Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിയന്തിരാവസ്ഥക്കാലത്ത് തടവിൽ കഴിഞ്ഞു; 29 വയസിൽ നിയമസഭയിലെത്തി; വി എസ് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായി; ചിരി മായാത്ത മുഖവും ശരീരഭാഷയുമായി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്തേക്ക്

അടിയന്തിരാവസ്ഥക്കാലത്ത് തടവിൽ കഴിഞ്ഞു; 29 വയസിൽ നിയമസഭയിലെത്തി; വി എസ് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായി; ചിരി മായാത്ത മുഖവും ശരീരഭാഷയുമായി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പിണറായിക്കാരൻ വിജയനിൽ നിന്നും കേടിയേരിക്കാരൻ ബാലകൃഷ്ണൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി അവരോധിതനാകുന്നത് പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലാണ്. ദേഷ്യമോ സന്തോഷമോ, മനോവികാരം എന്തുതന്നെയായാലും അത് മുഖത്ത് അതേപടി പ്രതിഫലിപ്പിക്കുന്ന പിണറായി-വി എസ് നേതാക്കളിൽ നിന്നും വ്യത്യസ്തമായി എപ്പോഴും ചിരിക്കുന്ന മുഖവുമായി നേരിടുന്ന പ്രകൃതക്കാരനാണ് കോടിയേരി ബാലകൃഷ്ണൻ. അതുകൊണ്ട് തന്നെ ഇടഞ്ഞു നിൽക്കുന്ന വിഎസിനെ ഒപ്പം ചേർത്ത് മുന്നോട്ടു പോകാൻ കോടിയേരിക്ക് സാധിക്കുമെന്ന പ്രതീക്ഷയാണ് കോടിയേരിയിൽ സിപിഐ(എം) കേന്ദ്ര നേതൃത്വം വച്ചുപുലർത്തുന്നത്. കാർക്കശ്യക്കാരനായ പാർട്ടി സെക്രട്ടറിയിൽ നിന്നും ചിരിക്കുന്ന മുഖമുള്ള സൗമ്യനായ പാർട്ടി സെക്രട്ടറി ചിരിച്ചുകൊണ്ട് തന്നെ പ്രതിസന്ധികളെ തരണം ചെയ്യുമെന്നാണ് അണികളുടെയും പ്രതീക്ഷ.

കണ്ണൂരിന്റെ ചുവന്ന മണ്ണിൽ നിന്നും തുടർച്ചയായി പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന കോടിയേരി പിണറായി കൊണ്ടുവന്ന കാർക്കശ്യം പാർട്ടിയിൽ തുടരുമെന്നാണ് വിലയിരുത്തൽ. കണ്ണൂർ ജില്ലയിൽ നിന്നും പിണറായി വിജയന്റെ പിന്മുറക്കാരനായി തന്നെയാണ് കോടിയേരിയുടെ വരവ്. എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി, പാർട്ടിയിൽ തലശേരി ഏരിയ സെക്രട്ടറി, പിണറായിക്ക് പിന്നാലെ കണ്ണൂർ ജില്ലാ സെക്രട്ടറി, 2008ൽ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോയിലുമെത്തി. പിണറായിക്ക് ശേഷം പോളിറ്റ്ബ്യൂറോയിലെത്തുന്ന കണ്ണൂരുകാരൻ കൂടിയായിരുന്നു അദ്ദേഹം.

ആർഎസ്എസിനോട് നേർക്കുനേർനിന്ന് തലശേരി കളരിയാണ് ഇരുവരുടെയും പാഠശാല. അടിയന്തിരാവസ്ഥക്കാലത്ത് ഒന്നര വർഷം തടവിലായി. 29 വയസിൽ തലശേരിയിൽ നിന്ന് നിയമസഭയിലെത്തി. 2006 മന്ത്രിയുമായി. പൊലീസ് ഭരണം വി.എസിന് നൽകാത്ത പാർട്ടി, ആ തൊപ്പി നൽകിയത് കോടിയേരിക്ക്. വളരക്കൊലമായി നിയമസഭയിലും പാർട്ടിയുടെ രണ്ടാമനാണ് കോടിയേരി. വി എസ്-പിണറായി പ്രകോപനത്തിന് ശേഷം ഇനി കോടിയേരി യുഗത്തിൽ പാർട്ടി എങ്ങനെ പോകുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കയാണ്.

പിണറായി വിജയനൊപ്പം ഔദ്യോഗിക ചേരിയോടൊപ്പം നിലയുറപ്പിച്ച കോടിയേരി വി എസ് അച്യുതാനന്ദനിലേക്കും ഒരു പാലം ഇട്ടിരുന്നു. വിഎസിന്റെ കൂടി ആശിർവാദങ്ങളോടെയാണ് എം എ ബേബിയേക്കാൾ മുമ്പനായി കോടിയേരി പാർട്ടി പോളിറ്റ്ബ്യൂറോയിലും ഇപ്പോൾ സെക്രട്ടറി സ്ഥാനത്തും എത്തുന്നത്. മികച്ച പാർലമെന്റേറിയനായാണ് കോടിയേരി അറിയപ്പെടുന്നത്.

കർശന നിലപാടു പോലും മയപ്പെടുത്തിയ അവതരിപ്പിക്കുന്ന കോടിയേരി ശൈലി വി.എസിന്റെ ഇറങ്ങിപ്പോക്കിനു ശേഷവും കണ്ടു. വിഎസിനെ പ്രകോപിപ്പിക്കാത്ത ശൈലിയായിരുന്നു കോടിയേരി സ്വീകിച്ചത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞടുപ്പ് തന്നെയാണ് പിണറായിയുടെ മുന്നിലുള്ള ആദ്യകടമ്പ. വിഎസിനെ ഒപ്പം ചേർക്കുക എന്നതും.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന നേതാവ് തന്നെയാണ് കോടിയേരി ബാലകൃഷ്ണൻ. എസ്.എഫ്.ഐയുടെ മുൻഗാമിയായ കെ.എസ്.എഫിന്റെ മാഹി കോളജ് യൂനിറ്റ് സാരഥിയായാണ് കോടിയേരി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായത്. 17ാം വയസ്സിൽ 1970 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. എസ്.എഫ്.ഐ തലശ്ശേരി താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ അഖിലേന്ത്യാ സാരഥ്യത്തിലേക്ക് വളർന്നു. 1973 മുതൽ 1979 വരെ എസ്.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് അടിയന്തരാവസ്ഥക്കാലത്തെ ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നത്.

1982, '87, 2001,2006,2011 വർഷങ്ങളിൽ തലശ്ശേരിയിൽനിന്ന് നിയമസഭാംഗമാണ്. കോടിയേരി 2001-06 വർഷങ്ങളിൽ കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവാണ്. നിയമസഭയുടെ പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനായിരുന്നു. 2006 മെയ് മുതൽ സംസ്ഥാന ടൂറിസംആഭ്യന്തര വകുപ്പ് മന്ത്രിയായ കോടിയേരിക്ക് ഭരണ കാര്യങ്ങളിൽ നിരവധി പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. ലോക്കപ്പ് മരണങ്ങൾ, തലസ്ഥാനത്തെ ഔദ്യോഗിക വീട് നിർമ്മാണത്തിലെ ധൂർത്ത്, കാടാമ്പുഴ ക്ഷേത്രവഴിപാട്, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് തലസ്ഥാനത്ത് വഴി തെറ്റിയത്, സ്വന്തം മണ്ഡലമായ തലശ്ശേരിയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ എന്നിവയായിരുന്നു വിവാദങ്ങൾ .രാഷ്ട്രീയ കാലുഷ്യത്തിന്റെ പേരുദോഷം വീണ തലശ്ശേരിയെ സമാധാനത്തിന്റെ പാതയിലേക്ക് ഉയർത്താനും മുഖ്യപങ്കു വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP