Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തമിഴ്‌നാട് നാമക്കൽ സ്വദേശി; ടിസിഎസിനെ ആഗോള തലത്തിൽ വിശ്വാസ്യതയുള്ള ബ്രാൻഡാക്കി മാറ്റിയ മാനേജ്‌മെന്റ് വിദഗ്ധൻ; കമ്പനിയുടെ ലാഭം ലാഭം മൂന്ന് മടങ്ങ് വർദ്ധിപ്പിച്ച ബുദ്ധികേന്ദ്രം; ഫോട്ടോഗ്രഫിയിലും സംഗീതത്തിലും കമ്പം; മറ്റൊരു അഭിനിവേശം മാരത്തോൺ ഓട്ടം; പാഴ്‌സി വിഭാഗത്തിൽപ്പെടാത്ത ആദ്യ ടാറ്റ ചെയർമാൻ നടരാജൻ ചന്ദ്രശേഖരനെ പരിചയപ്പെടാം

തമിഴ്‌നാട് നാമക്കൽ സ്വദേശി; ടിസിഎസിനെ ആഗോള തലത്തിൽ വിശ്വാസ്യതയുള്ള ബ്രാൻഡാക്കി മാറ്റിയ മാനേജ്‌മെന്റ് വിദഗ്ധൻ; കമ്പനിയുടെ ലാഭം ലാഭം മൂന്ന് മടങ്ങ് വർദ്ധിപ്പിച്ച ബുദ്ധികേന്ദ്രം; ഫോട്ടോഗ്രഫിയിലും സംഗീതത്തിലും കമ്പം; മറ്റൊരു അഭിനിവേശം മാരത്തോൺ ഓട്ടം; പാഴ്‌സി വിഭാഗത്തിൽപ്പെടാത്ത ആദ്യ ടാറ്റ ചെയർമാൻ നടരാജൻ ചന്ദ്രശേഖരനെ പരിചയപ്പെടാം

മറുനാടൻ ഡെസ്‌ക്

മുംബൈ: കുറച്ചുനാളായി വ്യവസായലോകം കാതോർത്തിരുന്ന വാർത്തയെത്തിയിരിക്കുന്നു. ടാറ്റ ഗ്രൂപ് കമ്പനികളുടെ മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ പുതിയ ചെയർമാനെ നിശ്ചയിച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ നാമക്കൽ സ്വദേശി ചന്ദ്ര എന്നു വിളിക്കപ്പെടുന്ന നടരാജൻ ചന്ദ്രശേഖരനാണ് ആധുനിക ഇന്ത്യയുടെ ചരിത്തിൽ സുപ്രധാന സ്ഥാനമുള്ള ടാറ്റ കമ്പനികളെ ഇനിമുതൽ നയിക്കുക. അന്താരാഷ്ട്രതലത്തിൽ പടന്നു പന്തലിച്ചിരിക്കുന്ന ടാറ്റ കൺസൽട്ടസി(ടിസിഎസ്)യെന്ന ഐടി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തുനിന്നാണ് ചന്ദ്ര എത്തുന്നത്. പാഴ്‌സി മതവിഭാഗത്തിൽപ്പെടാത്ത ആദ്യത്തെ ടാറ്റ ചെയർമാൻ കൂടിയാണ് ഇദ്ദേഹം.

രത്തൻ ടാറ്റയുടെ പിൻഗാമിയായി സൈറസ് മിസ്ത്രിയെ നിയമിച്ചതും വൈകാതെ അദ്ദേഹത്തെ പുറത്താക്കി രത്തൻ ടാറ്റതന്നെ താത്കാലിക ചെയർമാൻ പദവി ഏറ്റെടുക്കുകയും ചെയ്ത സംഭവവികാസങ്ങൾ വ്യവസായ ലോകം സാകൂതമാണു ശ്രദ്ധിച്ചിരുന്നതാണ്. അടുത്ത ചെയർമാനായി രത്തൻ ടാറ്റ ആരെയായിരിക്കും കണ്ടെത്തുകയെന്നതായിരുന്നു ആകാംഷാ പൂർവം കാത്തിരുന്ന കാര്യം. ഒടുക്കം പാഴ്‌സി മതവിഭാഗത്തിൽപ്പെടാത്ത ഒരാൾക്ക് അമരം കൈമാറിയിരിക്കുകയാണ് രത്തൻ ടാറ്റ.

നൂറോളം സംരംഭങ്ങളും ആറുലക്ഷം ജീവനക്കാരും 7,00,000 കോടി രൂപയോളം ആസ്തിയുമുള്ള ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയാണ് ടാറ്റാ സൺസ്. ടാറ്റാ സൺസിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെടുന്നയാളാണ് 148 വർഷത്തെ പൈതൃകമുള്ള ടാറ്റാ ഗ്രൂപ്പിന്റെയും ചെയർമാനാവുക. ടാറ്റ സൺസിൽ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുള്ള ഷാപൂർജി പല്ലോഞ്ചി(18.5 ശതമാനം ഓഹരികൾ ഇദ്ദേഹത്തിന്റെ കൈയിലാണ്)യുടെ മകനായ സൈറസ് മിസ്ത്രി 2012ലാണ് രത്തൻ ടാറ്റയുടെ പിൻഗാമിയായി ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. \

എന്നാൽ ടാറ്റ ഗ്രൂപ്പിന്റെ പാരമ്പര്യത്തിൽനിന്നു വ്യതിചലിച്ചുള്ള മിസ്ത്രിയുടെ പ്രവർത്തനം കേവലം നാലു വർഷത്തിനകം അദ്ദേഹത്തിന്റെ പുറത്താകലിൽ കലാശിച്ചു. ഒക്ടോബറിൽ സൈറസ് മിസ്ത്രിയെ പുറത്താക്കിയ ബോർഡ് യോഗം പുതിയ ചെയർമാനെ നിശ്ചയിക്കുന്നതുവരെ രത്തൻ ടാറ്റയെ താത്കാലിക ചെയർമാനായും നിയമിച്ചു.\

സൈറസ് മിസ്ത്രിയുടെ പുറത്താകലിനു പിന്നാലെ ചെയർമാൻ സ്ഥാനത്തേക്ക് ഏറ്റവും ഉയർന്നു കേട്ട പേര് ചന്ദ്രയുടേത് തന്നെയായിരുന്നു. മിസ്ത്രിയെ പുറത്താക്കിയതിനു പിന്നാലെ ചന്ദ്രയെ ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡിൾ ഉൾപ്പെടുത്തിയതുതന്നെ പ്രധാന കാരണം. രത്തൻ ടാറ്റയുടെ അർധസഹോദരനായ നോയൽ ടാറ്റ, വാഹനവ്യവസായ മേഖലയിൽ ദീർഘകാലം പ്രവർത്തിച്ചു പരിചയമുള്ള ജർമൻകാരൻ റാൾഫ് സ്‌പെക്, പെസ്പികോ സിഇഒ ഇന്ദ്ര നൂയി തുടങ്ങിയവരുടെ പേരുകളും സജീവമായി ഉയർന്നു കേട്ടിരുന്നു. ടിസിഎസ് എന്ന കമ്പനിയെ ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള സ്ഥാപനമാക്കി മാറ്റിയെടുത്ത ചാന്ദ്രയുടെ കഴിവിൽ ഒരാൾക്കും സംശയമില്ലായിരുന്നു. എന്നാൽ നാളിതുവരെയുള്ള ടാറ്റയുടെ പാരമ്പര്യം അനുസരിച്ച് പാഴ്‌സി വിഭാഗത്തിൽപ്പെടാത്ത ഒരാൾ കമ്പനിയുടെ നേതൃസ്ഥാനത്തേക്ക് ഉയർന്നു വരുമോയന്ന സന്ദേഹം നിലനിന്നിരുന്നു.

ചന്ദ്രശേഖരനെ ചെയർമാൻ സ്ഥാനത്തേക്കു പരിഗണിക്കാൻ ഒട്ടേറെ കാരണങ്ങളുണ്ട്. പ്രായക്കുറവുതന്നെ പ്രധാന കാരണം. അദ്ദേഹത്തിൻ 53 വയസേയുള്ളൂ. മറ്റൊരു പ്രധാന കാരണം ടാറ്റ ഗ്രൂപ്പിലെ ഏറ്റവും ലാഭകരമായ കമ്പനിയെയാണ് അദ്ദേഹം നയിക്കുന്നതെന്നതാണ്. ടിസിഎസിന്റെ തലപ്പത്ത് ഒരുപാട് വർഷങ്ങളായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് കമ്പനിയെ നന്നായിയറിയാം. ടിസിഎസ് സിഇഒയും മാനേജിങ് ഡയറക്ടറുമായി 2009ലാണ് ചന്ദ്രശേഖരൻ സ്ഥാനമേൽക്കുന്നത്. മേധാവി എന്ന നിലയിൽ തനിക്ക് ഉറച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നും വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമായി തെളിയിച്ചിട്ടുണ്ട്.

ചന്ദ്രശേഖരന് കീഴിൽ ടിസിഎസിന്റെ വിറ്റുവരവ് മൂന്ന് മടങ്ങായാണ് വർധിച്ചത്. 2010ലെ 30,000 കോടി രൂപയിൽനിന്ന് 2016ഓടെ ഇത് 1.09 ലക്ഷം കോടിയായി മാറി. ലാഭവും മൂന്നുമടങ്ങ് വർധിച്ചു. 7,093 കോടി രൂപയിൽനിന്ന് 24,375 കോടി രൂപയായാണ് ലാഭം വർധിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കയറ്റുമതി കമ്പനിയായ ടിസിഎസിൽ നിലവിൽ 3,50,000 പേരാണ് ജോലി ചെയ്യുന്നത്. ഇത് ടിസിഎസിനെ രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാക്കി മാറ്റുന്നു. ലിസ്റ്റഡ് കമ്പനികളിൽ കോൾ ഇന്ത്യക്ക് തൊട്ടുപിന്നിലാണ് ടിസിഎസ്.

കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസിൽനിന്നും അപ്ലയ്ഡ് സയൻസിൽ ബിരുദവും ട്രിച്ചിയിലെ റീജണൽ എൻജിനിയറിങ് കോളജിൽ(ഇപ്പോൾ തിരുച്ചിറപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) നിന്ന് കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ ചന്ദ്രശേഖരൻ 1987 ലാണ് ടിസിഎസിൽ ജോലിക്കാരനായി പ്രവേശിക്കുന്നത്. സിഇഒ ആകുന്നതിന് മുമ്പ് ചീഫ് ഓപറേറ്റിങ് ഓഫീസറായും എക്‌സിക്യൂട്ടീവ് ഡയറക്ടറായും സേവനം അനുഷ്ടിരുന്നു. കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയിലും ബ്രിട്ടീഷ് കമ്പ്യൂട്ടർ സൊസൈറ്റിയിലും സജീവ അംഗവുമാണ്.

ഫോട്ടോഗ്രാഫിയിൽ അതീവ താത്പര്യമുള്ള ചന്ദ്ര സംഗീതത്തിലും ഏറെ താത്പര്യം പുലർത്തുന്നു. ദീർഘദൂര ഓട്ടത്തിലും ഏറെ താത്പര്യമുള്ള ചന്ദ്ര ആംസ്റ്റർഡാം, ബോസ്റ്റൺ, ഷിക്കാഗോ, ബെർലിൻ, മുംബൈ, ന്യൂയോർക്ക്, ടോക്കിയോ മാരത്തോണുകളിൽ പങ്കെടുത്തിട്ടുണ്ട്. 2016 മുതൽ റിസർവ് ബാങ്ക് ബോർഡ് ഡയറക്ടറായി പ്രവർത്തിക്കുന്നു. ഐടി സർവീസ് മേഖലയിലെ ഉന്നത ഭരണസമിതിയായ നാസ്‌കോമിന്റെ ചെയർമാനായി 2012-13 കാലത്ത് സേവനം അനഷ്ഠിച്ച ചന്ദ്ര ഇപ്പോൾ അതിൽ സജീവ അംഗമായും പ്രവർത്തിക്കുന്നു.

 

ആനുവൽ ഓൾ ഏഷ്യ എക്‌സിക്യൂട്ടീവ് ടീം റാങ്കിംഗിൽ 2015 വരെ തുടർച്ചയായി അഞ്ചു വർഷം ഏറ്റവും മികച്ച സിഇഒ ആയി തെരഞ്ഞെടുക്കപ്പെട്ടത് ചന്ദ്രശേഖരൻ ആയിരുന്നു. ഹൈദരാബാദിലെ ജവഹർ ലാൽ നെഹ്രു ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി, നെഥർലാൻഡ്‌സിലെ എൻയെന്റോഡ് ബിസിനസ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിൽനിന്ന് ഓണററി ഡോക്ടറേറ്റിനും അർഹനായിട്ടുണ്ട്.

മുംബൈയിൽ താമസിക്കുന്ന ചന്ദ്രശേഖരന്റെ ഭാര്യ ലളിതയാണ്. പ്രണവ് എന്നൊരു മകനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP