Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തല മുണ്ഡനം ചെയ്തും മുടി ബോബ് ചെയ്തും പുരുഷവേഷം ധരിച്ചും ശബരിമല ദർശത്തിനൊരുങ്ങി തമിഴ്‌നാട്ടിൽ നിന്നുള്ള നൂറുകണക്കിന് യുവതികൾ; കോയമ്പത്തൂർ, ട്രിച്ചി, ദിണ്ഡുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള യുവതികൾ കഠിന വ്രതത്തിലും; സഹായമേകാൻ ഗുരുസ്വാമിമാരും; ആദ്യഘട്ടത്തിൽ എത്തുക നാലു യുവതികളും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘം; പുല്ലമേട് വഴിയും സന്നിധാനത്തെത്താൻ നീക്കം; വീണ്ടും ആചാരലംഘനം ഉണ്ടാകാതിരിക്കാൻ കുറുക്കുവഴികളിൽ നിരീക്ഷണം കർക്കശമാക്കി കർമസമിതി

തല മുണ്ഡനം ചെയ്തും മുടി ബോബ് ചെയ്തും പുരുഷവേഷം ധരിച്ചും ശബരിമല ദർശത്തിനൊരുങ്ങി തമിഴ്‌നാട്ടിൽ നിന്നുള്ള നൂറുകണക്കിന് യുവതികൾ; കോയമ്പത്തൂർ, ട്രിച്ചി, ദിണ്ഡുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള യുവതികൾ കഠിന വ്രതത്തിലും; സഹായമേകാൻ ഗുരുസ്വാമിമാരും; ആദ്യഘട്ടത്തിൽ എത്തുക നാലു യുവതികളും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘം; പുല്ലമേട് വഴിയും സന്നിധാനത്തെത്താൻ നീക്കം; വീണ്ടും ആചാരലംഘനം ഉണ്ടാകാതിരിക്കാൻ കുറുക്കുവഴികളിൽ നിരീക്ഷണം കർക്കശമാക്കി കർമസമിതി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മകരവിളക്കിന് ശബരിമല ദർശനം നടത്താൻ തമിഴ്‌നാട്ടിൽ യുവതികളുടെ പടയൊരുങ്ങുന്നു. തല മുണ്ഡനം ചെയ്തും മുടി ബോബ് ചെയ്തും പുരുഷവേഷം ധരിച്ചുമാകും ഇവർ എത്തുക. ഇതിനായുള്ള നീക്കങ്ങൾ കോയമ്പത്തൂർ, ട്രിച്ചി, ദിണ്ഡുഗൽ എന്നിവിടങ്ങളിൽ പരസ്യമായി നടക്കുകയാണ്. ഇതിനായി സ്ത്രീകൾ കഠിന വ്രതത്തിലാണ്. ഇവർക്ക് സഹായമേകാൻ ഗുരുസ്വാമിമാരും രംഗത്തുണ്ട്. നേരത്തേ തന്നെ ദർശനത്തിന് ശ്രമിച്ച് മടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്.

തമിഴ്‌നാട്ടിലെ ചില സംഘടനകൾ തന്നെയാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇവരുടെ വരവിനെ കുറിച്ച് അറിഞ്ഞ കേരള പൊലീസ് തമിഴ്‌നാട് അതിർത്തിയായ പാലക്കാട് അട്ടപ്പള്ളം ടോൾ പ്ലാസ പരിസരത്ത് സുരക്ഷ കർശനമാക്കി. തിരുപ്പൂർ സ്വദേശി സുശീലയുടെ നേതൃത്വത്തിൽ നാലു യുവതികളും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘമാണ് ആദ്യ ഘട്ടത്തിലെത്തുക. തമിഴ്‌നാട്ടിൽ യുവതികൾ ദർശനത്തിന് ഒരുങ്ങുന്നുവെന്ന സൂചന മറുനാടനോട് പങ്കു വച്ചത് അവിടുത്തെ മലയാളികൾ തന്നെയാണ്.

യാത്രയ്ക്കൊരുങ്ങുന്നവരുടെ സമീപത്ത് താമസിക്കുന്ന മലയാളി യുവാവാണ് ഈ വിവരം മറുനാടനെ അറിയിച്ചത്. അതേസമയം, കൊടുംകാട്ടിലൂടെ ശബരിമല സന്നിധാനത്തേക്കുള്ള കുറുക്കു വഴികൾ അയ്യപ്പ ഭക്തരുടെയും ശബരിമല സംരക്ഷണ സമിതിയുടെയും നിരീക്ഷണത്തിലായി. അപ്രാപ്യമെന്ന് കരുതിയിരുന്ന യുവതി പ്രവേശം സാധ്യമായതോടെയാണിത്. കനകദുർഗയും ബിന്ദുവും മല ചവിട്ടുകയും ശശികല എന്ന ശ്രീലങ്കൻ യുവതി ദർശനം നടത്തിയെന്ന് പൊലീസ് അവകാശപ്പെടുകയും ചെയ്തതോടെയാണ് ഇത്. പമ്പയിൽ നിന്നും ശബരിമലയിലേക്കെത്താൻ കഴിയുന്ന രണ്ട് പാതകളും പുല്ലുമേട് വഴിയുള്ള പാതയുമാണ് തീർത്ഥാടകർ പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും അധികമാരുടെയും ശ്രദ്ധ പതിയാത്ത തരത്തിലുള്ള പതിനൊന്നോളം കാട്ടു വഴികളിലൂടെ സന്നിധാനത്തെത്താൻ കഴിയുമെന്നതാണ് വസ്തുത.

സെപ്റ്റംബർ 28 നാണ് എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ സുപ്രധാന വിധി വന്നത്. ഇതിന് ശേഷം തുലാമാസ പൂജാ കാലയളവിലും ചിത്തിരയാട്ട പൂജാദിനങ്ങളിലും ശബരിമല ദർശനത്തിനായി യുവതികൾ പുറപ്പെട്ടു. പ്രതിഷേധങ്ങളെ തുടർന്ന് സംഘർഷം ഉടലെടുത്തതിനാൽ സ്ത്രീപ്രവേശം സാധ്യമായിരുന്നില്ല. എന്നാൽ മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന് നാലാംനാൾ പുലർച്ചെ രണ്ട് യുവതികൾ പൊലീസിന്റെ ഇടപെടലോടെ ദർശനം സാധ്യമാക്കി മടങ്ങുകയുണ്ടായി. ശ്രീലങ്കൻ യുവതി മല ചവിട്ടാൻ തുടങ്ങിയെന്ന വാർത്ത പ്രചരിച്ചതോടെ സന്നിധാനത്തും കാനന പാതയിലുമെല്ലാം പ്രതിഷേധിക്കാനായി ആളുകൾ തമ്പടിച്ചിരുന്നു. ശരംകുത്തി ഭാഗത്തു വച്ച് യുവതിയും അകമ്പടി സേവിച്ച പൊലീസുകാരും മാധ്യമ ശ്രദ്ധയിലേക്ക് വന്നതോടെ ഇവർ ചിതറിയോടി.

എന്നാൽ ശ്രീലങ്കൻ യുവതി സന്നിധാനത്തിന് സമീപം വരെ എത്തിയത് കുറുക്കു വഴിയിലൂടെയായിരുന്നുവെന്നാണ് നിഗമനം. ഇവർക്ക് ദർശനം നടത്താൻ കഴിഞ്ഞില്ലെന്നുള്ളതാണ് ഏക ആശ്വാസമായി ഭക്തർ കരുതുന്നത്. അങ്ങനെയെങ്കിൽ പ്രധാന നടവഴികളിലെല്ലാം ആളുകൾ യുവതിയെ തടയാനായി കാത്തു നിൽക്കുന്ന ഘട്ടത്തിൽ എങ്ങനെ ഇവരേയും കൊണ്ട് പൊലീസ് സന്നിധാനത്ത് എത്തി എന്ന ചോദ്യം ഉയരുന്നുണ്ട്. ഈ ഘട്ടത്തിലാണ് ശരംകുത്തിയിൽ നിന്നും ആരംഭിച്ച് വനംവകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും സന്നിധാനത്തെ കെട്ടിടങ്ങൾക്ക് പിന്നിലൂടെ കൊപ്രാക്കളത്തിന് സമീപം അവസാനിക്കുന്നതടക്കമുള്ള ചെറുപാതകൾ പ്രസക്തമാകുന്നത്.

പമ്പയിൽ നിന്നും രുദ്രവനം വഴി കൊപ്രാ ക്കളത്തിന് സമീപം എത്താൻ കഴിയുന്ന പാതയാണിത്. പതിവിന് വിരുദ്ധമായി കൊപ്രാപ്പുരയ്ക്ക് സമീപം അവസാനിക്കുന്ന പാത അടച്ചതും ഇവിടേക്ക് പൊലീസിനെ കാവലിന് നിയോഗിച്ചതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ശബരീ പീഠത്തിന് സമീപത്ത് നിന്നും ഇടത് വശം ചേർന്ന് ആരംഭിക്കുന്ന പഴയ കഴുത റോഡ് അവസാനിക്കുന്നതും ഭസ്മക്കുളത്തിന് സമീപമാണ്. ഇതടക്കമുള്ള കാട്ടുവഴികളിൽ സംയുക്ത സേനയുടെ കാര്യമായ നിരീക്ഷണം നടക്കാറില്ല എന്നതാണ് ശ്രദ്ധേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP