Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം സർക്കാരിനും പ്രതിപക്ഷത്തിനും തന്നെ; മലപ്പുറത്തുകാർ ബേസ് മൂവ്‌മെന്റിനെ കുറിച്ച് കേട്ടിട്ടില്ലാത്തതുകൊണ്ട് ഭീകരത ഇല്ലാതാവുന്നില്ല; ഐസിസ് പടിവാതിൽക്കൽ എത്തിയിട്ടും എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ കണ്ണടച്ചിരിക്കുന്നത്?

മലപ്പുറം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം സർക്കാരിനും പ്രതിപക്ഷത്തിനും തന്നെ; മലപ്പുറത്തുകാർ ബേസ് മൂവ്‌മെന്റിനെ കുറിച്ച് കേട്ടിട്ടില്ലാത്തതുകൊണ്ട് ഭീകരത ഇല്ലാതാവുന്നില്ല; ഐസിസ് പടിവാതിൽക്കൽ എത്തിയിട്ടും എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ കണ്ണടച്ചിരിക്കുന്നത്?

എഡിറ്റോറിയൽ

ലോകം എമ്പാടും പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയിൽ നിന്നും മാറി നിൽക്കാൻ ബോധപൂർവ്വമായി ചില ഭരണകൂടങ്ങൾ എങ്കിലും ശ്രമിക്കുന്നത് തെറ്റല്ല. എന്നാൽ ഇസ്ലാമോഫോബിയ ഭയന്നോ, ഏതെങ്കിലും ഒരു വിഭാഗത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ ശത്രുത ഭയന്നോ സത്യത്തിൽ നിന്നും ഒളിച്ചോടുന്നത് ഒരു ജനാധിപത്യ സർക്കാരിന് ഒട്ടും ഭൂഷണമല്ല. നിർഭാഗ്യവശാൽ കൊല്ലം സ്‌ഫോടനത്തെ ഉമ്മൻ ചാണ്ടി സർക്കാരും, മലപ്പുറം സ്‌ഫോടനത്തെ പിണറായി സർക്കാരും സമീപിച്ചത് വളരെ നിരാശാകരമായി ആണ് എന്നു പറയാതെ വയ്യ.

മൈസൂരിലും ചിറ്റൂരിലും കൊല്ലത്തും മലപ്പുറത്തും സ്‌ഫോടനം നടത്തിയത് ഒരേ കൂട്ടരാണ് എന്നു വ്യക്തമാണ്. സ്‌ഫോടനങ്ങളിലെ സമാനത, സ്‌ഫോടന സ്ഥലത്ത് നിന്നും കണ്ടെത്തിയ കുറിപ്പുകൾ എന്നിവയിലെല്ലാം ഈ സമാനതയുണ്ട്. വലിയ ദുരന്തത്തിന് ശ്രമിക്കാതെ ഭയപ്പെടുത്തുന്ന സ്‌ഫോടനങ്ങൾ ആണ് ഇവിടെയെല്ലാം നടപ്പിലാക്കിയത്. നാല് സ്‌ഫോടനങ്ങളും ആ അർത്ഥത്തിൽ ഒരു മുന്നറിയിപ്പും പരീക്ഷണവും ആയിരുന്നു എന്നുറപ്പിക്കാം. ആദ്യ മൂന്ന് സ്‌ഫോടനങ്ങളും നടത്തിയത് ആരെന്നു കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല എന്ന നാണക്കേടാണ് ഈ അവസരത്തിൽ ഓർക്കേണ്ടത്.

ആണവ പരീക്ഷണം പോലെ ഒന്നായിരിക്കാം ഭീകരർ ഒരുക്കിയത് എന്നാണ് ഈ രംഗത്തെ കുറിച്ച് അറിയാവുന്നവർ പറയുന്നത്. വിജയകരമായി കൃത്യ സമയത്തും ലക്ഷ്യത്തിലും സ്‌ഫോടനം ഒരുക്കാൻ സാധിക്കുമോ, സ്‌ഫോടനം നടത്തിയ ശേഷം ആരുടെയും കണ്ണിൽ പെടാതെ രക്ഷപെടാൻ പറ്റുമോ, സ്‌ഫോടന ശേഷം പൊലീസ് എങ്ങനെയാണ് പ്രതികരിക്കുക, പ്രതികളെ കണ്ടെത്താനുള്ള സാധ്യതകൾ എന്താണ്, സ്‌ഫോടനങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രതികരണം എന്താണ് തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ഈ സ്‌ഫോടനങ്ങളിലൂടെ അവർ പരീക്ഷിച്ചറിഞ്ഞിരിക്കുകയാണ്. ഈ പരീക്ഷണത്തിൽ അവർ പൂർണമായും വിജയിച്ചിരിക്കുന്നു എന്നു വേണമെങ്കിൽ പറയാം. കൊല്ലം സ്‌ഫോടനത്തെ കുറിച്ച് ഒരു തുമ്പും കിട്ടിയിട്ടില്ല എന്നു മാത്രമല്ല, ഏറെ വൈകാതെ മറ്റൊരു സ്‌ഫോടനം കൂടി ഒരുക്കാൻ അവർക്ക് കഴിഞ്ഞു എന്നത് നിസാര കാര്യമല്ല.

ഈ സ്‌ഫോടനങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഐസിസ് ബന്ധം ആരോപിച്ചുണ്ടായ അറസ്റ്റുകളും കൂട്ടി വായിക്കേണ്ടതാണ്. മുൻപൊക്കെ രാജ്യത്ത് എന്തെല്ലാം നടന്നാലും പൂർണമായും സുരക്ഷിതമായ ഒരു നാടായി കരുതിയിരുന്ന കേരളത്തിൽ ഭീകരർ പിടിമുറുക്കുന്നു എന്ന സത്യം കാണാതിരിക്കാൻ കഴിയില്ല. സംസ്ഥാനത്ത് ഏത് നിമിഷവും സ്‌ഫോടനങ്ങളും ദുരന്തങ്ങളും ഉണ്ടാവാം എന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. തടിയന്റവിട നസീറിനെ പോലെ ഒരു കൊടും ക്രിമിനൽ നമ്മുടെ സംഭാവനയാണ്് എന്നു മറക്കരുത്. കേരളത്തിൽ ഐസിസിന്റെ ശാഖകൾ ആരംഭിച്ചെന്നും അനവധി മലയാളികൾ സിറിയയിലും ഇറാഖിലും പോയി ഐസിസിന് വേണ്ടി പോരാടുന്നു ഒന്നുമൊക്കെയുള്ള വാർത്തകൾ തെല്ലൊന്നുമല്ല ഞെട്ടിക്കുന്നത്.

നമ്മുടെ പടിവാതിൽക്കർ അവർ എത്തി നിൽക്കുന്നു. തൊടുപുഴയിലെ കൈവെട്ട് അവരുടെ ആദ്യ ലക്ഷ്യം ആയിരുന്നു. സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നവർക്കെതിരെ പോലും സംഘടിതമായി നടത്തുന്ന അക്രമണം ഇതിന്റെ മറ്റൊരു പ്രതിരൂപമാണ്. തങ്ങൾക്ക് ഇഷ്ടമില്ലാത്തത് എന്ത് പറഞ്ഞാലും ഞങ്ങൾ കൈവെട്ടും അല്ലെങ്കിൽ കാൽ വെട്ടും എന്ന അവസ്ഥ ഭയാനകമാണ്. ഈ അവസ്ഥയിലേയ്ക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. അതിനുള്ള തയ്യാറെടുപ്പ് തന്നെയാണ് കൊല്ലം - മലപ്പുറം സ്‌ഫോടനങ്ങൾ. ആ സ്‌ഫോടനങ്ങൾ നൽകുന്ന മുന്നറിയിപ്പ് നമ്മൾ വേണ്ടവിധം കണ്ടില്ലെങ്കിൽ അനുഭവിക്കാൻ പോകുന്നത് നമ്മുടെ തലമുറയാവും.

ഇറാനും ഇറാഖും സിറിയയും ഒക്കെ ഒരു കാലത്ത് സമ്പന്നമായ രാഷ്ട്രങ്ങൾ ആയിരുന്നു എന്നോർക്കണം. യുദ്ധങ്ങളും കലാപങ്ങളും ആണ് അവിടെ ജനജീവിതം ദുഷ്‌കരമാക്കിയത്. ഭീകരത ആത്യന്തികമായി ഒരു സമൂഹത്തിന് സമ്മാനിക്കുന്നത് ഇതു മാത്രമാണ്. യൂറോപ്പിലും അമേരിക്കയിലും വരെ ഭീകരരുടെ അഴിഞ്ഞാട്ടങ്ങൾ പതിവായിരിക്കുന്നു. യാതൊരുവിധ മുൻകരുതലുകളും ഇല്ലാത്ത ഇന്ത്യയിൽ അതു കുറച്ചു കൂടി എളുപ്പമാണ്. ബംഗ്ലാദേശിൽ ചെന്ന് കള്ള പാസ്‌പോർട്ട് വാങ്ങിയോ നേപ്പാളിന്റെയോ ഭൂട്ടാന്റെയോ ഒക്കെ അതിർത്തിയിലൂടെ ഒക്കെ ഇന്ത്യയിൽ എത്തുക അനായാസമാണ്. ബംഗാളികൾ എന്നു നമ്മൾ വിളിക്കുന്ന പലരും ബംഗ്ലാദേശ് പൗരന്മാരാണ് എന്നത് ഒരു സത്യമാണ്.

ഇത്രയും ഭീതിദമായ ഒരു സാഹചര്യം ഉണ്ടായിട്ടും വേണ്ടത്ര കരുതൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നത് ഖേദകരമാണ്. കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം നടത്തിയവരെക്കുറിച്ച് ഒരു സൂചനയുമില്ല എന്ന് മാത്രമല്ല മലപ്പുറത്ത് കൂടി സ്‌ഫോടനം ഉണ്ടായപ്പോൾ ചില ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്നത് നിരാശാജനകമാണ്. ഇത്ര നാളായിട്ടും കൊല്ലം സ്‌ഫോടനത്തെക്കുറിച്ച് ഒരു സൂചനയും കണ്ടെത്താൻ കഴിയാത്ത പൊലീസ് സംഘത്തെ തന്നെയാണ് മലപ്പുറത്തേക്കും നിയമിച്ചത് എന്നതാണ് അതിനേക്കാൾ ഖേദകരം.

സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും സമീപനം ഒരേ പോലെ തണുത്തതും, നിരാശാജനകവുമാണ് എന്നു പറയാതെ വയ്യ. മലപ്പുറത്തെ ആർക്കും ഇപ്പോൾ കേൾക്കുന്ന ഒരു സംഘടനയെക്കുറിച്ച് ഒന്നും അറിയില്ലെന്നും, മതസൗഹാർദ്ദം ഇല്ലാതാക്കൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതൊക്കെയെന്നുമാണ് പ്രതിപക്ഷം പറയുന്നത്. സർക്കാരിന്റെ നിലപാടും അതിൽ ഒട്ടും വ്യത്യസ്തമല്ല എന്നു തെളിയിക്കുന്നതാണ് ഇത്രയും നിർണായകമായ ഒരു കേസ് അന്വേഷിക്കാൻ ഒരു നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പിയെ അന്വേഷണ ചുമതല ഏൽപ്പിച്ചത്. ഡിജിപി നേരിട്ടോ, ഏതെങ്കിലും ഒരു എഡിജപിയോ എങ്കിലും അന്വേഷിക്കേണ്ട പ്രധാനപ്പെട്ട ഒരു കേസാണ് ഇങ്ങനെ ഒരു ഡിവൈഎസ്‌പിയുടെ കരുണയ്ക്ക് വിട്ടതെന്നോർക്കണം.

നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എന്നു കേട്ടാൽ എന്തോ ഭയങ്കര സംഭവം ആണെന്ന് തോന്നും. എന്നാൽ ഡിവൈഎസ്‌പിമാരുടെ എണ്ണം തികയ്ക്കാനായി സർക്കാർ ജില്ലാ സ്ഥാനങ്ങളിൽ നിയമിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി. അവരുടെ പണി മയക്കുമരുന്നു വേട്ടയാണെങ്കിലും ആർക്കും വേണ്ടാത്ത കേസുകൾ ഏൽപ്പിക്കുന്നതാണ് പൊതുവേ കണ്ടു വരുന്നത്. മുൻപ് ഭരണഘടന വിരുദ്ധമായി ഐറ്റി ആക്ടിലെ 66 എ നിലനിന്നിരുന്ന സമയത്ത് മറുനാടനെതിരെ ആര് പരാതി കൊടുത്താലും ഇത്തരം നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പിമാരായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. വെറുതേ ഒരു അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കുകയാണ് ഇവരുടെ ജോലി. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പിയെ നിയമിക്കുക വഴി സർക്കാർ ഈ വിഷയത്തിൽ വളരെ തണുത്ത നിലപാടാണ് എടുക്കുന്നത് എന്നു വ്യക്തമാവുകയാണ്.

ഡിജിപി നേരിട്ടോ, സംസ്ഥാനത്തെ ഏതെങ്കിലും ഒരു എജിപിയോ നടത്തേണ്ട അന്വേഷണമാണിത്. ആരാണ് സ്‌ഫോടനം നടത്തിയത് എന്നും കണ്ടെത്താതിരിക്കുന്നത് പൊലീസിന് നാണക്കേടാണ്. ഇനി അഥവാ പ്രതിപക്ഷം ആരോപിക്കുന്നതുപോലെ തെറ്റിദ്ധാരണകൾ പരത്തി ഒരു സമുദായത്തെ അക്രമിക്കാൻ ചിലർ നടത്തുന്ന ശ്രമം ആണിതെങ്കിലും അതിന് ചുക്കാൻ പിടിക്കുന്നവരെയും കണ്ടെത്തി ശിക്ഷിക്കണം. അല്ലെങ്കിൽ നമ്മൾ നേരിടാൻ പോകുന്നത് ഭീതിദമായ അവസ്ഥയാകുമെന്ന് തീർച്ച.

ഈ വിഷയത്തിൽ ബിജെപി നേതാവ് ഒ രാജഗോപാൽ മാത്രമാണ് ഗൗരവതരമായ ഒരു നിലപാട് എടുത്തത് എന്നു പറയാതിരിക്കാൻ കഴിയില്ല. സർക്കാരിന്റെ അലംഭാവത്തിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്നും രാജഗോപാൽ ഇറങ്ങിപ്പോയത് വളരെ പ്രതീകാത്മകമായ ഒരു പ്രതിഷേധം ആയിരുന്നു. സംസ്ഥാന സർക്കാർ വിഷയത്തിന്റെ ഗൗരവം മനസിലാക്കുന്നില്ലെങ്കിലും എൻഐഎ ഗൗരവമായി തന്നെ എടുത്ത് അന്വേഷണം ആരംഭിച്ചു എന്നത് ആശ്വാസകരമാണ്. ഈ കേസ് വാസ്തവത്തിൽ അന്വേഷിക്കേണ്ടത് എൻഐഎ തന്നെയാണ്. ഷൗക്കത്ത് അലിയെപ്പോലെയുള്ള രാജ്യസ്‌നേഹികളും മിടുക്കന്മാരുമായ ഉദ്യോഗസ്ഥർക്ക് അതിനുള്ള കഴിവ് ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP