Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആമിർഖാന് പാക്കിസ്ഥാനിലേക്ക് വഴി കാണിച്ചു; ഷാരൂഖ് ഖാനെ പാക് തീവ്രവാദിയോട് ഉപമിച്ചു; മദർ തെരേസയെ ക്രൈസ്തവ ഗൂഢാലോചനയുടെ ഭാഗമായി കണ്ടു; ന്യൂനപക്ഷങ്ങൾ 10 ശതമാനം ഉള്ളിടത്ത് ഗുരുതരമായ വർഗീയ കലാപമെന്ന് പ്രസ്താവന: നിയുക്ത യുപി മുഖ്യമന്ത്രി യോഗി ആദ്യനാഥ് തീവ്രഹിന്ദുത്വത്തിന്റെ വക്താവും വിവാദ നായകനും

ആമിർഖാന് പാക്കിസ്ഥാനിലേക്ക് വഴി കാണിച്ചു; ഷാരൂഖ് ഖാനെ പാക് തീവ്രവാദിയോട് ഉപമിച്ചു; മദർ തെരേസയെ ക്രൈസ്തവ ഗൂഢാലോചനയുടെ ഭാഗമായി കണ്ടു; ന്യൂനപക്ഷങ്ങൾ 10 ശതമാനം ഉള്ളിടത്ത് ഗുരുതരമായ വർഗീയ കലാപമെന്ന് പ്രസ്താവന: നിയുക്ത യുപി മുഖ്യമന്ത്രി യോഗി ആദ്യനാഥ് തീവ്രഹിന്ദുത്വത്തിന്റെ വക്താവും വിവാദ നായകനും

മറുനാടൻ ഡെസ്‌ക്

ലക്നൗ: തീവ്രഹിന്ദുത്വത്തിന്റെ വക്താവും എന്നും വിവാദ നായകനുമാണ് ഇപ്പോൾ യുപി മുഖ്യമന്ത്രിയായി ബിജെപി തിരഞ്ഞെടുത്തിരിക്കുന്ന നേതാവ് യോഗി ആദിത്യനാഥ്. കടുത്ത മുസ്ലിം വിരുദ്ധനായ വ്യക്തി കൂടിയാണ് അദ്ദേഹം. ആമിർഖാൻ, ഷാരൂഖ് ഖാൻ എന്നിവർക്കെതിരെ പച്ചവർഗീയതയോടെ പ്രസംഗിക്കുകയും ജനതയെ കലാപത്തിലേക്ക് നയിക്കുകയും ചെയ്ത് വ്യക്തിത്വമാണ് യോഗിയുടേത്. എന്നും വിവാദ പ്രസ്താവനകൾ കൊണ്ട് നിറഞ്ഞ യോഗിയുടെ യഥാർത്ഥ പേര് അജയ് സിങ് ബിഷ്ത് എന്നാണ്.

1998 മുതൽ അഞ്ചു തവണ ഖൊരക്പുരിലെ ബിജെപി എംപിയായിരുന്നു യോഗി ആദിത്യനാഥ്. 1998ൽ തന്റെ 26-ാം വയസ്സിൽ ഖൊരക്പൂർ മണ്ഡലത്തിൽനിന്ന് ആദ്യം വിജയിക്കുമ്പോൾ 12-ാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു അദ്ദേഹം. പിന്നീട് 1999, 2004, 2009, 2014 വർഷങ്ങളിലും അദ്ദേഹം ഖൊരക്പുരിനെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തി. ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോൾ 44 വയസു മാത്രമാണ് ആദിത്യനാഥിന്റെ പ്രായം.

യോഗി ആതിദ്യനാഥിന്റെ യഥാർഥ പേര്. ഉത്തരാഖണ്ഡിലെ എച്ച്.എൻ.ബി ഗർവാൾ സർവ്വകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിഎസ്.സി ബിരുദം നേടിയിട്ടുള്ള അദ്ദേഹം ഉത്തർപ്രദേശിലെ പ്രശസ്തമായ ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയുമാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ 2002ൽ ഹിന്ദു യുവവാഹിനി എന്ന സംഘടന രൂപീകരിച്ചു. കടുത്ത വലതുപക്ഷ- ദേശീയതാവാദ നിലപാടു പുലർത്തുന്ന ഈ സംഘടനയുടെ അനുയായികളാണ് പിന്നീട് സംസ്ഥാനത്തുണ്ടായ പല സായുധ കലാപങ്ങളുടെയും ഗോരക്ഷാ സംഘർഷങ്ങളുടെയും ലൗജിഹാദ് ആരോപിച്ച് നോടന്ന ആക്രമണ സംഭവങ്ങളുടെയും പിന്നിലുണ്ടായിരുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇന്ത്യയെ ക്രൈസ്തവവത്കരിക്കാനായുള്ള ഗൂഢാലോചനയിൽ മദർ തെരേസയും പങ്കാളിയായിരുന്നുവെന്ന് ഒരിക്കൽ ആദിത്യനാഥ് പ്രസംഗിച്ചു. രാജ്യത്തെ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ച ബോളിവുഡ് താരം ആമിർ ഖാൻ രാജ്യംവിട്ടു പോകണമെന്നും അങ്ങനെ ഇന്ത്യയിലെ ജനസംഖ്യ കുറയുമെന്നും പ്രസംഗിച്ചത് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. ഷാരൂഖ് ഖാനെ പാക്കിസ്ഥാൻ തീവ്രവാദി ഹാഫിസ് സെയ്ദിനോട് താരതമ്യപ്പെടുത്തി നടത്തിയ പരമർശവും ഏറെ വിമർശനങ്ങൾക്ക് വിധേയമായി.

രാമക്ഷേത്രനിർമ്മാണമെന്ന സംഘപരിവാർ അജണ്ടയാണ് യോഗി ആദിത്യനാഥിനെ സുപ്രധാന തസ്തികയിൽ പ്രതിഷ്ടിച്ചതിന്റെ കാരണം. രാമക്ഷേത്രം പണിയണമെന്ന കർശന നിലപാട് സ്വീകരിച്ചിട്ടുള്ള ആദിത്യനാഥ് അധികാരത്തിലെത്തുമ്പോൾ അയോധ്യാപ്രശ്‌നത്തിൽ അടുത്ത വഴിത്തിരിവെന്താകുമെന്നും രാജ്യം ഉറ്റുനോക്കുന്നു. എംപിമാരുടെ ശമ്പളം, അലവൻസ് എന്നിവ സംബന്ധിച്ച 1954ലെ നിയമം പരിഷ്‌കരിക്കാൻ പാർലമെന്റ് രൂപം നൽകിയ സംയുക്ത പാർലമെന്ററി സമിതിയുടെ അധ്യക്ഷനുമായിരുന്നു യോഗി ആദിത്യനാഥ്.

ശരിഅത്ത് നിയമം പ്രാബല്യത്തിലുള്ള രാജ്യങ്ങളിലേക്കു പോകാൻ ഇന്ത്യയിലെ മുസ്ലിംകൾക്കു തടസ്സമില്ലെന്ന് പ്രഖ്യാപിച്ചാണ് യോഗി ആദിത്യനാഥ് തുടക്കത്തിൽ വിവാദങ്ങളിൽ ഇടംപിടിച്ചത്. ശരിഅത്ത് നിയമത്തിൽ ഇടപെടാൻ കോടതികളിലൂടെ ശ്രമം നടക്കുന്നുവെന്ന ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ പ്രസ്താവനയോടു പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങൾ 10 ശതമാനത്തിൽ കൂടുതലുള്ളിടത്താണു കലാപങ്ങൾ ഉണ്ടാകുന്നതെന്നും 35 ശതമാനത്തിൽ കൂടുതലുള്ളിടത്തു മുസ്ലിംകളല്ലാത്തവർക്കു സ്ഥാനമുണ്ടാവില്ലെന്നും പ്രഖ്യാപിച്ച് 2014 സെപ്റ്റംബറിൽ യോഗി ആദിത്യനാഥ് വിവാദപുരുഷനായി.

മതസ്പർധ വളർത്തുന്ന രീതിയിൽ വിദ്വേഷജനകമായ പ്രസംഗം നടത്തിയതിന് എംപി യോഗി ആദിത്യനാഥിനെതിരെ കേസെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരുന്നു. 2014ൽ ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങൾക്കിടെ നോയിഡയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു നടപടി. ചട്ടലംഘനത്തിന്റെ പേരിൽ ആദിത്യനാഥിനെ കടുത്ത ഭാഷയിൽ ശാസിച്ച കമ്മിഷൻ, ഭാവിയിൽ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ കരുതലോടെ സംസാരിക്കണമെന്ന താക്കീതും നൽകി. തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ കാരണം കാണിക്കൽ നോട്ടിസിന് അദ്ദേഹം നൽകിയ ലാഘവത്തോടെയുള്ള മറുപടിയെയും കമ്മിഷൻ വിമർശിച്ചു. ക്ഷേത്രങ്ങളിലെ മൈക്ക് സെറ്റുകൾ നീക്കം ചെയ്യാൻ ഉൽസാഹം കാണിച്ച പൊലീസ്, മുസ്ലിം പള്ളികളിൽ മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകി എന്നും മറ്റുമുള്ള ആരോപണങ്ങളാണ് ആദിത്യനാഥിന്റെ പ്രസംഗത്തിൽ ഉൾപ്പെട്ടിരുന്നത്.

രാജ്യത്തു കടുത്ത അസഹിഷ്ണുത വളരുന്നുവെന്ന ബോളിവുഡ് താരം ഷാറുഖ് ഖാന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയ ആദിത്യനാഥ്, ഷാറുഖിനെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ പാക്ക് ഭീകരൻ ഹാഫിസ് സയീദിനോടു താരതമ്യപ്പെടുത്തിയതും ഏറെ വിവാദത്തിലായിരുന്നു. ഷാറൂഖും സയീദും ഒരേ ഭാഷയാണു സംസാരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ. ഇതിനെതിരെ ബിജെപി സഖ്യകക്ഷി കൂടിയായ ശിവസേന അടക്കം രംഗത്തെത്തിയിരുന്നു.

ഇന്ത്യയെ ക്രിസ്തീയവൽക്കരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു മദർ തെരേസയെന്നായിരുന്നു മറ്റൊരു ആരോപണം. 2016 ജൂണിൽ ഉത്തർപ്രദേശിലെ ബസ്തിയിൽ രാമകഥാ ചടങ്ങിൽ സംസാരിക്കവെയാണു മദർ തെരേസയ്ക്ക് എതിരെ അദ്ദേഹം രംഗത്തെത്തിയത്. ഇന്ത്യയെ ക്രിസ്തീയവൽക്കരിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഫലമായി അരുണാചൽപ്രദേശ്, ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ വിഘടനത്തിനു വേണ്ടിയുള്ള മുന്നേറ്റങ്ങളുണ്ടായതായും അദ്ദേഹം ആരോപിച്ചു.

ഖൊരക്പൂർ ഉൾപ്പെടുന്ന ഉത്തർപ്രദേശിന്റെ കിഴക്കൻ മേഖലയിൽ ശക്തമായ സ്വാധീനശക്തിയാണ് ആദിത്യനാഥിനുള്ളത്. മോദി കഴിഞ്ഞാൽ ഇക്കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും സ്വാധീനശക്തിയുണ്ടായിരുന്ന നേതാവും ആദിത്യനാഥ് തന്നെയായിരുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകളും വിദ്വേഷ പ്രസംഗങ്ങളും കൊണ്ട് ഉത്തർപ്രദേശിൽ വലിയൊരു വിഭാഗത്തിന്റെ ആരാധനാപാത്രമാകാൻ അദ്ദേഹത്തിനു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP