Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഷാഹിന പൊലീസുകാരനോട് പ്രതികരിച്ചപ്പോൾ കൈയും കെട്ടി നോക്കിയിരുന്ന മലയാളി സമൂഹത്തോട്..

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഷാഹിന പൊലീസുകാരനോട് പ്രതികരിച്ചപ്പോൾ കൈയും കെട്ടി നോക്കിയിരുന്ന മലയാളി സമൂഹത്തോട്..

എഡിറ്റോറിയൽ

ഷാഹിന നഫീസ മലയാളികളുടെ പ്രതിരോധത്തിന്റെ പ്രതീകമാണ്. അമൃതയും ആര്യയും ഒക്കെ ആഘോഷിക്കപ്പെടുമ്പോൾ (അതിൽ ഒരു തെറ്റുമില്ല) മുഖ്യധാരാ മാദ്ധ്യമങ്ങൾ ആഘോഷത്തിന്റെ ഭാഗമാക്കാൻ ഭയപ്പെടുന്ന യഥാർത്ഥ സ്ത്രീ ശക്തിയുടെ പ്രതീകം. അഭിനവ മാദ്ധ്യമ സംസ്‌കാരത്തിന്റെ അറപ്പുളവാക്കുന്ന പായൽ മൂടിയ നിലങ്ങളിലൂടെ നടക്കാൻ ഭയപ്പെടുന്ന ഷാഹിന ആരും പറയാൻ ധൈര്യമില്ലാത്ത കാര്യങ്ങൾ വിളിച്ച് പറയും. കച്ചവടത്തിന്റെ ഭാഗമായി മാത്രം ഇത്തരം വിഷയങ്ങളെ കാണുന്ന മുഖ്യധാരാ മാദ്ധ്യമങ്ങൾക്ക് അതുകൊണ്ടു തന്നെ ഷാഹിനമാരെ പേടിയാണ്. അവർ അമൃതമാരേയും ആര്യമാരെയുമേ ആഘോഷത്തിനായി എടുക്കൂ.

ഷാഹിന മാദ്ധ്യമ പ്രവർത്തനം തുടങ്ങിയത് ഏഷ്യാനെറ്റിലാണ്. അവിടെ നിന്നും പല വഴികൾ കടന്നാണ് ഇപ്പോൾ ഓപൺ മാഗസിനിൽ എത്തിയിരിക്കുന്നത്. തെഹൽകയുടെ ലേഖിക ആയിരിക്കവേ മദനിയെ പ്രതിയാക്കാൻ പൊലീസ് ഉണ്ടാക്കിയ സാക്ഷികൾ എല്ലാം അസത്യമാണെന്ന് ഷാഹിന തെളിയിച്ചു. പൊലീസ് സാക്ഷികളാക്കി വച്ചിരുന്നവർ തങ്ങൾ ഇത് അറിഞ്ഞിട്ടേയില്ല എന്നും അങ്ങനെ പറഞ്ഞിട്ടില്ല എന്നുമൊക്കെ ലോകത്തോട് വിളിച്ച് പറഞ്ഞത് ഷാഹിന വഴിയാണ്. അന്നുമുതൽ ഷാഹിന രാജ്യ ദ്രോഹിയായി. ഷാഹിനയുടെ മുസ്ലീം പേരാണ് എല്ലാത്തിനും അടിസ്ഥാനം എന്നു ചിലർ നിഗമനത്തിൽ എത്തുന്നതിനെ ആർക്കും കുറ്റം പറയാൻ വയ്യാത്ത സാഹചര്യമാണ് പിന്നീട് കണ്ടത്.

ഷാഹിനയെ പ്രതി ചേർത്തതിന്റെ ശരിതെറ്റുകൾ ചർച്ച ചെയ്യാനല്ല ഈ കുറിപ്പ്. ഷാഹിനയെപ്പോലുള്ള പ്രതിരോധിക്കുന്ന സ്ത്രീകൾ എവിടെ ചെന്നാലും അനീതിക്കെതിരെ ശബ്ദം ഉയർത്തുകയും അതിന്റെ തിക്ത ഫലങ്ങൾ അനുഭവിക്കുകയും ചെയ്യും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം വ്യക്തമാക്കാനാണ് ഇത്. മദനി കേസുമായി ബന്ധപ്പെട്ട് നിരന്തരമായി കർണ്ണാടക കോടതിയിൽ കയറിയിറങ്ങുന്ന ഷാഹിന കഴിഞ്ഞ ദിവസം കണ്ണൂരിൽ വന്നിറങ്ങിയപ്പോൾ ഉണ്ടായ ഒരു തിക്താനുഭവത്തിന്റെ കഥയാണ് ഇവിടെ പറയുന്നത്.

ഷാഹിന തന്റെ അനുഭവം ഫെയ്‌സ്ബുക്കിൽ കുറിച്ച് കൊണ്ട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്.

ഒരു പൊതു സ്ഥലത്ത് വെറുതെ ഇരിക്കുന്ന ഒരാളെ ഒരു കാര്യവും ഇല്ലാതെ നമ്മുടെ കൺമുൻപിൽ വച്ച് പൊലീസ് ആക്രമിക്കാൻ തുനിഞ്ഞാൽ എന്ത് ചെയ്യണം ? അത്തരമൊരു സന്ദർഭത്തിൽ നിങ്ങൾ എന്ത് ചെയ്യും? ഇതാണ് ആ ചോദ്യം. ഷാഹിനയുടെ വാക്കുകൾ കടമെടുത്ത് ചോര തിളയ്ക്കുന്ന ഈ സംവാദത്തിലേക്ക് കടക്കാം.

'ജാമ്യം ഒക്കെ കിട്ടി മടിക്കെരിയിൽ നിന്നും തിരിച്ചു രാത്രി പത്തു മണിയോടെയാണ് ഞാനും ജിഷയും കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയത്. ഞങ്ങളുടെ ട്രെയിൻ പുറപ്പെടാൻ രണ്ടു മണിക്കൂർ സമയം ഉണ്ടായിരുന്നു. അവിടെ വച്ച് ഞങ്ങൾ മനീഷയെ പരിചയപ്പെട്ടു. ട്രാൻസ്‌ജെൻഡർ ആണ് മനീഷ. നമ്മൾ അംഗീകരിച്ചു, കൽപ്പിച്ചു കൊടുത്തിട്ടുള്ള ലിംഗ സ്വത്വത്തിനു പുറത്തായത് കൊണ്ട്, കമ്യൂണിറ്റിയിലെ മറ്റു പലരെയും പോലെ മനീഷക്കും വീടില്ല , തെരുവിലാണ് ഉറക്കം. ഞങ്ങൾ സൗഹൃദത്തോടെ സംസാരിച്ചപ്പോൾ വലിയ സന്തോഷമായി മനീഷയ്ക്ക്. നിങ്ങൾക്ക് എന്നെ പേടിയില്ലേ എന്നായിരുന്നു ആദ്യത്തെ ചോദ്യം. മനീഷയെ പോലെ നിരവധി സുഹൃത്തുക്കൾ ഞങ്ങൾക്കുണ്ടെന്നു ഞങ്ങൾ പറഞ്ഞത് മാത്രമല്ല, സംസാരിച്ചു വന്നപ്പോൾ ഞങ്ങൾക്ക് നിരവധി പൊതു സുഹൃത്തുക്കൾ ഉണ്ടെന്നു മനസ്സിലായതും മനീഷക്കു വലിയ ആഹ്ലാദമായി. ഞങ്ങൾക്കും.

പ്ലാറ്റ്‌ഫോമിൽ സംസാരിച്ചിരുന്ന ഞങ്ങൾ മൂന്നു പേരെയും ജനം ഒരു മാതിരി ശ്വാസം മുട്ടലോടെ തുറിച്ചു നോക്കുന്നതും ഞങ്ങളുടെ അരികിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതുമൊക്കെ അറിയുന്നുണ്ടായിരുന്നെങ്കിലും ഞങ്ങൾ അത് ശ്രദ്ധിക്കാൻ പോയില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പൊലീസുകാരൻ ഞങ്ങളുടെ തൊട്ടടുത്ത് വന്നു നിന്ന് ഞങ്ങൾ പറയുന്നത് ശ്രദ്ധിച്ചു. കണ്ണൂരിലെ ട്രാൻസ്‌ജെൻഡർ സംഘടനയായ സ്‌നേഹതീരത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും കേരളത്തിന് പുറത്തുള്ള ലൈംഗിക ന്യൂനപക്ഷ സംഘടനകളെ കുറിച്ചുമൊക്കെയായിരുന്നു അപ്പോൾ സംസാരിച്ചിരുന്നത്. അത് കുറച്ചു നേരം കേട്ട് നിന്ന ശേഷം അയാൾ പോയി. അല്പം കഴിഞ്ഞപ്പോൾ ഇതേ പൊലീസുകാരൻ മറ്റൊരാളുമായി വന്നു. അയാളുടെ കയ്യിൽ ഒരു വലിയ വടി ഉണ്ടായിരുന്നു. ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് വലിയ ആക്രോശത്തോടെ അയാൾ വടി ചുഴറ്റി മനീഷക്കു നേരെ ചാടി വീണു. അര നിമിഷത്തേക്ക് സ്തംഭിച്ചു പോയെങ്കിലും പെട്ടെന്ന് ഞാൻ ഇടയ്ക്കു കയറി തടഞ്ഞു . തൊട്ടു പോകരുത് എന്ന് ഞാൻ പറഞ്ഞതോടെ അയാൾ ക്രോധം കൊണ്ട് അന്ധനായി. ഉടൻ അയാൾ ഞങ്ങൾക്ക് നേരെ തിരിഞ്ഞു , നീയാരാ? എന്താ ഇവിടെ തുടങ്ങിയ ആക്രോശങ്ങൾ. ഇവിടെ ഇരിക്കാൻ പാടില്ല, ഇപ്പൊ സ്ഥലം വിടണം എന്ന് ഉറഞ്ഞു തുള്ളിക്കൊണ്ട് കല്പന. ഞങ്ങൾ വിട്ടു കൊടുത്തില്ല. തർക്കമായി, വലിയ ബഹളമായി. ഇവിടെ ഇരിക്കരുതെന്നു പറയാൻ, റെയിൽവേ സ്‌റേഷൻ തനിക്കു സ്ത്രീധനമായി കിട്ടിയതൊന്നുമല്ലല്ലോ എന്ന് ചോദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

ചുറ്റും കൂടി നിന്നിരുന്ന പുംഗവന്മാരാരും ഒരക്ഷരം മിണ്ടിയില്ല. അവർ പത്ര പ്രവർത്തകരാണെന്നും ഞങ്ങൾ ഇവിടെ സംസാരിച്ചിരിക്കുക മാത്രമായിരുന്നുവെന്നും വേറൊരു തെറ്റും ചെയ്തില്ലെന്നും ഒക്കെ മനീഷ വിശദീകരിക്കാൻ ശ്രമിക്കുണ്ടായിരുന്നു. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതുന്നതു പോലെ. ഞങ്ങളുടെ രേഖകൾ കാണണം എന്നായി പിന്നത്തെ ആക്രോശം. അത് റെയിൽവേ പൊലീസിനെ ബോധിപ്പിച്ചോളാം, ഞങ്ങളോട് ഇതൊക്കെ പറയാൻ നിങ്ങൾ ആരാ എന്നായി ഞങ്ങൾ. 'ഞാൻ റെയിൽവേ പൊലീസ് തന്നെയാണ് എന്ന് ഗർജിച്ചു കൊണ്ട് മറുപടി. അയാൾ യൂണിഫോമിൽ ആയിരുന്നില്ല.

വഴിയെ പോകുന്നവനും വരുന്നവനും ഒക്കെ പൊലീസാണ് എന്ന് അവകാശപ്പെട്ടാൽ അതംഗീകരിക്കേണ്ട കാര്യമെന്ത് ? ഐ ഡി കാർഡ് കാണിച്ചു തന്നാൽ ഞങ്ങളുടെ യാത്രാരേഖകൾ കാണിക്കാം എന്ന നിലപാടിൽ ഞങ്ങൾ ഉറച്ചു നിന്നു. ഐഡി കാർഡ് കാണിക്കാൻ എനിക്ക് സൗകര്യമില്ല എന്നായി ആ ചേട്ടൻ. എങ്കിൽ യാത്രാരേഖകൾ കാണിക്കാൻ ഞങ്ങൾക്കും സൗകര്യമില്ല എന്ന് ഞങ്ങളും. ഇതിനിടെ കൂടെയുള്ള പൊലീസുകാരന് കുറേശ്ശെ കാര്യം തിരിഞ്ഞു തുടങ്ങി .ഇത് ജോലിയാവും എന്ന് മനസ്സിലായത് കൊണ്ടാണോ അയാൾ കോമ്പ്രമൈസ് ടോക് തുടങ്ങി. ചേച്ചീ എന്നൊക്കെയായി വിളി .ഞങ്ങൾ ട്രെയിനിൽ കയറാൻ വന്നതായിരിക്കാം, എന്നാൽ മനീഷ എന്തിനാണ് അവിടെ വന്നതെന്നായി അടുത്ത പ്രശനം . ഇതിനിടെ ജിഷ മനീഷക്കു വേണ്ടി ഒരു പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുത്തിരുന്നു. ഉറഞ്ഞു തുള്ളിക്കൊണ്ടിരുന്ന മഫ്തി പൊലീസുകാരൻ, ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ജിഷയുടെ കയ്യിൽ നിന്നും അത് തട്ടിപ്പറിച്ചു. ഇത്രയും ആയതോടെ കാഴ്ചക്കാർ ആയ ജനം സ്ഥിരം സമാധാന ഫോർമുലയുമായി രംഗതെത്തി. പോട്ടെ, വിട്ടു കള, സാരമില്ല എന്നൊക്കെയായി കാഴ്ചക്കാർ എന്തായാലും പ്ലാറ്റ് ഫോം ടിക്കറ്റ് എങ്ങനെയോ തിരിച്ചു ഞങ്ങളുടെ കയ്യിൽ തന്നെ എത്തി. ഇതിനിടെ കെ കെ രാഗേഷ് ഒരു ട്രെയിനിൽ വനിറങ്ങി. അപ്പോഴേക്കും യൂനിഫോം ഇട്ട സാർ ഇടാത്ത സാറിനെയും കൊണ്ട് സ്ഥലം വിടുകയും ചെയ്തു . ഞങ്ങളോട് അസഭ്യം പറയുകയും മനീഷയെ പട്ടിയെ പോലെ തല്ലാൻ ഓങ്ങുകയും ചെയ്ത ആ പൊലീസുകാരൻ നല്ലത് പോലെ മദ്യപിച്ചിരുന്നു. പൊലീസിന്റെ 'കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് നാളെ എന്റെ പേരിൽ കേസുണ്ടായാൽ അത്ഭുതപ്പെടരുത് .

ഷാഹിന അവസാനിപ്പിക്കുന്നത് നമ്മുടെ ഒക്കെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിക്കൊണ്ടാണ്. ഇങ്ങനെയാണ് ഷാഹിന എഴുതുന്നത് : 'ഒക്കെ കഴിഞ്ഞു കുറച്ചു പേർ അഭിനന്ദനവുമായി ഞങ്ങളുടെ ചുറ്റും കൂടി. ആ പൊലീസുകാരന്റെ പെരുമാറ്റത്തെക്കാളേറെ എനിക്ക് അശ്ലീലമായി തോന്നിയത് ആ അഭിനന്ദനങ്ങലാണ്. ഗ്യാലറിയിൽ ഇരുന്നു കളി കണ്ടു ഒടുവിൽ കളി തീരുമ്പോൾ കളിക്കളത്തിൽ ഇറങ്ങി കളിക്കാരെ അഭിനന്ദിക്കുന്ന അതേ മോഡ്. എനിക്കത് നടുക്കവും അറപ്പും ആണ് ഉണ്ടാക്കുന്നത്. കാരണം അവരിലാരുടെയോ മോറൽ പൊലീസിങ്ങിന്റെ ഇരകലാവുകയായിരുന്നു ഞങ്ങൾ. ഞങ്ങളോട് മോശമായി പെരുമാറാതിരുന്ന യൂണിഫോമിട്ട പൊലീസുകാരനാണ് ട്രെയിൻ വരുന്നതിനു തൊട്ടു മുൻപ് ഞങ്ങളോട് അക്കാര്യം പറഞ്ഞത്. അവിടെ ഉണ്ടായിരുന്ന ആരോ പോയി പറഞ്ഞിട്ടാണ് പൊലീസുകാർ ഈ അക്രമം കാട്ടിയത്. ഒരു ഹിജഡ രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു എന്നായിരുന്നത്രേ പരാതി ! ലൈംഗിക ന്യൂന പക്ഷങ്ങളോട് ഇത്രയേറെ ഭയം വച്ച് പുലർത്തുന്ന ,ഇത്രയേറെ നീചമായി പെരുമാറുന്ന മറ്റൊരു സമൂഹവും ഉണ്ടെന്നു തോന്നുന്നില്ല ,മലയാളികളെ പോലെ .''

ഈ കുറിപ്പ് വായിക്കുമ്പോൾ പ്രിയപ്പെട്ട സഹോദരി വൃത്തികെട്ട ഈ സമൂഹത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ട് നിന്നോട് ക്ഷമ ചോദിക്കാൻ മാത്രമാണ് തോന്നുന്നത്. ഞങ്ങളുടെ സമൂഹം അത്രമേൽ സ്ത്രീവിരുദ്ധമാണ്. സ്ത്രീകൾ വീട്ടിലിരിക്കുന്നതാണ് ഞങ്ങൾക്കിഷ്ടം. രാത്രിയിൽ റയിൽവേ സ്റ്റേഷനിൽ സ്ത്രീകളെ കണ്ടാൽ ഞങ്ങളിലെ സദാചാര ബോധം ഉണരും. അപ്പോൾ ഞങ്ങൾ ഇങ്ങനെയൊക്കെ പെരുമാറും. പ്രിയ സോദരീ നീ ക്ഷമിക്കുക. നിന്റെയീ ധീരത നീ തുടരുക. നിന്നെപ്പോലുള്ളവരാണ് ഈ നാടിനെ ഭ്രാന്തില്ലാതെ പിടിച്ച് നിർത്തുന്നത്. നിന്നെപ്പോലെയുള്ളവർ തളർന്നാൽ ഞങ്ങളുടെ നാട് വെറും കൂട്ടിക്കൊടുപ്പുകാരുടെ മരുഭൂമിയായി മാറും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP