Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാണക്കേടിന്റെ ഈ കൊടുമുടിയില്‍ നിന്ന് രക്ഷിക്കുവാന്‍ വിഎസ്, അങ്ങയ്ക്ക് മാത്രമേ കഴിയൂ; ദയവായി ഞങ്ങളെ നിരാശപ്പെടുത്തരുതേ!

നാണക്കേടിന്റെ ഈ കൊടുമുടിയില്‍ നിന്ന് രക്ഷിക്കുവാന്‍ വിഎസ്, അങ്ങയ്ക്ക് മാത്രമേ കഴിയൂ; ദയവായി ഞങ്ങളെ നിരാശപ്പെടുത്തരുതേ!

എഡിറ്റോറിയൽ

കേരളം നാണിച്ച് തലകുനിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ നമ്മുടെ വൃഥാവിലായ സ്വപ്നങ്ങളെ ഓര്‍ത്ത് അത്ഭുതപ്പെടുകയാണ്. അനേക വര്‍ഷം മന്ത്രിയും സമുന്നതമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കപ്പിത്താനുമായ ഒരുനേതാവ്, സെക്‌സ് മാഫിയായുടെ ഭാഗമാകുക, അധികാര ഗര്‍വില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിക്കുക, കള്ളപ്പണം ഒഴുക്കി കേസില്‍ നിന്ന് തലയൂരുക, നീതിപീഠത്തെ അട്ടിമറിക്കുവാന്‍ പണം എറിയുക എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആരാണ് തലയില്‍ കൈ വച്ചു അന്തിച്ചിരിക്കാത്തത്?

അതും ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനത്തോടെ നമ്മള്‍ പറയുന്ന ഈ കൊച്ചു കേരളത്തില്‍. ബീഹാറിലോ ഉത്തരാഞ്ചലിലോ ഒക്കെനിന്നായിരുന്നു ഈ വൃത്താന്തമെങ്കില്‍ നമുക്ക് വെറുതെ അങ്ങ് വായിച്ച് പോകാമായിരുന്നു.

മഹാ ഭാഗ്യം, കേരളം തീരെ ചെറുതായതുകൊണ്ട് സായിപ്പന്‍മാര്‍ ഇതേക്കുറിച്ചെഴുതി നമ്മുടെ അവശേഷിക്കുന്ന മാനം കൂടി കളയുകയില്ല. വേലക്കാരിയുടെ വിസ അപേക്ഷ എന്തായി എന്ന് അന്വേഷിച്ചതിന്റെ പേരില്‍ മന്ത്രിപ്പണി പോയ ഡേവിഡ് ബ്ലങ്കറ്റ് എന്ന അന്ധനായ രാഷ്ട്രീനേതാവിന്റെ ബ്രിട്ടണിലും മകളെ ട്രാഫിക് ഒഫന്‍സിന് പിടികൂടി ശിക്ഷിച്ചപ്പോള്‍ വോട്ടര്‍മാരോട് ക്ഷമ പറഞ്ഞ ലോകത്തെ ഏറ്റവും ശക്തനായ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ അമേരിക്കയിലും ഒക്കെ ജീവിക്കുന്ന ഞങ്ങള്‍ പാവം പ്രവാസികള്‍ക്ക് ഇതൊന്നും മനസ്സിലാക്കാനുള്ള പ്രതിഭയോ മനക്കരുത്തോ ഇല്ല സാര്‍.

യാതൊരു ഉളുപ്പുമില്ലാതെ ഇത് വ്യാജ സിഡിയാണ് എന്ന് ഉറക്കെ വിളിച്ച് പറയുവാന്‍ ബഷീര്‍ രണ്ടത്താണിമാരും, ഇ.ടി മുഹമ്മദ് ബഷീര്‍മാരും ശ്രമിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ നവ കേരളത്തിന്റെ പ്രതീക്ഷയായി നമ്മള്‍ കരുതുന്ന ഉമ്മന്‍ചാണ്ടിയും കെഎം മാണിയും ഒക്കെ ഇങ്ങനെ പറയാമോ? ഇന്ത്യാ വിഷന്‍ പുറത്തുകൊണ്ടുവന്ന ഭീകര കാഴ്ച്ചകള്‍ നേരിട്ട് കണ്ട ആര്‍ക്കും ഇത്തരം ഒരു അവകാശവാദം നടത്താന്‍ കഴിയില്ല.

ഒരു രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ ജഡ്ജിമാര്‍ കൈക്കൂലിവാങ്ങി കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചു എന്ന് പറയുന്നത് വ്യാജമായി ഉണ്ടാക്കിയെടുക്കുവാനുള്ള തന്റേടം ഒരു രാജ്യത്തെ നിയമ വ്യവസ്ഥിതിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെലിവിഷവന്‍ ചാനലുകാര്‍ കാണിക്കുമെന്ന് കരുതേണ്ട. അധികാരത്തില്‍ ഇരിക്കുന്ന സിപിഎം, പ്രതിപക്ഷത്തെ തകര്‍ക്കാന്‍ കെട്ടിയുണ്ടാക്കിയ ഗൂഡാലോചനയാണിത് എന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചിരുന്നുവെങ്കില്‍ കേള്‍ക്കുന്നവരുടെ കാതില്‍ ഒരു ഇമ്പം എങ്കിലും തോന്നിയേനേ.

തന്റെ പാര്‍ട്ടിയിലെ തന്നെ മറ്റൊരു നേതാവ്, വര്‍ഷങ്ങളോളം അധികാര ലോബിയുടെ പിന്നാമ്പുറങ്ങളില്‍ ചരടുവലി നടത്തി സുഖ ജീവിതം നയിച്ച അടുത്ത ബന്ധു എന്നിവരാണ് ഒരു വലിയ പാര്‍ട്ടിയേയും അതിന്റെ സമുന്നതനായ നേതാവിനേയും തകര്‍ക്കുവാന്‍ വ്യാജ സിഡി നിര്‍മ്മിച്ചതെന്നാണ് ആരോപണം. അതുകൊണ്ടു തന്നെ ഈ ആരോപണം കേള്‍വിക്കാരനെ കൊണ്ട് ഉറക്കെ കൂവിക്കത്തേയുള്ളു മിസ്റ്റര്‍ കുഞ്ഞാലിക്കുട്ടി.

അടുത്ത ബന്ധുവും മാഫിയ പ്രവര്‍ത്തനങ്ങളുടെ കപ്പിത്താനുമായിരുന്ന റൗഫ് വെളിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും മനോധൈര്യം തകര്‍ക്കുന്നതാണ്. അതിനിടയിലാണ് ഈ കേസിന് ഇടനില നിന്നയാളും അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ജനറലുമായ പീറ്ററിന്റെ ഒളിക്യാമറയിലൂടെയുള്ള വെളിപ്പെടുത്തലുകള്‍. അന്ന് ഈ കേസ് മുന്‍പോട്ട് കൊണ്ടുവന്ന അജിതയും അനേ്വഷിച്ച നിയമസഭാ കമ്മറ്റി ചെയര്‍മാന്‍ മീനാക്ഷി തമ്പാനും, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായ സുഗതകുമാരിയുമൊക്കെ, റൗഫും പീറ്ററും ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ അടിവരയിടുന്നു.

ആരോപണങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് കൈമാറി എന്നറിഞ്ഞപ്പോള്‍ മുന്‍കൂര്‍ പത്ര സമ്മേളനം നടത്തിയ കുഞ്ഞാലി മരക്കാര്‍ ധരിച്ചത് ഈ കൊച്ചു കേരളത്തിലെ എല്ലാ ജനങ്ങളും വിഡ്ഢികളാണെന്നാണ്. ഈ ക്രിമിനലുകള്‍ പറയുന്നത് ഏറ്റ് പറയുവാന്‍ ഇവിടെ ചില ഈനാംപേച്ചികള്‍ ഉണ്ടായിരിക്കും. എന്നാല്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഇത്തരക്കാരാണെന്ന് കുറഞ്ഞ പക്ഷം ഉമ്മന്‍ചാണ്ടിയും കെഎംമാണിയുമെങ്കിലും വിചാരിക്കരുതായിരുന്നു.

തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും എന്ന് ഈ വലിയ നേതാക്കള്‍ക്ക് അറിയില്ലാത്തതാണോ? ഒറ്റയടിക്ക് തങ്ങളുടെ ഒരു സഹപ്രവര്‍ത്തകനെ തള്ളിപ്പറയുവാനുള്ള വിഷമം മനസ്സിലാക്കാം. എന്നാല്‍ ഇത് വ്യാജ സിഡി ആണ് എന്ന് തറപ്പിച്ച് പറയാന്‍ എന്ത് തരം രാഷ്ട്രീയ സാഹചര്യമാണ് ഇവര്‍ക്കുള്ളത്? ഇത് വ്യാജ സിഡി ആണെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു, അതേക്കുറിച്ച് അനേ്വഷിച്ചിട്ട് അഭിപ്രായം പറയാം എന്ന് പറയുന്നതല്ലായിരുന്നോ കൂടുതല്‍ ഉചിതം?

എങ്ങനെ മോശമായി ഭരിക്കാം എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഈ സര്‍ക്കാരിനെ പോലെ ആരും ഇതിനു മുന്‍പ് കാണിച്ചു തന്നിട്ടില്ല. ഒരു പക്ഷേ കരുണാകരന്റെ ചില വര്‍ഷങ്ങള്‍ മാത്രമായിരിക്കും സമാനമായി ചൂണ്ടിക്കാട്ടാവുന്നത്. ജനങ്ങള്‍ ഇതില്‍ പ്രതിഷേധിക്കുവാന്‍ തയ്യാറെടുക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള ക്രിമിനലുകളെ ചുമന്ന് നടന്ന് യുഡിഎഫ് നേതൃത്വം ഉള്ള അവസരം കളഞ്ഞു കുളിക്കുകയാണ്.

മദ്യപിക്കുന്നത് പോലും വര്‍ജ്യമായ ഇസ്ലാം മതത്തിന്റെ അടിത്തൂണുകളായ നേതാക്കള്‍ തന്നെ ഇങ്ങനെയൊക്കെ ആയതിനാല്‍ നിരാശപ്പെടാത്തതായി ആരുണ്ട്. ഒരു കുഞ്ഞാലിക്കുട്ടി പോയാല്‍ ലീഗിന് ഒന്നും സംഭവിക്കുകയില്ലെന്നും സദാചാര വിരുദ്ധരായ ക്രിമിനലുകളെ ഒറ്റപ്പെടുത്തി ഇല്ലാതാക്കണമെന്നും ലീഗ് തീരുമാനിച്ചാല്‍ ലീഗിനും ഐക്യമുന്നണിക്കും നല്ലതാണ്. ഇത്തരം ക്രിമിനലുകള്‍ നാട് ഭരിക്കുന്ന അവസ്ഥ എത്ര ഭീകരമാണ്.

മലബാര്‍ സിമന്റ്‌സിന്റെ അഴിമതിക്കേസില്‍ മുഖ്യ സാക്ഷിയായ ശശീന്ദ്രനേയും മക്കളേയും കൊന്നു എന്ന ആരോപണം നേരിടുന്ന രാധാകൃഷ്ണന്‍ എന്ന വ്യവസായി കുഞ്ഞാലി ക്കുട്ടിക്കും ഇടനിലക്കാരനായി എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കാണ് ക്ഷോഭം ഉണ്ടാകാത്തത്? ആര്‍ക്കാണ് നമ്മുടെ ജനാധിപത്യത്തോടും നിയമ വ്യവസ്ഥയോടെ കലഹിക്കുവാന്‍ തോന്നാത്തത്? ഇത്തരക്കാരെ നക്‌സലൈറ്റുകള്‍ എന്ന് വിളിച്ച് തുറുങ്കില്‍ അടക്കാന്‍ നമ്മുടെ നിയമ വ്യവസ്ഥക്ക് കഴിഞ്ഞേക്കും. എന്നാല്‍ ഈ മാഫിയാകളുടെ കൂത്താട്ടങ്ങള്‍ക്ക് മുമ്പില്‍ മുരടിച്ചുപോകുന്നത് സത്യവും നീതിയും ജയിക്കണം എന്ന് ആഗ്രഹിക്കുന്ന പാവങ്ങളായ മനുഷ്യരുടെ സ്വപ്നങ്ങളാണ്.

അതുകൊണ്ടാണ് വിഎസ് ഞങ്ങള്‍ അങ്ങയെ പ്രതീക്ഷയോടെ നോക്കുന്നത്. അങ്ങല്ലാതെ മറ്റൊരാള്‍ ആയിരുന്നു ഈ നാടിന്റെ മുഖ്യമന്ത്രിയെങ്കില്‍ ഒരു നീതിയും പ്രതീക്ഷിക്കില്ലായിരുന്നു. ഇത് വ്യാജ സിഡി ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കേസ് തള്ളുകയും എന്നാല്‍ വ്യാജ സിഡി നിര്‍മ്മിച്ചവരെ വെറുതെ വിടുകയും ചെയ്യുന്ന ഫലിത വ്യവസ്ഥയ്ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിക്കേണ്ടി വരുകയും ചെയ്‌തേനേ.

ഇതിനര്‍ത്ഥം അങ്ങ് മഹാനായ ഭരണാധികാരി ആണെന്നല്ല. മാഫിയ സംഘടനകളേയും പെണ്‍വാണിഭക്കാരേയും ക്രിമിനലുകളേയും കയ്യാമം വച്ച് അഴിക്കുള്ളില്‍ ആക്കാനുള്ള അങ്ങയുടെ ശ്രമത്തിന് തടസ്സം നില്‍ക്കുന്നത് അങ്ങയുടെ പാര്‍ട്ടി തന്നെയാണെന്ന് ഞങ്ങള്‍ക്കറിയാം. മഹത്തായ അങ്ങയുടെ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയ്ക്ക് മുന്‍പില്‍ സത്യത്തിന് വേണ്ടി സാക്ഷ്യം പറഞ്ഞതിന്റെ പേരില്‍ അങ്ങ് നിസ്സഹായനായി നിന്ന സാഹചര്യം ഞങ്ങള്‍ മറക്കുന്നുമില്ല.

എന്നാല്‍ അങ്ങ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ ആണ് എന്ന് തെളിയിക്കുവാനുള്ള അവസാനത്തെ കച്ചിത്തുരുമ്പാണിതെന്ന് മറക്കരുത്. കുഞ്ഞാലിക്കുട്ടിലെ പോലെയുള്ള ക്രിമനലുകളെ ശിക്ഷിക്കുവാന്‍ മുന്‍കൈ എടുത്തതിന്റെ പേരില്‍ ഒരു പാര്‍ട്ടിയും അങ്ങയുടെ പേരില്‍ നടപടി എടുക്കില്ല. ഇനി അഥവാ അത്തരം നീക്കങ്ങള്‍ ഉണ്ടായാലും മൂന്നോ നാലോ മാസംകൊണ്ട് എന്ത് നേടാനാണ്? എന്തായാലും അടുത്ത തെരഞ്ഞെടുപ്പില്‍ അങ്ങയ്ക്ക് ഈ പാര്‍ട്ടി സീറ്റ് നല്‍കില്ല. പാര്‍ട്ടിയില്‍ എന്നല്ല, സ്വന്തം വീട്ടില്‍ പോലും നേരെ ചൊവ്വേ ഒരു അഭിപ്രായം പറയാന്‍ ഈ പാര്‍ട്ടി ഇനി അങ്ങയെ അനുവദിക്കില്ല. എന്നു വച്ചാല്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ട് അങ്ങയുടെ ബാല്യം ഹോമിച്ച ഈ കൊച്ചുകേരളത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ അങ്ങയ്ക്ക് അവശേഷിക്കുന്നത് ഇനിയുള്ള മൂന്നോ നാലോ മാസം മാത്രമാണെന്നര്‍ത്ഥം.

ഒരു തോമസ് ഐസക്ക്മാരേയും ഇടപെടുവാന്‍ അനുവദിക്കാതെ അങ്ങ് ഈ കേസ് സത്യസന്ധമായി അനേ്വഷണം നടത്തിയാല്‍ കുഞ്ഞാലിക്കുട്ടിയേയും റൗഫിനേയും മാത്രമല്ല, അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ രാധാകൃഷ്ണന്‍മാരേയും കയ്യാമം വച്ച് നമ്മുടെ തെരുവിലൂടെ നടത്തിക്കാം. നീതിന്യായ വ്യവസ്ഥയെ കൈക്കൂലി വാങ്ങി വ്യഭിചരിക്കുവാന്‍ വിട്ടുകൊടുത്ത ന്യായാധിപന്‍മാരേയും ഈ കൂടെ പെടുത്തണം.

കഴിഞ്ഞ നാലെമുക്കാല്‍ വര്‍ഷത്തെ തളയ്ക്കപ്പെട്ട അങ്ങയുടെ ഗര്‍ജ്ജനങ്ങള്‍ എല്ലാവരും വേഗം മറക്കുമെന്ന് ഓര്‍ക്കുക. എന്നാല്‍ വരാന്‍ പോകുന്ന മൂന്നു മാസത്തെ അങ്ങയുടെ നിശബ്ദമായ ഗര്‍ജ്ജനങ്ങള്‍ തലമുറകളോളം കേരളത്തിന്റെ ചുണക്കുട്ടന്‍മാര്‍ പാടി നടക്കും. അതിനുള്ള അവസരമാണിത്. വിഎസ്, ദയവായി ഞങ്ങളെ നിരാശപ്പെടുത്തരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP