉയർന്നിരുന്നു.

വിവാദങ്ങൾ ഉയർന്നതിനു പിന്നാലെ ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പും ദേശീയ ശ്രദ്ധയാകർഷിച്ചു. ഫാസിസ്റ്റു വിരുദ്ധ മുന്നണിയായി ഒറ്റക്കെട്ടായി മത്സരിച്ച ഇടതുവിദ്യാർത്ഥി സംഘടനകൾ എബിവിപിയെ തറപറ്റിച്ചു ക്യാമ്പസിന്റെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു.

ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ എത്തിയവരിൽ പ്രധാനി ഒരു മലയാളിയാണ്. കൊച്ചി സ്വദേശിയായ അമൽ പുല്ലാർക്കാട്ട്. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പുതിയ വൈസ് പ്രസിഡന്റായാണ് ഈ യുവാവു തിരഞ്ഞെടുക്കപ്പെട്ടത്. എസ്എഫ്ഐയുടെ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ് ഈ ഗവേഷണ വിദ്യാർത്ഥി. ഐസ-എസ്എഫ്ഐ സഖ്യമായ യുണൈറ്റഡ് ലഫ്റ്റ് സ്ഥാനാർത്ഥിയായി മത്സരിച്ച് 1305 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അമൽ വിജയിച്ചത്.

2009-10 കാലഘട്ടത്തിൽ എറണാകുളം മഹാരാജാസ് കോളേജിലെ യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു അമൽ. ബിഎ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ അമൽ പിന്നീട് കാര്യവട്ടം കാമ്പസിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 2012-2013 ൽ കാര്യവട്ടം കാമ്പസിലെ യൂണിയൻ ചെയർമാനായും ഈ യുവനേതാവു തിളങ്ങി.

എംഫിൽ പഠനം ജെഎൻയുവിലായിരുന്നു. ഇപ്പോൾ റഷ്യൻ ആൻഡ് സെൻട്രൽ ഏഷ്യൻ സ്റ്റഡീസിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് എറണാകുളം നോർത്ത് പറവൂർ സ്വദേശി.

അഞ്ചുവർഷമായി സിപിഐ(എം) അംഗമാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവ ഇടപെടൽ നടത്തുന്ന ഈ യുവനേതാവിനെ ഭാഷാവൈകല്യത്തിന്റെ പേരിൽ എതിരാളികൾ അധിക്ഷേപിച്ചിരുന്നു. എന്നാൽ, എന്റെ ഇംഗ്ലീഷ് മുറിഞ്ഞതായിരിക്കാം. ആശയങ്ങൾ അങ്ങനെയല്ല എന്നുറക്കെ പ്രഖ്യാപിച്ചാണ് അമൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

യൂണിവേഴ്സിറ്റി ജനറൽ ബോർഡി മീറ്റിംഗിനിടയിലാണ് അമലിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തെ അപഹസിച്ച് ബാപ്സ(ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ)യിലെ പ്രവർത്തകർ രംഗത്തെത്തിയത്. ഇത് ജെഎൻയുവിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ, ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ കാര്യത്തിൽ എ കെ ജിയുടെ പരാമർശം ഉദ്ധരിച്ചാണ് അമൽ ഇതിനെ നേരിട്ടത്. ആശയങ്ങളുടെ കൃത്യതയും ശക്തിയും തന്നെയാണ് ഈ വിദ്യാർത്ഥി നേതാവിനെ ജെഎൻയുവിന്റെ അമരക്കാരനാക്കിയതും.

വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുസഖ്യം നേടിയതു ചരിത്രവിജയം തന്നെയാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി,ജോയിന്റ് സെക്രട്ടറി അടക്കം നാലു സീറ്റുകളും ഇടതു സഖ്യത്തിനു ലഭിച്ചു. ഇടതുസഖ്യത്തിന്റെ മോഹിത് കെ പാണ്ഡെ ആണു പുതിയ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ശതരൂപ ചക്രബർത്തിയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തബ്രേസ് ഹസനും വിജയിച്ചു. കഴിഞ്ഞ വർഷം എ.ബി.വി.പി ജയിച്ച സീറ്റിൽ ഉൾപ്പെടെ ഒരു സീറ്റിൽ പോലും ഇത്തവണ എ.ബി.വി.പി ക്ക് ജയിക്കാനായില്ല. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും തീവ്രവാദപ്രവർത്തനത്തിനു തൂക്കിലേറ്റിയ അഫ്സൽ ഗുരുവിനുവിന് അനുകൂലമായി പ്രകടനം നടത്തിയെന്നും ആരോപിച്ചു കേന്ദ്ര സർക്കാരും ബിജെപിയും അവരുടെ അനുകൂല ഹിന്ദുത്വസംഘടനകളും ഒന്നടങ്കം ജെഎൻയുവിലെ ഇടതു-പുരോഗമന വിദ്യാർത്ഥികൾക്കെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. യൂണിയൻ പ്രസിഡന്റ് കനയ്യ കുുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. ജെഎൻയുവിലെ ഇടത്-ദളിത്-പുരോഗമന ആശയങ്ങളെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ഭരണകൂടത്തിന്റെ പിന്തുണയോടെ ഹിന്ദുത്വസംഘടനകൾ ശ്രമം നടത്തുകയാണെന്നു ശബ്ദമുയർത്തി ജെഎൻയുവിനൊപ്പം രാജ്യത്തെ മിക്കസർവകലാശാലകളിലെയും വിദ്യാർത്ഥികൾ രംഗത്തു വന്നതോടെ വലിയ പ്രതിഷേധസമരങ്ങൾക്കു രാജ്യം സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഇടതുസഖ്യത്തിന്റെ വിജയം വരും കാലങ്ങളിൽ ഫാസിസത്തിനെതിരെയുള്ള വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കു കൂടുതൽ ശക്തി പകരുമെന്നാണ് അമൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥി നേതാക്കൾ വിലയിരുത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP