Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൃഷ്ണയ്യരെ ബിജെപിയുമായി അടുപ്പിച്ച് മുത്ത്; ജില്ലാ കമ്മറ്റി അംഗം മാത്രമെങ്കിലും പിടി ഡൽഹിയിൽ; പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതരായും ബന്ധം; നമോ കേരളയ്ക്ക് ചുക്കാൻ പിടിച്ചു; രാരിയുടെ തട്ടിപ്പ്‌ക്കേസിൽപ്പെട്ട കെ സി രാജഗോപാലിനെ അറിയാം

കൃഷ്ണയ്യരെ ബിജെപിയുമായി അടുപ്പിച്ച് മുത്ത്; ജില്ലാ കമ്മറ്റി അംഗം മാത്രമെങ്കിലും പിടി ഡൽഹിയിൽ; പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതരായും ബന്ധം; നമോ കേരളയ്ക്ക് ചുക്കാൻ പിടിച്ചു; രാരിയുടെ തട്ടിപ്പ്‌ക്കേസിൽപ്പെട്ട കെ സി രാജഗോപാലിനെ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിജെപിയുടെ വെറുമൊരു ജില്ലാ കമ്മറ്റി അംഗം മാത്രമാണ് സിജി രാജഗോപാൽ. കേരള കൗമുദിയിലൂടെ കൊച്ചിയിൽ സജീവമായ രാജഗോപാൽ രാഷ്ട്രീയത്തിൽ സജീവമായതോടെ പത്രക്കാരുടെ കണ്ണിലുണ്ണിയായി. നിതിന്യായ വ്യവസ്ഥയിലെ കുലപതി ജസ്റ്റീസ് വിആർ കൃഷ്ണയ്യരുമായി അടുത്തതോടെ രാഷ്ട്രീയത്തിനപ്പുറമുള്ള പൊതുകാര്യ പ്രസക്തി രാജഗോപാലിന് കിട്ടി. മുത്തുവെന്ന രാജഗോപാൽ ഈ ബന്ധം ശരിക്കും മുതൽക്കൂട്ടാക്കി. ബിജെപിയുടെ എല്ലാമെല്ലാമായ നരേന്ദ്ര മോദിയെ പോലും കൃഷ്ണയ്യരുടെ വീട്ടിലെത്തിച്ചു. മോദിയുടെ ഫാനായി കൃഷ്ണയ്യരെ മാറ്റിയതിന് പിന്നിൽ രാജഗോപാലിന്റെ ഇടപെടലുണ്ട്. അങ്ങനെ ബിജെപിക്കാർക്കും കൃഷ്ണയ്യർക്കുമിടയിലെ പാലമായി മുത്തുവെന്ന രാജഗോപാൽ മാറി.

കൊച്ചിയിൽ ദേശീയസംസ്ഥാന നേതാക്കൾ ഏറെയുണ്ട്. പക്ഷേ അവരെക്കാളെല്ലാം പ്രസ് ക്ലബ്ബിന് പോലും പ്രിയം മുത്തുവിനെയാണ്. എന്തു പറഞ്ഞാലും ചെയ്യും. അതും ഒന്നും പ്രതീക്ഷിക്കാതെ. അങ്ങനെ ജില്ലയിലെ ബിജെപി മുഖമാക്കി കെസിയെന്ന മുത്തുവിനെ മാറ്റി. ചെറിയൊരു കാറ്ററിങ് യൂണിറ്റുള്ള മുത്തു എല്ലായിടവും ഓടിയെത്തികാര്യങ്ങൾ വേണ്ടതു പോലെ നോക്കി. ജസ്റ്റീസ് കൃഷ്ണയ്യരുമായി ബന്ധപ്പെട്ട സാമൂഹികസേവന പ്രവർത്തികളുടെയെല്ലാം മുൻപന്തിയിൽ മുത്തുവുമുണ്ട്. അത്തരമൊരാൾ എങ്ങനെ തട്ടിപ്പ് കേസിൽ പ്രതിയാകുമെന്ന ചോദ്യം ഉന്നയിക്കുന്നവരാണ് കൊച്ചിയിലെ ഏറെ പേരും. ബിജെപിക്കാരനെന്നതിൽ അപ്പുറമുള്ള ബന്ധങ്ങൾ ചെറിയകാലത്തിനുള്ളിൽ മുത്തു നേടിയെടുത്തു. പ്രസ് ക്ലബ്ബിന്റെ മെഡിക്കൽ ക്യാമ്പിൽ പോലും മുഖ്യാതിഥിയായി. മുത്തു സംഘടിപ്പിക്കുന്ന ചടങ്ങുകൾ ഇംഗ്ലീഷ് ദിനപത്രങ്ങൾ പോലും വേണ്ട രീതിയിൽ കൊടുത്തു. അതിനിടെയാണ് കരിനിഴലായി തട്ടിപ്പ് കേസ് എത്തുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൃഷ്ണയ്യരെ കണ്ട് മോദി അനുഗ്രഹം വാങ്ങിയിരുന്നു. മോദിയാണ് ഇന്ത്യയുടെ ഭാവിയെന്ന് കൃഷ്ണയ്യർ പറഞ്ഞത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകർക്ക് പോലും കൃഷ്ണയ്യർ പ്രകീർത്തിച്ച മോദിയെ വിമർശിക്കുന്നതിന് ഏറെ പാടുപെടേണ്ടി വന്നു. എന്ത് മനുഷ്യാവകാശ പ്രശ്‌നമുയർത്തിയാലും കൃഷ്ണയ്യരുടെ വാക്കുകൾ മോദിയും ബിജെപിയും ഉയർത്തിക്കാട്ടി. ഈ സൗഹൃദം കാത്ത് സൂക്ഷിക്കാൻ മോദിയും ശ്രദ്ധിച്ചു. ഇത് രാഷ്ട്രീയപരമായി പ്രധാനമന്ത്രി പദത്തിലേക്ക് എത്താൻ അനിവാര്യമാണെന്ന മോദിയുടെ തിരിച്ചറിവിന്റെ ഫലമായിരുന്നു. കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് കൃഷ്ണയ്യരെ പോലുള്ളവരുടെ പ്രശംസയും പാർട്ടിക്ക് അനിവാര്യതയായിരുന്നു. കൃഷ്ണയ്യരെ സംഘപരിവാറുമായി മുത്തു അടുപ്പിച്ചു. അങ്ങനെ കൊച്ചിയിലെ കൊച്ചുപയ്യൻ ദേശീയ നേതാക്കളുടെ പ്രിയങ്കരനായി.

ബിജെപിയുടെ ഏത് ദേശീയ നേതാവെത്തിയാലും കൃഷ്ണയ്യരെ കാണുന്നത് പതിവായതോടെ മുത്തുവിന്റെ ബന്ധങ്ങൾ കൂടി. മോദിയുടെ കിച്ചൺ ക്യാബിനറ്റിലെ പ്രധാനികളുമായി ബന്ധവുമായി. ഇതിനെല്ലാം രാജഗോപാലിനെ സഹായിച്ചത് 2011ലെ തെരഞ്ഞെടുപ്പ് മത്സരമാണ്. ഹൈബി ഈഡനും സെബാസ്റ്റ്യൻ പോളിനുമെതിരെ മത്സരിച്ച് മുത്തു നേടിയത് ആറായിരത്തോളം വോട്ടുകൾ മാത്രമാണ്. എന്നാൽ അതിലൂടെ ബിജെപിയുടെ പ്രധാനമുഖമായി കൊച്ചിയിൽ മാറാൻ എറണാകുളത്തെ സ്ഥാനാർത്ഥിത്വത്തിലൂടെ മുത്തുവിന് കഴിഞ്ഞു. ഇക്കാലത്താണ് കൃഷ്ണയ്യരും അദ്ദേഹത്തിന്റെ സംഘടനകളുമായി മുത്തുവിന്റെ ബന്ധം തുടങ്ങുന്നത്. കേരള കൗമുദിയിലെ പഴയ ജോലിയിലൂടെയുള്ള പത്രസുഹൃത്തുക്കളും കൂടിയായപ്പോൾ മുത്തു വളർന്നു.

നമോ മന്ത്രമുയർത്തിയാണ് മോദി ഇന്ത്യയെ കീഴടക്കിയത്. ഇതിന്റെ ഭാഗമായി നമോ കേരളയുമുണ്ടായി. ഇതിന്റെ അണിയറയിൽ മുത്തുവുമുണ്ടായിരുന്നു. ബിജെപിയുടെ ഔദ്യോഗിക സംവിധാനങ്ങൾക്കപ്പുറം വോട്ടർമാരെ സ്വാധീനിക്കുയായിരുന്നു ലക്ഷ്യം. മോദിയുടെ പ്രധാനികൾ തന്നെ നമോ കേരള ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. ഇതിന്റെ പ്രധാന സംഘാടകനായി മുത്തു മാറി. ബിജെപി സംസ്ഥാന നേതൃത്വത്തിനപ്പുറം മോദിയുടെ വിശ്വസ്തരുമായി മുത്തു ചങ്ങാത്തത്തിലായി. പ്രധാനമന്ത്രി പദത്തിൽ മോദി എത്തിയപ്പോൾ എല്ലാ അർത്ഥത്തിലും മുത്തുവും കൂട്ടരും ആഘോഷിച്ചു. മുത്തു ലഡു തയ്യാറാക്കുന്നതും മറ്റും ഇംഗ്ലീഷ് പത്രങ്ങളിൽ പോലും വലിയ വാർത്തയായി. ഈ സാമൂഹിക സാസ്‌കാരിക ബന്ധങ്ങളാണ് ജയേഷ് എന്ന തട്ടിപ്പുകാരനുമായും മുത്തുവിനെ അടുപ്പിച്ചത്. ഝാർഖണ്ഡിലും മറ്റും മെഡിക്കൽ കോളേജും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമെന്ന ജയേഷിന്റെ ആഗ്രഹങ്ങളെ മുത്തുവിന്റെ ബന്ധങ്ങളും സഹായിച്ചുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ബിജെപിയുടെ ഭാഷാന്യൂനപക്ഷ സെല്ലിന്റെ കൺവീനർ കൂടിയായിരുന്നു മുത്തു. കൊങ്കണി ഭാഷ സംസാരിക്കുന്നവരുടെ പ്രശ്‌നങ്ങളുമായും മുത്തു വാർത്തകളിൽ നിറഞ്ഞു. കൊച്ചിയിൽ ഗോവാ സെന്ററായിരുന്നു ആഗ്രഹം. അതിനായി ഗോവ മുഖ്യമന്ത്രിയായിരിക്കെ മുത്തുവും കൂട്ടരും മനോഹർ പരീക്കറിനെ നേരിട്ട് കണ്ട് നിവേദനം നൽകി.

തട്ടിപ്പ് കേസിലെ പ്രതികളായ ജയേഷ് ജെ കുമാറും ഭാര്യ രാരിയുമായി ജയേഷും കുടുംബസമേതം യാത്രകൾ ചെയ്തിട്ടുണ്ട്. ഇതിനെല്ലാം അപ്പുറം ചോദ്യം ചെയ്യലിൽ ജയേഷും രാരിയും രാജഗോപാലിന്റെ പേരും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തുടർന്ന നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് നടത്താൻ ജയേഷ് ഉപയോഗിച്ച ആദ്യത്യ എന്നതിന് സമാനമായ പേരിലെ സ്ഥാപനത്തിൽ പങ്കാളിയാണ് ബിജെപി നേതാവുമെന്ന് പൊലീസിന് വ്യക്തമായത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി രാജഗോപാൽ സമർപ്പിച്ച സ്വത്ത് വിവരങ്ങളുടെ സത്യവാങ്മൂലത്തിലും ആദ്യത്യാ മാർക്കറ്റിംഗുമായുള്ള ബന്ധം വിശദീകരിക്കുന്നുണ്ട്.

ഇത് തന്നെയാണ് സംശയം ബലപ്പെടാനുള്ള കാരണവും. അന്വേഷണങ്ങളിൽ അസ്വാഭാവികതയും കണ്ടെത്തി. എന്നാൽ ആരോപണങ്ങളെല്ലാം മുത്തു തള്ളിക്കളയുകയാണ്. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമേ മുത്തുവിനെ പ്രതിചേർക്കുന്ന കാര്യം തീരുമാനിക്കൂ. ഇന്നലെ വൈകുന്നേരം വരെ ചാനലുകളും പത്രങ്ങളും തട്ടിപ്പിൽ പൊലീസ് സംശയിക്കുന്ന വ്യക്തിയുടെ പേര് നൽകിയിരുന്നില്ല. മറുനാടൻ മലയാളി പേര് പുറത്ത് വിട്ടതോടെ വിശദീകരണവുമായി മുത്തു രംഗത്ത് വന്നു. ഒരു ബിജെപി നേതാവ് എന്ന തലത്തിൽ വാർത്ത വരുമ്പോൾ അത് മറ്റാരെങ്കിലും ആണെന്ന് കരുതുമെന്ന വിലയിരുത്തലിലായിരുന്നു മൗനം. എന്നാൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ആദിത്യ എന്ന സ്ഥാപനത്തിന്റെ പേര് പുറത്തായതോടെ മുത്തുവിന് നിൽക്കകളി ഇല്ലാതെയായി.

രാജഗോപാലിന്റെ സ്വാധീനത്തെ തുടർന്നാണ് തട്ടിപ്പിന് ആദിത്യാ ഇൻസ്റ്റിറ്റിയൂഷൻ എന്ന പേര് ജയേഷ് നൽകിയതെന്നാണ് സൂചന. കൊച്ചിയിൽ സജീവ പൊതു പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് മുത്തുവെന്ന് വിളിക്കുന്ന രാജേട്ടൻ. മാദ്ധ്യമ പ്രവർത്തകരുടെ അടുത്ത സുഹൃത്ത്. സാമൂഹിക പ്രശ്‌നങ്ങളിലും ഇടപെടലുകളുണ്ട്. ജയേഷും രാജഗോപാലുമായുള്ള ബന്ധവും ബിജെപി വൃത്തങ്ങളിൽ എല്ലാവർക്കുമറിയാം. കൊച്ചിയിലെ എല്ലാ ബിജെപി നേതാക്കളും ആർഎസ്എസ് നേതാക്കളുമായും ജയേഷിന് സൗഹൃദമുണ്ട്. പാർട്ടി പരിപാടികളിലും എത്താറുണ്ട്. ജയേഷിന്റെ ഈ ബിജെപി ബന്ധത്തിന് അടിത്തറയായത് രാജഗോപാലുമായുള്ള അടുപ്പമാണ്. രാജഗോപാലിന്റെ കൂടെ സഹകരണത്തോടെയാണ് എല്ലാം നടത്തിയതെന്ന് ജയേഷ് മൊഴി നൽകിയെന്നാണ് സൂചന. പക്ഷേ അന്വേഷണം പൂർത്തിയായാലേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രാജ്യത്തെമ്പാടും വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ആദിത്യ ഗ്രൂപ്പ് ഒഫ് എൻജിനീയറിങ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ കേരളത്തിലെ ചുമതലക്കാരനായിരുന്ന ജയേഷിനെ രണ്ടു വർഷം മുമ്പ് സാമ്പത്തിക തട്ടിപ്പിന് പുറത്താക്കിയിരുന്നു. അന്ന് ജയേഷ് ഉപയോഗിച്ചിരുന്ന എറണാകുളം പനമ്പള്ളിനഗറിലെ ഓഫീസിൽ ആദിത്യ ഇൻസ്റ്റിറ്റിയൂഷൻ എന്ന ബോർഡ് സ്ഥാപിച്ചാണ് പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയത്. ആദിത്യ ഗ്രൂപ്പ് എന്ന് തെറ്റിദ്ധരിച്ച് എത്തുന്ന വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും വാക്ചാതുര്യത്തിൽ വീഴ്‌ത്തും. വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാനായി ഹൈദരാബാദിൽ നിന്ന് 280 കിലോമീറ്റർ അകലെ വനപ്രദേശത്തുള്ള അഡിഡുമല്ലി വിജയ കോളേജ് കരാറിനെടുത്തു. അതിന് പിന്നാലെയാണ് ഝാർഖണ്ഡിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ പദ്ധതിയിട്ടത്. പീരുമേട്ടിലുള്ള കോളേജിന് ആദിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ് പേരിട്ടത്. ഇതിനെല്ലാം മുത്തു സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ബിജെപി ദേശീയ നേതാക്കളുമായുള്ള മുത്തുവിന്റെ ബന്ധവും തുണയാക്കാനായിരുന്നു പദ്ധതി.

സീറ്റ് അന്വേഷിച്ചെത്തുന്നവർക്ക് പ്രവേശനം ഉറപ്പുനൽകി സർട്ടിഫിക്കറ്റുകൾ വാങ്ങിയശേഷം രണ്ടും മൂന്നും ലക്ഷം രൂപ മുൻകൂറായി വാങ്ങുകയായിരുന്നു പതിവ്. പണം തിരികെ ലഭിക്കില്ലെന്ന് ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു. ഇപ്രകാരം പ്രമുഖ കോളേജിലേക്ക് അഡ്‌മിഷൻ തേടിയെത്തിയവർ കബളിക്കപ്പെടുകയായിരുന്നു. ഹൈദരാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ അഡിസുമല്ലി കോളേജിലാണ് ഇവർ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയത്. ഈ കോളേജിന് അംഗീകാരമില്ലെന്ന് അവിടെയെത്തിയവർ കണ്ടെത്തിയതോടെയാണ് ദമ്പതിമാരുടെ തട്ടിപ്പ് പുറംലോകം കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP