Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ പോരാട്ടം മാദ്ധ്യമ പ്രവർത്തകർക്കെതിരെയോ പ്രസ് ക്ലബ്ബിനെതിരെയോ അല്ല; ഈ സമൂഹത്തിന്റെ കാപട്യത്തിന് എതിരെയാണ്: ജയിംസിന്റെയും സ്റ്റീവന്റെയും ആത്മാവ് ഇവരോട് പൊറുക്കട്ടെ

ഈ പോരാട്ടം മാദ്ധ്യമ പ്രവർത്തകർക്കെതിരെയോ പ്രസ് ക്ലബ്ബിനെതിരെയോ അല്ല; ഈ സമൂഹത്തിന്റെ കാപട്യത്തിന് എതിരെയാണ്: ജയിംസിന്റെയും സ്റ്റീവന്റെയും ആത്മാവ് ഇവരോട് പൊറുക്കട്ടെ

എഡിറ്റോറിയൽ

ഴിഞ്ഞ ഏതാനും ദിവസങ്ങളായി മറുനാടൻ മലയാളിയും തലസ്ഥാനത്തെ ഒരു വിഭാഗം പത്രപ്രവർത്തകരും തമ്മിൽ പൊരിഞ്ഞ പോര് നടക്കുകയാണ്. മാദ്ധ്യമത്തിലെ ഒരു ലേഖിക തന്റെ ഫേസ്‌ബുക്ക് വോളിൽ ഇട്ട ഒരു പോസ്റ്റും അതിനെതിരെ രംഗത്ത് എത്തിയ ചില മാദ്ധ്യമപ്രവർത്തകരുടെ തരംതാണ കമന്റുകളുമാണ് ഈ വിവാദത്തിന് തുടക്കമിട്ടത്. സംസ്ഥാന സർക്കാർ മദ്യവർജന നയത്തിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമപ്രവർത്തകർ നടത്തുന്ന വിചാരണകൾക്കിടയിൽ ആയിരുന്നു തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തുന്ന അനധികൃത ബാർ പൂട്ടാൻ പത്രക്കാർ നടപടി എടുക്കുമോ എന്ന ചോദ്യം സുനിത ഉയർത്തിയത്. തലസ്ഥാനത്ത് കുറച്ചുനാൾ എങ്കിലും പത്രപ്രവർത്തനം നടത്തിയിട്ടുള്ളവർക്ക് ഒക്കെ അറിയാവുന്ന ഒരു നഗ്ന സത്യമാണ് സുനിത തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിളിച്ച് പറഞ്ഞത്.

സുനിതയുടെ പോസ്റ്റ് ഇട്ട് അഞ്ച് ദിവസം കഴിഞ്ഞാണ് സങ്കേതം എന്ന അനധികൃത ബാറിനെ സംരക്ഷിക്കുന്നവരും സുനിതയുമായുള്ള തർക്കത്തിന്റെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളി വാർത്ത എഴുതുന്നത്. അനധികൃതമായി പ്രവർത്തിക്കുന്ന ബാറിനെതിരെ നിലപാടെടുക്കുമ്പോഴും ഈ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ആ ബാർ എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നില്ല എന്നത് കൊണ്ടാണ് അത്രയും ദിവസം ഇതൊരു വാർത്ത ആക്കാതിരുന്നത്. ടെൻഷൻ ഉള്ള ജോലി ചെയ്യുന്ന മാദ്ധ്യമപ്രവർത്തകർ അല്പം മദ്യപിച്ചാൽ അതൊരു വലിയ വിഷയമായി കണ്ടെത്തേണ്ടതുണ്ട് എന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല. ജോലിക്കുശേഷം ഒരുമിച്ചിരുന്ന് രണ്ടെണ്ണം അടിച്ച് പിരിയാൻ പത്രക്കാർ ആഗ്രഹിച്ചാൽ അതിനെ കുറ്റം പറയാൻ യോഗ്യത ഉണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല.

എന്നിട്ടും ഞങ്ങൾ ഇതൊരു വാർത്ത ആക്കിയത് രണ്ട് കാര്യങ്ങൾ കൊണ്ടായിരുന്നു. ലൈസൻസ് എടുത്ത് പ്രവർത്തിക്കാൻ അവസരം ഉണ്ടായിട്ടും ഇതുവരെ അതിന് ശ്രമിക്കാതിരുന്ന അധാർമ്മികതയോടുള്ള പ്രതിഷേധം ആയിരുന്നു ആദ്യത്തേതെങ്കിൽ സ്വന്തം അഭിപ്രായം പറഞ്ഞ സുനിതയുടെ നേർക്ക് ചില പത്രപ്രവർത്തകർ നടത്തിയ ലിംഗ വിവേചനത്തോടെയുള്ള ആക്രമണം ആയിരുന്നു രണ്ടാമത്തെ കാരണം. കേരളത്തിലെ പ്രമുഖ ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തെ ധാർമ്മിക ചോദ്യങ്ങൾ ഉന്നയിച്ച് വെള്ളം കുടിപ്പിക്കുന്ന ചില മാദ്ധ്യമ സിംഹങ്ങൾ തന്നെ ആയിരുന്നു തെരുവ് ഭാഷയിൽ സുനിതയെ എതിരിടാൻ എത്തിയത്. പെണ്ണ് എന്ന നിലയിലുള്ള എടുത്ത് ചാട്ടം ആണ് സുനിതയുടേത് എന്ന് ചൂണ്ടിക്കാട്ടി അത് നിയന്ത്രിക്കാൻ വഴികൾ നിർദ്ദേശിച്ച് കൊണ്ട് ചിലർ കുറിച്ചു. മാതൃഭൂമി ന്യൂസ് ചാനലിലെ മാർഷലിനെപ്പോലെയുള്ളവർ കേട്ടാൽ അറയ്ക്കുന്ന ഭാഷയിലായിരുന്നു സുനിതയെ ആക്രമിക്കാൻ എത്തിയത്.

ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ വിഷയത്തിൽ അഭിപ്രായം പറയാൻ എത്തിയവരിൽ ഭൂരിപക്ഷവും ബാറില്ല എന്ന് പറയാൻ ശ്രമിച്ചില്ല എന്നതാണ്. അവരൊക്കെ അനധികൃതമായ ബാറിനെ ന്യായീകരിച്ച് കൊണ്ടാണ് ആദ്യ ദിനങ്ങളിൽ പോരാട്ടം നടത്തിയത്. പിന്നീട് പ്രത്യക്ഷപ്പെട്ട മാന്യന്മാരായ ചില പത്രക്കാർ മാത്രമാണ് ബാറില്ല എന്ന വാദം ഉയർത്താൻ ശ്രമിച്ചത്. ബാറുണ്ട് അത് ഞങ്ങളുടെ അവകാശമാണ് അതിനെ തൊടാൻ ആരെയും അനുവദിക്കില്ല എന്ന വാശിയിൽ നടത്തിയ വെല്ലുവിളികൾ ഇതിനോടകം ജനഹൃദയങ്ങളിൽ പതിഞ്ഞ് കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ബാറില്ല എന്ന വാദം ഉയർത്തിയ ന്യൂനപക്ഷത്തിന്റെ ശബ്ദം ഏറെ വൈകാതെ നിലച്ച് പോയി.

അവിടെ തീരേണ്ട വിഷയം വീണ്ടും വഷളാക്കിയത് മുകളിൽ സൂചിപ്പിച്ച പക്വതയില്ലാത്ത ചില സങ്കേതത്തിന്റെ സംരക്ഷകർ മറുനാടൻ മലയാളിയെയും അതിന്റെ എഡിറ്ററെയും വ്യക്തിപരമായി ആക്രമിച്ച് കൊണ്ടിരുന്നു. ദേവദാസി എന്ന വാക്കിന്റെ അർത്ഥം എന്തെന്ന് വിശദീകരിച്ച് സുനിത ദേവദാസ് എന്ന സ്ത്രീ ഒരു മോശക്കാരി ആണെന്ന് വ്യംഗ്യാർത്ഥത്തിൽ പ്രകടിപ്പിച്ചായിരുന്നു ആദ്യത്തെ പ്രതികരണം. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ പെൺ വിഷയത്തിൽ അഗ്രഗണ്യനാണ് എന്ന് പറയാതെ പറയുന്ന പോസ്റ്റുകൾ ചിലർ പ്രചരിപ്പിച്ചപ്പോൾ ഷാജൻ ഒരു തട്ടിപ്പുകാരൻ ആണ് എന്ന് വരുത്തി തീർക്കാൻ ആയിരുന്നു ചിലരുടെ ശ്രമം. രാജ സി ചിത്രസേനൻ, സി എസ് സിദ്ധാർത്ഥൻ, അരുൺ സുധാകർ, ബിജു നെയ്യാർ, വിഷ്ണു വി ഗോപി, ശ്രീനന്ദ പള്ളത്ത്, അരവിന്ദ് എസ് ശശി തുടങ്ങിയ പത്രക്കാരായിരുന്നു ആവേശപൂർവ്വം എടുത്ത് ചാടി അസഭ്യഭാഷയിൽ പ്രതികരിച്ചവർ.

ഫേസ്‌ബുക്കിലെ പോരുകൾ തുടരുന്നതിനിടയിൽ മാതൃഭൂമി ന്യൂസിലെ മാർഷൽ ഒരു ഭീഷണി സന്ദേശവും പോസ്റ്റ് ചെയ്തു. ''മിസ്റ്റർ ഷാജൻ, നിങ്ങൾക്കെതിരായ നിരവധി വാർത്തകൾ കഴിഞ്ഞ രണ്ട് വർഷമായി എനിക്ക് മെയിലിൽ ലഭിക്കുന്നുണ്ട്. പക്ഷെ ഇന്നുവരെ അത്തരം വാർത്തകൾ പുറത്ത് വിടാതിരുന്നത് തന്നെ പേടിച്ചിട്ടല്ല. ഒരു ഓൺലൈൻ പത്രം നടത്തുന്ന നിങ്ങൾക്കെതിരെ വരുന്ന വാർത്തകൾ നൽകി മുഴുവൻ ഓൺലൈൻ വാർത്തകളെയും മാദ്ധ്യമപ്രവർത്തകരെയും പൊതു സമൂഹത്തിന് മുന്നിൽ വിശ്വാസ്യതയില്ലാതാക്കരുത് എന്ന് കരുതി മാത്രമാണ്. ഭൂതകാലത്തും വർത്തമാനകാലത്തും താൻ സ്വന്തമാക്കിയ പേരുദോഷം ഞാനായിട്ട് ചാർത്തി തന്നതല്ല. നിങ്ങളുടെ ചെയ്തികൾ മാത്രമാണത്. സ്വന്തമായി ഒരു ഓൺലൈൻ ഉള്ളത് കൊണ്ട് പ്രസ്സ് ക്ലബിനെ അങ്ങ് നശിപ്പിക്കാമെന്നും നിങ്ങൾക്ക് ചിലരോടുള്ള വ്യക്തിവൈരാഗ്യം ഇങ്ങനെ അങ്ങ് തീർക്കാമെന്നും കരുതിയാൽ തെറ്റി. വന്ന വഴികൾ അത്ര സുതാര്യമല്ലായിരുന്നു എന്ന ബോധ്യം നിങ്ങൾക്ക് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ഒന്നൊന്നായി തിരുവനന്തപുരത്തെ പത്രപ്രവർത്തകർക്ക് ഓർമ്മപ്പെടുത്തേണ്ടി വരും. കുളക്കടവിലെ പെണ്ണുങ്ങൾ പറയുന്നതിനേക്കാളും തറ ഗോസിപ്പ് വാർത്തയാക്കി ഞാൻ മിടുക്കനായി എന്ന് കരുതി ഇരുന്നോളു... ശിഖണ്ഡികളോട് യുദ്ധം ചെയ്ത് ശീലമില്ല മുതലാളീ...'' ഇതായിരുന്നു ആ പോസ്റ്റ്.

മാർഷൽ വിശ്വസിക്കുന്നത് പോലെ മറുനാടൻ മലയാളി എഡിറ്റർ തട്ടിപ്പുകാരനും വൃത്തികെട്ടവനുമാണ് എന്ന് വിശ്വസിക്കുന്ന കുറച്ചുപേരെങ്കിലും ഈ ലോകത്തുണ്ടാവും എന്നത് കൊണ്ട് മറുനാടൻ മലയാളി ഇന്നേവരെ വിട്ട് വീഴ്ചയില്ലാതെ പുലർത്തിയിരുന്ന ഒരു പ്രമാണത്തിന് ഇളവ് നൽകുകയാണ്. ഒരു മാദ്ധ്യമം നടത്തുന്നയാൾ, അതെത്ര ചെറുതാകട്ടെ വലുതാകട്ടെ, ഒരിക്കലും വീണ് പോകരുതാത്ത ഒരു കെണിയുണ്ട്. തന്റെയും സ്വന്തക്കാരുടെയും പടം സ്വന്തം മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച് വാർത്ത ആക്കാനും സ്വന്തം നിലപാട് വ്യക്തമാക്കുന്ന വാർത്തകളോ ലേഖനങ്ങളോ പ്രസിദ്ധീകരിക്കാതിരിക്കാനും ഏറെ ശ്രദ്ധിക്കണം എന്നതാണ് ഇത്. ഇക്കാര്യത്തിൽ തുടക്കം മുതൽ മറുനാടൻ ഏറെ ശ്രദ്ധാലുവായിരുന്നു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹായദാന ചടങ്ങുകളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ അടുത്ത പണം നൽകുന്ന ആളുടെ അടുത്ത് എഡിറ്ററും ഉണ്ടാവാറുണ്ട് എന്നത് മാത്രം ആണ് ഇക്കാര്യത്തിൽ ഇതുവരെ ഉണ്ടായ അപവാദം. തലസ്ഥാനത്തെ ഒരു വിഭാഗം ആളുകൾ ഷാജൻ സ്‌കറിയ ഒരു കൊള്ളരുതാത്തവനാണ് എന്ന് വരുത്തി തീർക്കാൻ ബുദ്ധിപൂർവ്വമായ ശ്രമങ്ങൾ ആരംഭിച്ചതിനാൽ മറുനാടന്റെ പ്രധാന സ്ഥലം നഷ്ടപ്പെടുത്താതെ ഇതുവരെ ഉയർന്ന് കേട്ട് ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഞങ്ങൾ ഇടം നൽകുകയാണ്. കാഴ്ചകൾ എന്ന പേരിൽ ആരംഭിക്കുന്ന കോളത്തിൽ ആയിരിക്കും ഈ വിശദീകരണം നാളെ മുതൽ ആരംഭിക്കുക.

ഇത്തരക്കാർ ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ അനവധിയാണ്. ഷാജൻ സ്‌കറിയ ഒരു പത്രപ്രവർത്തകനേ അല്ല, പ്രസ് ക്ലബ്ബിൽ അംഗത്വം ലഭിക്കാത്തതിന്റെ ചൊരുക്ക് തീർക്കുന്നു, പ്രസ് ക്ലബ്ബിൽ അദ്ധ്യാപകനാകാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ വൈരാഗ്യം തീർക്കുന്നു, ഭാര്യയ്ക്ക് അർജുന അവാർഡ് ലഭിക്കാൻ വേണ്ടി പ്രസ് ക്ലബ്ബ് ഭാരവാഹിയോട് നടത്തിയ അഭ്യർത്ഥന തള്ളിയതിന്റെ വൈരാഗ്യം തീർക്കുന്നു, ഒരു തട്ടിപ്പുകാരനിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി, അനാഥാലയത്തിന്റെ പേരിൽ പണം പിരിച്ച് കീശയിൽ ഇട്ടു, ചാരിറ്റിയുടെ പേരിൽ കോടികൾ അടിച്ച് മാറ്റുന്നു, സൗന്ദര്യ മത്സരം എന്ന പേരിൽ പെൺകുട്ടികളെ കടത്തുന്നു, ബ്ലാക്ക്‌മെയിൽ ചെയ്ത് പണം ഉണ്ടാക്കുന്നു... ഇങ്ങനെ നീളുകയാണ് പ്രചാരണങ്ങൾ. ഇവിടെ അഭിപ്രായം പറയുന്ന ഏതൊരാളെക്കാളും ആർജവും നീതിബോധവും ഉള്ള ഒരു മാദ്ധ്യമപ്രവർത്തകൻ ആയതുകൊണ്ട് തന്നെ ചിലരുടെയെങ്കിലും കണ്ണിൽ പൊടിയിടാനുള്ള ഈ ശ്രമങ്ങൾക്ക് വിശദീകരണം നൽകേണ്ടത് അത്യാവശ്യമാണ് എന്നു തന്നെയാണ് ഞങ്ങൾ കരുതുന്നത്.

അത്തരം ഒരു വിശദീകരണ തലത്തിലേക്ക് കടക്കും മുമ്പ് വ്യക്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു വസ്തുതയുണ്ട്. തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർ മുഴുവൻ മോശക്കാർ ആണെന്നോ എല്ലാവരും മദ്യപാനികൾ ആണെന്നോ കരുതി പത്രക്കാർക്കെതിരെ യുദ്ധം നടത്തുകയല്ല ഞങ്ങൾ ചെയ്യുന്നത്. പ്രസ് ക്ലബ്ബിന്റെ തന്നെ അനേകം അംഗങ്ങൾ ടെലിഫോണിലൂടെയും ഇമെയിലിലൂടെയും വ്യക്തിവിരോധം ഇല്ലാതെയുള്ള ധാർമ്മിക പോരാട്ടത്തിന് പിന്തുണ നൽകുന്നത് ആശ്വാസമാണ്. ചില വ്യക്തികളുടെ സമീപനം തിരുത്താനുള്ള പോരാട്ടവും അത് വഴി പ്രസ് ക്ലബ്ബ് എന്ന സ്ഥാപനം കൂടുതൽ നീതി നിഷ്ഠമാക്കാനും ആണ് ഞങ്ങൾ ശ്രമിക്കുന്നത്. എം ശിവറാം, പി സി സുകുമാരൻ നായർ തുടങ്ങിയ പ്രസ് ക്ലബ്ബിന്റെ തലതൊട്ടപ്പന്മാർ വരെ മദ്യപാനം നടത്തിയിരുന്നു എന്ന നിലയിൽ ചില വിമർശനങ്ങൾ കണ്ടിരുന്നു. എന്നാൽ അവരാരും തങ്ങൾ മദ്യവിരുദ്ധരാണ് എന്ന് പുറത്ത് വീമ്പ് പറഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. മദ്യവിരുദ്ധതയുടെ പേരിൽ നാഴികയ്ക്ക് നാല്പത് വട്ടം ബഹളം വയ്ക്കുന്നവരാണ് ബാറുകൾക്ക് വേണ്ടി ഇപ്പോൾ ശബ്ദം ഉയർത്തുന്നത് എന്നതാണ് ഇവിടുത്തെ ഖേദകരമായ സംഭവം.

അനധികൃതമായ മദ്യശാല അവകാശം ആണെന്ന് വാദിച്ച് ബഹളം വയ്ക്കുന്നവർ ഒരു കാര്യം അറിയുക. നിങ്ങളെ പത്രക്കാർ എന്നു വിളിക്കുമ്പോൾ അപമാനിക്കപ്പെടുന്ന ആർജവം ഉള്ള ചില മനുഷ്യർ ഉണ്ട്. ഇറാഖിലെ യുദ്ധഭൂമിയിൽ വാർത്ത തേടി പോയി ഭീകരരാൽ കഴുത്തറുത്ത് കൊല്ലപ്പെട്ട ജയിംസ് ഫോളിയും സ്റ്റീവ് സോട്‌ലോഫും ഒക്കെ പോലെയുള്ള ധീരരായ പത്രപ്രവർത്തകർ ആണത്. വർഷം തോറും 70 പത്രപ്രവർത്തകർ എങ്കിലും ലോകം മുഴുവൻ വാർത്തയ്ക്ക് വേണ്ടി ജീവൻ ബലി അർപ്പിക്കുന്നുണ്ട് എന്ന് മറന്ന് കൊണ്ടാണ് അനധികൃതമായി മദ്യപിക്കാനുള്ള അവകാശത്തിന് വേണ്ടി ചിലർ ഇവിടെ പോരാടുന്നത്. ഈ സത്യം നിങ്ങൾ തിരിച്ചറിഞ്ഞാൽ ഇങ്ങനെ പോരിന് ഇറങ്ങുമായിരുന്നില്ല. മാദ്ധ്യമപ്രവർത്തകന് വേണ്ട അടിസ്ഥാന യോഗ്യതകളിൽ ഒന്നായ ആരെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കരുത് എന്ന പ്രമാണവും നിങ്ങൾ മാനിക്കുന്നില്ല എന്നു വ്യക്തമാകുകയാണ് മറുനാടൻ എഡിറ്റർക്കെതിരെയുള്ള പരാമർശങ്ങൾ വഴി. ജയിംസ് ഫോളിയുടെയും സ്റ്റീവ് സോട്‌ലോഫിന്റെയും ആത്മാവ് നിങ്ങളോട് പൊറുക്കട്ടെ എന്നു മാത്രമാണ് ഞങ്ങളുടെ പ്രാർത്ഥന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP