Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തം ശരീരം മുറിച്ച് നൽകി ലോകത്തിന് വെളിച്ചം പകർന്ന മഹാനായ കൊച്ചൗസേപ്പ്, എന്തുകൊണ്ടാണ് ഈ കണ്ണീരിന് മുമ്പിൽ താങ്കൾ പതുങ്ങി നിൽക്കുന്നത്?

സ്വന്തം ശരീരം മുറിച്ച് നൽകി ലോകത്തിന് വെളിച്ചം പകർന്ന മഹാനായ കൊച്ചൗസേപ്പ്, എന്തുകൊണ്ടാണ് ഈ കണ്ണീരിന് മുമ്പിൽ താങ്കൾ പതുങ്ങി നിൽക്കുന്നത്?

എഡിറ്റോറിയൽ

ണം സമ്പാദിക്കുക, സുഖലോലുപതയിൽ മുഴുകി ജീവിക്കുക എന്നിവയാണ് സാധാരണ മനുഷ്യന്റെ ജീവിതരീതി. അവർക്കിടയിൽ നമ്മുടെ ലോകം ഇങ്ങനെ ഭംഗിയായി ഉരുണ്ടുകൊണ്ടിരിക്കുന്നത് വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ സഹനം കൊണ്ടാണ്. ഇത്തരം മാതൃകകൾ ഒരു സെലിബ്രിറ്റി കാട്ടുമ്പോൾ അത് കൂടുതൽ അർത്ഥപൂർണ്ണമാകും. ധാരാളം സാധാരണക്കാർ നന്മ നിറഞ്ഞ മനസ്സുമായി നമ്മുടെ ഇടയിൽ ഉണ്ടെങ്കിലും സെലിബ്രിറ്റികൾ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ അത് ശ്രദ്ധ നേടുന്നത് അവരുടെ പ്രവർത്തിക്ക് സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്നതിന്റെ ആഴം കൊണ്ടാണ്.

മമ്മൂട്ടിയുടെ കൃഷിയും മോഹൻലാലിന്റെ സൈനിക സേവനവും ജയസൂര്യയുടെ റോഡ് നിർമ്മാണവും ഒക്കെ പ്രശസ്തമായി തീർന്നത് ഈ അർത്ഥത്തിൽ ആണ്. ചാരിറ്റി പ്രവർത്തനം നൽകുന്ന മൈലേജ് മൂലം പല ബിസിനസുകാരും അത് ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നു. അവർ ചെയ്യുന്നതിൽ കൂടിയ പബ്ലിസിറ്റി ആ ചാരിറ്റിക്ക് അവർ നൽകുകയും ചെയ്യാറുണ്ട്. രവി പിള്ളയുടെ സമൂഹവിവാഹം, ബോബി എം ചെമ്മണ്ണൂരിന്റെ ചട്ട ഇട്ടുകൊണ്ടുള്ള ഭിക്ഷക്കാരെ തീറ്റലും ഈ വിഭാഗത്തിൽപ്പെടുത്തേണ്ട ചാരിറ്റിയാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തവും സത്യസന്ധവുമായി ചാരിറ്റി ചെയ്യുന്ന ഒരാളാണ് കൊച്ചസേപ്പ് ചിറ്റിലപ്പള്ളി.

പണവും പ്രതാപവും ജീവിത സൗകര്യങ്ങളും ഒക്കെ ധാരാളം ഉണ്ടായിട്ടും സ്വന്തം ശരീരത്തിന്റെ ഒരു ഭാഗം മുറിച്ച് അപരിചിതനായ ഒരാൾക്ക് നൽകാൻ കൊച്ചൗസേപ്പ് കാണിച്ച ധൈര്യം എത്ര അഭിനന്ദിച്ചാലും മതിയാകുന്നതല്ല. ഒരു വ്യക്തിക്ക് ജീവൻ നൽകി എന്ന് മാത്രമല്ല വൃക്കദാനം എന്ന സന്ദേശം കേരളത്തിലെ ജനങ്ങളിൽ എത്തിക്കാനും ഈ അപൂർവ്വമായ മനുഷ്യ സ്‌നേഹത്തിന് സാധിച്ചു. ചിറമേൽ അച്ചൻ നേതൃത്വം നൽകുന്ന കേരള കിഡ്‌നി ഫെഡറേഷൻ അനേകം പേർക്ക് ജീവിതം മടക്കി നൽകിയതിന്റെ ശരിക്കുള്ള പ്രചോദനം ശ്രീമാൻ ചിറ്റിലപ്പള്ളി തന്നെയാണ് എന്ന് തീർത്തു പറയാം. ഇത് കൊച്ചൗസേപ്പ് ചെയ്തത് പ്രശസ്തിക്കോ പരസ്യത്തിനോ വേണ്ടിയാണ് എന്ന് ഏതെങ്കിലും സിപിഎമ്മുകാരൻ പറഞ്ഞാൽ അത് അംഗീകരിക്കാൻ അരിയാഹാരം കഴിക്കുന്നവർക്ക് സാധിക്കില്ല.

ഈ മഹത്തായ സേവനത്തെ അഭിനന്ദിക്കുമ്പോൾ തന്നെ സന്ധ്യ വിഷയത്തിൽ കൊച്ചൗസേപ്പ് നടത്തിയ പ്രതികരണം അപക്വവും അതിര് കടന്നതുമായി പോയി എന്ന് പറയുന്നതിൽ ഖേദമുണ്ട്. ഇതിനർത്ഥം സന്ധ്യയുടെ പ്രതികരണം മോശമായെന്നോ സന്ധ്യ ഒരു കോൺഗ്രസുകാരിയാണെന്നോ ഒന്നുമല്ല. രാഷ്ട്രീയക്കാരുടെ നാടകങ്ങൾക്ക് മുമ്പിൽ ഉറഞ്ഞുതുള്ളിയുള്ള സന്ധ്യയുടെ പ്രതികരണം കേരളത്തിലെ സാധാരണക്കാരുടെ വികാരം തന്നെയാണ്. എന്നു മാത്രമല്ല, സന്ധ്യയെ താടകയായി വിശേഷിപ്പിച്ച് പ്രചാരണം നടത്തിയ സിപിഐ(എം) ജനവിരുദ്ധമായ തീരുമാനമാണ് കൈക്കൊണ്ടത് എന്ന് എടുത്ത് പറയേണ്ടി വരും. തെറ്റുകൾ സംഭവിച്ചാൽ അത് തുറന്ന് സമ്മതിക്കാനുള്ള വകതിരിവാണ് രാഷ്ട്രീയ പാർട്ടികൾ ആദ്യം കാണിക്കേണ്ടത്. ചാക്ക് രാധാകൃഷ്ണന്റെ കാര്യത്തിൽ വൈകിയെങ്കിലും ഈ വിവേകം സിപിഐ(എം) കാണിച്ചു. സന്ധ്യയുടെ കാര്യത്തിൽ പക്ഷേ, പാർട്ടി തുടരുന്നത് ഒട്ടും ന്യായമായ സമീപനം അല്ല.

ഇതൊക്കെ ന്യായങ്ങൾ ആണെങ്കിലും ചിറ്റിലപ്പള്ളിയെപ്പോലെ ഒരാൾ നടത്തിയ പ്രതികരണവും തുടർന്നുണ്ടായ സംഭവവികാസങ്ങളും പരിഷ്‌കൃതം ആണെന്ന് കരുതുക വയ്യ. ഈ പ്രതികരണവും തുടർന്ന് ഇടത് അണികൾ നടത്തിയ പ്രതിരോധ ശ്രമങ്ങളും വഴി ഇതുവരെ എല്ലാവരാലും അംഗീകരിക്കപ്പെട്ട് പോന്നിരുന്ന കൊച്ചൗസേപ്പ് ഒരു പക്ഷത്തിന്റെ മാത്രം ആളായി മാറുകയാണ്. നിഷ്‌കാമ കർമ്മം എന്ന നിലയിൽ സ്വന്തം ശരീരം മുറിച്ച് ഒരു അപരിചിതന് നൽകിയ കൊച്ചൗസേപ്പ് അത് ചെയ്തത് മാർക്കറ്റിങ്ങിന്റെ ഭാഗമായാണ് എന്ന ദൗർഭാഗ്യകരമായ ആരോപണം കേൾക്കേണ്ടി വന്നത് ഈ പ്രതികരണം കൊണ്ടാണ് എന്ന് വിസ്മരിക്കരുത്.

താൻ ഏറ്റവും വലിയ അരാഷ്ട്രീയവാദിയാണ് എന്ന് കൊച്ചൗസേപ്പ് തെളിയിച്ചിരിക്കുന്നു എന്നതാണ് ഈ പ്രതികരണത്തിന്റെ ഏറ്റവും വലിയ ദുരന്തം. അരാഷ്ട്രീയ വാദം ഏതർത്ഥത്തിൽ ആണെങ്കിലും നല്ല ജനാധിപത്യത്തിന് ചേരുന്നതല്ല. ഈ പ്രതികരണം കൊണ്ട് ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ കാര്യം വിജേഷ് എന്ന ചെറുപ്പക്കാരന്റെ ജീവിത കഥ പുറംലോകം അറിഞ്ഞു എന്നതാണ്. കൊച്ചൗസേപ്പിന്റെ വീഗാലാന്റിൽ വച്ചുണ്ടായ അപകടത്തിൽ ജീവിതം നഷ്ടമായി കഴിയുന്ന വിജേഷിന്റെ കഥ പുറം ലോകം അറിയുന്നത് മറുനാടൻ മലയാളി അടക്കമുള്ള നവമാദ്ധ്യമങ്ങളിലൂടെയാണ്. തുടർന്ന് വിജേഷ് ഒരു മദ്യപാനി ആയിരുന്നു എന്ന ആരോപണവുമായി കൊച്ചൗസേപ്പ് രംഗത്ത് വരികയായിരുന്നു. വിജേഷിന്റെ വീട്ടിൽ പോയി കണ്ട് വിശദമായി സംസാരിച്ച് ഞങ്ങളുടെ പ്രതിനിധിക്ക് വളരെ സങ്കടകരമായ മറ്റൊരു ദൃശ്യമാണ് കണ്ടെത്താൻ കഴിഞ്ഞത്. വിജേഷിന്റെ പ്രതികരണത്തിലെ മാന്യതയും തുറന്ന് പറച്ചിലിന്റെ സത്യസന്ധതയും കാണുമ്പോൾ ഇക്കാര്യത്തിൽ കൊച്ചൗസേപ്പിന്റെ വിശ്വാസ്യത നഷ്ടമാകുകയാണ്.

വിജേഷിന്റെ അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിരുന്നു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച രേഖകളിൽ ഒന്നും മദ്യപിച്ചിരുന്നു എന്നൊരു സൂചനയില്ല. ഇനി അധവാ അങ്ങനെയാണ് സംഭവിച്ചതെങ്കിൽ പോലും ഇത്രയധികം പണം ദാനം ചെയ്യുന്ന കൊച്ചൗസേപ്പ് എന്തുകൊണ്ട് വിജേഷിനെ സഹായിക്കാൻ തുനിയുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. വിദഗ്ധ ചികിത്സ ലഭിച്ചാൽ പഴയതുപോലെ ജീവിക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുമ്പോൾ എന്തുകൊണ്ട് കൊച്ചൗസേപ്പ് മടിച്ച് നിൽക്കുന്നു?

ഈ വികലാംഗ യുവാവിന്റെ കണ്ണുനീർ കാണാതെ കൊച്ചൗസേപ്പ് താങ്കൾ എത്ര ദാനധർമ്മങ്ങൾ ചെയ്താലും അത് ദൈവസന്നിധിയിൽ എത്തിയെന്ന് വരില്ല. പിടിവാശി ഉപേക്ഷിച്ച് ഈ ചെറുപ്പക്കാരന്റെ ജീവിതം കൈപിടിച്ചു നടത്തേണ്ട ചുമതല കൊച്ചൗസേപ്പിനുണ്ട്. ഒരു പുരയിടത്തിലെ തെങ്ങിൽ കയറി തേങ്ങ ഇടുന്ന ഒരാൾ ആ തെങ്ങിൽ നിന്നു വീണു പരിക്കേറ്റാൽ പോലും ആശുപത്രിയിൽ കൊണ്ടു പോകാനും ചികിത്സ ചെലവ് നടത്താനും ഒക്കെ സാധാരണക്കാരനായ കർഷകൻ വരെ രംഗത്തിറങ്ങുന്ന രീതിയുള്ള നാട്ടിൽ തൊഴിൽ സ്ഥലത്തു വച്ചുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതും നഷ്ടം നൽകേണ്ടതും തൊഴിൽ ഉടമ തന്നെയാണ്. പ്രത്യേകിച്ചു ഇത്രയേറെ ദാനശീലനായ ഒരാളുടെ കാര്യത്തിൽ. നന്മ ചെയ്ത് പേരെടുത്ത കൊച്ചൗസേപ്പ് തെറ്റ് തിരുത്തുമെന്നും ഈ വികലാംഗ യുവാവിന്റെ ജീവിതത്തിൽ പ്രതീക്ഷ നൽകുമെന്നും തന്നെ പ്രതീക്ഷിക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP