Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊലയാളിക്ക് വേണ്ടിയുള്ള ഒരു പാർട്ടിയുടെ സമരം.. ലാവ്‌ലിനെ പേടിച്ചോടുന്ന ജഡ്ജിമാർ.. കൊച്ചൗസേപ്പിന്റെ അഞ്ച് ലക്ഷം രൂപ സമരം: ഞങ്ങൾക്ക് പറയാനുള്ളത്‌

കൊലയാളിക്ക് വേണ്ടിയുള്ള ഒരു പാർട്ടിയുടെ സമരം.. ലാവ്‌ലിനെ പേടിച്ചോടുന്ന ജഡ്ജിമാർ.. കൊച്ചൗസേപ്പിന്റെ അഞ്ച് ലക്ഷം രൂപ സമരം: ഞങ്ങൾക്ക് പറയാനുള്ളത്‌

എഡിറ്റോറിയൽ

ല്ലപ്പോഴും മാത്രം എഡിറ്റോറിയൽ എഴുതുന്ന ഒരു മാദ്ധ്യമം ആണ് മറുനാടൻ മലയാളി. എഡിറ്റോറിയൽ എഴുതി അഭിപ്രായം പറയേണ്ട വിഷയങ്ങൾ ഉള്ളപ്പോൾ മാത്രം അതു ചെയ്താൽ മതി എന്ന ഞങ്ങളുടെ തീരുമാനമാണ് ഈ ഇടവേളകളുടെ കാരണം. എന്നിട്ടും ഇന്നത്തെ ദിവസം നിലപാടു വ്യക്തമാക്കേണ്ട മൂന്നു വിഷയങ്ങളാണ് വീണു കിട്ടിയിരിക്കുന്നത്. ടിപി കൊലക്കേസുമായി ബന്ധപ്പെട്ട് സിപിഐ(എം) നടത്തുന്ന നിർഭാഗ്യകരമായ പ്രസ്താവനകളും ഇടപെടലുകളും ആണ് ആദ്യവിഷയമെങ്കിൽ ലാവ്‌ലിൻ കേസിൽ ജഡ്ജിമാരുടെ ദുരൂഹമായ പിന്മാറ്റമാണ് രണ്ടാമത്തേത്. ഇതിനോടകം ഏറെചർച്ച ചെയ്യപ്പെട്ട കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഏറ്റവും ഒടുവിലത്തെ സാമൂഹ്യ ഇടപെടൽ തന്നെയാണ് മൂന്നാമത്തെ വിഷയം.

ടിപി വധക്കേസ്: സിപിഐ(എം) നേതാക്കൾ ഇനിയെന്നാണ് രാഷ്ട്രീയം പഠിക്കുക?

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ഏതെന്ന് ചോദിച്ചാൽ അത് സിപിഐ(എം) ആണെന്ന് പറയുന്നതിൽ ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടായേക്കില്ല. സംഘടനാ സംവിധാനം കൊണ്ടും നേതൃഗുണം കൊണ്ടും അച്ചടക്കം കൊണ്ടും സിപിഎമ്മിനെ വെല്ലാൻ മറ്റൊരു പാർട്ടിക്കും കഴിയില്ല എന്നതാണ് സത്യം. എന്നാൽ പലപ്പോഴും രാഷ്ട്രീയ തന്ത്രങ്ങളിൽ സിപിഎമ്മിന് തുടർച്ചയായ പിഴവ് സംഭവിക്കുകയാണ്. പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴലായി നിന്ന ലാവ്‌ലിൻ കേസ് ഒഴിഞ്ഞു പോയതോടെ ഇമേജ് വർദ്ധിപ്പിക്കാനും ജനനേതാവാകാനും എടുത്ത ചില തന്ത്രങ്ങൾ അതിന്റെ ഏറ്റവും നിർണ്ണായകമായ നിമിഷത്തിൽ പാളുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

ടിപി വധക്കേസ് കൈകാര്യം ചെയ്തതിൽ പാർട്ടിക്ക് പറ്റുന്ന തുടർച്ചയായ പിഴവും കോൺഗ്രസ് നേതാക്കളും ആർഎംപിയും ഒരുക്കിയ കെണിയിലേക്ക് എലിയെപ്പോലെ ചെന്ന് വീഴുന്നതുമാണ് ഈ ദുരന്തത്തിന്റെ കാരണം. ടിപി എന്ന ജനനേതാവ് ദാരുണമായി കൊല്ലപ്പെട്ടുവെന്നതും അതിന്റെ പിന്നിൽ പ്രവർത്തിച്ചത് സിപിഎമ്മുമായി ബന്ധമുള്ളവർ ആണെന്നും എത്ര മറച്ചുവച്ചാലും സാധിക്കാത്ത ഒരു സത്യം ആണെന്നിരിക്കേ അത് മറച്ചു വയ്ക്കാൻ പാർട്ടി നടത്തിയ വെപ്രാളങ്ങളും വ്യാജപ്രചാരണങ്ങളുമാണ് സിപിഎമ്മിനെ ഈ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ദാരുണമായ ആ ദുരന്തത്തെ പരോക്ഷമായെങ്കിലും ന്യായീകരിക്കുന്ന പ്രസ്താവനകൾ പലതവണ പാർട്ടിയുടെ നേതാക്കൾ നടത്തിയെന്നത് ഖേദകരമാണ്. കേസിന്റെ വിധി ഭാഗികമായി പാർട്ടിയുടെ വിജയമായി മാറേണ്ടതായിരുന്നു. പാർട്ടിയുടെ സംസ്ഥാന നേതൃത്വം മുൻകൈ എടുത്ത് നടത്തിയ കൊലപാതകമാണ് എന്നതരത്തിലുള്ള പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ പി മോഹനൻ അടക്കമുള്ള പാർട്ടി നേതാക്കളെ ഒഴിവാക്കിയത് വഴി ആശ്വാസമാകേണ്ടതായിരുന്നു. എന്നാൽ തുടർന്ന് ഉണ്ടായ ലജ്ജാകരമായ ഇടപെടൽ മൂലം പാർട്ടി ഈ വിഷയത്തിൽ വീണ്ടും പ്രതിസ്ഥാനത്ത് നിൽക്കപ്പെട്ടിരിക്കുന്നു.

കോടതികളുടെ പല നിലപാടുകളും ആശ്വാസമല്ലെങ്കിൽ കൂടി നമുക്കൊരു നിലപാടെടുക്കാൻ സഹായിക്കുന്ന ഏക സംവിധാനം അവ തന്നെയാണ്. അതുകൊണ്ട് തന്നെ കോടതി കുറ്റക്കാർ എന്നു കണ്ടെത്തിയവരെ ന്യായീകരിക്കാനും രക്ഷിക്കാനും വേണ്ടി ഒരു കാരണവശാലും പാർട്ടി ഇടപെടാൻ പാടില്ലായിരുന്നു. പാർട്ടിക്ക് ഒരു ബന്ധവുമില്ല എന്ന് പലതവണ ആവർത്തിക്കുകയും കോടതിവിധി പാർട്ടി നിലപാടിന്റെ വിജയമാണ് എന്ന് അവകാശപ്പെടുകയും ചെയ്തശേഷം കൊലയാളികളുടെ മനുഷ്യാവകാശത്തിന് വേണ്ടി പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം തന്നെ ജയിലിൽ എത്തിയതും നിയമസഭയിൽ അത് ചർച്ചയാക്കിയതും ഒക്കെ തെറ്റായ തന്ത്രത്തിന്റെ അടയാളമായി മാത്രമേ കാണാൻ സാധിക്കൂ. ഈ നിലപാട് വഴി ടിപി വധം ആസൂത്രണം ചെയ്തത് തങ്ങളാണ് എന്ന് സിപിഐ(എം) കുറ്റസമ്മതം നടത്തുകയാണ് ചെയ്യുന്നത്. സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ നേരിട്ട അപമാനം പാടെ തുടച്ചുനീക്കാൻ പോരുന്നതാണ് ഈ വിഷയത്തിൽ പാർട്ടി എടുത്ത നിലപാട്.

കൊച്ചൗസേപ്പ് എന്ന രാഷ്ട്രീയക്കാരൻ കേരളത്തെ പഠിപ്പിക്കുന്നത്

കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ ബിസിനസുകാരിൽ ഒരാളാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. കഴിഞ്ഞ ഏതാനും നാളുകളായി കൊച്ചൗസേപ്പ് കൗശലക്കാരനായ ഒരു രാഷ്ട്രീയക്കാരൻ കൂടിയാണ് എന്ന് സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. സന്ധ്യ എന്ന വനിത സിപിഐ(എം) നേതാക്കൾ നടത്തിയ ഉപരോധത്തെ ചോദ്യം ചെയ്തപ്പോൾ അഞ്ചുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചാണ് കൊച്ചൗസേപ്പ് തന്റെ രാഷ്ട്രീയം വ്യക്തമാക്കിയത്. തുടർന്ന് സിപിഐ(എം) കടുത്ത പ്രതിരോധത്തിൽ ആക്കുകയും കൊച്ചൗസേപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന അനേകം ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ സിപിഎമ്മിന് ഏറ്റവും അധികം മൈലേജ് ഉണ്ടാക്കിയ സംഭവമായിരുന്നു ജോർജ് എന്ന സാധാരണക്കാരന് വൃക്കദാനം ചെയ്തതിനുള്ള അംഗീകാരമായി കൊച്ചൗസേപ്പ് നൽകിയ അഞ്ചുലക്ഷം രൂപ തിരിച്ച് നൽകി കൊണ്ടുള്ള പ്രതികരണം. ഈ വിഷയവുമായി ബന്ധപ്പെട്ട ജസീറയുടെ നിലപാടും കൊച്ചൗസേപ്പിനു ബുദ്ധിമുട്ടുണ്ടാക്കുകയും സിപിഎമ്മിനു മൈലേജ് നൽകുകയും ആണ് ചെയ്തത്.

പണം തിരിച്ചു നൽകും എന്നു പറഞ്ഞ ജോർജിന് പക്ഷേ അതു നൽകാൻ ഇനിയും സാധിച്ചിരുന്നില്ല. ലഭിച്ച പണം നല്ല കാര്യങ്ങൾക്കു വേണ്ടി ചെലവാക്കിയതുകൊണ്ടാണ് ജോർജിനു മടക്കി നൽകാൻ സാധിക്കാതെ വന്നത്. പാർട്ടി പ്രവർത്തകർ പിരിവെടുത്ത് നൽകാൻ ഒരു ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. അതിനിടയിൽ വാദം തീർന്നതുകൊണ്ട് എല്ലാവരും മറന്നിരുന്നപ്പോഴാണ് പണം തിരിച്ചു തരണം എന്നുപറഞ്ഞ് കൊച്ചൗസേപ്പ് ജോർജിനു കത്തെഴുതിയത്. കൊച്ചൗസേപ്പ് ചെയ്തത് തെറ്റായി പോയി എന്ന രീതിയിൽ ഒരു കൂട്ടരും അതല്ല കൊച്ചൗസേപ്പ് ചെയ്തത് പൂർണ്ണമായും ശരിയാണ് എന്ന രീതിയിൽ മറ്റൊരു കൂട്ടരും ശക്തമായ പ്രചരണം ആരംഭിച്ചു കഴിഞ്ഞു.

തന്ത്രത്തിന് മറുതന്ത്രം എന്ന കൊച്ചൗസേപ്പിന്റെ നയത്തെ കുറ്റപ്പെടുത്താൻ പറ്റുകയില്ല. തന്ത്രം പറഞ്ഞുകൊടുത്ത പാർട്ടി നേതാക്കൾ തന്നെ ബാക്കി നോക്കേണ്ടതുണ്ട്. സാമൂഹ്യപ്രവർത്തകൻ കൂടിയായ ജോർജ്ജ് തനിക്ക് കിട്ടിയ പണം നല്ലകാര്യത്തിന് വേണ്ടിയാണ് വിനിയോഗിച്ചത് എന്നു വരുമ്പോൾ അത് തനിയെ ഉണ്ടാക്കി നൽകുക എന്നത് അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല. എന്നാൽ ഇത്തരം ഒരു സാഹചര്യം സൃഷ്ടിച്ച പാർട്ടി അതിന് പരിഹാരം ഉണ്ടാക്കേണ്ടതുണ്ട്. മാത്രമല്ല തികച്ചും നല്ല ഉദ്ദേശത്തോടെ കൊച്ചൗസേപ്പ് നൽകിയ പണത്തെക്കുറിച്ച് രാഷ്ട്രീയമായ സാഹചര്യത്തിൽ ജോർജ്ജ് നടത്തിയ പ്രതികരണം അനാവശ്യമായിരുന്നു എന്ന് അംഗീകരിക്കുകയും വേണം. സന്ധ്യയ്ക്ക് പ്രതിഫലം നൽകാനുള്ള കൊച്ചൗസേപ്പിന്റെ തീരുമാനം അനുചിതം ആയിരുന്നു എന്ന് എഡിറ്റോറിയൽ എഴുതിയ മാദ്ധ്യമം എന്ന നിലയിൽ ഈ വിഷയത്തിൽ കൊച്ചൗസേപ്പിനെ കുറ്റപ്പെടുത്താൻ സാധ്യമല്ല എന്ന് പറയുന്നതിൽ ഖേദമുണ്ട്.

സ്വന്തം കാര്യസാധ്യത്തിന് വേണ്ടി രാഷ്ട്രീയക്കാരെ മാറി മാറി ഉപയോഗിക്കുന്ന അറിയപ്പെടുന്ന എല്ലാ ബിസിനസുകാർക്കും കൊച്ചൗസേപ്പ് ഒരു അപവാദമാണ്. ഇദ്ദേഹത്തിന്റെ സാമൂഹ്യ ഇടപെടലുകളിൽ ശക്തമായ ഒരു രാഷ്ട്രീയം ഉണ്ട്. അത് കോൺഗ്രസ് ആണെങ്കിലും ആം ആദ്മിയാണെങ്കിലും ഇത്തരം രാഷ്ട്രീയം ബിസിനസുകാർക്കുണ്ടാകുന്നത് സമൂഹത്തിന് നല്ലത് തന്നെയാണ്. കൊച്ചൗസേപ്പിനെ അരാഷ്ട്രീയവാദി ആക്കി മാറ്റാൻ ചിലർ നടത്തുന്ന ശ്രമത്തോട് യാതൊരു യോജിപ്പും ഞങ്ങൾക്കില്ല. സ്വന്തം വൃക്ക അപരിചിതന് ദാനം ചെയ്തതുകൊണ്ട് സാമൂഹ്യ പ്രവർത്തനം ആരംഭിച്ച കൊച്ചൗസേപ്പ് ഒരുകാലത്ത് കേരളത്തിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന ബിസിനസുകാരൻ ആയിരുന്നു എന്നോർക്കണം. എന്തായാലും ഈ സംഭവങ്ങളിൽ നിന്നും സിപിഐ(എം) പാഠങ്ങൾ പഠിക്കട്ടെ എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.

ലാവ്‌ലിൻ കേസിലെ ജഡ്ജിമാരുടെ പേടിയും ടിപി നന്ദകുമാറിന്റെ വിശ്വാസ്യതയും

ശ്രീ പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ട് സിബിഐ കോടതി നടത്തിയ വിധിക്കെതിരെ ശ്രീ ടിപി നന്ദകുമാർ നൽകിയ റിവ്യൂ ഹർജി തുടർച്ചയായി നാല് ജഡ്ജിമാർ വാദം കേൾക്കാതെ മടക്കിയെന്ന വാർത്ത ജനാധിപത്യ വിശ്വാസമുള്ള ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ക്രൈം പത്രാധിപർ ശ്രീ ടിപി നന്ദകുമാറിന്റെ വിശ്വാസ്യതയിൽ ഉള്ള സംശയം ആണ് ഇതുവരെ ജഡ്ജിമാരെ കേസ് എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചത് എന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്.

എന്നാൽ ഇന്ന് സിബിഐ നൽകിയ റിവ്യൂ ഹർജി എടുക്കാനും നാലാമത്തെ ജഡ്ജി മടിച്ചത് ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. ഇത്തരം ഒരു നിലപാട് എടുക്കാൻ ജഡ്ജിമാർക്ക് കഴിയുന്നത് അവർ നേരിടുന്ന സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് എന്നുവേണം കരുതാൻ. അത് ജനാധിപത്യത്തിനോ സിപിഎമ്മിനോ ഒട്ടും ഗുണകരമല്ല എന്നു പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.

ടിപി നന്ദകുമാറിന്റെ പരാതി പരിഗണിക്കാൻ ജഡ്ജിമാർ മടിക്കുന്നത് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ സിബിഐയുടെ റിവ്യൂ ഹർജി എടുക്കാൻ മടിച്ചത് ഈ വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് സംശയാസ്പദമാക്കി മാറ്റിയിരിക്കുകയാണ്. സിപിഐ(എം) സെക്രട്ടറിക്കെതിരെയുള്ള കേസ് പരിഗണിക്കാൻ ജഡ്ജിമാർക്ക് പോലും ഭയമാണ് എന്ന സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. പ്രതിപക്ഷ നേതാവ് പോലും അല്ലാത്ത പാർട്ടി സെക്രട്ടറിയെ കോടതിക്ക് പോലും ഭയമാണെങ്കിൽ ഇദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയോ മറ്റോ ആയാൽ എന്തായിരിക്കും സ്ഥിതി എന്ന് എതിരാളികൾ ചോദിച്ചാൽ അതിന് ഉത്തരം പറയാൻ സിപിഎമ്മുകാർ വിഷമിക്കുന്ന സാഹചര്യമാണ് ഇത്തരം നടപടിയിലൂടെ ഉണ്ടായിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കാൻ ആദ്യം പരിശ്രമിക്കേണ്ടത് കോടതി തന്നെയായിരുന്നു. പ്രതികളുടെ വലിപ്പം നോക്കി ജഡ്ജിമാർ കേസ് എടുക്കുന്ന പ്രവണത ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. അങ്ങനെയെങ്കിലും ടിപി വധക്കേസ് വിചാരണ ചെയ്ത മജിസ്‌ട്രേറ്റിന്റെ അവസ്ഥയോ? ഇത് മറന്ന് പോകുന്നത് വഴി നമ്മുടെ നിയമ സംവിധാനം സ്വയം അപഹാസ്യരാകുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP