Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻജിനീയറായ ഐപിഎസുകാരൻ; വടകരയിൽ കുഴൽപ്പണക്കാരെ വട്ടം ചുറ്റിച്ചു; കുറ്റവാളികളെ കുരുക്കാൻ 'സ്‌പൈഡർ പൊലീസ്' പദ്ധതി തയ്യാറാക്കി; ഇപ്പോൾ അങ്കമാലിയിലെ 'വില്ലനും': യതീഷ് ചന്ദ്ര ഐപിഎസിന്റെ കഥ

എൻജിനീയറായ ഐപിഎസുകാരൻ; വടകരയിൽ കുഴൽപ്പണക്കാരെ വട്ടം ചുറ്റിച്ചു; കുറ്റവാളികളെ കുരുക്കാൻ 'സ്‌പൈഡർ പൊലീസ്' പദ്ധതി തയ്യാറാക്കി; ഇപ്പോൾ അങ്കമാലിയിലെ 'വില്ലനും': യതീഷ് ചന്ദ്ര ഐപിഎസിന്റെ കഥ

കൊച്ചി: ശനിയാഴ്‌ച്ച എൽഡിഎഫ് നടത്തിയ ഹർത്താലിൽ ഇടതുപ്രവർത്തകരെ ലാത്തിച്ചാർജ്ജ് ചെയ്ത ആലുവ റൂറൽ എസ്‌പി ജി എച്ച് യതീഷ് ചന്ദ്ര ഐപിഎസ് ഒരു ദിവസം കൊണ്ട് കേരളത്തിൽ മുഴുവൻ അറിയപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനായി മാറിയിരുന്നു. ഇടതുപ്രവർത്തരുടെ വില്ലനായ ഈ യുവ പൊലീസ് ഓഫീസറെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ഹർത്താലിനിടെ അങ്കമാലിയിൽ ആക്രമമുണ്ടായപ്പോൾ ലാത്തിവീശിയ കൂട്ടത്തിൽ വയോധികനായ വഴിയാത്രക്കാരനെയും യതീഷ് മർദ്ദിച്ചത് അദ്ദേഹത്തിന് എതിരായ ജനരോഷം വർധിക്കാനും ഇടയാക്കി. എന്നാൽ അക്രമാസക്തനായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്തൊക്കെയായാലും ഈ യുവ പൊലീസ് ഓഫീസറുടെ കരിയറിലെ ആദ്യത്തെ ബ്ലാക്ക് മാർക്കാണ് അങ്കമാലിയിലെ ലാത്തിച്ചാർജ്ജെന്നാണ് പലരും പറയുന്നത്. എന്നാൽ ചുരുങ്ങിയ കാലത്തെ പൊലീസ് ജീവിതത്തിൽ മികച്ച റെക്കോർഡുകൾക്ക് ഉടമയാണ് കർണ്ണാടക സ്വദേശിയായ യതീഷ്.

2011ലെ കേരളാ കേഡർ ഐപിഎസ് ബാച്ചുകാരനാണ് 31കാരനായ യതീഷ് ചന്ദ്ര ഐപിഎസ്. ഇലക്ടോണിക്‌സ് എൻജിനീയറിംഗിൽ ബിരുദധാരിയായ ശേഷം ബാംഗ്ലൂരിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജീവനക്കാരനായിരുന്ന യതീഷ് കാക്കികുപ്പായത്തിലേക്ക് നീങ്ങിയത് അതിയായ താൽപ്പര്യം കൊണ്ട് തന്നെയാണ്. ഹൈദരാബാദ് വല്ലഭായി പട്ടേൽ പൊലീസ് അക്കാദമിയിൽ ഐപിഎസ് ട്രെയിനിങ് കഴിഞ്ഞിറങ്ങിയ യതിഷ് ചന്ദ്ര അക്കാദമിക് മികവോടെ തന്നെയാണ് കേരളത്തിൽ എത്തിയത്. ട്രെയിനിങ് പിരീഡിൽ തന്റെ സ്‌ക്വാഡിന് ട്രോഫിയും വാങ്ങിയിരുന്നു. മലയാളം ഭാഷയിലും അവാർഡ് വാങ്ങി. കർണ്ണാടകയാണ് മാതൃഭാഷയെങ്കിലും സുന്ദരമായി തന്നെ മലയാളം സംസാരിക്കുകയും ചെയ്യും.

ഐപിഎസ് എന്ന ഉദ്യോഗത്തെ വളരെ താൽപ്പര്യത്തോടെ സ്വീകരിച്ചത്. പ്രത്യേകിച്ചും കേരളത്തിലെ സാഹചര്യത്തിലായി ആദ്യത്തെ പോസ്റ്റിങ് എന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നാണ് യതീഷ് പലപ്പോവും പറഞ്ഞിരുന്നത്. വടകരയിൽ എ.എസ്‌പിയായി 2014 ജനവരി ഒന്നാം തീയ്യതിയാണ് അദ്ദേഹത്തിന് ആദ്യ പോസ്റ്റിങ് ലഭിച്ചത്. ടി പി വധക്കേസിന് ശേഷം സംഘർഷങ്ങൾ പതിവായ വടകര മേഖലയിൽ മികച്ച പ്രവർത്തനം കാഴ്‌ച്ചവെക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. പൊതുജനങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കാനും വടകരയിൽ ജോലി ചെയ്തിരുന്ന വേളയിൽ അദ്ദേഹത്തിന് സാധിച്ചിരുന്നു.

എഎസ്‌പിയായിരുന്ന വേളയിൽ മേഖലയിലെ കുഴൽപ്പണക്കാരുടെ പേടിസ്വപ്‌നമായിരുന്നു യതീഷ്. ഷാഡോ പൊലീസിങ് സംവിധാനത്തിലൂടെ കുഴൽപ്പണ വേട്ട നടത്താൻ ഇദ്ദേഹത്തിന് സാധിച്ചു. ഹവാല ഇടപാടുകാർക്ക് ഭീഷണിയായി ഇദ്ദേഹം മാറിയിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക താൽപ്പര്യത്തിൽ തുടങ്ങിയ ഓപ്പറേഷൻ കുബേര വഴി കൊള്ളപ്പലിശക്കാർക്ക് ഭീഷണാ ആകാനും ഈ യുവ ഐപിഎസ് ഉദ്യോഗസ്ഥന് സാധിച്ചു. ഒടുവിൽ വടകര എഎസ്‌പി സ്ഥാനത്തു നിന്നും പടിയിറങ്ങുമ്പോൽ തുടർച്ചയായി മേഖലയിലെ കുഴൽപ്പണ ശൃംഖലയെ ശക്തമായി നേരിടാൻ ഇദ്ദേഹത്തിന് സാധിച്ചു. ഒരു കോടി 25 ലക്ഷം കുഴൽപ്പണമാണ് ഇദ്ദേഹം പിടികൂടിയത്.

വടകരയിൽ നിന്ന് കണ്ണൂർ കേരള ആംഡ് പൊലീസ് ബറ്റാലിയനിൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയാണ് യതീഷ് ചന്ദ്ര ചുമതലയേറ്റത്. ഇവിടെ അധികകാലം ജോലി നോക്കിയില്ല. തുടർന്നാണ് ആലുവയിൽ റൂറൽ എസ്‌പിയായി നിയമനം ലഭിക്കുന്നത്. എറണാകുളത്തിന്റെ 51ാമത് റൂറൽ എസ്‌പി.യായാണ് യതീഷ് ചന്ദ്ര സ്ഥാനമേറ്റിരുന്നത്. ജനങ്ങളുമായി സൗഹാർദ്ദം ഉണ്ടാക്കു വഴി കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ആലുവയിൽ അദ്ദേഹം സ്ഥനമേറ്റത്.

ആലുവ റൂറൽ എസ്‌പിയായി ചുമതല ഏറ്റശേഷം കുറ്റവാളികളെ കുരുക്കാനായി സ്‌പൈഡർ പൊലീസ് പദ്ധതി തയ്യാറാക്കിയതിന് പിന്നിലും യതീഷ് ചന്ദ്രയുടെ കരങ്ങളായിരുന്നു. കുറ്റവാളികളെ കുരുക്കാനായി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് സ്‌പൈഡർ പൊലീസിങ് എന്ന പേരിൽ എറണാകുളം ജില്ലാ പൊലീസ് പദ്ധതി തയ്യാറാക്കിയത്. ഫേസ്‌ബുക്കിലും ട്വിറ്ററിലും പൊലീസിനെ സജീമാക്കി പൊതജനങ്ങൾക്ക് കൂടുതൽ സേവനം ഒരുക്കാൻ യതീഷ് മുൻകൈയെടുത്തിരുന്നു. ജില്ലാ പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൡ പൊതുജനങ്ങൾക്ക് പരാതി പോസ്റ്റ് ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയത്. സ്‌പൈഡർ പൊലീസ് എന്ന പേരിൽ രൂപീകരിച്ച സേവനം 24 മണിക്കൂറും ലഭ്യമാക്കും വിധമായിരുന്നു ആസൂത്രണം ചെയ്തത്. സ്‌പൈഡർ പൊലീസ് ലോഗോ പതിച്ച വാഹനങ്ങൾ റൂറൽ ഏരിയകളിൽ റോന്തു ചുറ്റുകയാണ് ചെയ്തത്.

ഇങ്ങനെ ആലുവയിൽ പൊലീസിങ് സംവിധാനത്തെ മെച്ചപ്പെടുത്തുന്ന പ്രവൃത്തികളുമായി മുന്നോട്ടു പോകുന്ന വേളയിലാണ് യതീഷ് ചന്ദ്ര ഐപിഎസ് ഹർത്താൽ ദിനത്തിലെ ലാത്തിച്ചാർജ്ജിന്റെ പേരിൽ പ്രതിക്കൂട്ടിലായിരിക്കുന്നത്. ഈ ലാത്തിച്ചാർജ്ജ് സിപിഐ(എം) എന്ന പ്രബല സംഘടനയെ അദ്ദേഹത്തിന് എതിരായി തിരിച്ചിരിക്കയാണ്. സിപിഐ(എം) നേതാക്കളെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചതിന് പുറമേ വഴിയാത്രക്കാരനായ വയോധികനെ മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ യതീഷിനെതിരെ സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധം ഉയരുകയാണ്. എന്നാൽ ചെയ്തത് തന്റെ ഡ്യൂട്ടിയുടെ ഭാഗമാണെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. എന്നാൽ എസ്‌പിയെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയതോടെ ഈ ഉദ്യോഗസ്ഥൻ നടപടി നേരിടേണ്ടി വരുമെന്ന ഭീഷണിയിലാണ്.

അതേസമയം െൈസബർ ലോകത്ത് യതീഷിനെ പിന്തുണച്ചുകൊണ്ടും നിരവധി പേർ രംഗത്തെുണ്ട്. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി ഒരു യുവ ഉദ്യോഗസ്ഥൻ ചെയ്ത കാര്യത്തെ പിന്തുണക്കുകയാണ് വേണ്ടതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ,സമാധാന പരമായി സമരം നടത്തിയവരെ തല്ലിച്ചതച്ച പൊലീസ് നടപടി കിരാതമാണെന്ന് ഇടതു അനുഭാവികളും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP