Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടോണി ബ്ലെയർ വലതുപക്ഷത്തേക്ക് കൊണ്ടുപോയ ലേബർപാർട്ടിയെ ചുവപ്പിച്ച കമ്മ്യൂണിസ്റ്റുകാരൻ; വില കുറഞ്ഞതും അലക്ഷ്യവുമായി വസ്ത്രങ്ങൾ ധരിച്ചു കാൽനടയായി കൂടുതലും യാത്രചെയ്യുന്ന സാധാരണക്കാരൻ; മാവോയിസ്റ്റ് എന്നുവരെ വിളിച്ചു മാധ്യമങ്ങൾ കളിയാക്കിയ തൊഴിലാളി നേതാവ്: തെരേസ മേയെ വെള്ളം കുടിപ്പിച്ച ജെറമി കോർബിന്റെ കഥ

ടോണി ബ്ലെയർ വലതുപക്ഷത്തേക്ക് കൊണ്ടുപോയ ലേബർപാർട്ടിയെ ചുവപ്പിച്ച കമ്മ്യൂണിസ്റ്റുകാരൻ; വില കുറഞ്ഞതും അലക്ഷ്യവുമായി വസ്ത്രങ്ങൾ ധരിച്ചു കാൽനടയായി കൂടുതലും യാത്രചെയ്യുന്ന സാധാരണക്കാരൻ; മാവോയിസ്റ്റ് എന്നുവരെ വിളിച്ചു മാധ്യമങ്ങൾ കളിയാക്കിയ തൊഴിലാളി നേതാവ്: തെരേസ മേയെ വെള്ളം കുടിപ്പിച്ച ജെറമി കോർബിന്റെ കഥ

മറുനാടൻ ഡെസ്‌ക്

ലണ്ടൻ: ലോകമെങ്ങും രാഷ്ട്രീയം ഉപജീവന മാർഗ്ഗമായപ്പോൾ അതിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കാൻ ചിലരുണ്ട്. വാടക വീട്ടിൽ താമസിച്ചും സൈക്കിളുമായി യാത്ര ചെയ്തും പാവങ്ങൾക്കൊപ്പം ഉറങ്ങിയും ജീവിക്കുന്ന നേതാവ്. ആ ജനകീയതക്കുള്ള അംഗീകാരമാണ് ഇന്ന് ബ്രിട്ടീഷ് ജനത ജെറമി കോർബിൻ എന്ന ലേബർ പാർട്ടി നേതാവിന് ബ്രിട്ടീഷ് ജനത നൽകിയിരിക്കുന്നത്. ടോണി ബ്ലെയർ എന്ന ലേബർ പ്രധാനമന്ത്രി ഒരിക്കൽ വലതുപക്ഷത്തേക്ക് കൊണ്ടുപോയ പാർട്ടിയെ വീണ്ടും ബ്രിട്ടീഷ് ജനത ഹൃദയങ്ങൡൽ ഇടംപിടിക്കാൻ കാരണക്കാരനായ വ്യക്തിയാണ് കോർബിൻ. മാധ്യമങ്ങൾ കൂട്ടത്തോടെ ആക്രമിച്ചിട്ടും ഇപ്പോൾ തെരേസ മേയെ വെള്ളം കുടുപ്പിച്ചത് ഈ ലേബർ നേതാവിന്റെ തന്ത്രങ്ങളാണ്. മൂന്ന് വർഷം കൂടി ഭരിക്കാൻ കഴിയുമായിരുന്നിട്ടും ഭൂരിപക്ഷം കൂട്ടാൻ വേണ്ടി തെരഞ്ഞെടുപ്പിന്റെ മാർഗ്ഗം തിരഞ്ഞെടുത്ത തെരേസ മേയുടെ കർസർവേറ്റീവുകൾക്ക് ഒറ്റയ്ക്ക് ഭരിക്കാൻ പോലും അവസരം നൽകാത്ത വിധത്തിൽ ലേബറിനെ കൈപിടിച്ചുയർത്താൻ ഈ സൗമ്യനായ നേതാവിന് സാധിച്ചു.

മദ്യപിക്കാത്ത വെജിറ്റേറിയനായ നേതാവാണ് ജെറമി കോർബിൻ. രാഷ്ട്രീയത്തിൽ നിന്നും ഒന്നും നേടാതെ എല്ലാം രാഷ്ട്രീയത്തിന് കൊടുത്ത ആൾ. തികഞ്ഞ സോഷ്യലിസ്റ്റായ കോർബിൻ എല്ലാ സ്ഥാപനങ്ങളും സർക്കാർ വത്കരിക്കണമെന്ന വാദക്കാരൻ ആണ്. വലത് പക്ഷ മാധ്യമങ്ങൾക്കും മുതലാളിത്ത സ്തുതിപാടകർക്കും പേടിയാകുന്നത് അത് തന്നെയാണ്.വിലകുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് കാൽനടയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സാധാരണക്കാരനാണ് കോർബിൻ. എന്നും പാവങ്ങൾക്കും പട്ടിണിക്കാർക്കും ഒപ്പമാണ് അദ്ദേഹത്തിന്റെ ജീവിതം. രാഷ്ട്രീയത്തിലെ അന്യം നിന്നു പോകുന്ന വംശത്തിലൊരുവനാണ് പുതിയ ലേബർ നേതാവെന്ന് നിസംശയം പറയാം.

ഷർട്ടിന്റെ കീശയിൽ നിരവധി പേനകൾ കുത്തി, നരച്ച തലമുടിയും താടിമീശയുമായി നടന്നു നീങ്ങുന്ന ജെറമി കോർബിനെ കണ്ടാൽ ഒരു കോളജ് അദ്ധ്യാപകന്റെ രൂപസാദൃശ്യമാണുള്ളത്. ഞാൻ എന്ന വാക്ക് സംസാരത്തിൽ പോലും അപൂർവമായെ ഈ 66 വയസ്സുകാരൻ ഉപോഗിക്കുകയുള്ളൂ. കാറൽ മാർക്സിനെയും വെനസ്വേല മുൻ നേതാവ് ഹ്യൂഗോ ഷാവേസിനെയും ഹൃദയത്തിലേറ്റിയ തൊഴിലാളി നേതാവാണ് കോർബിൻ. തൊഴിലാളി ക്ഷേമമെന്ന കമ്മ്യൂണിസ്റ്റ് ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തി.

ബ്രിട്ടിഷ് ലേബർ പാർട്ടിയെ അതിന്റെ യഥാർഥ വേരുകളിലേക്കു തിരിച്ച് കൊണ്ടുപോകാൻ സാധിച്ചു എന്നതാണ് കോർബിന്റെ മിടുക്ക്. മൂന്ന് ദശകത്തിലധികം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ജനപ്രതിനിധി സഭയിലെ പിൻബെഞ്ചിലിരുന്ന അദ്ദേഹം ഇടക്കാലം കൊണ്ടാണ് ശക്തി നേടിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ ദേശീയ സുരക്ഷ അടക്കമുള്ള നയങ്ങൾ മുൻനിർത്തി നടത്തിയ പ്രചരണങ്ങൾ തെരേസ മെയ്‌ക്ക് കനത്ത തിരിച്ചടിയായി. അവസാനഘട്ടം പ്രചരണത്തിന്റെ ഗിയർമാറ്റിയ നേതാവിന്റെ തന്ത്രം തന്നെയാണ് ലേബർ പാർട്ടിക്ക് തുണയായി മറിയത്.

ഇടതുപക്ഷ രാഷ്ട്രീയത്തിലെ വിശ്വസിക്കാവുന്ന ഏക നേതാവെന്നും കോർബിൻ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. പുതിയ തലമുറയിലെ ആക്ടിവിസ്റ്റുകൾക്ക് പ്രചോദനമാകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പിൻബഞ്ചിലെ വിമതവിഭാഗത്തിൽ നിന്നും ഉയർന്നു വന്ന നേതാവാണ് താടി നീട്ടിയ ഈ ഇടതുപക്ഷക്കാരൻ. ലേബർ നേതാവാകുന്നതിനുള്ള മത്സരത്തിൽ താൻ വിജയിക്കുമെന്ന് യാതൊരു ഉറപ്പും അദ്ദേഹത്തിനില്ലായിരുന്നുവെങ്കിലും ഈ മത്സരത്തിൽ ഒരു തീവ്ര ഇടതുപക്ഷ ശബ്ദം കേൾപ്പിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ലേബർ നേതാവാകുകയെന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നത്. തന്റെ ട്രേഡ് മാർക്കായ വസ്ത്രങ്ങളിലൂടെയും ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കാൻ കോർബിന് സാധിച്ചിരുന്നു. ടൈ കെട്ടാത്ത കഴുത്ത് പ്രദർശിപ്പിക്കുന്ന ഷർട്ടായിരുന്നു അദ്ദേഹം എപ്പോഴും ധരിക്കാറുള്ളത്. സമാധാനം, നീതി, സഹവർത്തിത്വം തുടങ്ങിയവയോടുള്ള അദ്ദേഹത്തിന്റെ പ്രബുദ്ധതയെ സഹപ്രവർത്തകർ എപ്പോഴും ഓർക്കാറുണ്ട്.

ലേബർ പാർട്ടിയിലെ തീവ്രനിലപാടുകാരനാണ് ജെറമി കോർബിൻ. മിലിബൻഡിന് പകരം ലേബർപാർട്ടിയുടെ തലപ്പത്തേയ്ക്ക് കോർബിൻ വരുന്നതിനോടാണ് കൂടുതൽ പാർട്ടി അംഗങ്ങളും യോജിച്ചു. ലേബറിന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നത് ഒരാൾക്ക് ഒരു വോട്ട് എന്ന നിലയിലായിരിക്കണമെന്ന് മിലിബൻഡ് നിർദ്ദേശിച്ചിരുന്നു. ഇതോടെയാണ് രണ്ടരലക്ഷത്തോളം വരുന്ന പാർട്ടി അംഗങ്ങൾക്ക് പുറമെ, ട്രേഡ് യൂണിയനിൽപ്പെട്ട അഫിലിയേറ്റഡ് അംഗങ്ങൾക്കും വോട്ടെടുപ്പിൽ പങ്കെടുക്കാൻ വഴിയൊരുങ്ങിയത്. ഇതാണ് കോർബിന്റെ സാധ്യതകൾ ശക്തമാക്കിയതും. അത്രയ്കക്് തൊഴിലാളി പ്രിയൻ കൂടിയായിരുന്നു കോർബിൻ.

സാമൂഹിക നീതിക്ക് വേണ്ടി വെമ്പുന്ന നഗരപ്രാന്തങ്ങളിൽ സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിച്ച് ഉയർന്ന് വന്ന നേതാവാണ് കോർബിൻ. വിൽറ്റ്ഷെയറിൽ ജനിച്ച അദ്ദേഹം ഏഴ് ബെഡ്റൂമുകളുള്ള ഷ്രോപ്ഷെയറിലെ യൂ ട്രീ മാനറിലാണ് വളർന്നത്. മുൻ ഹോട്ടൽ കോർബിന്റെ പിതാവ് ഒരു വീടായി മാറ്റുകയായിരുന്നു. അവിടെയായിരുന്നു തന്റെ ഭാര്യയ്ക്കും കോർബിനടക്കമുള്ള നാല് മക്കൾക്കുമൊപ്പം അദ്ദേഹം കഴിഞ്ഞിരുന്നത്. കോർബിന്റെ പിതാവായ ഡേവിഡ് ഒരു ഇലക്ട്രിക് എൻജിനീയറായിരുന്നു. മാതാവായ നഓമി ഒരു മാത് സ് ടീച്ചറായിരുന്നു. അവരിരുവരും ആർഡന്റ് പീസ് കാംപയിനർമാരായിരുന്നു.

സ്പാനിഷ് സിവിൽ വാർ റാലിയിൽ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയിരുന്നത്. സോഷ്യലിസ്റ്റുകളായിരുന്ന ഇരുവരും തങ്ങളുടെ മക്കൾ രാഷ്ട്രീയ ചർച്ചകൾ നടത്തുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. കോർബിനിൽ രാഷ്ട്രീയത്തിന്റെ വിത്ത് പാകിയത് ഇത്തരം ചർച്ചകളായിരിക്കാം. ആദംസ് ഗ്രാമർ സ്‌കൂളിലായിരുന്നു കോർബിൻ ആദ്യമായി ചേർന്നത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആദർശങ്ങൾക്ക് നിരക്കുന്ന സ്‌കൂളായിരുന്നില്ല അത്. തന്റെ രണ്ടാമത്തെ ഭാര്യയുമായി കോർബിൻ വേർപിരിഞ്ഞത് തന്റെ മകനെ ഭാര്യ ഗ്രാമർ സ്‌കൂളിൽ അയക്കാൻ തീരുമാനിച്ചതോടെയാണ്. 18ാം വയസിൽ കോർബിൻ സ്‌കൂൾ വിട്ടു. തുടർന്ന് നോർത്ത് ലണ്ടൻ പോളിടെക്നിക്കിൽ ചേരുകയായിരുന്നു. എന്നാൽ അവിടെ നിന്നും കോഴ്സ് പൂർത്തിയാക്കുന്നതിൽ അദ്ദേഹം പരാജപ്പെട്ടു. അക്കാലത്ത് പരിസ്ഥിതി വിഷയങ്ങളിലും വിയറ്റ്നാം പോലുള്ള വിഷയങ്ങളിലുമായിരുന്നു തനിക്ക് താൽപര്യമെന്ന് കോർബിൻ വെളിപ്പെടുത്തിയിട്ടുണ്ട്.

15 വയസുള്ളപ്പോഴാണ് കോർബിൻ ആന്റി ന്യൂക്ലിയർ ഗ്രൂപ്പ് സിഎൻഡിയിൽ ചേർന്നത്. ഇതിലൂടെ അദ്ദേഹം ഒരു സജീവ ലേബർ സപ്പോർട്ടറായി മാറുകയായിരുന്നു. 25ാം വയസിൽ 1974ൽ അദ്ദേഹം നോർത്ത് ലണ്ടനിലെ ഹരിൻഗെകൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1983ലെ ജനറൽ തെരഞ്ഞെടുപ്പിൽ ഇസ്ലിങ്ടൺ നോർത്ത് സീറ്റിൽ നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഈ തെരഞ്ഞെടുപ്പ് വരെ അദ്ദേഹം ആ സീറ്റ് നിലനിർത്തിയിട്ടുണ്ട്.

പ്രചാരണത്തിലുടനീളം ലേബർപാർട്ടി തൊഴിലാളി താൽപ്പര്യം മുൻനിർത്തിയുള്ള വാഗ്ദാനങ്ങളായിരുന്നു നൽകിയത്. സാധാരണ ജനങ്ങളെയും ഇടത്തരക്കാരെയും വർക്കിങ് ക്ലാസിനെയും കൈയിലെടുക്കാൻ ഓരോ ദിവസവും കോർബിൻ നടത്തിയിരുന്നു. വാഗ്ദാനങ്ങളെല്ലാം നിരത്തി പ്രകടന പത്രികയും ചയ്യാറാക്കി. നടപ്പാക്കാൻ കഴിയാത്ത പൊള്ളയായ വാഗ്ദാനങ്ങളാണിവയെന്നു പ്രചരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കോർപറേറ്റ് നികുതി ഉയർത്തിയും അധികവരുമാനക്കാർക്കു കൂടുതൽ നികുതി ഏർപ്പെടുത്തിയും പദ്ധതികൾക്കു പണം കണ്ടെത്തുമെന്നു പ്രഖ്യാപിച്ചു കോർബിൻ തിരിച്ചടിച്ചു.

യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം സൗജന്യമാക്കും എന്നതായിരുന്നു ലേബറിന്റെ വാഗ്ദാനങ്ങളിൽ ഏറ്റവും ജനപ്രിയമായത്. ഇവയ്‌ക്കൊപ്പം ആരോഗ്യ-വിദ്യാഭ്യാസമേഖലയ്ക്കായി കൂടുതൽ പണം മാറ്റിവയ്ക്കുമെന്ന പ്രഖ്യാപനവും സ്വീകാര്യമായി. നാലു പുതിയ ദേശീയ അവധിദിനങ്ങൾ, മിനിമം വേതനം മണിക്കൂറിനു പത്തുപൗണ്ട് ആക്കുമെന്ന പ്രഖ്യാപനം, ജലവിതരണം- ഈർജമേഖല- റെയിൽവേ- റോയൽമെയിൽ എന്നിവയെ പൊതുമേഖലയിൽ തിരിച്ചെത്തിക്കുമെന്ന പ്രഖ്യാപനം എന്നിവയെല്ലാം വോട്ടുനേടുന്നവയായി. നഴ്‌സുമാരുടെ ശമ്പളം വർധിപ്പിക്കുമെന്ന പ്രഖ്യാപനം മലയാളിവോട്ടുകൾ കൂട്ടത്തോടെ ലേബറിനെത്തിച്ചു. പൊലീസുകാരുടെയും ഫയർ വാർഡന്മാരുടെയും എണ്ണം കൂട്ടുമെന്ന പ്രഖ്യാപനവും വോട്ടർമാർ ആവേശത്തോടെ സ്വീകരിച്ചു.

ഇവയ്‌ക്കെല്ലാം പുറമേ, സമാധാനം കാംഷിക്കുമ്പോൾ ഭീകരതയ്‌ക്കെതിരേ പോരാടെന്ന പേരിൽ അമേരിക്കയോടൊപ്പം ചേർന്ന് മറ്റുരാജ്യങ്ങൾക്കുമേൽ സൈനിക നടപടിക്കു മുതിരുന്നത് ശരിയല്ലെന്ന കോർബിന്റെ പ്രഖ്യാപിച്ചതും ഇപ്പോഴത്തെ സാഹചര്യത്തിൽ നിർണായകമായി. തുടരെത്തുടരെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോബിന്റെ ഈ അഭിപ്രായത്തിനു പ്രസക്തി ഏറെയായിരുന്നു. ഏറ്റവും ഒടുവിൽ ലണ്ടനിലും മാഞ്ചസ്റ്ററിലും ഭീകരാക്രമണം ഉണ്ടായതോടെ ലേബർ നേതാവിന്റെ തന്ത്രങ്ങൾ വിജയവഴിയിലേക്ക് നീങ്ങുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP