Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയലളിതയ്ക്കും മദനിക്കും എങ്ങനെ രണ്ട് നീതി? സുപ്രീംകോടതിക്ക് പോലും ലജ്ജ തോന്നുന്നില്ലേ? ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ ശവദാഹ ദിനത്തിൽ നമുക്ക് ജയരാജന് ജയ് വിളിച്ചെങ്കിലും ആത്മരോഷം അടക്കാം

ജയലളിതയ്ക്കും മദനിക്കും എങ്ങനെ രണ്ട് നീതി? സുപ്രീംകോടതിക്ക് പോലും ലജ്ജ തോന്നുന്നില്ലേ? ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ ശവദാഹ ദിനത്തിൽ നമുക്ക് ജയരാജന് ജയ് വിളിച്ചെങ്കിലും ആത്മരോഷം അടക്കാം

എഡിറ്റോറിയൽ

ന്നലത്തെ ദിവസത്തെ നമുക്ക് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശവദാഹ ദിനമെന്ന് വിശേഷിപ്പിക്കാം. അനേകായിരം നിരപരാധികൾ വ്യാജ പരാതിയുടെ പേരിൽ വിചാരണ തടവുകാരായി കഴിയുന്ന ഒരു രാജ്യത്ത് ഒരു ഭരണാധികാരി കോടാനുകോടി രൂപ പൊതുഖജനാവിൽ നിന്നും മോഷ്ടിച്ചു എന്നു വ്യക്തമായി തെളിഞ്ഞിട്ടും ഒരു കൂസലുമില്ലാതെ അവർ ആ നാടിന്റെ ഭരണാധികാരിയായി വീണ്ടും തിരിച്ചുവരുന്ന ദിനത്തെ മറ്റെന്ത് പറഞ്ഞ് നമുക്ക് വിശേഷിപ്പിക്കാൻ സാധിക്കും? ഒരു രാജ്യത്തെ സർവ്വ നിയമങ്ങളേയും അഴിമതിക്കാരിയായ ഒരു നേതാവിന് വേണ്ടി വളച്ചൊടിക്കുന്ന അപൂർവ്വമായ ഈ കാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന്റെ വമ്പൻ പരാജയം തന്നെയാണ്.

ബാംഗ്ലൂരിലെ പ്രത്യേക കോടതി ജഡ്ജി ധീരനായ ജോൺ മൈക്കിൾ സർവ്വ പ്രലോഭനങ്ങളേയും അതിജീവിച്ച് കൃത്യമായി നിയമം പാലിച്ച് നടത്തിയ ശിക്ഷയാണ് ഉന്നത സ്വാധീനത്തിന് വഴങ്ങിയതെന്ന് വിശ്വസിക്കാവുന്ന തരത്തിൽ ഉത്തരവാദിത്ത രഹിതമായ ഒരു ഉത്തരവിലൂടെ മേൽക്കോടതി റദ്ദ് ചെയ്തിരിക്കുന്നത്. എല്ലാ തെളിവുകളും നിരത്തിയാണ് 66.6 കോടി ജയലളിത മോഷ്ടിച്ചു എന്ന് ജഡ്ജി കണ്ടെത്തിയത്. അതിലും എത്രയോ അധികം സമ്പാദിച്ചിട്ടാണ് ഈ തുകയെങ്കിലും അംഗീകരിക്കേണ്ടി വന്നതെന്ന് അറിയാൻ കഴിയും. അതിന് പകരമായി നാല് വർഷം തടവും 100 കോടി രൂപ പിഴയുമാണ് ജഡ്ജി വിധിച്ചത്.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോട് സാധാരണ ജനങ്ങൾക്ക് ആദരവും സ്‌നേഹവും തോന്നിയ അപൂർവ്വ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. നിയമത്തിന് മുമ്പിൽ എല്ലാവരും തുല്യരാണെന്ന ഭരണഘടനാ വാചകം ഒരിക്കൽ എങ്കിലും പാലിക്കപ്പെടുന്നത് കണ്ട് ഇന്ത്യയിലെ പാവപ്പെട്ടവർ ജനാധിപത്യത്തിന് കീജയ് വിളിച്ചു. നിർഭാഗ്യവശാൽ ഈ വിശ്വാസവും ആഹ്ലാദവും ഏറെ നാൾ നീണ്ടു നിന്നില്ല. നിയമത്തിന്റെ സർവ്വ പഴുതുകളും അടച്ച് നടത്തിയ ആദ്യത്തെ വിധി നിയമത്തിന്റെ മുമ്പിൽ വിശ്വസനീയമായ ഒരു ബലവും നൽകാതെ റദ്ദാക്കിയത് വഴി കുമാരസ്വാമി എന്ന സിംഗിൾ ബഞ്ച് ജഡ്ജി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ മുഴുവൻ ഒരുപോലെ കൊഞ്ഞണം കുത്തി കാണിക്കുകയായിരുന്നു.

ഈ ജഡ്ജി വലിയ സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് ഇത്തരം ഒരു വിധി പ്രഖ്യാപിച്ചത് എന്നും വ്യക്തമായ തെളിവുകൾ പിന്നീട് ഉണ്ടാകുകയുണ്ടായി. ഒരു രൂപ മാത്രം ശമ്പളം കൈപ്പറ്റിയ ജയലളിത ശതകോടികൾ ഭരണകാലത്ത് സമ്പാദിച്ചു എന്നു വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും അത് വെറും ആറ് ശതമാനം ആണെന്നും പത്ത് ശതമാനം വരെ അനധികൃതമായി നേടാൻ സാധിക്കും എന്ന വിചിത്രമായ വിധി പ്രഖ്യാപിച്ചാണ് ജയലളിതയെ കുമാര സ്വാമി രക്ഷിച്ചത്. ഈ കണക്ക് ശുദ്ധ വിവരക്കേടും രക്ഷിക്കാൻ വേണ്ടി ജഡ്ജി മനഃപൂർവ്വം ഉണ്ടാക്കിയ കള്ളക്കണക്കുമാണെന്ന് പിന്നീട് വ്യക്തമായിട്ടും ആർക്കും ഒരു കുലുക്കവുമില്ല എന്നതാണ് അത്ഭുതം.

കള്ളക്കണക്കുണ്ടാക്കി 11 കോടി കടം വാങ്ങിയതായി രേഖ ഉണ്ടാക്കിയ ജയലളിതയെ രക്ഷിക്കാൻ ആ തുക 24 കോടിയായി ഉയർത്തുക എന്ന ലജ്ജയില്ലാത്ത തിന്മയാണ് ജഡ്ജി ചെയ്തത്. എന്നുവച്ചാൽ തെറ്റായ ലോൺ തുക കാണിച്ചത് വഴി മാത്രം ജയലളിതയുടെ 13 കോടി രൂപ മാറികിട്ടി എന്നർത്ഥം. ആ ഒറ്റക്കണക്ക് കൊണ്ട് തന്നെ ജയലളിതയുടെ അനധികൃത സമ്പാദ്യം 16 കോടിയായി മാറി. ഇത് മാത്രം കണക്കാക്കിയാൽ 76 ശതമാനം ആണ് അനധികൃത സമ്പാദ്യം. ജയലളിതയെ എങ്ങനെയും രക്ഷിക്കുമെന്ന് ഏറ്റിരുന്ന ജസ്റ്റിസ് കുമാരസ്വാമിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും കേൾക്കാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല.ഒരു രൂപ മാത്രം ശമ്പളം കൈപ്പറ്റിയ ജയലളിത ശതകോടികൾ ഭരണകാലത്ത് സമ്പാദിച്ചു എന്നു വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും അത് വെറും ആറ് ശതമാനം ആണെന്നും പത്ത് ശതമാനം വരെ അനധികൃതമായി നേടാൻ സാധിക്കും എന്ന വിചിത്രമായ വിധി പ്രഖ്യാപിച്ചാണ് ജയലളിതയെ കുമാര സ്വാമി രക്ഷിച്ചത്. ഈ കണക്ക് ശുദ്ധ വിവരക്കേടും രക്ഷിക്കാൻ വേണ്ടി ജഡ്ജി മനഃപൂർവ്വം ഉണ്ടാക്കിയ കള്ളക്കണക്കുമാണെന്ന് പിന്നീട് വ്യക്തമായിട്ടും ആർക്കും ഒരു കുലുക്കവുമില്ല എന്നതാണ് അത്ഭുതം.

രാഷ്ട്രീയക്കാരുടെ അഹന്ത ജനാധിപത്യത്തെ വിഴുങ്ങാതിരിക്കാനാണ് എക്‌സിക്യൂട്ടീവും ജനപ്രതിനിധികളും ഒപ്പം തുല്യമായ സ്ഥാനം ഭരണഘടന ജുഡീഷ്യറിക്ക് നൽകിയത്. നിർഭാഗ്യവശാൽ ഇത്തരം വിധികൾ ഇന്ത്യൻ ജനാധിപത്യത്തിന്റെയും നീതി വ്യവസ്ഥയുടേയും സർവ്വ പ്രമാണങ്ങളുടേയും കടയ്ക്കൽ കത്തി വയ്ക്കുന്നതായി മാറുന്നു. ജഡ്ജിമാർ എന്ത് പറഞ്ഞാലും അത് നിയമം ആയതിനാലും അതിനെതിരെ പ്രതികരിച്ചാൽ കോടതിയലക്ഷ്യം എന്ന പേരിൽ ജയിലിൽ അടയ്ക്കാൻ നിയമം ഉള്ളതിനാലും ആർക്കും ഒന്നും മിണ്ടാൻ പോലും സാധിക്കുന്നില്ല.

മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിൽ ചില ജഡ്ജിമാർ കൈക്കൂലിക്കാരും സ്ഥാപിത താത്പര്യക്കാരും ആവുന്നത് സ്വാഭാവികം. ഇതേ തമിഴ്‌നാട്ടിൽ നിന്നും തന്നെ കൈക്കൂലിക്കാരനായ ഒരു ജഡ്ജിനെ ഇംപീച്ച് ചെയ്യാൻ ഇന്ത്യൻ പാർലമെന്റ് ശ്രമിച്ചത് ആർക്കും മറക്കാൻ കഴിയില്ല. മലയാളിയായ മുൻ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണൻ അടക്കം എത്രയോ ജഡിജിമാർക്കെതിരെ അഴിമതി ആരോപണം ഉയർന്നിരിക്കുന്നു. ജസ്റ്റീസ് മാർക്കണ്ടേയ  ഖഡ്ജുവിനെപ്പോലെ ഉള്ളവർ നീതിപീഠത്തിന്റെ അപചയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ട്. പണവും ഉന്നത സ്വാധീനവും ഉള്ളവർക്ക് മാത്രമേ സുപ്രീം കോടതി പ്രാപ്യമാകൂ എന്നു ഒരുപാട് തവണ കോടതി തെളിയിച്ചതുമാണ്.

എന്നാൽ ഇവിടെ വളരെ അടിസ്ഥാനപരമായ ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ട്. ഏത് സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിൽ നിയമത്തെ ദുർവ്യാഖ്യാനം ചെയ്ത് ഒരു സിംഗിൾ ബഞ്ച് ജഡ്ജി നടത്തിയ വിധിയെ ചോദ്യം ചെയ്യാൻ എന്തുകൊണ്ടാണ് ആരും രംഗത്ത് വരാത്തത് എന്നതാണ് അതിലെ പ്രധാനപ്പെട്ട ചോദ്യം. ജയലളിതയ്‌ക്കെതിരെ കേസെടുത്ത കരുണാനിധിയോ ജയക്കെതിരെ ഘോരഘോരം പ്രസംഗിച്ച് നടന്ന സുബ്രമണ്യ സ്വാമിയോ അഴിമതി രഹിത ഭരണത്തിന് കോപ്പ് കൂട്ടുന്ന പ്രധാനമന്ത്രി മോദിയോ മോദിയെ നേരിടാൻ ധ്യാനത്തിന് പോയി തിരിച്ചെത്തിയ രാഹുൽ ഗാന്ധിയോ എന്തിനേറെ എന്തിനും ഏതിനും സുപ്രീം കോടതിയിൽ പോകുന്ന നമ്മുടെ സാക്ഷാൽ വി എസ് അച്യുതാനന്ദനോ പോലും ഈ തെറ്റായ വിധിയെ ചോദ്യം ചെയ്യാൻ രംഗത്ത് വരുന്നില്ല.ജയലളിതയ്‌ക്കെതിരെ കേസെടുത്ത കരുണാനിധിയോ ജയക്കെതിരെ ഘോരഘോരം പ്രസംഗിച്ച് നടന്ന സുബ്രമണ്യ സ്വാമിയോ അഴിമതി രഹിത ഭരണത്തിന് കോപ്പ് കൂട്ടുന്ന പ്രധാനമന്ത്രി മോദിയോ മോദിയെ നേരിടാൻ ധ്യാനത്തിന് പോയി തിരിച്ചെത്തിയ രാഹുൽ ഗാന്ധിയോ എന്തിനേറെ എന്തിനും ഏതിനും സുപ്രീം കോടതിയിൽ പോകുന്ന നമ്മുടെ സാക്ഷാൽ വി എസ് അച്യുതാനന്ദനോ പോലും ഈ തെറ്റായ വിധിയെ ചോദ്യം ചെയ്യാൻ രംഗത്ത് വരുന്നില്ല. 

ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും സുപ്രീംകോടതിയുടെ നിരവധി ബഞ്ചുകളും ഒക്കെ ചോദ്യം ചെയ്ത ശേഷം മാത്രം അന്തിമ തീരുമാനം ആകേണ്ട ഈ കേസിൽ ഒരു ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ വിധി അന്തിമമായി മാറുന്ന കാഴ്ച ഇന്ത്യൻ നീതിപീഠത്തിനും ജനാധിപത്യത്തിനും ഏൽപ്പിക്കുന്ന കളങ്കം ചില്ലറയല്ല. ഈ വിധിക്കെതിരെ സ്വമേധയാ നിലപാടെടുക്കാൻ എന്തുകൊണ്ട് സുപ്രീംകോടതിക്ക് പോലും സാധിക്കുന്നില്ല എന്നത് തികച്ചും ലജ്ജാവഹമായ കാര്യമാണ്. എന്നുവച്ചാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണുകളെ മുഴുവൻ ഒറ്റയടിക്ക് വിലയ്‌ക്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കഴിഞ്ഞിരിക്കുന്നു എന്നർത്ഥം.

ഇതോടൊപ്പം കൂട്ടിവായിക്കേണ്ട അനേകം കാര്യങ്ങൾ വേറെയുമുണ്ട്. മദനി എന്ന ഒരു മുസ്ലിം നേതാവ് ഒരു പതിറ്റാണ്ടിൽ ഏറെയായി വിചാരണ തടവുകാരനായി ഇതേ കോടതിയുടെ പരിധിയിൽ ജയിലിൽ കഴിയുകയാണ്. മദനി നിരപരാധിയാണോ എന്നു തീർത്ത് പറയാൻ ആരുടേയും കയ്യിൽ രേഖകൾ ഇല്ല. എന്നാൽ പ്രതിയാണ് എന്ന് ഉറപ്പുണ്ടെങ്കിൽ എന്തുകൊണ്ട് ഇത്രയും നാൾ ഇയാളെ വിചാരണത്തടവുകാരനാക്കി ജയിലിൽ കിടത്തുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഒരു ദശാബ്ദമായി ഇങ്ങനെ വലിച്ച് നീട്ടുന്നത് കണ്ട് മടുത്ത സുപ്രീംകോടതി മൂന്നു മാസത്തിനകം വിചാരണ നടത്തണം എന്ന നിർദ്ദേശം നൽകുകയുണ്ടായി. എന്നാൽ ഇനിയും രണ്ട് കൊല്ലം എങ്കിലും വേണമെന്നാണ് അധികൃതർ പറയുന്നത് എന്നിട്ടുകൂടി ഇയാൾക്ക് കർണാടകയുടെ വെളിയിൽ പോകാൻ അനുമതിയില്ല.

ഇത്രയും വലിയ നീതി നിഷേധം ആധുനിക ഇന്ത്യൻ ചരിത്രത്തിൽ വേറെയുണ്ടാവില്ല. ഈ നീതി നിഷേധം നടത്തുന്ന അതേ കോടതി തന്നെയാണ് ജയലളിതയെ ഇങ്ങനെ നിയമം ലംഘിച്ച് വെറുതെ വിടുന്നത്. മദനി ഒരു മുസ്ലിം ആയതുകൊണ്ടാണ് വേട്ടയാടപ്പെടുന്നത് എന്നു ആരെങ്കിലും ആരോപിച്ചാൽ എങ്ങനെ നമുക്കത് നിഷേധിക്കാൻ സാധിക്കും? ഇവിടെ സാധാരണക്കാർക്കും അധികാര വർഗത്തിനും ഒരേനിയമം ആണ് എന്നു എങ്ങനെ വിശ്വസിക്കാൻ കഴിയും. മദനി രാജ്യദ്രോഹ കുറ്റം ചെയ്‌തെങ്കിൽ ഇയാളെ തൂക്കിക്കൊല്ലണം എന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ. എന്നാൽ ഇപ്പോൾ നടക്കുന്ന നീതി നിഷേധവും ജയലളിതയ്ക്ക് അനുവദിച്ച നിയമത്തിന്റെ ഇളവും ഒരു തരത്തിലും ജനാധിപത്യ ഭൂഷണമല്ല.ഭാരതത്തിൽ ജനാധിപത്യവും നീതി വാഴ്ചയും ഭരണഘടനയും നിലനിൽക്കുമെന്ന് വിശ്വസിക്കുന്നവർ ആത്മരോഷം അടക്കാനായി നമ്മുടെ ജയരാജന് കീജെയ് വിളിക്കുകയെങ്കിലും ചെയ്യണം. ഇത്തരം വൃത്തികെട്ട വിധികൾ പുറപ്പെടുവിച്ച് ജനാധിപത്യത്തെ പല്ലിളിച്ച് കാണിക്കുന്ന അധമന്മാരായ ജഡ്ജിമാരെ നോക്കി ശുംഭൻ എന്ന പ്രയോഗം നടത്തിയതിനാണ് ജയരാജൻ ശിക്ഷിക്കപ്പെട്ടത്. സുപ്രീംകോടതി വരെ പോയിട്ടും ശുംഭൻ എന്ന വാക്ക് പറഞ്ഞതിന് ശിക്ഷിക്കാനാണ് കോടതി ഉത്തരവിട്ടത്.

ആരും അതിന് മുതിരില്ല എന്ന ഉറച്ച ബോധ്യത്തിൽ ആയിരിക്കും അവർ ഇന്നലെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇങ്ങനെ ശിക്ഷിക്കപ്പെടുകയും അത് പൂർത്തിയാകാതിരിക്കുകയും ചെയ്യുന്ന കേസുകളിൽ അയോഗ്യരാക്കപ്പെട്ടവരും കേസിൽ തീർപ്പ് ഉണ്ടാക്കുന്നത് വരെ വീണ്ടും അധികാരം ഏൽക്കാതിരിക്കാൻ നിയമ നിർമ്മാണം നടത്തേണ്ടത് അത്യാവശ്യമാണ്.

ഭാരതത്തിൽ ജനാധിപത്യവും നീതി വാഴ്ചയും ഭരണഘടനയും നിലനിൽക്കുമെന്ന് വിശ്വസിക്കുന്നവർ ആത്മരോഷം അടക്കാനായി നമ്മുടെ ജയരാജന് കീജെയ് വിളിക്കുകയെങ്കിലും ചെയ്യണം. ഇത്തരം വൃത്തികെട്ട വിധികൾ പുറപ്പെടുവിച്ച് ജനാധിപത്യത്തെ പല്ലിളിച്ച് കാണിക്കുന്ന അധമന്മാരായ ജഡ്ജിമാരെ നോക്കി ശുംഭൻ എന്ന പ്രയോഗം നടത്തിയതിനാണ് ജയരാജൻ ശിക്ഷിക്കപ്പെട്ടത്. സുപ്രീംകോടതി വരെ പോയിട്ടും ശുംഭൻ എന്ന വാക്ക് പറഞ്ഞതിന് ശിക്ഷിക്കാനാണ് കോടതി ഉത്തരവിട്ടത്. ജയരാജൻ പറഞ്ഞത് പൂർണ്ണമായും ശരിയാണ് എന്ന് വ്യക്തമാക്കുന്ന അനുഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ നമുക്ക് ഒരു കീജയ് എങ്കിലും വിളിക്കാൻ സാധിക്കുന്നില്ലെങ്കിൽ എങ്ങനെ ഒരു സാമൂഹ്യ ജീവിയാണ് എന്നു പറഞ്ഞ് ഞെളിഞ്ഞ് നടക്കാൻ സാധിക്കും. ഈ ചോദ്യം വായനക്കാരുടെ മുമ്പിൽ സമർപ്പിച്ചുകൊണ്ട് ഞങ്ങളും ആത്മരോഷം അടക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP