Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേണമെന്ന് വച്ചാൽ സർക്കാർ ഉദ്യോഗസ്ഥൻ വിചാരിച്ചാലും വിപ്ലവമെത്തും; മാഗിയെ മുട്ടുകുത്തിച്ച സാധാരണക്കാരനായ ഫുഡ് സേഫ്റ്റി ഓഫീസറെ പരിചയപ്പെടാം

വേണമെന്ന് വച്ചാൽ സർക്കാർ ഉദ്യോഗസ്ഥൻ വിചാരിച്ചാലും വിപ്ലവമെത്തും; മാഗിയെ മുട്ടുകുത്തിച്ച സാധാരണക്കാരനായ ഫുഡ് സേഫ്റ്റി ഓഫീസറെ പരിചയപ്പെടാം

നെസ് ലെയെ ഞെട്ടിച്ച് മാഗിയുടെ കള്ളക്കഥ പുറത്തുകൊണ്ട് വന്നത് ഉത്തർപ്രദേശിലെ ഒരു സാധാരണ ഫുഡ് സേഫ്റ്റി ഓഫീസറാണ്. ഇന്ന് ലോകം ചർച്ച ചെയ്യുന്ന വാർത്തകളിലെ നായകൻ. ആരെയും വിലക്കെടുക്കാൻ കഴിയുന്ന ആഗോള ഭീമന് മുന്നിൽ മുട്ടുമടക്കാത്ത സഞ്ജയ് സിങ്. അതുകൊണ്ട് തന്നെ ഇന്ന് ഈ സർക്കാർ ഉദ്യോഗസ്ഥൻ താരമാണ്. സഞ്ജയ് സിങ് ഒരു വർഷം മുൻപ് നടത്തിയ പരിശോധനയാണ് 1300കോടിയുടെ വ്യാപാരം കൈകാര്യം ചെയ്തിരുന്ന മാഗി നൂഡിൽസിനെ ഇന്ത്യയിൽ നിന്ന് കെട്ടുകെട്ടിച്ചത്.

ഇതൊക്കെയാണെങ്കിലും മാഗി രാജ്യവ്യാപകമായി നിരോധിച്ചതോടെ താൻ നടത്തിയ ശ്രമങ്ങളുടെ എല്ലാം ക്രെഡിറ്റും മുതിർന്ന ഉദ്യോഗസ്ഥനായ വി.കെ. പാണ്ഡെ തട്ടിയെടുത്തതായി സഞ്ജയ് സിങിന്റെ പരാതിയുണ്ട്. പരിശോധനകൾ നടത്തിയത് സഞ്ജയ് സിങ് ആണെങ്കിലും മാഗിക്ക് നിരോധനം ഏർപ്പെടുത്താനുള്ള നടപടി സ്വീകരിച്ചത് താനാണെന്നാണ് പാണ്ഡെയുടെ വാദം. അതേസമയം, തന്റെ മേൽ ഉദ്യോഗസ്ഥരുടെയും ടീമിന്റെ സഹായമില്ലായിരുന്നെങ്കിലും മാഗിക്കെതിരെ നടപടിയുണ്ടാകുമായിരുന്നില്ലെന്ന് സഞ്ജയ് സിങ് സമ്മതിക്കുന്നുമുണ്ട്. പക്ഷേ നടപടി തുടങ്ങിയത് സഞ്ജയ് സിങ് തന്നെയാണ്.

കുട്ടികളെയും യുവാക്കളെയും ഇയ്യയും എം.എസ്.ജിയും തീറ്റിച്ച, മാഗിയുടെ കഥ പുറം ലോകത്ത് എത്തിയത് സഞ്ജയ് സിങാണ്. ആർക്കും രക്ഷപ്പെടുത്താനാകാതെ മാഗിയെ കുരുക്കി. പലവട്ടം പരിശോധന നടത്തി, പിന്നെ നിയമത്തിന്റെ പഴുതുകളെല്ലാമടച്ച് നടപടികളും. കഴിഞ്ഞ വർഷം മാർച്ച് 10നാണ് ഉത്തർപ്രദേശിലെ ബാരാബങ്കിയിലെ ഒരു കടയിൽ നിന്ന് സഞ്ജയ് സിങ് ഒരു പാക്ക് മാഗി വാങ്ങി പരിശോധനയ്ക്ക് അയച്ചത്. പതിവ് പരിശോധനയായിരുന്നു. ഖരഖ്പുരിലെ സർക്കാർ ലാബിൽ നിന്ന് ലഭിച്ച പരിശോധനാഫലം സഞ്ജയ്‌സിങിനെ ഞെട്ടിച്ചു. അനുവദനീയമായതിൽ കൂടുതൽ അളവിൽ ഇയ്യവും മോണോ സോഡിയം ഗ്ലൂട്ടമേറ്റും മാഗിയിൽ കണ്ടെത്തി

മാഗി പോലെ ജനപ്രിയമായ ഒരു ഭക്ഷ്യോത്പന്നത്തിൽ ഇത്രയും അപകടകാരികളായ വസ്തുക്കളോ? ഉടനെ മേലധികാരിയായ വി.കെ. പാണ്‌ഡെയെ വിവരം അറിയിച്ചു. മാഗിയുടെ പകിട്ട് കണ്ട് കണ്ണു മഞ്ഞളിക്കാത്ത പാണ്‌ഡെ തുടർ നടപടികൾ കൈക്കൊള്ളാൻ സഞ്ജയ്‌സിങ്ങിന് അനുമതി കൊടുത്തു. പരിശോധനാഫലം നെസ്ലെയെ അറിയിച്ചെങ്കിലും അത് അംഗീകരിക്കാൻ അവർ തയ്യാറായില്ല. സെൻട്രൽ ലബോറട്ടറിയിൽ പരിശോധന നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതിനെ തുടർന്ന് മറ്റൊരു കടയിൽ നിന്നു വാങ്ങിയ മാഗി കൊൽക്കത്തയിലെ സെൻട്രൽ ഫുഡ് ലബോറട്ടറിയിലേയ്ക്ക് വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചു. അതിന്റെ ഫലത്തിലും മാറ്റമുണ്ടായിരുന്നില്ല.

സഞ്ജയ് സിങ്ങിൽ പിന്നീടുള്ള ഓരോ നീക്കവും. പ്രശ്‌നങ്ങൾ പലതുമുണ്ടായിരുന്നു വഴിയിൽ. കൊൽക്കത്തയിലേയ്ക്ക് അയച്ച സാമ്പിൾ ആദ്യം സിംലയിലാണ് എത്തിയത്. പരിശോധനാഫലം ദിവസങ്ങളോളം പോസ്റ്റ് ഓഫീസിലുമെത്തി. പഴുതുകളെല്ലാം അടച്ച് ബാരാബങ്കിയിലെ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റിന് മുൻപാകെ ഭക്ഷ്യസുരക്ഷാ നിയമത്തിലെ 59 (1) വകുപ്പ് പ്രകാരം കേസെടുത്തു. ഒരു ലക്ഷം രൂപ പിഴയും ആറ് മാസം വരെ തടവും ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.

രണ്ടു മിനിറ്റിന്റെ മാജിക് കൊണ്ട് ഇന്ത്യയിലെ നൂഡിൽസ് വിപണി മൊത്തമായി കൈയടക്കിവച്ചിരുന്ന മാഗിയുടെ സാമ്രാജ്യത്തെ വെറും രണ്ടു പരിശോധനകൾ കൊണ്ട് കെട്ടുകെട്ടിക്കാനാവുമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല സഞ്ജയ് സിങ്ങിന്. മാഗിയെ മാത്രം ഉന്നമിട്ടായിരുന്നില്ല എന്റെ പ്രവർത്തനം. ഏറ്റവും ജനപ്രിയമായ ബ്രാൻഡ് എന്ന നിലയിലാണ് മാഗി തിരഞ്ഞെടുത്തത്. ഇതിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് മറ്റ് നൂഡിൽസ് ബ്രാൻഡുകളായ ഐ.ടി.സി.യുടെ യിപ്പി, ഹിന്ദുസ്ഥാൻ ലിവറിന്റെ നോർ,സ്മിത്ത്‌ക്ലൈനിന്റെ ഫൂഡിൽസ് എന്നിവയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് പരിശോധന നടത്തിയത്. അതുകൊണ്ടുതന്നെ ഇതിന്റെ പേരിൽ ഒരു തരത്തിലുള്ള ബഹുമതിയും പ്രശസ്തിയും ആഗ്രഹിക്കുന്നില്ല-സഞ്ജയ് സിങ് പറയുന്നു. ലഖ്‌നൗ സ്വദേശിയായ സഞ്ജയ് സിങ് ലഖ്‌നൗ ക്രിസ്ത്യൻ കോളേജിൽ നിന്ന് ഓർഗാനിക് കെമിസ്ട്രിയിൽ എം.എസ്.സിയും ലഖ്‌നൗ സർകലാശലയിൽനിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റുംു നേടിയശേഷം 1998ലാണ് ബാരാബങ്കിയിൽ ഫുഡ് ഇൻസ്‌പെക്ടറായി ജോലിയിൽ പ്രവേശിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP