Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുധാകരൻ... ജയരാജൻമാർ... ജോർജ്ജ്... കേരളം ഓടിച്ചുവിടേണ്ട നാല് ദുർഭൂതങ്ങൾ

സുധാകരൻ... ജയരാജൻമാർ... ജോർജ്ജ്... കേരളം ഓടിച്ചുവിടേണ്ട നാല് ദുർഭൂതങ്ങൾ

എഡിറ്റോറിയൽ

വിശ്വസിക്കുന്ന പ്രമാണങ്ങൾക്കും തത്വശാസ്ത്രങ്ങൾക്കും വേണ്ടി ജീവൻ വരെ ബലിനൽകുന്ന ആത്മാർത്ഥതയ്ക്കാണ് നമ്മൾ രക്തസാക്ഷിത്വം എന്നു പറയുന്നത്. കൂടെനിൽക്കുന്നവരെ അവസാനം വരെ സംരക്ഷിക്കുന്ന നേതാക്കളെ നമ്മൾ നട്ടെല്ലിന് ഉറപ്പുള്ളവർ എന്നു വിളിക്കും. ആ അർത്ഥത്തിൽ കേരളം കണ്ട ഏറ്റവും നല്ല നട്ടെല്ലുള്ള നേതാവ് കെ കരുണാകരൻ ആയിരുന്നു.

  • സുധാകരന്റെ ഹിറ്റ്‌ലിസ്റ്റിൽ ഇടംപിടിച്ച എസ് ഐ സിപിഎമ്മിന്റെയും നേനാട്ടപ്പുള്ളി; നിയമപാലനം നടത്തി ഭീഷണിയിൽ കഴിയുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥ

  •  ഇത് മറ്റൊരു സുധാകര സ്റ്റൈൽ! എസ് ഐയെ ഭീഷണിപ്പെടുത്തി പ്രതികളെ സ്റ്റേഷനിൽ നിന്നും ബലമായി മോചിപ്പിച്ചു

     

എന്ത് പേര് വിളിച്ച് ആക്ഷേപിച്ചാലും കരുണാകരൻ അവശേഷിപ്പിച്ച ആ നട്ടെല്ല് രാഷ്ട്രീയം പിന്നീട് പലരും തുടർന്നു. കരുണാകരന്റെ ശൈലി ഇപ്പോഴും പിന്തുടരുന്ന നേതാക്കളാണ് കണ്ണൂരിലെ കെ സുധാകരനും ജയരാജന്മാരും കേരളത്തിന്റെ ചീഫ് വിപ്പ് പിസി ജോർജ്ജും. കണ്ണിറുക്കി ചിരിച്ച് അസത്യം പറഞ്ഞ് മനസ്സിൽ തീരുമാനിച്ചതു തന്നെ നടപ്പിലാക്കുന്നതായിരുന്നു കരുണാകരന്റെ ശൈലിയെങ്കിൽ മുകളിൽ സൂചിപ്പിച്ച അഭിനവ കരുണാകരന്മാർ അസഭ്യവർഷത്തിന്റെയും ഗുണ്ടായിസത്തിന്റെയും വൃത്തികെട്ട ശൈലിയാണ് പിന്തുടരുന്നത്. മാന്യന്മാരായ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഇവരുടെ അഹന്ത നിറഞ്ഞ സംസാരത്തിന്റെയും പെരുമാറ്റത്തിന്റെയും മുമ്പിൽ ആത്മാഭിമാനം നഷ്ടപ്പെട്ട കഴുതകളെപ്പോലെ നിസ്സംഗരായി നിൽക്കുന്ന കാഴ്ചയാണ് നാം കുറേ നാളുകളായി കാണുന്നത്.

സിപിഎമ്മിന്റെ ഉന്നത നേതാക്കളായ ഇപി ജയരാജനും പി ജയരാജനും മത്സരിച്ച് മലയാള ഭാഷയ്ക്ക് നൽകിയത് ഗ്രാമർ പുസ്തകത്തിൽ ഇല്ലാത്ത ഒട്ടേറെ പദങ്ങളാണ്. പൊലീസുകാരനെ തല്ലാനും കോടതിവിധി മറികടക്കാനും ബോംബുണ്ടാക്കാനും വരെ ഇവർ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ജയരാജന്മാരുടെ ഭാഷയും ശൈലിയും കണ്ടുവളർന്ന കണ്ണൂരിന്റെ തന്നെ സന്തതിയായ കോൺഗ്രസ്സ് നേതാവ് കെ സുധാകരനാകട്ടെ എല്ലാ കാര്യത്തിലും ഒരുപിടി മുമ്പിൽ നിൽക്കാനായിരുന്നു ശ്രമം. കോട്ടയത്തു നിന്നും പിസി ജോർജ്ജ് ചട്ടമ്പി ഭാഷയ്ക്കും ശൈലിക്കും പുതിയ നിർവ്വചനങ്ങൾ സൃഷ്ടിച്ചു കൊണ്ട് ഇതിനിടയിൽ പ്രത്യക്ഷപ്പെട്ടു.

ഈ നേതാക്കൾ പിന്തുടരുന്ന അഹമ്മതിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് വളപട്ടണം പൊലീസ് സ്റ്റേഷനിൽ കയറി കെ സുധാരൻ എംപി നടത്തിയ പ്രകടനം. കള്ള മണൽ കയറ്റി വന്നവരെ പിടികൂടിയപ്പോൾ അവരെ ഇറക്കാൻ ചെന്ന പ്രാദേശിക നേതാക്കളോട് അസഭ്യം പറഞ്ഞെന്നും അവരെ പിടിച്ചു വച്ചെന്നും ആക്ഷേപിച്ചാണ് കെ സുധാകരൻ പൊലീസ് സ്റ്റേഷനിൽ എത്തിയതും ക്യാമറയ്ക്കു മുന്നിൽ കൊലവിളി നടത്തിയതും. സുധാകരനും സംഘവും പറയുന്നത് നുണയാണെന്നാണ് തെളിവുകൾ സംസാരിക്കുന്നത്. നീതി നടപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ചെറുപ്പക്കാരനായ ഒരു ഉദ്യോഗസ്ഥൻ മാസംതോറും എണ്ണിവാങ്ങുന്ന നികുതിപ്പണത്തോട് കൂറു പുലർത്തിയതു കൊണ്ട് മാത്രമാണ് പൊതുജനമധ്യത്തിൽ ഇങ്ങനെ അവഹേളിക്കപ്പെടുന്നതെന്നതാണ് സത്യം.

ഈ ഉദ്യോഗസ്ഥന്റെ സത്യസന്ധതയെക്കുറിച്ചും ഗുണ്ടാ രാഷ്ട്രീയക്കച്ചവടം നടത്തുന്ന എല്ലാ പാർട്ടികളും ഇയാളെ ഹിറ്റ്‌ലിസറ്റിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ചും ഞങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ജനപ്രതിനിധിക്കോ പൊതുപ്രവർത്തകനോ ഒരിക്കലും ഭൂഷണമല്ലാത്ത രീതിയിലാണ് ശ്രീമാൻ സുധാകരൻ ആ പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചതും പെരുമാറിയതും. നിസ്സംഗനായി സുധാകരന്റെ അസഭ്യ വർഷം കേട്ട് തലകുനിച്ച് നിൽക്കുന്ന ആ പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം ആത്മാഭിമാനം ഉള്ള ഏത് മലയാളിയേയും ലജ്ജിപ്പിക്കുന്നതാണ്. ഇത് കാണുന്ന ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന് നീതി ബോധത്തോടെ തന്റെ കടമ നിറവേറ്റാൻ കഴിയുമെന്ന് കരുതുകവയ്യ.

അനധികൃതമായി മണൽ വാരിയതിന് ആ കുറ്റവാളികളെ പിടികൂടിയതാണ് പൊലീസ് ഉദ്യോഗസ്ഥൻ ചെയ്ത തെറ്റ് എന്നുമറക്കരുത്. മഹാഭൂരിപക്ഷം വരുന്ന പൊലീസ് ഉദ്യോഗസ്ഥരും മണൽവാരൽ സംഘങ്ങളുടെ മാസപ്പടി കൈപ്പറ്റുന്നവരാണെന്ന് ഓർക്കുമ്പോൾ ഈ ഉദ്യോഗസ്ഥൻ ചെയ്തത് വലിയൊരു കാര്യമാണ്. ഇവരെ ഇറക്കാൻ ചെന്ന ലോക്കൽ നേതാക്കൾ എസ്‌ഐയെ ഭീഷണപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്തപ്പോഴാണ് അവർക്കെതിരെ കേസ് എടുത്തത്. ഇതിന്റെ പേരിലാണ് സുധാകരൻ സ്ഥലത്തെത്തിയതും പുലഭ്യം വിളിച്ചതും.

ഇനി അഥവാ സുധാകരനും കൂട്ടരും പറയുന്നതുപോലെ പൊലീസ് ഓഫീസർ നിയമ വിരുദ്ധമായി പെരുമാറിയെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ഒരു നിയമ നിർമ്മാതാവ് പ്രവർത്തിക്കേണ്ടത് നിയമവിരുദ്ധമായിട്ടാണോ?. കള്ളപ്പരാതിയുടെ പേരിൽ എത്രയോ നിരപരാധികളെപ്പിടിച്ച് റിമാൻഡ് ചെയ്യുന്ന നാടാണിത്. ഇവിടെ ഒരു ജനപ്രതിനിധി തന്നെ നിയമം ലംഘിക്കുകയും നിയമം ലംഘിക്കുവാൻ പ്രോത്സാഹനം നൽകുകയും ചെയ്തിരിക്കുന്നു. ഈ കാഴ്ച കണ്ട ഒരു ക്രിമിനൽ, പൊലീസിനോട് മെക്കിട്ട് കയറാൻ ചെന്നാൽ പൊലീസുകാർക്ക് കയ്യുംകെട്ടി നിൽക്കാനല്ലേ കഴിയൂ.

ഈ സംഭവം ഏതെങ്കിലും ഒരു പാശ്ചാത്യ രാജ്യത്തായിരുന്നു നടന്നിരുന്നതെങ്കിൽ ആ നിമിഷം അയാളുടെ രാഷ്ട്രീയ ഭാവി അസ്തമിക്കുമായിരുന്നു. ബ്രിട്ടണിൽ ടോണി ബ്ലയർ പ്രധാനമന്ത്രിയായിരുന്നപ്പോൾ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അന്ധനായ ഡേവിസ് ബ്ലങ്കറ്റിന് രാജി വയ്‌ക്കേണ്ടി വന്നത് ഭാര്യയ്ക്ക് അനുവദിച്ചിരുന്ന സൗജന്യ ട്രയിൻ ടിക്കറ്റ് ഉപയോഗിച്ച് ബന്ധുക്കളിൽ ആരോ യാത്ര ചെയ്തതിനാണ്. നിയമനിർമ്മാതാവ് തന്നെ നിയമപാലനത്തിന് തടസ്സം ഉണ്ടാക്കുകയും നിയമപാലകരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ഭീതിതമായ സാഹചര്യമാണ് സുധാകരൻ സൃഷ്ടിച്ചിരിക്കുന്നത്.

സുധാകരനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും ലോക്‌സഭാ സ്പീക്കറുടെ മുന്നിൽ ഈ നിയമ വിരുദ്ധ പ്രവർത്തി റിപ്പോർട്ട് ചെയ്യുകയും എംപി എന്ന സ്ഥാനത്തു നിന്നും അയോഗ്യനാക്കുകയുമാണ് ചെയ്യേണ്ടത്. നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്നത് ഉറപ്പു വരുത്തിയില്ലെങ്കിൽ തകർന്നടിയുന്നത് നമ്മുടെ നിയമ വാഴ്ചയാണ്. സുപ്രീം കോടതി ജഡ്ജിമാർ കൈക്കൂലി വാങ്ങുന്നത് താൻ കണ്ടു എന്ന് ഉറക്കെ പ്രസംഗിച്ചിട്ട് ഈ സുധാകരന്റെ പേരിൽ കോടതി നടപടി എടുക്കാതിരുന്നപ്പോഴേ വ്യക്തമാണ് നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന രോഗത്തിന്റെ വ്യാപ്തി.

വളപട്ടണം സംഭവം ഒരു നിമിത്തമായി എടുത്ത്# ഈ വൃത്തികെട്ട രാഷ്ട്രീയ സംസ്‌കാരത്തിന് അന്ത്യം ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥരേയും സാമൂഹ്യപ്രവർത്തകരേയും അടച്ചാക്ഷേപിച്ചും ഗുണ്ടായിസം കാട്ടിയും നടത്തുന്ന രാഷ്ട്രീയം നമുക്ക് വേണ്ട. നിയമ വാഴ്ചയെ വെല്ലുവിളിച്ചു കൊണ്ട് സിനിമാ സ്റ്റൈലിൽ ഗുണ്ടായിസത്തിന്റെ ബലത്തിൽ നേതാക്കന്മാരാകുന്നവരെ നമുക്ക് ബഹിഷ്‌കരിക്കാം. കേരള രാഷ്ട്രീയത്തെ ബാധിച്ചിരിക്കുന്ന ദുർഭൂതങ്ങളാണ് സുധാകരനും പിസി ജോർജ്ജും ജയരാജന്മാരും. ഈ ഭൂതങ്ങളെ ഓടിച്ച് കേരള രാഷ്ട്രീയം ശുദ്ധിചെയ്യാൻ കോടതിയെങ്കിലും രംഗത്ത് വരട്ടെ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP